പുലർവെട്ടം

പുലർവെട്ടം 346

{പുലർവെട്ടം 346}

പേരക്കുട്ടി നല്ല ഉയരമുള്ള ഒരു നാട്ടുമാവിന്റെ തുഞ്ചത്തേക്ക് വലിഞ്ഞുകയറുകയായിരുന്നു. അരുതരുതെന്നു പറഞ്ഞ് മുത്തച്ഛൻ അവനെ വിലക്കുന്നുണ്ട്. അതിൽനിന്ന് പൂർവ്വാധികം ഊർജ്ജം സ്വീകരിച്ച് അവൻ പിന്നെയും മുകളിലേക്ക്. ആ കമ്പിൽ ചവിട്ടരുതെന്ന് പറയുമ്പോൾ സൂക്ഷ്മം ആ കമ്പിൽത്തന്നെ ചവിട്ടുന്നു. ഊഹിക്കാവുന്നതുപോലെ കമ്പൊടിഞ്ഞ് താഴോട്ട്. താഴെയൊരു മൺകൂമ്പാരമുണ്ടായിരുന്നതുകൊണ്ട് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ല. എഴുന്നേറ്റോടുമ്പോൾ ഒരു മുട്ടൻവടിയുമായി മുത്തച്ഛൻ പുറകെ. അതിനിടയിൽ കുട്ടിയുടെ വികടസരസ്വതി ആക്റ്റിവേറ്റ് ചെയ്യപ്പെട്ടു: “ഞാൻ രക്ഷപ്പെട്ടത് ഇയാൾക്ക് താങ്ങാൻ പറ്റുന്നില്ലല്ലേ.”

അങ്ങനെയായിരുന്നു ഒരു കാലം. മനുഷ്യൻ തങ്ങളുടെ പരുക്കൻ മുഖപടങ്ങൾക്കുള്ളിൽ സ്നേഹത്തെ ഒളിപ്പിച്ചുവച്ച് കഞ്ചാവുവില്പനക്കാരേപ്പോലെ ആരും കാണില്ലെന്ന് ഉറപ്പുള്ളപ്പോൾ മാത്രം കൈമാറിയിരുന്ന കാലം. സ്നേഹിക്കുമ്പോഴും അവർ കലഹിച്ചുകൊണ്ടേയിരുന്നു. സ്നേഹിച്ചു എന്ന് വെളിപ്പെട്ടു കിട്ടുന്നതിൽ ലജ്ജിക്കാൻ എന്തോ കാരണമുണ്ടെന്നുപോലും അവർ തെറ്റിദ്ധരിച്ചു. അടുത്ത കാലം വരെ ചെറിയ ഏറ്റക്കുറച്ചിലുകളോടെ കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ജയമോഹൻ എന്ന വളരെയേറെ വ്യതിരിക്തതയുള്ള ഒരെഴുത്തുകാരന്റെ ആത്മരേഖ തന്നെയായ ‘ഒഴിമുറി’ ഇനിയും കണ്ടുനോക്കാവുന്നതാണ്.

നമ്മുടെ ഇടപെടലുകൾക്കും തിരുത്തലുകൾക്കും അനുയാത്രകൾക്കും ശകാരങ്ങൾക്കും ഇടയിൽ ആ പ്രശ്നം സ്ഥായിയായി നിലനിൽപ്പുണ്ട്- സ്നേഹത്തിന്റെ അദൃശ്യവേരുകളിൽ നിന്നാണ് അത് പൊടിച്ചതെന്ന ധാരണ ഉറപ്പുകൊടുക്കാതിരിക്കുക. നമ്മുടെ അസംതൃപ്തിയുടെയും വൈരത്തിന്റെയും വെന്റിലേഷനായി അത് തെറ്റിദ്ധരിക്കപ്പെടുന്നു. ഉറ്റവരെ നിശിതമായി തിരുത്തുകയും വിമർശിക്കുകയും ചെയ്തിരുന്നു യേശു. ഒരു പത്രോസിനെയൊക്കെ സാത്താനെന്നു വിളിക്കാൻ പോലും ചങ്കുറപ്പുണ്ടായിരുന്നു. എന്നിട്ടും അവരെന്തു കൊണ്ട് അവനെ ശത്രുവായെണ്ണിയില്ല?

ഒറ്റപ്പെട്ട കൈപ്പിഴകളുടെ പേരിൽ നമ്മൾ ഉറ്റവരെ നേരിടുമ്പോൾ സ്നേഹത്തിനും വെറുപ്പിനുമിടയിലുള്ള അതിരുകൾ മാഞ്ഞുപോകുന്നതായി അനുഭവപ്പെടുന്നു. ഈ മാമ്പഴക്കാലത്ത് ഏതാനും പുഴുക്കുത്തേറ്റ മാമ്പഴങ്ങളുണ്ടായതിന്റെ പേരിൽ ആ മരത്തെ നമ്മൾ ചീത്ത മാവ് എന്ന് വിശേഷിപ്പിക്കാറില്ലെന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കുമ്പോൾ അവർക്കുപോലും അത് പിടുത്തം കിട്ടുന്നു. മുതിർന്നവർക്കെന്തുകൊണ്ടാണ് ഇത്തരം ലളിതമായ യുക്തികൾ മനസ്സിലാകാത്തത്!

എങ്ങനെ പരസ്പരം തിരുത്തണമെന്നുള്ള രണ്ട് പുതിയ നിയമ സൂചനകൾ പറഞ്ഞ് ഈ പുലരിക്കുറിപ്പ് ചുരുക്കാവുന്നതാണ്. നിന്റെ സഹോദരൻ അധർമം ചെയ്തിട്ടുണ്ടെങ്കിൽ നീയും അവനും മാത്രമായിരിക്കുമ്പോൾ തിരുത്തുക എന്ന യേശുമൊഴിയാണ് ആദ്യത്തേത്. മൂന്നാമതൊരാളുടെ സാന്നിധ്യത്തിലുള്ള തിരുത്തലുകൾ ഇൻസൾട്ട് അല്ലാതെ മറ്റൊന്നുമല്ല. അത് ഊട്ടുമേശയിലാവാം, സ്കൂൾ അസംബ്ലിയിലാവാം, കൺവെൻഷൻ പ്രസംഗത്തിലുമാവാം… അങ്ങനെയങ്ങനെ. രണ്ടാമത്തേത് വെളിപാടിന്റെ പുസ്തകത്തിലെ ഏഴ് സഭകൾക്കുവേണ്ടിയുള്ള ക്ലാസ്സിക് തിരുത്തലാണ്. തിരുത്തേണ്ട മേഖലകളെ പരാമർശിക്കുന്നതിനുമുൻപ് അവരോടുള്ള മതിപ്പും അവരുടെ സുകൃതങ്ങളുടെ വാഴ്ത്തും എണ്ണിയെണ്ണി ഉറപ്പിക്കുന്നുണ്ട്. അതിനുശേഷമാണ് തെല്ല് മനസ്സുവെച്ചാൽ തിരുത്താവുന്ന ദൗർബല്യങ്ങളുടെ സൂചന.

അങ്ങനെയൊന്നുമല്ലാത്തതുകൊണ്ടാണ് നമുക്ക് ആരെയും തിരുത്താൻ തത്ക്കാലം അവകാശമില്ലാത്തത്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s