വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ

സത്യാന്വോഷിയായ
വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ

ഒക്ടോബർ 9 വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനം.
ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികൻ. ആ ബഹുമുഖപ്രതിഭയെക്കുറിച്ച് ഒരു കുറിപ്പ്.

ലഘു ജീവചരിത്രം
1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാൻ്റെ സാക്ഷ്യം. രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു സത്യത്തിൻ്റെയും വിശ്വാത്തിൻ്റെയും അന്തസത്ത എന്തായിരിക്കും എന്ന ചോദ്യം ന്യൂമാൻ എപ്പോഴും ചോദിച്ചിരുന്നു. 1833 ലെ ആദ്യ റോമാ സന്ദർശനത്തിനിടയിൽ അതിനുള്ള ഉത്തരം ന്യൂമാനു ലഭിച്ചു. ഓക്സ്ഫോർഡിൽ തിരിച്ചെത്തിയ ന്യൂമാൻ ദൈവശാസ്ത്രജ്ഞന്മാരുടെ ഒരു പ്രസ്ഥാനത്തിനു രൂപം നൽകി. Oxford Movement എന്നാണ് അത് അറിയപ്പെടുന്നത്. എല്ലാ സഭാ വിഭാഗങ്ങൾക്കും പൊതുവായുള്ള സഭാപിതാക്കന്മാരെപ്പറ്റി പഠിക്കാൻ അവർ ആരംഭിച്ചു. ആദ്യ നൂറ്റാണ്ടു മുതലുള്ള പാരമ്പര്യത്തെ ബഹുമാനിക്കണ നിലപാടിലായിരുന്നു അവർ. ആഗ്ലിക്കൻ സഭയെയും യഥാർത്ഥ പാരമ്പര്യത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ഈ പ്രസ്ഥാനം ശ്രമിച്ചു. 44 ലാമത്തെ വയസ്സിൽ ന്യൂമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. റോമിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ഹെൻട്രി ന്യൂമാൻ 1847 ൽ കത്താലിക്കാ വൈദീകനായി അഭിഷിക്തനായി.

1850 ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം വിവിധ ജോലികളിൽ വ്യാപൃതനായി. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻട്രി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിൻ്റെ പുതിയ വിവർത്തനത്തിനു നേതൃത്വം വഹിച്ചു. ഓക്സ്ഫോർഡിൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ഒരു ഓറട്ടറി സ്ഥാപിച്ചു. ഫിലിപ്പ് നേരിയുടെ സഭയിലെ വൈദീകനായാണ് ന്യൂമാൻ അഭിഷിക്തനായത്.

1879 ൽ ലിയോ പതിമൂന്നാം പാപ്പ ന്യൂമാനെ കാർഡിനായി ഉയർത്തി. 1890 ആഗസ്റ്റു മാസം പതിനൊന്നാം തീയതി ബർമിങ്ങ്ഹാമിലെ ഓറട്ടറിയിൽ ജോൺ ഹെൻട്രി ന്യൂമാൻ മരണമടഞ്ഞു.

കാർഡിനൽ ജോൺ ഹെൻട്രി ന്യൂമാനെ 2010 സെപ്റ്റംബർ 19 ന് ബനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസീസ് പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.

മഹാനായ എഴുത്തുകാരൻ
40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും, 30 കവിതകളും കാർഡിനൽ ന്യൂമാൻ്റെ പേരിലുണ്ട്. ദൈവവുമായുള്ള വ്യക്തി ബന്ധത്തിനു വളരെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രചനകളായിരുന്നു അവയിൽ ഭൂരിഭാഗവും. പത്തൊമ്പതാം നൂറ്റാണ്ടിൽ നൂറുകണക്കിനു ആഗ്ലിക്കൻ പുരോഹിതന്മാർക്ക് കത്തോലിക്കാ സഭയിൽ ചേരാൻ പ്രചോദനമായത് കാർഡിനൽ ന്യൂമാൻ്റെ വാക്കുകളും പ്രവർത്തികളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിനെയും ന്യൂമാൻ്റെ ചിന്തകൾ ശക്തമായി സ്വാധീനിച്ചട്ടുണ്ട്.

അപ്പോളജിയ (Apologia Pro Vita Sua ) എന്നു പേരിട്ടിരിക്കുന്ന ന്യൂമാൻ്റെ ആത്മകഥ സാഹിത്യ നിരൂപണന്മാരുടെ അഭിപ്രായത്തിൽ സാഹിത്യ ചരിത്രത്തിലെ മികച്ച ആത്മകഥകളിൽ ഒന്നാണ്. പ്രസിദ്ധ ഐറിഷ് എഴുത്തുകാരൻ ജെയിംസ് ജോയ്സ് (James Joyce) കാർഡിനൽ ന്യൂ മാനെ വിശേഷിപ്പിക്കുക “the greatest of English prose writers.” മഹത്തരനായ ഇംഗ്ലീഷ് ഗദ്യ എഴുത്തുകാരൻ എന്നാണ്. Lead, Kindly Light (സ്വാന്തന പ്രകാശമേ നയിച്ചാലും) എന്ന പ്രശ്സതമായ ഗീതം രചിച്ചത് കാർഡിനൽ ന്യൂമാൻ ആണ്.

മാർപാപ്പമാർക്കു പ്രിയങ്കരൻ
2001 ൽ കാർഡിനൽ ന്യൂമാൻ്റ ഇരുന്നൂറാം ജന്മവാർഷികത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശ്വാസവും യുക്തിയും (Faith and Reason ) രണ്ടു ചിറകുകളായുള്ള ദൈവശാസ്ത്രജ്ഞനായിട്ടാണ് ഹെൻട്രി ന്യൂമാനെ വിശേഷിപ്പിച്ചത്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കാർഡിനൽ ന്യൂമാൻ. കാർഡിനൻ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കാർഡിനൽ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ട തന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ്.

കത്തോലിക്കാ സഭയിൽ ചേരാൻ സ്വയം നഷ്ടങ്ങൾ ഏറ്റെടുത്ത വ്യക്തി പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രശസ്ത്രമായ പ്രൊഫസർഷിപ്പ് ഉപേക്ഷിച്ചാണ് നാൽപത്തിനാലാം വയസ്സിൽ ന്യൂമാൻ  ആഗ്ലിക്കൻ സഭയിൽ നിന്നു കത്തോലിക്കാ സഭയിലേക്കു വരുന്നത് വന്നത് 1845 ഒക്ടോബർ ഒൻപതിനാണ്. കത്തോലിക്കാ സഭയിലേക്കു വന്ന ദിവസമാണ് വിശുദ്ധൻ്റെ തിരുനാൾ ദിനമായി സഭ ആഘോഷിക്കുന്നത്.

സംഗീതജ്ഞൻ
ന്യൂമാൻ നല്ലൊരു എഴുത്തുകാരനും വാഗ്മിയും ആയിരുന്നു അതിനൊപ്പം നലംതികഞ്ഞ ഒരു സംഗീതജ്ഞൻ ആയിരുന്നു. പത്താം വയസ്സു മുതൽ വയലിൻ പഠനം ആരംഭിച്ചു, ഓക്സ്ഫോർഡ് കാലത്ത് ചേമ്പർ മ്യൂസികിലെ പ്രഗൽഭനായ വയലിനിസ്റ്റ് ആയിരുന്നു ന്യൂമാൻ.

ഹൃദയം കൊണ്ടു സംസാരിക്കാൻ ഇഷ്ടപ്പെട്ട വ്യക്തി.
കാർഡിനൽ ന്യൂമാൻ്റെ ആപ്തവാക്യം Cor ad cor loquitur ( heart speaks to heart) – ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്നായിരുന്നു. കാർഡിനൽ തൻ്റെ കാലത്ത് ന്യൂമാൻ വെറുമൊരു സാധാ പ്രഭാഷകനായിരുന്നില്ല, ഏറ്റവും നല്ല പ്രഭാഷകനായിരുന്നു. വെറുമൊരു വൈദീകനായിരുന്നില്ല, തീഷ്ണതയുള്ള വൈദീകനായിരുന്നു. പാവങ്ങളെയും രോഗികളും നിരന്തരം സന്ദർശിച്ചിരുന്ന കാർഡിനൽ സ്വന്തം ജീവിതം കൊണ്ട് മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിനു ഭാഷ്യമൊരുക്കി.

ഈ പുണ്യദിനത്തിൽ കാർഡിനൽ ന്യൂമാൻ്റെ ഒരു ധ്യാന ചിന്തയോടെ ഈ കുറിപ്പവസാനിപ്പിക്കാം.
“ദൈവം കൃത്യമായ ശുശ്രൂഷക്കായി എന്നെ സൃഷ്ടിച്ചിരിക്കുന്നു.
മറ്റാർക്കും കൊടുക്കാത്ത ചില ജോലികൾ അവൻ എന്നെ ഏല്പിച്ചട്ടുണ്ട്.
ഒരു മാലയിലെ ഒരു കണ്ണിയാണ് ഞാൻ, രണ്ട് വ്യക്തികൾക്കിടയിലുള്ള ഒരു ഉടമ്പടി.
അവൻ എന്നെ ശൂന്യമായല്ല സൃഷ്ടിച്ചിരിക്കുന്നത്.
ഞാൻ നന്മ ചെയ്യും.
ഞാൻ അവൻ്റെ വേല ചെയ്യും.”

ഫാ. ജയ്സൺ കുന്നേൽ mcbs
09-10-2020

Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München

Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment