പുലർവെട്ടം 384

{പുലർവെട്ടം 384}
 
ഭൂമിയിൽ ചൊരിഞ്ഞ മുഴുവൻ ചോരയുടേയും ഉത്തരവാദിത്വം മതത്തിനാണെന്നുള്ള സങ്കല്പത്തിന്റെ അപക്വതയെ പരിശോധിക്കുകയാണ് ‘Fields of Blood: Religion and the History of Violence’ എന്ന സാമാന്യം തടിച്ച പുസ്തകത്തിൽ കാരൻ ആംസ്ട്രോങ് ചെയ്യുന്നത്. മതത്തിനു മീതെയുള്ള അമിതാവേശം രക്തച്ചൊരിച്ചിലിനു കാരണമാകുന്ന മറ്റു പല ഘടകങ്ങളേയും കാണാതെയും അഭിമുഖീകരിക്കാതെയും തിരുത്താതെയും പോകാനിടയാക്കുമെന്ന് അവർ ഭയന്നു. വർത്തമാനചരിത്രത്തിൽ ഹിറ്റ്ലറും സ്റ്റാലിനും മാവോയും ഒരു മതപശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഹോളൊകോസ്റ്റിനു പിന്നിലെ വെറുപ്പ് മതപരമെന്നതിനേക്കാൾ വംശീയമാണെന്നും പറഞ്ഞവസാനിപ്പിച്ച് അവർ ചില നടപ്പുധാരണകളെ തിരുത്താൻ ശ്രമിക്കുന്നു.
‘Field of Blood’ നമ്മുടെ അക്കൽദാമ തന്നെയാണ്. ചോരനിലമെന്നാണ് ആ വാക്കിന്റെ അർത്ഥം. ഒരിക്കൽ ആ ഇടം കുശവന്റെ നിലമെന്നാണ് അറിയപ്പെട്ടിരുന്നത്. കളിമൺപാത്രങ്ങൾ നിർമിക്കാനുതകുന്ന ചുവന്ന മണ്ണിന്റെ വയലായതുകൊണ്ടാവണം അങ്ങനെ അതിനു പേരു വീണത്. കാലാകാലങ്ങളായി യൂദാസുമായി ബന്ധപ്പെട്ടാണ് ആ ഇടത്തിന്റെ നിലനില്പ്.. രണ്ടു വീക്ഷണങ്ങളുണ്ട്. നടപടിപ്പുസ്തകത്തിൽ അതയാൾ വിലയ്ക്കു വാങ്ങിയെന്ന രീതിയിലാണ്. മാത്യുവിലാകട്ടെ, അയാൾ വലിച്ചെറിഞ്ഞ നാണയങ്ങൾ രക്തത്തിന്റെ വിലയായതുകൊണ്ട് ശ്രീഭണ്ഡാരത്തിൽ നിക്ഷേപിച്ചുകൂടാ എന്നയറിവിൽ പരദേശികളെ അടക്കാനായി ആ പണം കൊണ്ട് ശ്മശാനഭൂമി വാങ്ങിയെന്നാണ്. നിസഹായരുടെ ചോരയിൽ മറഞ്ഞോ തെളിഞ്ഞോ കുതിർന്ന ഏതൊരു മണ്ണിനും ആ വിളി വഴങ്ങും- അക്കൽദാമ.
എന്തിലാണ് ചോര മണക്കാത്തത്? ‘നുണകളുടെ അച്ഛൻ’ പറഞ്ഞു പെരുപ്പിച്ച്, വാഴ്ത്തിവാഴ്ത്തി മഹത്വമുള്ളതാക്കി മാറ്റിയ ഒന്നാണ് ചോര. ചോരയിൽ ഒരു കവിതയുമില്ല. കുനിഞ്ഞുനിന്നവന്റെ മുഖത്ത് ചിതറിവീഴുന്ന കൊഴുത്ത ദ്രാവകം. രാത്രിമഴയ്ക്കു ശേഷം തെരുവിൽ വൈകാതെ മാഞ്ഞുപോകുന്ന ഒരു തവിട്ടുപാട്- അതിനപ്പുറം മറ്റെന്താണ്! എന്നിട്ടും എല്ലാവരും അതിനെ വാഴ്ത്തുകയാണ്. ചിലർ കൊന്നതിന്, വേറെ ചിലർ സ്വയം ഇരയായതിന്. ചോര ചരിത്രത്തിന്റെ ചക്രം തിരിയാനായി നിരന്തരം ചൊരിഞ്ഞുകൊണ്ടിരിക്കേണ്ട ലൂബ്രിക്കന്റാണെന്നൊക്കെയാണ് ഇപ്പോഴും ചിലർ വിശ്വസിക്കുന്നത്.
ശരിയാണ്, ചോര നൽകുന്നതിനേക്കുറിച്ച് ഗുരുക്കന്മാരും രാഷ്ട്രശില്പികളുമൊക്കെ നിരന്തരം പറഞ്ഞിരുന്നു. മുഴുവൻ ജീവിതവും ഒരു കാരണത്തിനുവേണ്ടി അർപ്പിക്കുവാനുള്ള അവരുടെ ക്ഷണത്തിന്റെ ജൈവപ്രതീകം മാത്രമായിരുന്നു അത്. വീഞ്ഞിലേക്കു നോക്കി ഇതെന്റെ ചോരയാണെന്നു പറയുമ്പോൾ അതിലെ കവിത കാണാതെപോയി. രക്തസാക്ഷിത്വത്തിന് അനുപാതമില്ലാത്ത വാഴ്ത്ത് ക്രിസ്റ്റ്യാനിറ്റിയിൽ ഉണ്ടായി. അതിന് വേട്ടക്കാരനാവുക അസാധ്യമായിരുന്നു. എന്നാൽ, അതിനും കൂടി ചോര ചൊരിയുന്നവർക്ക് വാഴ്ത്തുണ്ടായി.
മരണഭീതിയില്ലാത്ത വേട്ടക്കാരൻ ഭൂമിയിലെ ഏറ്റവും അപകടകാരിയാവുന്നതുപോലെ, മരണഭയമില്ലാത്ത ഇരയും അത്ര നിഷ്കളങ്കമായ സങ്കല്പമാണോ? ഒരു ദേശത്ത് നിങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ മറ്റൊരു ദേശത്തേക്ക് ഓടിപ്പോകണം തുടങ്ങിയ യേശുമൊഴികൾ ബോധപൂർവം തമസ്കരിക്കപ്പെട്ടു. പ്രാവുകളേപ്പോലെ നിങ്ങളാവണമെന്ന് എഴുതുമ്പോൾ ഇങ്ങനെയും ചിലത് യേശു കരുതിവച്ചിട്ടുണ്ടെന്ന് ഒരു വേദപുസ്തകവായനയുണ്ട്. ഒരു പ്രാവിൻകൂട്ടിൽ നിന്ന് കുഞ്ഞിനെ എടുത്താൽ മറ്റു പക്ഷികളേപ്പോലെ അമ്മ നിങ്ങളെ ആക്രമിക്കാനൊന്നും പോകുന്നില്ല. നിങ്ങളെ ഒന്നു നോക്കിയിട്ട് അതു മറ്റേതെങ്കിലും ദേശത്തേക്ക് പറന്നുപോകും. നല്ലൊരു നാളേക്കുവേണ്ടിയാണ് നിങ്ങൾ ചോര കൊടുക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. ആരുടെ നല്ല നാളെ? നിങ്ങളില്ലാത്തൊരു നാളെ, നിങ്ങളുടെ കൂടപ്പിറപ്പില്ലാത്ത നാളെ, നല്ലതായിട്ടെന്തിന്! അല്ലെങ്കിൽ, അതെങ്ങനെയാണ് നല്ലതാവുന്നത്?
ചോര മണക്കുന്നൊരു തെരുവിൽ തൂവാല കൊണ്ട് മുഖത്തിന്റെ പാതി മറച്ച് ഒരു ജൈനസന്യാസി എതിരേ വരുന്നുണ്ട്. അബദ്ധത്തിൽപ്പോലും ഒരു സൂക്ഷ്മജീവിയെ അപായപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധയാണത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment