പുലർവെട്ടം 310

{പുലർവെട്ടം 310}

ലോകത്തിനു ശ്വാസം മുട്ടുന്ന കാലമാണിത്; ജോർജ് ഫ്ലോയ്‌ഡിന്റെ നിലവിളി പോലെ, “I can’t breathe, sir”. കോവിഡ് ബാധിച്ച് അകാലത്തിൽ അരങ്ങു വിടേണ്ടിവന്ന പതിനായിരക്കണക്കിനു മനുഷ്യരുടെ അവസാനമൊഴിയും അതായിരുന്നു, ‘ഞങ്ങൾക്കു ശ്വാസം മുട്ടുന്നു.’

ഭൂമി എന്ന പൊതുഭവനത്തിനു ശ്വാസം മുട്ടുന്നു എന്നോർമ്മിപ്പിക്കാനാണ് ഇന്നത്തെ ദിനം. ഒയിക്കോസ് – Oikos – എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇക്കോളജി രൂപപ്പെടുന്നത്; ഇക്കണോമിക്സും അങ്ങനെതന്നെ. വീട്ടുകാര്യങ്ങളെന്ന് സൂചിതം. കുറേക്കൂടി ഈ വീടിനെ ശ്രദ്ധിക്കാനുണ്ടെന്നാണ് നമ്മളോടു പറയുന്നത്. ഭൂമി ഇഷ്ടമുള്ളതുപോലെ ചെലവഴിക്കാൻ നമുക്കു ലഭിച്ച പൈതൃകസ്വത്തൊന്നുമല്ല; വരാനിരിക്കുന്ന തലമുറകളിൽ നിന്ന് നമ്മൾ പാട്ടത്തിനെടുത്തതാണ്. ലഭിച്ചതിനേക്കാൾ ഭേദപ്പെട്ട ഇടമായി അതു കൈമാറേണ്ട ബാധ്യതയുണ്ടുതാനും.

യേശു പറഞ്ഞ മടങ്ങിവന്ന മകന്റെ കഥയിൽ അവനോട് അനിഷ്ടം പുലർത്തുന്ന ജ്യേഷ്ഠനോട് അപ്പൻ പറയുന്ന ഒരു വാക്കുണ്ട്, “എനിക്കുള്ളതെല്ലാം നിനക്കാണ്.” ഈ കാണുന്നതൊക്കെ അബ്ബാ എന്ന് നിങ്ങൾ വിളിക്കാൻ ധൈര്യപ്പെടുന്ന ഈശ്വരന്റേതാണെങ്കിൽ ഇതൊക്കെ എന്റെ കൂടി ധനമാണെന്ന് തിരിച്ചറിയുമ്പോഴാണ് പാരിസ്ഥിതികബോധത്തിന്റെ ആത്മീയത മുള പൊട്ടുന്നത്. ഈ ഋതുക്കൾ എന്റേതാണ്, ഈ പുലരിമഴ എന്റേതാണ്, ഈ കിളികളും പൂക്കളും പുഴകളും മലകളുമൊക്കെ എന്റേതാണ്. ആ അർത്ഥത്തിൽ ഭൂമിയിലേക്കുവച്ച് ഏറ്റവും ധനികനായ മനുഷ്യനായി ഞാൻ രൂപപ്പെടുന്നു. വളച്ചുകെട്ടിയ മണ്ണും പാർക്കുന്ന വീടും മാത്രമാണ് തങ്ങളുടേതെന്ന് തെറ്റിദ്ധരിച്ചവരാണ് ഭൂമിയിലേക്ക് ഏറ്റവും ദരിദ്രരായ മനുഷ്യർ. പാവങ്ങളുടെ ജീവിതം എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് പറയാതെ പഠിപ്പിക്കാൻ ധനികനായ ഒരു അപ്പൻ മകനെ ഒരു വില്ലേജ് എക്സ്‌പോഷറിന് അയച്ച കഥയുണ്ട്. മടങ്ങിവന്ന മകൻ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്: “കാര്യം ശരിയാണ്, നമുക്കു കുളിക്കുവാൻ ഒരു കുളിത്തൊട്ടിയൊക്കെയുണ്ട്. പക്ഷേ നോക്കണം, അവർക്കുള്ളത് പുഴകളാണ്. നമ്മുടെ തീന്മേശയിൽ ഒരു തളിക നിറയെ പഴങ്ങളേയുള്ളു. പക്ഷേ, എത്രയൊക്കെ പഴങ്ങളാണ് അവർക്കുള്ളത്; പുഴയോരത്തെ പൂച്ചപ്പഴം തൊട്ട്…” ഒക്കെ നമ്മുടേതാണ്.

യേശുവിന്റെ പ്രലോഭനകഥയെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി വായിച്ചെടുക്കുന്ന രീതിയുണ്ട്. എല്ലാത്തിനും അതിന്റെ നേരം കൊടുക്കാനും കുറുക്കുവഴികളില്ലാതെ സ്വാഭാവികമായി കാത്തിരിക്കാനുമുള്ള സൂചനയുണ്ട് അവൻ അഭിമുഖീകരിച്ച ആദ്യപ്രലോഭനത്തിൽ. കല്ല് അപ്പമാക്കുകയെന്നുള്ളതായിരുന്നല്ലോ അത്. ഇൻസ്റ്റന്റ് സമൃദ്ധികളേക്കുറിച്ചുള്ള സങ്കല്പമാണ് ഭൂമിയെ സ്നേഹിക്കുന്നവർ സദാ പ്രതിരോധിക്കേണ്ടത്. മറ്റൊന്ന് പള്ളിയുടെ മുഖപ്പിൽ നിന്ന് താഴേക്കു ചാടാനുള്ള ചലഞ്ചാണ്. നിന്നെ മാലാഖമാർ കാത്തുകൊള്ളുമെന്നാണ് ചെകുത്താൻ വേദമോതുന്നത്. ലളിതമായ ജീവിതനിയമങ്ങൾ ലംഘിച്ചിട്ട് ‘ദൈവം സംരക്ഷിക്കും’ എന്ന തെറ്റിദ്ധാരണയാണ് യേശു തട്ടി മാറ്റുന്നത്. അതുവഴി പ്രകൃതിനിയമം തന്നെയാണ് ദൈവനിയമമെന്ന് അടിവരയിട്ടു. ഭൂമിയുടെ ആഡംബരങ്ങളെല്ലാം കാട്ടി അതെല്ലാം നിനക്കു സമ്മാനിക്കാമെന്നാണ് ഒടുവിലത്തേത്. അതിനെതിരെ മുഖം വെട്ടിത്തിരിച്ചാണ് മരുഭൂമിയിലെ പ്രലോഭനവർത്തമാനം അവസാനിക്കുന്നത്. എന്തെങ്കിലും ഒരു സൗകര്യത്തെ വേണ്ടായെന്നു വയ്ക്കുവാൻ ധൈര്യമില്ലാത്തവർ ഭൂമിയുടെ കിഞ്ചനവർത്തമാനങ്ങളിൽ ഏർപ്പെടരുത്. കുറഞ്ഞ പക്ഷം നഗരത്തിലേക്കുള്ള പൊതുഗതാഗതത്തെ ഉപയോഗപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ബാധ്യതയില്ലേ?

ഭൂമിയുടെ ശ്വാസകോശം വനം തന്നെ. നമുക്ക് റിലേറ്റ് ചെയ്യാവുന്ന ഏറ്റവും സരളവും ഋജുവുമായ മാർഗം അതിനെ ശ്രദ്ധിക്കുകയെന്നതാണ്. ‘മിയാവാക്കി വനം’ എന്നൊരു സന്തോഷവർത്തമാനം പലയിടങ്ങളിൽ നിന്നും കേൾക്കുന്നു. ഒരു വീടു വയ്ക്കുമ്പോൾ തോട്ടം നിർമിക്കുന്നതിനേക്കാൾ നല്ലത് ഒന്നോ രണ്ടോ സെന്റ് സ്ഥലത്ത് ചെറിയൊരു വനം രൂപപ്പെടുത്തുകയാണ്. അതിന്റെ കൂടുതൽ കൗതുകങ്ങൾ ഗൂഗ്‌ൾ ചെയ്ത് മനസ്സിലാക്കിയാൽ നല്ലതായിരിക്കും. കുറച്ച് സ്നേഹിതന്മാർ അത്തരത്തിലൊന്ന് കൊച്ചിയിലെ മുളവുകാടിൽ രൂപപ്പെടുത്താനുള്ള തൂമ്പാപ്പണി തുടങ്ങിയിട്ടുണ്ട്. കൂടെക്കൂടാൻ താല്പര്യമുള്ളവർക്ക് അവരിൽ ചിലരെ വിളിച്ച് വിശേഷങ്ങൾ തിരക്കാവുന്നതാണ്. താഴെ അവരുടെ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ഭൂമി കുറേക്കൂടി ഭേദപ്പെട്ട ഇടമായി മാറുന്നുണ്ടെന്നാണ് പൊതുവേ നല്ലതല്ലാത്ത ഈ കാലത്ത് നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഏക സുവിശേഷം.

– ബോബി ജോസ് കട്ടികാട്

താവു കാവിനേക്കുറിപ്പ് സമാധാനമായി ഇവർ കാര്യങ്ങൾ പറഞ്ഞുതരും.

ലവിൻ ചെറിയാൻ (9895194570)

ശ്രീജിത് നരിപ്പറ്റ (9061332238)

സുജിത് എം. ജി. (9847743630)

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment