പുലർവെട്ടം 361

{പുലർവെട്ടം 361}

ചെരിപ്പു തുന്നുന്നയാൾ നടപ്പാതയിലൂടെ പോകുന്ന കാല്പാദങ്ങളെ ഉറ്റുനോക്കുന്നതുപോലെ, ഒരാൾ ഏർപ്പെടുന്ന തൊഴിൽ അയാളുടെ ആഭിമുഖ്യങ്ങളേയും വീക്ഷണങ്ങളേയും സ്വാധീനിക്കാറുണ്ട്. ചാൾസ് ലാമ്പ് കരുതിയതുപോലെ, കുറേയധികം വർഷം ഗുമസ്തനായി പണിയെടുത്ത ഒരാൾക്ക് അയാളുപയോഗിക്കുന്ന റൂൾത്തടി പോലെ തീരെ നിസംഗമായി മനുഷ്യരോട് ഇടപെടാനും ഒരുപക്ഷേ ആയെന്നിരിക്കും. അതൊരു സെൽഫ് ട്രോളാണ്. കാൽ നൂറ്റാണ്ടോളം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഫീസ് ക്ലർക്കായിരുന്നു അയാൾ. തൊഴിൽ എല്ലാ അർത്ഥത്തിലും ഒരാൾ ഉപയോഗിക്കുന്ന റ്റൂളാണ്.

വാച്‌മാൻ നീയുടെ ‘What Shall This Man Do?’ എന്ന പുസ്തകത്തിൽ, പുതിയ നിയമത്തിലെ എഴുത്തുകാരെ അവർ ഏർപ്പെട്ടിരുന്ന തൊഴിൽ എങ്ങനെ സ്വാധീനിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. നമുക്കറിയാവുന്നതുപോലെ, പീറ്റർ മുക്കുവനായിരുന്നു. മനുഷ്യരെ പിടിക്കുക എന്ന യേശുമൊഴിയിൽ അയാളേർപ്പെട്ട കർമ്മത്തിന്റെ ചാരുതയും അതിനെ അതിവർത്തിക്കാനുള്ള ക്ഷണവും അടക്കം ചെയ്തിട്ടുണ്ട്. എന്തിലേക്കും എടുത്തുചാടുന്ന തിടുക്കത്തിന്റെ ഒരു ശരീരഭാഷ അയാൾക്കുണ്ടായിരുന്നു. മിക്കവാറും നഗ്നരായിത്തന്നെയായിരുന്നു അവർ ആഴങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നത്. അതിന്റെയൊരു ലജ്ജ തീരത്തേക്കു വരുമ്പോഴും അയാൾ കൂടെക്കൊണ്ടുവന്നു. അതുകൊണ്ടാണ് അവനിലേക്ക് ഉറ്റുനോക്കിയ യേശുവിനോട് , ‘ഇത് അങ്ങേക്കുള്ള തീരമല്ല, ഇവിടം വിട്ട് പോകണമേ’ എന്നയാൾ കെഞ്ചുന്നത്. അയാളുടെ ആദ്യപ്രഭാഷണം തന്നെ വല്യ ചാകരയായി. അയാൾ പറഞ്ഞ സ്നേഹത്തിന്റെ കഥയിലേക്ക് മത്സ്യക്കൂടിലേക്കെന്നതുപോലെ മൂവായിരത്തോളം പേരാണ് നീന്തിയെത്തിയത്.

വല കെട്ടിക്കൊണ്ടിരിക്കുന്ന ഒരാളായിട്ടാണ് ജോണിന്റെ എൻട്രി. അതയാളുടെ സഹജഭാവമായി. ഒരു മെന്ററായി നിലനിൽക്കുകയായിരുന്നു അയാളുടെ ധർമ്മം. വിശ്വാസത്യാഗത്തിന്റെ ഒരു കാലത്തിൽ യേശു അഭിലഷിച്ചിരുന്ന പരിസരത്തിലേക്ക് സഭയെ വിളക്കി യോജിപ്പിക്കുക എന്നതായിരുന്നു വൈകി കടന്നുപോയ ഒരാളെന്ന നിലയിൽ ജോണിന്റെ നിയോഗം. പൊട്ടിയ വലകൾ തുന്നുകയെന്നതിനപ്പുറം, വലക്കണ്ണികളുടെ ഉറപ്പ് ദിനവും പരിശോധിക്കുക എന്നുള്ളത് കടപ്പുറത്തിന്റെ രീതിയാണ്. തീരത്ത് വിശ്രമസമയങ്ങളിൽ സംഘം ചേർന്ന് മുക്കുവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യമതാണ്.

ലൂക്ക് വൈദ്യനായിരുന്നു. ആ പേരിൽത്തന്നെ പോൾ അയാളെ വിശേഷിപ്പിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ സൗഖ്യകഥകൾ എഴുതുന്നത് ലൂക്കാണ്. ശരിയായ വൈദ്യശാസ്ത്രപദങ്ങൾ അടയാളപ്പെടുത്താനും അയാൾ ശ്രദ്ധിക്കുന്നുണ്ട്. രക്തസ്രാവം കൊണ്ടു ബുദ്ധിമുട്ടിയ സ്ത്രീയേക്കുറിച്ച് പരാമർശിക്കുമ്പോൾ മാർക്ക് ഉപയോഗിച്ച ‘പല വൈദ്യൻമാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണു ചെയ്തത്’ എന്ന വിശദാംശം ലൂക്ക് ഭംഗിയായി എഡിറ്റ് ചെയ്തുകളഞ്ഞതിൽ നിന്ന് ഈ കാര്യത്തിന് അടിവരയിടുകയുമാവാം.

പോൾ കൂടാരപ്പണിക്കാരനായിരുന്നു. മനുഷ്യജീവിതത്തെ ‘പൊളിച്ചുനീക്കപ്പെടുന്ന കൂടാര’മെന്ന് വിശേഷിപ്പിച്ചതുൾപ്പടെയുള്ള പോളിന്റെ വിചാരങ്ങൾ നമുക് മറ്റൊരിക്കൽ പറയാം. എല്ലാ അർത്ഥത്തിലും അയാളായിരുന്നു പലതും പടുതുയർത്തിയത്; ഒരു ഡോഗ്‌മാറ്റിക് ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതുൾപ്പടെ.

ഓരോരോ ഇടങ്ങളിൽ അവധിക്കാലം ചെലവഴിക്കാൻ പോയിരുന്ന ഒരു പുരോഹിതനെ അയാളുടെ ആചാരവേഷമില്ലാതിരുന്നിട്ടും കാണുന്നവർക്ക് കൃത്യമായി പിടുത്തം കിട്ടിയിരുന്നു. തിരിച്ചുവരുമ്പോഴൊക്കെ അയാളുടെ ഭാര്യ കളിയാക്കി, “എത്ര മറച്ചുപിടിച്ചിട്ടും പുറത്തുവരുന്ന ഒരു അച്ചൻലുക്ക് അങ്ങേക്കുണ്ട്.”

ഇത്തവണ ഒരു ബീച്ചിൽ അവധിക്കാലം ചെലവഴിക്കാൻ പോകുമ്പോൾ നന്നായിട്ട് മേക്കോവർ നടത്തി അദ്ദേഹം; സ്പൈക്ക്, ഷോട്‌സ്, സൺ ഗ്ലാസ് ഇത്യാദി. എന്നിട്ടും ഒരു സംഘം ചെറുപ്പക്കാർ വന്ന് ‘ഗുഡ് ഈവനിങ് ഫാദർ’ പറഞ്ഞ് അദ്ദേഹത്തെ വെട്ടിലാക്കി. തകർന്നുപോയ അയാൾ അവരോടു ചോദിച്ചു, “എങ്ങനെയാണ് നിങ്ങൾക്കു പിടുത്തം കിട്ടിയത്?”

“സിംപിൾ! അങ്ങയുടെ കൂടെയിരിക്കുന്ന സ്ത്രീയെ കണ്ടാലറിയാം ഏതോ അച്ചന്റെ കൊച്ചമ്മയാണെന്ന്!”

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment