പുലർവെട്ടം 314

{പുലർവെട്ടം 314}

പുലരി പറയുന്നത് അതാണ്, പുറത്താരോ കൊട്ടുന്നുണ്ട്. ഓരോ തവണ വാതിൽ തുറക്കുമ്പോഴും സ്നേഹം സമാന്തരങ്ങളില്ലാത്ത പുഞ്ചിരിയുമായി കിന്നാരം ചൊല്ലി അകത്തുവരുന്നു.

ഹസൻ റാബിയയെ വിളിച്ചതുപോലെ, വായനക്കാരാ ഈ ഇളവെയിലിലേക്കു വരൂ. ഈ ഷവറിലേക്കു വരൂ. എത്ര കാതങ്ങൾ സഞ്ചരിച്ച് നിങ്ങളുടെ പടവിലെത്തിയതാണ്. പത്രം, പാൽ, ദോശ മൊരിയുന്ന മണം, കണ്ണിൽ സോപ്പുപത കയറിയ കുഞ്ഞിന്റെ കള്ളക്കരച്ചിൽ, എത്ര തേച്ചിട്ടും ശരിയാവുന്നില്ലെന്ന പരാതി, തേച്ചത് മതിയായില്ലേ എന്ന കുറുമ്പ്… നിറയെ വാതിലുകളും ജാലകങ്ങളുമുള്ള ഒരു സ്വപ്നവീട്ടിൽ ഓരോ പുലരിയിലും മഴവിൽപ്പകിട്ടുള്ള മരംകൊത്തികൾ കൊട്ടിക്കൊണ്ടിരിക്കുന്നു. രാത്രിമഴയിൽ ടെറസിന്റെ ഷേയ്ഡിൽ അടയിരിക്കുന്ന അങ്ങാടിക്കുരുവിയുടെ കൂടിനെന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ?

വെളിപാടിന്റെ പുസ്തകത്തിൽ നിന്നുള്ള വായന: “ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും.” സ്നേഹത്തിന്റെ പര്യായമായി അവന്റെ നാമത്തെ എടുക്കാനാവുമെങ്കിൽ ഈ പുലരിയെ പ്രഫുല്ലമാക്കുവാൻ മറ്റൊരു വായന വേണ്ട. പുറത്ത് ഹലൊവീൻ ആഘോഷത്തിൽ വിചിത്രവസ്ത്രങ്ങൾ ധരിച്ച കുട്ടികളെപ്പോലെ നമുക്കുള്ള ചലഞ്ച് മുഴുങ്ങുന്നുണ്ട്, ‘trick or treat’. നിങ്ങൾക്കു വേണമെങ്കിൽ കബളിപ്പിച്ചോ അവഗണിച്ചോ സ്നേഹമർമ്മരങ്ങളെ ഒഴിവാക്കാവുന്നതേയുള്ളു. അല്ലെങ്കിൽ അകത്തെ നെരിപ്പോടിന്റെ ചൂടിലേക്കും ഒരു പ്രാതലിന്റെ ഹൃദ്യതയിലേക്കും അവയെ കൈപിടിച്ച് ഇരുത്താവുന്നതാണ്.

വെളിപാടിലെ ഈ സ്നേഹക്ഷണത്തെ ആധാരമാക്കി വില്യം ഹോൾമാൻ ഹണ്ട് (1827 – 1910) വരച്ച ചിത്രം ‘The Light of the World’ വിശ്വപ്രസിദ്ധമാണ്. കുറേയധികം കാലമായി മനുഷ്യന്റെ കാൽപ്പെരുമാറ്റമില്ലെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ഒരു ഉമ്മറത്താണ് വിളക്കുമായി നിൽക്കുന്ന യേശുവിനെ അയാൾ ചേർത്തുവരച്ചിരിക്കുന്നത്. ആ വാതിലിനു പുറത്ത് ഒരു അലങ്കാരപ്പിടി പോലുമില്ലെന്നുള്ളത് യാദൃച്ഛികമല്ല. താനത് ബോധപൂർവം ഒഴിവാക്കിയാതാണെന്ന് ‘Pre-Raphaelitism and the Pre-Raphaelite Brotherhood’ എന്ന പുസ്തകത്തിൽ ഹണ്ട് സാക്ഷ്യം പറയുന്നുണ്ട്. നിർദാക്ഷിണ്യം കൊട്ടിയടച്ച മനസ്സിന്റെ – obstinately shut mind – പ്രതീകമായിട്ടാണ് ആ വാതിൽ അയാൾ ചിത്രീകരിക്കുന്നത്. അതിന് അകത്തുനിന്നു തുറക്കാനുള്ള പിടികളേയുള്ളു.

സ്നേഹത്തെ നാം ഭയക്കുന്നുണ്ട്; വിശേഷിച്ചും കുറച്ചധികം സ്നേഹപരീക്ഷകളിൽ തോറ്റുപോയവരെന്ന നിലയിൽ. ആൻ ഫ്രാങ്കിനെയാണ് മാതൃകയാക്കേണ്ടത്. പോർവിമാനങ്ങളുടെ ശബ്ദം കൊണ്ട് സദാ മുഖരിതമായൊരു നഗരത്തിലെ കുടുസുമുറിയിലിരുന്ന് അവളിങ്ങനെയാണ് ലോകത്തോടു പറയാൻ ശ്രമിക്കുന്നത്: “എന്നിട്ടും ഞാൻ മനുഷ്യനിൽ വിശ്വസിക്കുന്നു.” ഓരോ സ്നേഹനിരാസത്തിനും പരിക്കുകൾക്കും ശേഷം പിന്നെയും ഉമ്മറത്ത് പദചലനം കേൾക്കുമ്പോൾ ഉന്മാദിയെപ്പോലെ പുറത്തേക്കോടിവന്ന മനുഷ്യരായിരുന്നു ലോകത്തിന്റെ മിസ്റ്റിക്കുകളെല്ലാം. അവരുടെ ഒരിത്തിരി അംശം ജീവന്റെ ആഡംബരമായി കൂടെ കൂട്ടാവുന്നതാണ്.

Live, Love, Leave എന്ന മൂന്ന് അധ്യായങ്ങളിലാണ് നിങ്ങളുടെ ആത്മകഥ സംഗ്രഹിക്കപ്പെടേണ്ടത്. വീഞ്ഞു നുരയുന്നതുപോലെ ജീവിക്കുക, നിലാവു പടരുന്നതുപോലെ സ്നേഹിക്കുക, കരിയിലകൾ പോലെ അപ്രിയാനുഭവങ്ങളെ വിട്ടുകളയുക.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment