പുലർവെട്ടം 330

{പുലർവെട്ടം 330}

കൊളംബസ് എന്ന നാവികൻ ഒരു രൂപകമാണ്. പലപ്പോഴും മറഞ്ഞിരുന്ന ദേശങ്ങൾ കണ്ടെത്തി പുറംലോകത്തെ അറിയിച്ചതിന്റെ പേരിലാണ് പ്രാചീനനാവികരും സഞ്ചാരികളും വാഴ്ത്തപ്പെടാറുള്ളത്. അവരുടെ യാത്രാചരിതങ്ങളെ അധികാരമോഹങ്ങളും സാഹസികതയും അനിശ്ചിതത്വവും ദുരന്തപൂർണ്ണമായ അവസാനവും ഒക്കെച്ചേർന്ന ജീവിതത്തിന്റെ പുസ്തകമായിക്കൂടി വായിച്ചെടുത്താൽ നല്ലതാണ്. ചരിത്രത്തിലൂടെ സഞ്ചരിച്ച് കൊളംബസ് ഒരു രൂപകമായി മാറുന്നതിന് പുറകിൽ അസാമാന്യമായ ഇച്ഛാശക്തിയും കാമനകളും ക്രൂരതകളും ശാസ്ത്രബോധവുമുണ്ട്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അയാൾ പുതിയ ലോകങ്ങൾ തേടിപ്പോയത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു. അതിനുള്ള ജ്ഞാനവും ആർജ്ജിച്ചിരുന്നു. ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങളുടെ നിറവും ഗന്ധവുമായിരുന്നു കൊളംബസിന്റെ സ്വപ്നഭൂപടങ്ങളിൽ നിറയെ. 1492-ൽ മൂന്നു കപ്പലുകളിലായി പുറപ്പെടുമ്പോൾ ഈ സ്വപ്നങ്ങളാണ് കൂട്ടായിരുന്നത്. എന്നാൽ എത്തിച്ചേർന്നതാവട്ടെ കരീബിയൻ ദ്വീപുകളിലും. മാസങ്ങളോളം അവിടെ തങ്ങിയെങ്കിലും സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള മോഹങ്ങളൊന്നും സഫലമായില്ല. എന്നിട്ടും അത് ഇന്ത്യയാണെന്നുതന്നെ ധരിച്ചു. എത്തിച്ചേർന്ന ഇടം മറ്റൊന്നാണെന്ന് തിരിച്ചറിയാതെ അജ്ഞതയിൽത്തന്നെ ജീവിച്ച് ഒടുങ്ങി.

അമേരിക്ക കണ്ടുപിടിച്ചത് കൊളംബസാണെന്ന് കുട്ടികൾ വർഷങ്ങളായി ചരിത്രം കാണാതെ പഠിക്കുന്നു. ഏതൊക്കെയോ ഭാഗങ്ങളിലൂടെ സഞ്ചരിച്ചതല്ലാതെ ഒന്നും യഥാർത്ഥത്തിൽ കണ്ടെത്തുന്നില്ല. നമുക്കുമുൻപെ ആരൊക്കെയോ ആ ഇടങ്ങളിൽ എത്തിച്ചേർന്നിരിക്കണം. മിഥ്യാബോധങ്ങളിൽപ്പെട്ട് അവരും പിന്മടങ്ങിയിട്ടുണ്ടാകും.

വാസ്തവത്തിൽ സമുദ്രയാത്രയ്ക്ക് അനിവാര്യമായ ശാസ്ത്ര അറിവുകൾ ഉണ്ടായിരുന്നിട്ടും കൊളംബസിനെപ്പോലെയുള്ള നാവികർ എന്തുകൊണ്ടാണ് ലക്ഷ്യത്തിലെത്തിച്ചേരാതിരുന്നത്? കടൽദൂരങ്ങളെല്ലാം ഈ ഉത്തരമില്ലായ്മയും ദുരന്തവിധികളും പേറുന്നുണ്ട്. എത്തിയ ഇടങ്ങളെ മനസ്സിലുള്ള സ്ഥലങ്ങളായി സ്വീകരിക്കേണ്ടിവരുന്ന അവസ്ഥ. മനുഷ്യനും വിധിയും തമ്മിലുള്ള പോരാട്ടങ്ങളുടെ വേദിയായി മിത്തുകളിലും ചരിത്രങ്ങളിലും സാഹിത്യത്തിലും സിനിമകളിലുമെല്ലാം ഏറ്റവുമധികം വന്നിട്ടുള്ളത് കടലാണ്.

വേട്ടക്കപ്പലുകളിലെ നാവികരുടെ ജീവിതത്തെ ആസ്പദമാക്കി വന്ന മൊബിഡിക് എന്ന നോവലിലെ കീക്വഗ് എന്ന നരഭോജികളുടെ വംശത്തിൽ പെട്ട മനുഷ്യൻ സ്വന്തം ദ്വീപ് ഉപേക്ഷിച്ചു പോകുന്നത് ലോകം കാണാനും ക്രിസ്തീയപാരമ്പര്യത്തെക്കുറിച്ചറിയുവാനും തന്റെ ഗോത്രത്തിന്റെ അധികാരിയായി വരുമ്പോൾ പുതിയ പ്രപഞ്ചബോധം നേടാനുമൊക്കെയായിരുന്നു. എന്നിട്ട് തിമിംഗലവേട്ടക്കാരുടെ കൂടെ ചേരുമ്പോൾ അയാളുടെ ലക്ഷ്യം സഫലമായോ? ദിക്കുകളും വഴികളും ചില കാഴ്ചകളെ മറച്ചേക്കാം. അറിവുകളൊന്നും എപ്പോഴും സഹായിക്കില്ല. നാശത്തിന്റെ മുനമ്പുകൾ അടുത്തുവരുമ്പോഴും ഭാവനയിലെ ഇടങ്ങൾ ഒരിക്കലും ചതിക്കുമെന്ന് ഇവരാരും കരുതുന്നില്ല.

പാപത്തിനുള്ള ഹീബ്രു പദം Hatah എന്നാണ്. ലക്ഷ്യം തെറ്റുക, to miss the mark, എന്നാണ് അതിന്റെ പദാനുപദസാരം. അലഞ്ഞുനടന്ന – nomadic – മനുഷ്യരെന്ന നിലയിൽ അനുദിനാനുഭവങ്ങൾ അവർക്കു ഭാഷയായി മാറി. ഒരു ജലരാശിയിൽ നിന്ന് മറ്റൊരു ജലരാശിയും ഒരു മേച്ചിൽപ്പുറത്തുനിന്ന് മറ്റൊരു മേച്ചിൽപ്പുറവും തിരഞ്ഞുള്ള യാത്രയിൽ കാട്ടുപാതകളും നാട്ടുവഴികളും അവരെ വട്ടം ചുറ്റിച്ചിരുന്നു. സഞ്ചാരങ്ങളെ സുഗമമാക്കാൻ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ചില മാർഗരേഖകളെ കാണാതായിപോയി എന്നതായിരുന്നു പിഴവ്. ശ്രമകരമെങ്കിലും മടങ്ങിയെത്തിയേ തീരൂ.

തിരഞ്ഞിടത്തല്ല എത്തിച്ചേർന്നതെന്ന ബോധത്തിലാണ് അനുതാപമുണ്ടാകുന്നത്. Shuv എന്ന ഹീബ്രു പദത്തിന് അർത്ഥം ‘തിരിച്ചുവരിക’ എന്നാണെന്നുകൂടി മനസിലാക്കുമ്പോൾ ആത്മായനങ്ങളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. മടങ്ങിവരാനല്ലെങ്കിൽ എന്തിനാണ് നമ്മുടെ പാതകളിൽ ഇത്രയും യു-ടേണുകൾ!

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment