ദിവ്യബലി വായനകൾ Wednesday of week 28 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

ബുധൻ / October 14

Wednesday of week 28 in Ordinary Time or Saint Callistus, Pope, Martyr 

Liturgical Colour: Green.

____

ഒന്നാം വായന

ഗലാ 5:18-25

ക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

സഹോദരരേ, ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്മാവില്‍ വ്യാപരിക്കാം.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 1:1-2,3,4,6

R. കര്‍ത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

R. കര്‍ത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

R. കര്‍ത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരു പോലെയാണ് അവര്‍. കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

R. കര്‍ത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
____

സുവിശേഷ പ്രഘോഷണവാക്യം

cf. സങ്കീ 27:11

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവേ, അങ്ങേ വഴി എനിക്കു കാണിച്ചു തരണമേ; എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.

അല്ലേലൂയാ!

Or:

യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയാ!
____

സുവിശേഷം

ലൂക്കാ 11:42-46

ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം; നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം.

അക്കാലത്ത്, യേശു അരുളിച്ചെയ്തു: ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങള്‍ അവഗണിച്ചു കളയുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് – മറ്റുള്ളവ അവഗണിക്കാതെ തന്നെ. ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍ പോലെയാണു നിങ്ങള്‍. അതിന്റെ മീതേ നടക്കുന്നവന്‍ അത് അറിയുന്നുമില്ല. നിയമജ്ഞരില്‍ ഒരാള്‍ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്. അവന്‍ പറഞ്ഞു: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെ മേല്‍ നിങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment