പുലർവെട്ടം 311

{പുലർവെട്ടം 311}

അനുദിന അന്നം തരണമേ – give us our daily bread – എന്ന അഭ്യർത്ഥനയ്ക്ക് പണ്ടത്തേക്കാൾ മുഴക്കമുണ്ടാവുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. അവന്റെ അധരങ്ങളിൽ നിന്നു ലഭിച്ച ഒരേയൊരു പ്രാർത്ഥനയിലെ ഭൗതികമെന്നു കരുതാവുന്ന ഒരേയൊരു അർത്ഥന അതായിരുന്നു.

Daily bread-ൽ കുറഞ്ഞത് നാലു സൂചനകളുണ്ട്. മനുഷ്യോചിതമായി ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ആദ്യത്തേത്. അവളെ ലേബർ റൂമിൽ നിന്നു പുറത്തേക്കു കൊണ്ടുവരാൻ അവൾ കൈയിലിട്ട കല്യാണമോതിരം പണയം വയ്ക്കേണ്ടി വന്നുകൂടാ. പ്രായമായ മാതാപിതാക്കന്മാർ ഈ മഴക്കാലം കഴിയുവോളം കട്ടിലിന്മേൽ കാൽ കയറ്റി ഇരുന്നുകൂടാ. കുഞ്ഞുങ്ങളുടെ റ്റ്യൂഷൻ ഫീസും പത്രക്കാരന്റെ വരിസംഖ്യയും മുടങ്ങിക്കൂടാ… അങ്ങനെയങ്ങനെ. തൊഴിൽസാഹചര്യങ്ങൾ നിലനിൽക്കാനും അയാൾക്ക് മുട്ടം വെട്ടാനുള്ള ആരോഗ്യമുണ്ടാകാനും അടുപ്പിനരികെ നിൽക്കുന്ന ആ സ്ത്രീയ്ക്ക് സദാ മനഃശാന്തി കിട്ടാനും മേശയ്ക്കു ചുറ്റും കുഞ്ഞുങ്ങൾ ഒലിവുനാമ്പു പോലെ കാണപ്പെടാനുമുള്ള തീവ്രമായ അഭിലാഷമാണത്. കുഞ്ഞുങ്ങൾ വിശക്കുന്നു എന്നു പറയുന്നതിനേക്കാൾ സങ്കടകരമായ മറ്റെന്തുണ്ട്?

മണ്ണിനോടും കർഷകനോടുമുള്ള വിനയം കൂടിയാണത്. അസംഭാവ്യമെന്നു കരുതുന്ന പലതിനേയും സങ്കല്പിക്കാനാവുമ്പോഴും ലാബിൽ അന്നമുണ്ടാക്കുക എന്നത് ശാസ്ത്രത്തിന്റെ വിദൂരസ്വപ്നങ്ങളിൽപ്പോലും പെട്ടിട്ടില്ല. The Purpose Driven Life: What on Earth Am I Here For? എന്ന പുസ്തകമെഴുതിയ റിക്ക് വാറന്റെ ചില സൂചനകൾ കൂടി ഇതിനോടു ചേർത്തു വയ്ക്കുകയാണ്. ആത്മാവിന് അന്നമായി മാറുന്ന പുണ്യമൊഴികളുടെ വിരുന്നിനു കൂടിയാണിത്. ‘മനുഷ്യപുത്രാ, നീ ഈ ചുരുളുകൾ ഭക്ഷിക്കുക’ എന്നാണു ക്ഷണം. പുരാതനജ്ഞാനത്തിന്റെ പ്രകാശമുള്ള പരലുകളാണ് പുണ്യഗ്രന്ഥങ്ങൾ. അവയെ കാലാനുസൃതമായി വ്യാഖ്യാനിക്കാൻ പ്രകാശമുള്ളവർ ഞങ്ങളെ അനുയാത്ര ചെയ്യാനുണ്ടാവണേ.

ദൈവഭവനത്തിലുള്ള നമ്മുടെ പങ്കാളിത്തമായും അപ്പത്തെ വ്യാഖ്യാനിക്കാവുന്നതാണ്. “നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളു. അതിനാൽ, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്‌.” അപ്പം ഒറ്റയ്ക്ക് ആഹരിക്കാനുള്ളതല്ല, പങ്കു വയ്ക്കാനല്ലെങ്കിൽ പിന്നെയെന്തിനാണ് നമ്മൾ അപ്പം ചുടുന്നത്? അപ്പം എത്ര ചെറുതാണെങ്കിലും അതിന്റെ പകുതി അപരനാണെന്നൊരു പഴമൊഴി അറേബ്യൻ ബദുക്കൾക്കിടയിലുണ്ട്. അടിസ്ഥാന സാമൂഹികബന്ധങ്ങളെ പോഷിപ്പിക്കാനാണത്.

ഒടുവിലായി അവിടുത്തെ ജീവിതത്തിന്റെ പ്രതീകം തന്നെയാണ് ഈ അപ്പം. അപ്പമായി പരാവർത്തനം ചെയ്യപ്പെട്ട ആ സന്ധ്യയിൽ ഇതെന്റെ ഓർമയ്ക്കുവേണ്ടി നിങ്ങൾ ആഹരിക്കുക എന്നു പറഞ്ഞാണ് അവിടുന്നു മടങ്ങിയത്. ഓരോ അപ്പത്തിലും അവന്റെ രക്ഷയുടെ ചരിത്രം മുദ്രണം ചെയ്തിട്ടുണ്ട്; ഓരോ പാനപാത്രത്തിലും അവന്റെ രക്തം പതഞ്ഞുകിടക്കുന്നതുപോലെ.

ഫ്രാൻസിസ് തന്റെ യാത്രയിലായിരുന്നു. വല്ലാതെ മുഷിഞ്ഞൊരു ചേരി. തകർന്നൊരു കൽബഞ്ചിൽ ഒരു വൃദ്ധ ഇരിപ്പുണ്ട്. അരികിലിരുന്ന് ആ അമ്മയോട് അഭ്യർത്ഥിച്ചു: “അമ്മാ, എന്നോട് ദൈവത്തേക്കുറിച്ച് പറയുക.” ഒന്നും മിണ്ടാതെ തന്റെ സഞ്ചിയിൽ നിന്ന് ഒരു അപ്പമെടുത്ത് ചേറിൽ കളിക്കുന്ന കുഞ്ഞുങ്ങളിലൊരാൾക്ക് വച്ചുനീട്ടി. അവൻ അതു മറ്റൊരു കൂട്ടുകാരന്. അവനിൽ നിന്ന് ഒരു റിലേയുടെ ബാറ്റൺ പോലെ ആ അപ്പം കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. തങ്ങളേക്കാൾ ഈ അപ്പത്തിന് അർഹതയുള്ള ആരോ ഉണ്ടാവുമെന്ന് ഓരോരുത്തരും വിശ്വസിച്ചു. സൂര്യസ്നാനം ചെയ്യുന്ന വയോധികർ, ചാമ്പുപൈപ്പിൽ വെള്ളം നിറയ്ക്കുന്ന സ്ത്രീകൾ… ഇപ്പോൾ ആ അപ്പം ശയ്യാവലംബിയായ ഒരു മനുഷ്യന്റെ കിടക്കയിലെത്തി. നിറമിഴികളോടെ ഫ്രാൻസിസ് അപ്പത്തിന്റെ തീർത്ഥയാത്ര നോക്കിനിന്നു. പിന്നെ, വൃദ്ധയുടെ കരങ്ങൾ കോർത്തുപിടിച്ച് ആകാശത്തോടു നിലവിളിച്ചു: “ഞങ്ങളുടെ അപ്പാ, ഞങ്ങളുടെ അപ്പം”

Our father, our bread!

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment