കാർലോയെ വാഴ്ത്തപ്പെട്ടവനാക്കിയ ശേഷം കേരളത്തിൽ നടന്ന അത്ഭുതം

Blessed Carlo Acutis

കാർലോയെ വാഴ്ത്തപ്പെട്ടവനാക്കിയ ശേഷം കേരളത്തിൽ നടന്ന അത്ഭുതം: സാക്ഷ്യവുമായി ഒരു ടെക്കി🌲 ഐടി മേഖലയിൽ ജോലി ചെയ്യന്നവരുടെ മധ്യസ്ഥനായാണ് കഴിഞ്ഞ ദിവസം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയ കാർലോ അക്യൂട്ടിസ് അറിയപ്പെടുന്നത്. ആ വിശുദ്ധ ജീവിതത്തെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയർത്തിയ അന്നേ ദിവസം കേരളത്തിൽ ഐടി മേഖലയിലെ ജോലി സംബന്ധമായ പ്രതിസന്ധികളാൽ അലഞ്ഞ ഒരു ടെക്കിയുടെ ജീവിതത്തിലും ഒരു അത്ഭുതം സംഭവിച്ചു. സീലിയ എന്ന ആ ടെക്കിയുടെ അനുഭവം ലൈഫ് ഡേയിൽ വായിക്കാം.മൂന്ന് നാലു മാസങ്ങളായി ഒരു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള തിരക്കിലായിരുന്നു ഞാൻ. ഈ സമയത്താണ് മറ്റൊരു പ്രോജക്ട് തലയിലാകുന്നത്. പുതിയ പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്. അപരിചിതമായ ജോലികളും. പഠിക്കാൻ തന്നെ കുറെ സമയം എടുക്കും. ആത്മവിശ്വാസത്തിനു ഒട്ടും കുറവില്ലാത്തതിനാൽ കുറച്ചു സമയം പുതിയത് പഠിക്കാനും പഴയ ജോലികൾ പൂർത്തിയാക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ഓഫീസിൽ പോയിരുന്നപ്പോൾ ജോലി സമയം എട്ടു മണിക്കൂർ ആയിരുന്നെങ്കിൽ ഇപ്പോൾ അത് പന്ത്രണ്ടുമണിക്കൂറിൽ കൂടുതൽ ആയി. ശനിയും ഞായറും എനിക്ക് പ്രവൃത്തി ദിവസങ്ങൾ തന്നെയായി. രാവിലെ അടുക്കള ജോലികൾ ഒക്കെ പൂർത്തിയാക്കുന്നതിനിടയിലും മനസ് കമ്പ്യൂട്ടറിൽ തന്നെയാണ്. അതിനിടയിൽ മൊബൈൽ, കമ്പ്യൂട്ടർ ഉപയോഗിച്ച് ശീലമില്ലാത്ത പല സുഹൃത്തുക്കളും ലോക്ക് ഡൗൺ കാലത്തു അവയുടെ ഉപയോഗങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംശയം ചോദിച്ചു വിളിക്കുന്നത് പതിവായി മാറിയിരുന്നു. സാങ്കേതികവിദ്യയിൽ ഞാൻ അത്ര പുലിയല്ല എങ്കിലും അറിയാവുന്ന തട്ടിക്കൂട്ട് പണികൾ എല്ലാവർക്കും ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്.പറഞ്ഞു വരുന്നത് ആരൊക്കെ സഹായം ചോദിച്ചാലും എന്നെകൊണ്ട് കഴിയുന്ന വിധത്തിൽ അവർക്ക് വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ എന്റെ ജോലികളും! എല്ലാം കൂടെ ഇരുപത്തിനാലു മണിക്കൂർ സമയം തികയാതെ വരുന്നതായി എനിക്ക് തോന്നി. നിരന്തരമായി കമ്പ്യൂട്ടറിനു മുന്നിലെ ഇരുപ്പ് സെർവിക്കൽ സ്പോണ്ടിലോസിസ് എന്ന രൂപത്തിൽ ചെറിയ ഒരു വില്ലനായി കടന്നുവന്നു. കൈയ്യും കഴുത്തും പണിമുടക്കാൻ തുടങ്ങി. ഇരുന്നുള്ള ജോലി ബുദ്ധിമുട്ടായി. കിടക്കുമ്പോൾ പോലും വേദനകൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന നിമിഷങ്ങൾ. കുറച്ചു ദിവസം ലീവ് എടുത്തു വിശ്രമിച്ചാലോ എന്ന് ചിന്തിച്ചു.പിറ്റേ ദിവസം ലീവ് ചോദിച്ചു മെയിൽ അയക്കാനായി ഇമെയിൽ ബോക്സ് തുറന്നപ്പോൾ വർക്ക് ഉടനെ തീർക്കണമെന്ന മെയിൽ വന്നു കിടക്കുന്നു. മീറ്റിങ് ഷെഡ്യൂൾ ചെയ്തുകൊണ്ടുള്ള മെയിൽ ആണ്. നിരാശയോടെയും സങ്കടത്തോടെയും ജോലി പുനരാരംഭിച്ചു.മീറ്റിംഗുകൾ തുടർന്ന് കൊണ്ടിരുന്നു. പഠിച്ചു ചെയ്യുവാനുള്ള സമയം ഇല്ല. പരിമിതമായ സമയത്തിനുള്ളിൽ എല്ലാം ചെയ്തു തീർക്കണം. മനസ് അസ്വസ്ഥമായി തുടങ്ങി. സുഹൃത്തുക്കളോട് സങ്കടം പറഞ്ഞപ്പോൾ നിനക്ക് സാധിക്കും എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു. വചനങ്ങൾ പലതും ഉരുവിട്ട് കൊണ്ട് ജോലികൾ ആരംഭിച്ചു. ചെയ്യുന്നത് ഒന്നും തന്നെ ശരിയാകുന്നില്ല. അതിനിടയിൽ ഇന്റർനെറ്റ് എന്നോട് ഇടക്കിടക്ക് പിണങ്ങി പോകും. ഇന്റർനെറ്റില്ലാത്ത ഒരു ടെക്കിയുടെ ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് എന്ന് വേണമെങ്കിൽ പറയാം. വെള്ളം കുടിച്ചു പോകും…ഈ സമയത്താണ് നമ്മുടെ ഇടയിൽ ബ്രോ അങ്ങ് സ്റ്റാർ ആകുന്നത്. എല്ലാവരുടെയും വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ കൂളിംഗ് ഗ്ലാസും വെച്ച് ചുള്ളൻ ആയി അങ്ങനെ നിറഞ്ഞു നിൽക്കുവല്ലേ. കാർലോ മച്ചാനെ മനസ്സിൽ വിചാരിച്ചു പണി വീണ്ടും തുടങ്ങും. ഇടയ്ക്കിടയ്ക്ക് ചെന്ന് പറയും.”എന്റെ ബ്രോ എന്നേക്കാൾ ഒരു വയസു ഇളപ്പമുണ്ട് നിനക്ക്. ചേച്ചി കിടന്നു കഷ്ടപ്പെടുന്നത് കാണുന്നില്ലേ? വേഗം ചെന്ന് നമ്മുടെ വല്യേട്ടനോട് കാര്യം പറഞ്ഞു എന്റെ കാര്യം ഒന്ന് സെറ്റ് ആക്കിതാടാ ചക്കരെ എന്ന്”.ആദ്യത്തെ വർക്ക് തീർത്തിട്ട് തുടങ്ങേണ്ട മീറ്റിംഗ് ലിങ്ക് വന്നു. ശൂന്യമായ സ്‌ക്രീനുമായി ഞാൻ കാർലോ കൊച്ചിനോട് വഴക്കുണ്ടാക്കി ഇരിക്കുകയാണ്. ഒരു മാസം അനുവദിച്ചിട്ടും ഒന്നും ശരിയാകാതെ വന്നതിന്റെ ആകുലത നന്നായിട്ട് ഉണ്ട്. അമേരിക്കക്കാരോട് എന്റെ അവസ്ഥ വിവരിക്കാൻ ഉള്ള ഇംഗ്ലീഷ് എന്റെ നാവിൽ ഇല്ല. അച്ചുവിന്റെ അമ്മയിൽ ഉർവശി പറയുന്നത് പോലെ എന്തൊക്കെയോ മുറി ഇംഗ്ലീഷ് വെച്ച് അങ്ങ് കാച്ചി. നെറ്റ്‌വർക്ക് അല്പം സ്ലോ ആയിരുന്നതിനാൽ മീറ്റിംഗ് കട്ട് ആയി. മീറ്റിംഗ് രാവിലത്തേക്ക് മാറ്റി. രാത്രി ഒരുപാട് വൈകിയിരുന്നു. ഒരുപാട് ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. പല കമ്പനികളിൽ വർക്ക് ചെയ്യുന്ന സുഹൃത്തുക്കൾക്ക് എന്‍റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തും ഒക്കെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചു. ഒന്നും നടന്നില്ല.രാവിലെ എഴുന്നേൽക്കുമ്പോൾ അനിഷയുടെ മെസ്സേജ് ഉണ്ട്. ചേച്ചി എന്തായി. റെഡി ആയോ? അനീഷ എനിക്ക് കെസിവൈഎം സമ്മാനിച്ച അനിയത്തിയാണ്. എന്റെ ആവശ്യങ്ങളിൽ പ്രാർത്ഥനയിൽ കൂടെ ഉണ്ടാകുന്ന ആത്മമിത്രം. ചേച്ചിക്ക് കോഡ് കിട്ടാതെ വരുമ്പോൾ കാർലോയോട് പറഞ്ഞോ കേട്ടോ. പറയാറുണ്ട് കേട്ടോ എന്ന് മറുപടി കൊടുത്തു. മീറ്റിംഗ് ആരംഭിച്ചു. കോഡ് ഒക്കെ കുറെ ഉണ്ട്. എറർ അതിലധികവും. അവർ പറഞ്ഞതിലും ഒരാഴ്‌ച വൈകിയിട്ടുമുണ്ട്. ഇനിയും ദിവസങ്ങൾ നീട്ടിച്ചോദിച്ചാൽ എങ്ങനെ ആയിരിക്കും അവരുടെ പ്രതികരണം എന്ന് അറിയില്ല. മീറ്റിംഗിൽ ഇരിക്കുമ്പോൾ കാർലോയുടെ ഫോട്ടോ മൊബൈലിൽ അടുത്തു എടുത്തു വെച്ചു. അപ്പോൾ മനസ്സിൽ തോന്നിയ ഒരു കോഡ് അടിച്ചു കൊടുത്തു. ഒരുമാസമായി ശ്രമിച്ചുകൊണ്ടിരുന്ന സംഭവം ഒറ്റ സെക്കൻഡിൽ റെഡി ആയി.മീറ്റിംഗ് കഴിഞ്ഞു “ബ്രോ നിങ്ങള് പൊളിയാണല്ലോ” എന്ന് പറഞ്ഞു. ഇത് ഒന്നാമത്തെ അനുഭവം. സംഭവം നടക്കുന്നത് ഒക്ടോബർ രണ്ടിന് ആണ്. അന്നത്തെ മീറ്റിംഗിൽ അവർ എന്റെ വർക്കിനെ പ്രശംസിച്ചു. കാർലോയുടെ ഫോട്ടോ എടുത്ത്, ഇത് നിന്റെ ഐഡിയ ആയിപോയി എന്നും എന്റെ ഐഡിയ ആയിരുന്നേൽ എന്റെ ബ്രോ ഞാൻ നാണം കെട്ടേനെ എന്ന് പറഞ്ഞു. ഈ സംഭവത്തിനു ശേഷം പുള്ളിക്കാരനോട് ഉള്ള അടുപ്പം കൂടി എന്ന് പറയാം.പിന്നെ ഉള്ള മീറ്റിംഗ് നടക്കുന്നത് ഒക്ടോബർ 11 -ന് ആണ്. രണ്ടാഴ്ചയായി എന്റെ ആരോഗ്യാവസ്ഥ അല്പം മോശമായതിനാൽ ഫിസിയോതെറാപ്പി ആരംഭിച്ചു. വേദന കാരണം കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാൻ ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും ജോലി തുടർന്നു. വർക്ക് പഴയ സ്ഥലത്തു തന്നെ. മീറ്റിംഗിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് സാമ്പിൾ വർക്കുകൾ ഡിലീറ്റ് ചെയ്യുന്നതിനിടെ എന്റെ പ്രൊജക്റ്റ് അബദ്ധവശാൽ ഞാൻ ഡിലീറ്റ് ചെയ്യുന്നു. ഡിലീറ്റ് ചെയ്ത ഫയലിനെ റിക്കവർ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കുന്നുമില്ല. ലാപ്ടോപ്പിൽ സ്റ്റോറേജ് ഫുൾ ആയിരിക്കുന്നു. ലാപ്ടോപ്പ് അനങ്ങാതെ നിന്ന് എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ.വീണ്ടും നമ്മുടെ ചങ്കിനെ വിളിച്ചു. രണ്ടുമൂന്ന് തവണ ലാപ്ടോപ്പ് റീസ്റ്റാർട്ട് ചെയ്തു. ഒരു മാസം കൊണ്ട് ചെയ്തുവെച്ചതൊക്കെ ചെയ്തു തീർക്കാൻ പതിനഞ്ചു മിനുട്ട് മാത്രം ബാക്കി. ഞാൻ ചോദിച്ചു “എന്റെ ചങ്കേ, വാഴ്ത്തപ്പെട്ടവനാക്കിട്ടു ഒരു ദിവസമേ ആയിട്ടുള്ളു. നിയോഗങ്ങൾ ഓരോന്ന് നോക്കി എടുത്തു പറഞ്ഞു തുടങ്ങിയിട്ടുണ്ടാവുകയേ ഉള്ളു എന്നറിയാം. അതിനിടയിൽ ഞാൻ അല്പം ഇടിച്ചു കേറുവാണ്. അടുത്ത ഒരു മണിക്കൂർ എനിക്ക് ഇങ്ങു തന്നേക്കണം. നിന്നെപ്പോലെ ആകാൻ പറ്റിയില്ലേലും കമ്പ്യൂട്ടറും മൊബൈലും ഉപയോഗിച്ച് തുടങ്ങിയ നാളു മുതൽ അതുപയോഗിച്ചു ചെറിയ ശുശ്രൂഷ ഒക്കെ ചെയ്യാൻ ഞാനും കൂടെ നിൽക്കണത് അല്ലെ. അപ്പോൾ ഇനി നീ എന്റെ കൂടെ നിന്ന് ഇത് അങ്ങ് ചെയ്തേക്കണം”. സംഭവം പിന്നേം കളർ ആയിരുന്നൂട്ടോ. മീറ്റിംഗ് ഒക്കെ അടിപൊളി.കാർലോ നമ്മുടെ ഐടിക്കാർക്ക് ഒരു സപ്പോർട്ട് ആണെന്ന് എനിക്ക് ഉറപ്പായി. അപ്പോൾ പിന്നെ നല്ലതാണെന്ന് തോന്നുന്ന സാധനം ഷെയർ ചെയ്യണല്ലോ. കാർലോ അങ്ങ് സ്വർഗ്ഗത്തിലേക്ക് പോയ ദിവസം തന്നെ ഇത് പങ്കുവെയ്ക്കണം എന്ന് തോന്നി. 🌲 സീലിയ

Leave a comment