പുലർവെട്ടം 309

{പുലർവെട്ടം 309}

ജ്ഞാനസഞ്ചാരിയായ സിദ്ധാർത്ഥയോട് കാമസ്വാമിയെന്ന വർത്തകൻ ആരാഞ്ഞത് അതാണ്: “നിന്റെ മൂലധനമെന്താണ്?” ലഭിച്ച ഉത്തരം ഇതായിരുന്നു: “I can think. I can wait. I can fast.” കാത്തിരിപ്പിനോടുള്ള ആഭിമുഖ്യത്തെ ഒരു ധനമായി എണ്ണാൻ കഴിയാതെ പോയതാണ് നമ്മുടെ കാലത്തിന്റെ തെറ്റ്. ട്രാഫിക് സിഗ്നൽ പച്ചയായി മാറാനെടുക്കുന്ന ഒരു മൂളിപ്പാട്ടിനുള്ള നേരം പോലും ശാന്തമായി എടുക്കാൻ ആവാത്ത വിധത്തിൽ നാം പുകയുന്നു. Road rage എന്ന വഴിയോരക്ഷോഭം അതിന്റെ ഉത്തുംഗത്തിലെത്തുന്നത് ഈ അടയാളവിളക്കിനു താഴെയാണ്.

ഒരു സെഗ്‌മെന്റ് എന്ന നിലയിൽ കടപ്പുറത്തെ മനുഷ്യരെ തന്റെ സ്നേഹിതരായി എടുക്കുമ്പോൾ യേശു അവരിൽ കണ്ട ഏറ്റവും ചാരുതയുള്ള ഘടകം കാത്തിരിക്കാനുള്ള അവരുടെ സ്വാഭാവികഗുണമായിരിക്കും. എത്ര മണിക്കൂറുകളാണ് ഒരു ചൂണ്ടക്കോലും പിടിച്ച് കടൽഭിത്തികളിൽ കരിങ്കൽ പ്രതിമകളേപ്പോലെ മനുഷ്യർ ഇരിക്കുന്നത്. എത്ര നേരം വേണമെങ്കിലും കാത്തിരിക്കാൻ ധൈര്യമുള്ളവരിലേക്ക് അവിടുത്തെ മിഴി പാളുന്നുണ്ട്. ചുറ്റിനും തോടുകളും കുളങ്ങളുമുള്ള കുട്ടിക്കാല ഓർമകളിൽ ഞങ്ങളിൽ മിക്കവാറും പേർക്ക് ചൂണ്ടക്കോലുകൾ ഉണ്ടായിരുന്നുവെന്ന് ഒരു കൗതുകത്തോടെ ഓർമിച്ചെടുക്കാനാവുന്നു. പൊങ്ങിൽ ഒരു അനക്കം കിട്ടുമ്പോൾ അനുഭവിച്ചിരുന്ന ആനന്ദത്തിന് തുല്യമായിരുന്നില്ല അക്കാലത്ത് മറ്റൊന്നും. മനസ്സു വച്ചാൽ മെഡിറ്റേഷനിലേക്ക് പിന്നീട് പരിണമിക്കാവുന്ന എന്തോ ഒന്ന് ഈ കിളുന്തുകാലവിനോദത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ പിടുത്തം കിട്ടുന്നുണ്ട്.

അലസതയുടെ പര്യായമല്ല കാത്തിരിപ്പ്. എന്തോ ഒന്നിനു വേണ്ടി ജീവിതം ഒരുങ്ങുകയാണ്. ഒറ്റ നോട്ടത്തിൽ സൃഷ്ടിപരമായി ഒന്നും സംഭവിക്കുന്നില്ലെങ്കിലും ആഴത്തിലെവിടെയോ ചില വേരുകൾ ഓടുന്നുണ്ട്, ചീനമുളകളേപ്പോലെ. അഞ്ചു വർഷം ഒരു തളിർപ്പിന്റെ അടയാളം പോലുമില്ലാതെ അത് മണ്ണടരുകൾക്കു താഴെ പടർന്നുപടർന്ന് പോവുകയാണ്. അതിനുശേഷം ജീവന്റെ ഹരിതം വെളിപ്പെട്ടു കിട്ടുമ്പോൾ നോക്കി നിൽക്കുന്ന വേഗത്തിലാണ് ളർച്ച. അഞ്ച് ആഴ്ച കൊണ്ട് 80 അടി വരെ അതുയരുന്നു. “Biblically, waiting is not just something we have to do until we get what we want. Waiting is part of the process of becoming what God wants us to be.” എന്നാണ് ജോൺ ഓർട്ബെർഗ് പറയുന്നത്. ഒരു കലാകാരൻ തന്റെ മാസ്റ്റർപീസ് രൂപപ്പെടുത്താൻ എടുക്കുന്ന നേരം പോലെ നിങ്ങളിലുള്ള ഏറ്റവും നല്ലതിനെ രൂപപ്പെടുത്തുവാൻ അവിടുന്നു കരുതിവയ്ക്കുന്ന നേരമായി കാത്തിരിപ്പിന്റെ ഈ കാലത്തെ വായിച്ചെടുക്കാൻ കഴിയുമ്പോൾ അതു പ്രത്യാശയുടെ മറുപദമായി മാറുന്നു. അബ്രഹാം കാൽ നൂറ്റാണ്ട് കാത്തിരുന്നു, സ്വപ്നക്കാരൻ ജോസഫ് 13 വർഷം, മോശയ്ക്കത് നാല്പതായി, യേശു 30 സംവത്സരങ്ങൾ. എല്ലാവരും അവരുടെ വേരുകൾ അഗാധമാക്കുകയായിരുന്നു. ഒന്നോർത്താൽ ഈ പ്രാർത്ഥന തന്നെ എന്താണ്; ദീർഘമായ കാത്തിരിപ്പ്. Delayed does not mean denied എന്നാണ് ആത്മീയശിക്ഷണങ്ങളിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന പാഠം. വൈകുക എന്നാൽ നിഷേധിക്കപ്പെടുക എന്നല്ല അർത്ഥം. ‘ദൈവത്തിന്റെ ശക്തമായ കരത്തിനു കീഴിൽ താഴ്മയോടെ നിൽക്കുവിൻ, അവിടുന്ന് തക്കനേരത്ത് നിങ്ങളെ ഉയർത്തിക്കൊള്ളു’മെന്ന പത്രോസിന്റെ വരികൾ ഓർക്കുന്നു.

അവരവരുടെ നിമിഷം വരെ കാത്തിരിക്കുക അത്രയെളുപ്പമല്ല. പലപ്പോഴും പരിഹാസത്തോടെ ആവർത്തിക്കപ്പെടുന്ന ഒരു ഫലിതമുണ്ട്- തടവുപുള്ളികളേക്കുറിച്ചാണത്. ശിക്ഷ തീരാൻ പോകുന്ന ദിനങ്ങളിലാണ് മിക്ക തടവുകാരും ജയിൽ ചാടുന്നതെന്ന്!

‘നീണ്ട കാത്തിരിപ്പ് അവരുടെ പ്രേമത്തെ പിന്നെയും പിന്നെയും നിർമലമാക്കി’ എന്ന മാധവിക്കുട്ടിയുടെ വരികൾ ഓർക്കുന്നു. ജീവിതം ‘യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന’ ഒരു കാലത്തിൽ വേദവാക്യം പോലെ അനുഭവപ്പെട്ട വരികളായിരുന്നു അത്. അവനവനെത്തന്നെ ശുദ്ധീകരിക്കുന്ന എന്തോ ഒരു മൂലകം ഓരോ കാത്തുനില്പിലുമുണ്ട്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment