പുലർവെട്ടം 350

{പുലർവെട്ടം 350}

സദാ സങ്കടപ്പെട്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. മഴക്കാലത്ത് തന്റെ പപ്പടക്കാരിയായ മകളെയോർത്തായിരുന്നു അവളുടെ വേവലാതി. വേനൽക്കാലത്താവട്ടെ, പൂക്കാരിയായ മകൾ എന്തു ചെയ്യുമെന്നോർത്ത് നെടുവീർപ്പിട്ടു. അവളുടെ പ്രശ്നം ലളിതമായി പരിഹരിച്ചത് ഒരു സെൻ ഗുരുവാണ്. മഴക്കാലത്ത് പൂക്കാരിയെ ഓർക്കുക, വേനലിൽ മറ്റേ മകളേയും.

The Orphan of Kazan എന്ന ശൈലി ജീവിതത്തോടു സദാ പരാതി പറയുന്നവരെ ദ്യോതിപ്പിക്കുന്നു. ഒരു റഷ്യൻ ബാക്ഡ്രോപ്പിലാണത്. നമുക്കിപ്പോൾ പ്രസക്തമല്ലാത്ത പതിനാറാം നൂറ്റാണ്ടിലെ ചില സാമൂഹിക-മത പശ്ചാത്തലത്തിൽ, ഒരിക്കൽ വലിയ ആത്മാഭിമാനവും അതീവധൈര്യവും പുലർത്തിയിരുന്ന മനുഷ്യർ ഏറ്റവും ചെറിയ അസൗകര്യങ്ങൾക്കു പോലും പരാതി പറയുകയും ആനുകൂല്യങ്ങൾക്കു വേണ്ടി കെഞ്ചുകയും ചെയ്യുന്ന കാഴ്ച ദേശം ഭരിച്ചിരുന്ന സാർ ചക്രവർത്തിയിൽ അനുഭാവത്തിലേറെ പരിഹാസം സൃഷ്ടിച്ചിരുന്നു. പോപ്പുലർ മനഃശാസ്ത്രത്തിന്റെ വായനയിൽ persecutory delusion എന്നൊരു പദമുണ്ട്. ആരോ തന്നെ സദാ പിന്തുടരുന്നുവെന്നും ഓരോ നിമിഷവും തന്റെ ജീവിതം കഠിനമാക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള, മനോരോഗത്തോട് അടുത്തുനിൽക്കുന്ന തോന്നലാണത്. അതിന്റെ നേർപ്പിച്ച രൂപങ്ങളിലൂടെ ആരാണു കടന്നുപോകാത്തത്!

Complaining is an insult to God എന്ന മോണിക്ക ജോൺസൺന്റെ ഉദ്ധരണിയെ ശരിവയ്ക്കുന്നതാണ് വേദപുസ്തകവിചാരങ്ങൾ. പഴയ നിയമം കഠിനമായി നേരിടുന്ന അപരാധമാണത്. ആകാശം പൊഴിച്ചിരുന്ന മന്ന എന്ന അപ്പത്തേക്കുറിച്ചുള്ള പരാതിയിലാണ് ആ വിചാരം ആരംഭിക്കുന്നത്. ഒരിക്കൽ വിസ്മയിപ്പിച്ച, അനുഭൂതി നൽകിയ മനുഷ്യരുടേയും അനുഭവങ്ങളുടേയും ചാരുത ചിരപരിചയം കൊണ്ട് ചോർന്നുപോവുകയും വിരസമാവുകയും ചെയ്തേക്കാം. ഭൂതകാലസ്മൃതികളെ കൂടെക്കൂട്ടാൻ മറന്നു എന്നതാണ് നമ്മുടെ പ്രധാന പാളിച്ച.

ബൈബിൾപഠനങ്ങൾ വിജനതയിൽ നിന്നുയരുന്ന പരാതികളെ മൂന്നായി തിരിക്കുന്നു. ഒന്ന്, complaints of the flesh. സുഖങ്ങളിലേക്കുതന്നെ ചായുന്ന ഒരു ഡിഫോൾട്ട് സിസ്റ്റവുമായിട്ടാണ് ഉടൽ നിർമിക്കപ്പെട്ടിട്ടുള്ളത്. ജീവൻ മശായി ‘ആരോഗ്യനികേതന’ത്തിൽ കണ്ടെത്തുന്നതുപോലെ, ഓരോരുത്തരുടേയും ഇഷ്ടങ്ങൾ അവരുടെ മരണകാരണമാകുന്നു. ഇബ്സന്റെ ‘ബ്രാന്റ്’ എന്ന നാടകത്തിൽ വലിയ വിമോചനത്തിലേക്ക് ക്ലേശകരമായ യാത്ര നടത്തിക്കൊണ്ടിരുന്ന ഒരു ജനാവലി പുഴയിൽ ഊത്ത ഇളകിയിരിക്കുന്നു എന്ന സുവിശേഷം കേട്ട് തങ്ങളുടെ രക്ഷകനെ തനിച്ചാക്കി മീൻ പിടിക്കാൻ പായുന്നത് കേവലഫലിതമാകാത്തത് അതുകൊണ്ടാണ്.

രണ്ട്, complaints of jealousy. കാര്യം സിംപിളാണ്. ഒരു റെസ്റ്ററന്റിൽ ഭക്ഷണത്തിനായി നാമെത്തുന്നു. വി കെ എന്നിന്റെ ഭാഷയിൽ ‘ഭക്ഷണപ്രിയരുടെ ബൈബിൾ’ നമ്മുടെ മേശയിലിരിപ്പുണ്ട്. തിരിച്ചും മറിച്ചും കുറേയധികം നേരമെടുത്ത് ഒരു കാര്യം ഓഡർ ചെയ്യുന്നു. അതു വരാൻ വേണ്ടി കാത്തിരുക്കുമ്പോൾ അതിനേക്കാൾ രുചികരമെന്നു തോന്നിക്കുന്ന ഒരു വിഭവം അടുത്ത മേശയിലെത്തുന്നു. അതോടെ നമ്മുടെ ഏകാഗ്രത നഷ്ടമാകുന്നു. വളരെയേറെ ബാലിശമെന്നു തോന്നിക്കാവുന്ന ഈ വിചാരം ഭേദപ്പെട്ട രീതിയിൽ കൊണ്ടുനടക്കേണ്ട തലവര മനുഷ്യസ്വഭാവത്തിലുണ്ട്; അയാൾക്ക് / അവൾക്ക് എന്നേക്കാൾ സൗഭാഗ്യങ്ങളുണ്ടായി. ഒരു പെരുന്തച്ചൻ പോലും ഉളി മിനുക്കുന്നത് ഈ വികാരത്തിലാണ്. ‘സാവൂൾ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളെ കൊന്നു’ എന്ന പാട്ടിൽ ആദ്യത്തെയാളുടെ ഉറക്കം നഷ്ടമാവുകയാണ്. പുതിയ നിയമത്തിന്റെ ഭാഷയിൽ, ‘ഞാൻ ഉദാരശീലനാകുന്നതിൽ നിനക്കെന്താണിത്ര കലമ്പാൻ’ എന്ന വീണ്ടുവിചാരം കൊണ്ട് പുറത്തുകടക്കേണ്ട കെണിയാണിത്.

ഒടുവിലായി, complaints of unbelief. ആത്യന്തികമായി എല്ലാ പരാതികളും, ‘എല്ലാം ശുഭകരമാക്കും’ എന്ന ഉറപ്പുനൽകുന്ന ഒരാളുടെ മീതെയുള്ള നമ്മുടെ ഇടർച്ചക്കല്ലാണ്. ധൂർത്തപുത്രന്റെ കഥയിലെ ജ്യേഷ്ഠനെപ്പോലെ, സ്വന്തം ആനുകൂല്യങ്ങളുടെ ഭംഗി കാണാതെ അടിമജീവിതമാണ് തനിക്കു നൽകപ്പെട്ടിരിക്കുന്നതെന്ന് സങ്കല്പിക്കുന്ന ഒരാൾക്കുവേണ്ടിയുള്ളതല്ല ആനന്ദത്തിന്റെ ഒരു തുരുത്തും.

പരാതിപ്പെടാൻ എത്രയോ കാരണങ്ങളുണ്ടായിട്ടും ഒരു ചെറുപുഞ്ചിരിയോടെ കടന്നുപോയ കുറേയധികം മനുഷ്യരുടെ ഓർമ ഈ പുലരിജാലകത്തിനു വെളിയിൽ ഘോഷയാത്രയായി നീങ്ങുന്നുണ്ട്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment