പുലർവെട്ടം 307

{പുലർവെട്ടം 307}

ജൂൺ പുലരിയിൽ ഹിമ വാവയെ ഓർക്കുന്നു. പഴയ കഥയാണ്. പള്ളിക്കൂടത്തിലെ ഒന്നാംദിനത്തിൽത്തന്നെ ടീച്ചറിന്റെ അടുക്കൽ പമ്മിപ്പമ്മി ചെന്നു. എന്തേയെന്നു ചോദിച്ചപ്പോൾ ‘ഞങ്ങളൊക്കെ വരുന്നതുകൊണ്ട് പപ്പിക്കാൻ പറ്റിയല്ലേ’ എന്നു പറഞ്ഞ് പാൽപ്പുഞ്ചിരി. ഡിവിഷൻ ഫോൾ എന്ന പ്രതിഭാസം കേരളത്തിലെ വിദ്യാലയങ്ങളിൽ വ്യാപകമായിത്തുടങ്ങിയ കാലത്തെങ്കിലും ടീച്ചർക്ക് അതിന്റെ പൊരുൾ പിടുത്തം കിട്ടിയിട്ടുണ്ടാവും. ക്യാമറക്കണ്ണിന്റെ നിർജീവതയിലേക്കു നോക്കി ക്ലാസെടുത്തു തുടങ്ങുമ്പോൾ സത്യമായിട്ടും കുഞ്ഞുങ്ങളുടെ തിളക്കമുള്ള കണ്ണുകൾ ഭൂമിമലയാളത്തിലെ എല്ലാ അധ്യാപകരും മിസ് ചെയ്തുവെന്നുറപ്പാണ്.

ഭൂമിയിലേക്കുവച്ച് ഏറ്റവും വിമലീകരിക്കുന്ന വികാരം കൃതജ്ഞതയാണ്. നൽകിയവരോടു മാത്രമല്ല സ്വീകരിക്കുന്നവരോടും പുലർത്തേണ്ട കൃതജ്ഞതയുണ്ട്. അങ്ങനെ രണ്ടു മാനങ്ങളുള്ള നന്ദിയുടെ മധ്യേ ഓരോ നിമിഷവും സാൻഡ്‌വിച്ച് ചെയ്യപ്പെടുമ്പോൾ ജീവിതം ഒരു നിർമ്മലാനുഭവമാകുന്നു.

നമ്മുടെ അവകാശമല്ല സ്വീകരിക്കപ്പെടുകയെന്നുള്ളത്. എതിരേ നിൽക്കുന്നവരുടെ ഹൃദയവിശാലതയുടെ ഭാഗമാണ്. കുട്ടികളുള്ളതുകൊണ്ടാണ് പഠിപ്പിക്കാനാവുന്നത്, ഫുട്‌ഫോൾ കൂടുതലായുള്ളതുകൊണ്ടാണ് ഈ കടയുടെ ആനന്ദം നിലനിർത്താൻ പറ്റുന്നത് എന്നു തുടങ്ങി എന്തിലേക്കും വികസിക്കേണ്ട വികാരമാണിത്. നാട്ടിൽ കാര്യമായ അയൽവക്കബന്ധങ്ങളില്ലാതിരുന്ന കുടുംബത്തിൽ പൊടിപൂരമായി നടന്ന ഒരു കല്യാണത്തിന്റെ ഓർമ്മയുണ്ട്. നാടടച്ചുള്ള വിളിയായിരുന്നു. ഉണ്ണാൻ ആളെത്താത്തതുകൊണ്ട് വിഭവസമൃദ്ധമായ സദ്യ കലവറയിലിരുന്ന് തണുത്തു എന്നതായിരുന്നു ദുര്യോഗം; അന്നു കല്യാണവിരുന്നുകൾ ആണ്ടിലൊരിക്കലൊക്കെ കിട്ടാവുന്ന അപൂർവ ലക്ഷ്വറിയായിരുന്നിട്ടും. അതിനോളം ഭീകരമായ ഒരു സാഹചര്യം ഇല്ലെന്നുതോന്നുന്നു. വാസ്തവത്തിൽ ഉണ്ടവരുടെ മിഴികളല്ല കൃതജ്ഞത കൊണ്ടു നിറയേണ്ടത്, ഊട്ടിയവരുടെ മനസ്സാണ്. എന്റെ ക്ഷണത്തെ നിങ്ങൾ ഗൗരവമായെടുത്ത് വന്നല്ലോ. ഈ മർമ്മം യേശുവിന് പിടുത്തം കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് വിരുന്നുകാർ എത്താത്ത വിവാഹവിരുന്നിന്റെ കഥ അവൻ പറഞ്ഞത്. സ്വന്തം മേശയുടെ മുൻപിൽ കൂടുതൽ ആൾക്കാർ നിൽക്കുന്നു എന്നു പരാതിപ്പെടുന്ന സർക്കാർ ഓഫീസിലെ ക്ലർക്കിനും ഒരു മാത്ര കണ്ണു പൂട്ടി അതാലോചിക്കാവുന്നതാണ്.

‘ആരു വാങ്ങു, മിന്നാരു വാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?’ എന്ന ‘ആ പൂമാല’യിലെ വരികൾ തീരെ ചെറിയ ക്ലാസിലാണു പഠിച്ചത്. പൂക്കാരി പെൺകുട്ടിയുടെ കഥയായി അതു പറഞ്ഞവസാനിപ്പിച്ചാൽ മതിയായിരുന്നു അധ്യാപകന്. എന്നിട്ടും കുട്ടികളുടെ തലയ്ക്കു മീതെയുള്ള ഒരു വിശദീകരണമാണ് അദ്ദേഹം നൽകിയത്; അനുവാചകരും വായനക്കാരും കുറഞ്ഞുപോകുന്ന തന്റെ കാവ്യജീവിതത്തേക്കുറിച്ചുള്ള കവിയുടെ അലഗോറിക്കൽ സങ്കടമായിട്ട്. ഒരു ചലച്ചിത്രം റിലീസു ചെയ്യുന്നതിന് ആഴ്ചകൾക്കു മുൻപേ ഉറക്കം നഷ്ടപ്പെടുന്ന അണിയറപ്രവർത്തകർക്കറിയാം ഈ വരികളിൽ ഒളിപ്പിച്ചിരിക്കുന്ന അസന്നിഗ്ദ്ധതകളുടെ മൂർച്ച.

ചുരുക്കത്തിൽ, ത്യാഗരാജകൃതികൾ മനസ്സിൽ മൂളി എല്ലാം ആരംഭിക്കുക- എന്ദരോ മഹാനുഭാവുലു അന്ദരികി വന്ദനമു… There are countless great personages; I offer my salutations to all of them. എത്രയോ മഹാനുഭാവന്മാരാണ് എന്നെത്തേടി എത്തിയിരിക്കുന്നത്; അവർക്കെല്ലാം സ്തുതിയായിരിക്കട്ടെ.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment