ദിവ്യബലി വായനകൾ Saturday of week 28 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി / October 17

Saint Ignatius of Antioch, Bishop, Martyr 
on Saturday of week 28 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം

cf. ഗലാ 2:19-20

ഞാന്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിതനായിരിക്കുന്നു;
ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്,
ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്;
എന്നെ സ്‌നേഹിക്കുകയും എനിക്കു വേണ്ടി
തന്നത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത
ദൈവപുത്രനിലുള്ള വിശ്വാസത്തിലാണ് ഞാന്‍ ജീവിക്കുന്നത്.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
രക്തസാക്ഷികളായ വിശുദ്ധരുടെ വിശ്വാസപ്രഖ്യാപനത്താല്‍
അങ്ങേ സഭയുടെ ദിവ്യഗാത്രം
അങ്ങ് അലങ്കരിക്കുന്നുവല്ലോ.
ഇന്ന് അനുസ്മരിക്കുന്ന വിശുദ്ധ ഇഗ്നേഷ്യസിന്റെ
മഹത്ത്വപൂര്‍ണമായ പീഡാസഹനം
അദ്ദേഹത്തിന് നിത്യമഹിമ നല്കിയപോലെ,
അത് ഞങ്ങള്‍ക്ക് നിത്യമായ സംരക്ഷണമായി
ഭവിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 1:15-23
അവിടുന്ന് ക്രിസ്തുവിനെ സഭയ്ക്ക് തലവനായി നിയമിച്ചു; സഭ അവന്റെ ശരീരമാണ്.

സഹോദരരേ, കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്ധരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തെയുംകുറിച്ചു കേട്ടനാള്‍ മുതല്‍ എന്റെ പ്രാര്‍ഥനകളില്‍ നിങ്ങളെ അനുസ്മരിക്കുകയും നിങ്ങളെപ്രതി ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് ഞാന്‍ വിരമിച്ചിട്ടില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരിക നേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനു അനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ. ക്രിസ്തുവിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 8:1-2ab,3-4,5-6

ദൈവമേ, അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ,
ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
അങ്ങേ മഹത്വം ആകാശങ്ങള്‍ക്കുമീതേ പ്രകീര്‍ത്തിക്കപ്പെടുന്നു.
ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍
അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും
അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.

ദൈവമേ, അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

അങ്ങേ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും
അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.
അവിടുത്തെ ചിന്തയില്‍ വരാന്‍ മാത്രം
മര്‍ത്യന് എന്തു മേന്മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാന്‍
മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?

ദൈവമേ, അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാള്‍
അല്‍പംമാത്രം താഴ്ത്തി;
മഹത്വവും ബഹുമാനവുംകൊണ്ട്
അവനെ മകുടമണിയിച്ചു.
അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍
അവന് ആധിപത്യം നല്‍കി;
എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.

ദൈവമേ, അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 12:8-12
എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തുപറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ക്രിസ്തുവിന്റെ ഗോതമ്പുമണിയായ
വിശുദ്ധ ഇഗ്നേഷ്യസിനെ,
പീഡാസഹനവും രക്തസാക്ഷിത്വവും വഴി
നിര്‍മല അപ്പമായി അങ്ങ് സ്വീകരിച്ചുവല്ലോ.
ഞങ്ങളുടെ ഭക്തിയുടെ ഈ അര്‍പ്പണം
അങ്ങേക്ക് പ്രീതികരമായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ഞാന്‍ ക്രിസ്തുവിന്റെ ഗോതമ്പുമണിയാകുന്നു;
അത് വന്യമൃഗങ്ങളുടെ ദന്തങ്ങളാല്‍ പൊടിഞ്ഞ്,
നിര്‍മല അപ്പമായി കാണപ്പെടുമാറാകട്ടെ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഇഗ്നേഷ്യസിന്റെ സ്വര്‍ഗീയജന്മദിനത്തില്‍
ഞങ്ങള്‍ സ്വീകരിച്ച സ്വര്‍ഗീയ അപ്പം,
ഞങ്ങളെ നവീകരിക്കുകയും
പേരുകൊണ്ടും പ്രവൃത്തികൊണ്ടും
ക്രിസ്ത്യാനികളാക്കി തീര്‍ക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment