പുലർവെട്ടം 362

{പുലർവെട്ടം 362}

ആലപ്പുഴക്കാർക്ക് അത്ര ശ്രദ്ധ കിട്ടാതെ പോയ ഒരിടം ട്രിപ് അഡ്വൈസറിന്റെ 2020-ലെ ട്രാവലേഴ്സ് ചോയ്‌സിൽ, കേരളത്തിലെ നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഉൾപ്പെടുത്തിയതായി ഒരു സന്തോഷവർത്തമാനം കണ്ടു; കയർവ്യവസായിയായ രവി കരുണാകരന്റെ ഓർമയ്ക്കായി പത്നി ബെറ്റി കരൺ നിർമിച്ച സ്വകാര്യമ്യൂസിയമാണ്. അതിന്റെ മുറ്റത്ത് ഇസ്രേയേലി ശില്പിയായ സാം ഫിലിപ്പിന്റെ ‘Prodigal Son’ എന്ന ഏഴടി ഉയരമുള്ള വെങ്കലപ്രതിമ. വഴിയാത്രക്കാർക്ക് പുറത്തുനിന്ന് കാണാവുന്ന വിധത്തിലാണതു സ്ഥാപിച്ചിട്ടുള്ളത്. ലോകനേതാക്കൾക്ക് ഇസ്രേയേൽ ഗവൺമെന്റ് നൽകുന്ന ഉപഹാരങ്ങൾ സാം ഫിലിപ്പിന്റേതായിരിക്കുക എന്നതൊരു മാമൂലാണ്. ജോൺ പോൾ രണ്ടാമനും ജോർജ് ബുഷും കിങ് ഹുസൈനും യിത്‌സാക് റബീനും ഡയാന രാജകുമാരിയുമൊക്കെ അതു സ്വീകരിച്ചവരിൽപ്പെടും.

ആ ശില്പത്തെ നോക്കിനിൽക്കുമ്പോൾ ആലോചിച്ചത് ഒരേയൊരു കാര്യം മാത്രമായിരുന്നു; ഏതൊക്കെ രീതിയിലാണ് രണ്ടു സഹസ്രാബ്ദങ്ങൾക്കപ്പുറത്തുനിന്ന് ഒരാൾ പറഞ്ഞ കഥ മാനവരാശിയുടെ വ്രണിതഭാവനയിൽ ഇങ്ങനെ സാന്ത്വനമായി മുഴങ്ങുന്നത്. ഏതൊരു ആത്മകഥയിലും ഏതൊക്കെയോ അളവുകളിൽ ഈ കഥയുടെ നിഴൽ വീണിട്ടുണ്ട്. പി. കുഞ്ഞിരാമൻ നായരുടെ ‘നിത്യകന്യകയെത്തേടി’ ഒന്നുകൂടി വായിച്ചു. “പ്രിയപ്പെട്ട അച്ഛാ, മഹിമയറിഞ്ഞ് സ്നേഹിക്കാതെ, ആദരിക്കാതെ, ആരാധിക്കാതെ, കാൽ തലോടാതെ രാജഭവനത്തിൽ നിന്നും നിന്റെ രത്നപീഠത്തിൽ നിന്നും ചാടിപ്പോയ ഈ മകനെയൊന്ന് വീണ്ടും ‘മകനെ’ന്നു വിളിക്കൂ.” എന്തൊരു മനസ്താപത്തിന്റെ പുസ്തകമാണത്!

ധൂർത്തപുത്രന്റെ കഥ അനവധി കലാരൂപങ്ങൾക്ക് പ്രേരണയായിട്ടുണ്ട്. സമശീർഷതയില്ലാത്തത് സെന്റ് പീറ്റേഴ്‌ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിലുള്ള റെംബ്രാൻഡിന്റെ The Return of the Prodigal Son എന്ന എണ്ണച്ചായചിത്രമാണ്. ഹെൻറി നുവെൻ ആ ചിത്രത്തെ ആധാരമാക്കി മാത്രം അസാധാരണ ഈർപ്പം കിനിയുന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്, ‘The Return of the Prodigal Son: A Story of Homecoming’. അയാളാ ചിത്രത്തിൽ പെട്ടുപോയി എന്നു കരുതുന്നതാണ് ഉചിതം.

മൗലികമായ നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചെറിയ പുസ്തകം. മടങ്ങിവന്ന മകന്റെ മുണ്ഡനം ചെയ്ത ശിരസു തൊട്ട് കാലിന്റെ ഉപ്പൂറ്റി വരെ അലച്ചിലിന്റേയും അപമാനത്തിന്റേയും ചാട്ടവാർ വീണിട്ടുണ്ട്. അവനെ ചേർത്തുപിടിക്കുന്ന അപ്പന്റെ ഒരു കരം പുരുഷന്റേതെന്നും മറുകരം സ്ത്രീയുടേതെന്നും നുവെൻ നിരീക്ഷിക്കുന്നു; അപ്പനത്ര അപ്പനല്ല എന്നു സാരം. പിതാവും മാതാവുമായ ദൈവമേ! അയാളുടെ ചുവന്ന മേലങ്കി ഒരു കൂടാരത്തെ ഓർമിപ്പിക്കുന്നു. ഏതാണ്ട് അന്ധനായ ഒരാളായാണ് അപ്പനെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലത്തെ ഓർമ്മിപ്പിച്ച് നിങ്ങളെ ഇനി ഭാരപ്പെടുത്തുവാൻ അയാൾ തയാറല്ല. രണ്ടു പരിചിതപദങ്ങളെ അയാൾ പുതുക്കിപ്പണിയുന്നുണ്ട്, വീടും വിശ്വാസവും. വീട് ‘നീയെന്റെ പ്രിയപ്പെട്ടവൻ, നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു’ എന്നു മന്ത്രിക്കുന്ന ഹൃദയപാർശ്വമാണ്. വിശ്വാസമാവട്ടെ ഒരു വീടുണ്ടെന്നും അതെന്നും അവിടെത്തന്നെ ഉണ്ടായിരിക്കുമെന്നും ഉള്ള അചഞ്ചലധൈര്യമാണ്.

മ്യൂസിയത്തിനകത്ത് വളരെയേരെ മൂല്യമുള്ള കാര്യങ്ങളുണ്ടെന്ന് സൂക്ഷിപ്പുകാരൻ. 1948-ൽ ഇറക്കുമതി ചെയ്ത ബ്യൂയിക് സൂപ്പർ എന്ന കാർ, ക്രിസ്റ്റൽ ശില്പങ്ങൾ, ആനക്കൊമ്പിലെ ദശാവതാരം… അങ്ങനെയൊരു നീണ്ട നിര പത്രവാർത്തയിൽ കണ്ടിരുന്നു. തൽക്കാലം ഈ ദിവസത്തിന് ഈ വെങ്കലക്കാഴ്ച മതി.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment