പുലർവെട്ടം 397

{പുലർവെട്ടം 397}
 
“Express yourself completely. Then keep quiet. Be like the forces of nature; When it blows, there is only wind; When it rains, there is only rain; When the clouds pass, the sun shines through.”
– Lao Tzu
സ്വാഭാവികമായ ജീവിതത്തേക്കുറിച്ചാണ് ലവോത്സ പറഞ്ഞുകൊണ്ടിരുന്നത്. ‘താവോ’ എന്നാൽ സഹജമായ വഴി എന്നുതന്നെ അർത്ഥം. സമകാലികനായ കൺഫ്യൂഷ്യസിന് താങ്ങാനാവാത്ത വിധത്തിൽ അത്രയും നൈസർഗികവും സ്വാഭാവികവുമായ ജീവിതപന്ഥാവാണ് അയാൾ തുറന്നുവച്ചത്. കൺഫ്യൂഷ്യസ് മാമൂലുകളുടേയും ചട്ടങ്ങളുടേയും മനുഷ്യനായിരുന്നു. ജീവിതം അവിചാരിതാനുഭവങ്ങളിൽ പെട്ടുപോകുന്നതുകൊണ്ട് മുൻധാരണകളും അഭ്യൂഹങ്ങളും നിഗമനങ്ങളും ഒരാളെയും സഹായിക്കില്ലെന്നു കരുതി. രണ്ടു തരത്തിലുള്ള ജീവിതത്തേക്കുറിച്ചാണ് അവർ സംസാരിച്ചുകൊണ്ടിരുന്നത്. ലവോത്സയ്ക്ക് പുഴയുടെ സഞ്ചാരം പോലെയായിരുന്നു അത്. ഒഴുകിയൊഴുകി പുഴ അതിന്റെ വഴി കണ്ടെത്തുകയാണ്. തീവണ്ടിപ്പാത പോലെയായിരുന്നു കൺഫ്യൂഷ്യസിന്റെ ക്രമം. നിർമിച്ചുവച്ച പാളമുണ്ട്. അതിലൂടെ സഞ്ചരിച്ച്, കാര്യമായ പ്രതിസന്ധികളില്ലാതെ സുഗമമായി ലക്ഷ്യത്തിലെത്തുക. മനുഷ്യരാശി പൊതുവേ പുലർത്തുന്ന രണ്ടു തരം മനോഭാവങ്ങളേയാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. ഒന്ന് മറ്റൊന്നിനേക്കാൾ ചെറുതോ വലുതോ എന്ന് നിശ്ചയിക്കേണ്ട ബാധ്യത ആർക്കുമില്ല. അവനവന്റെ ആവേഗങ്ങൾക്ക് നിരക്കുന്നവയെ കണ്ടെത്തി ജീവിതത്തെ ഭംഗിയാക്കുക.
ഉപയോഗമില്ലായ്മയ്ക്കും ഉപയോഗമുണ്ടെന്നു പറയുവാൻ ഒരു ലവോത്സയ്ക്കു മാത്രമേ കഴിയൂ. ഒരു ഗ്രാമത്തിൽ ഒരേയൊരു മരമൊഴിച്ച് ബാക്കിയുള്ളതെല്ലാം മുറിച്ചുനീക്കപ്പെട്ടതുകണ്ട് ലവോത്സ കാരണം തിരക്കി. ‘ഒന്നിനും കൊള്ളാത്തതുകൊണ്ട് അതിനെ ആശാരിമാർ ഉപേക്ഷിച്ചുകളഞ്ഞതാണെ’ന്നാണ് മറുപടി. ‘കത്തിക്കാൻ പോലും കൊള്ളില്ല, വെറുതേ പുകഞ്ഞുകൊണ്ടിരിക്കും’ എന്ന് കൂട്ടിച്ചേർത്തു. ‘അങ്ങനെ വരുമ്പോൾ ഉപയോഗമില്ലാത്തതുകൊണ്ട് ചില ഉപയോഗങ്ങളൊക്കെ ഉണ്ടല്ലേ’ എന്നു പറഞ്ഞ് അയാൾ മന്ദഹസിച്ചു. ആ മന്ദഹാസത്തിൽ ശിഷ്യരുടെ അകം പ്രകാശിച്ചു. താരതമ്യങ്ങളോ മത്സരമോ നെട്ടോട്ടങ്ങളോ ഇല്ലാതെ ഏറ്റവും സ്വാഭാവികമായി ജീവിക്കുന്നതിന്റെ ധ്വനികളുണ്ടായിരുന്നു അതിൽ.
യേശുവും പറയാൻ ശ്രമിച്ചത് അതിസ്വാഭാവികമായ ഒരു ജീവിതത്തേക്കുറിച്ചായിരുന്നു. ‘ഞാൻ നിങ്ങൾക്ക് ഒരേയൊരു കല്പന തരുന്നു, സ്നേഹം’ എന്ന മൊഴിയിൽ മാമൂലുകൾക്കെതിരായുള്ള, ഒരർത്ഥത്തിൽ ‘അനാർക്കി’ എന്നു വിശേഷിപ്പിക്കാവുന്ന, കാറ്റിന്റെ വിത്ത് ഒളിപ്പിച്ചിട്ടുണ്ട്. സ്നേഹം ഹൃദയഭാഷയായതുകൊണ്ട് ഹൃദയം പ്രചോദിപ്പിക്കുന്നതുപോലെ ജീവിക്കുക എന്നത് സാമ്പ്രദായികമതസങ്കല്പങ്ങളുടെ കടപുഴക്കലായിത്തന്നെയേ അവസാനിക്കുകയുള്ളു.
വൈകാതെ, ആ സ്വാഭാവികതയെ കാലവും ചരിത്രവും പല തരം മാമൂലുകൾ കൊണ്ട് വരിഞ്ഞുമുറുക്കി എന്നൊരു ഐറണിയുണ്ട്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment