പുലർവെട്ടം 357

{പുലർവെട്ടം 357}

“Learn to obey. Only he who obeys a rhythm superior to his own is free.”

– Nikos Kazantzakis

സ്വാതന്ത്ര്യത്തിലേക്കുള്ള കുറുക്കുവഴി അത്യുന്നതന്റെ അടിമയാവുകയെന്നതാണ്. അത്തരമൊരു സങ്കല്പത്തിലായിരിക്കണം പഴയ ദേവാലയങ്ങളിൽ കുഞ്ഞുങ്ങളെ അടിമ ഇരുത്തുക എന്നൊരു രീതിയുണ്ടായിരുന്നത്. മിക്കവാറും എല്ലാ തീർത്ഥാടനദേവാലയങ്ങളിലും ഇപ്പോഴും അങ്ങനെയൊരു പഴയ ബോർഡ് കാണാം; സ്വാതന്ത്ര്യം എന്നൊരു പദത്തിന് വല്യ മൂല്യം കല്പിച്ചുകൊടുക്കുന്ന ഒരു കാലത്തിൽ വിധേയത്വം, അർപ്പണം തുടങ്ങിയ പദങ്ങൾ ഒരുപക്ഷേ ചെടിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും. ഉത്പതിഷ്ണുവായ ഒരു അച്ചൻ അടുത്ത കാലത്തായി കുഞ്ഞിന് അടിമ ആവശ്യപ്പെട്ടു വന്ന ഒരമ്മയോട് ‘ചേച്ചീ, അടിമക്കച്ചവടം ഏബ്രഹാം ലിങ്കൺ നിർത്തലാക്കി’ എന്ന ജികെ കൈമാറാൻ ശ്രമിക്കുകയും പിന്നെ കേട്ട പള്ളുവിളിയിൽ അച്ചന്റെ കർണപുടങ്ങൾക്കു മാത്രമല്ല, പള്ളിയുടെ ചില്ലുജാലകങ്ങൾക്കു വരെ പരിക്കു പറ്റുകയും ചെയ്തുവെന്ന ഒരു ദൃഷ്ടാന്തകഥയുണ്ട്.

ബൈബിളിലെ ഏറ്റവും നടുക്കത്തെ വരിയായി കരുതപ്പെടുന്നത് സങ്കീർത്തനം 118: 8 ആണ്. It is better to take refuge in the Lord than to trust in humans. ഇത്തിരിപ്പോന്ന മനുഷ്യരുടെ അടിമയാകരുതെന്നാണ് മതം പറയാൻ ശ്രമിക്കുന്ന രഹസ്യം. ഇന്ന് പൊളിറ്റിക്കലായ എതിർവാദങ്ങളുണ്ടെങ്കിലും, ഒരുകാലത്ത് ഈ ദേശത്തിന്റെ രാജാവ് സ്വയം ‘പത്മനാഭദാസൻ’ എന്നു വിശേഷിപ്പിച്ചുതുടങ്ങിയ ഒരു പാരമ്പര്യം നമുക്കുണ്ട്. തൃപ്പടിദാനത്തിലൂടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നത്. അടുത്ത കാലം വരെ തെക്കൻ കേരളത്തിൽ പത്മനാഭന്റെ രണ്ടു ചക്രം സർക്കാർ ശമ്പളത്തിനുള്ള സെക്യുലറായ പദം തന്നെയായിരുന്നു.

പല കാലങ്ങളിൽ പല രീതിയിൽ മനുഷ്യർ അതിനെ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഭാരതകവി എന്ന വിശേഷണം അർഹിക്കുന്ന കാളിദാസൻ സ്വാഭാവികമായും അയാൾ സ്വയം കണ്ടെത്തിയ എഴുത്തുനാമം തന്നെയായിരിക്കണം. ‘I am a little pencil in God’s hands’ എന്നെഴുതുന്ന മദർ തെരേസയെ ഇതിനോടു ചേർത്തുവായിക്കണമോയെന്ന് അറിഞ്ഞുകൂടാ. മല്ലികാർജുനനെ പ്രേമസ്വരൂപനായി സ്വീകരിച്ച്, ‘ഭൂമി അവന്റെ മണവറയായതുകൊണ്ട് നഗ്നയായി ജീവിക്കുന്നതിൽ ഒരു കുഴപ്പവുമില്ല’ എന്ന് തന്റെ പുരുഷനായ കൗശികരാജാവിനോട് കലമ്പുന്ന അക്ക മഹാദേവിയും പറയാൻ ശ്രമിക്കുന്നത് പരിചിതമല്ലാത്ത ലോകത്തോടുള്ള രഹസ്യ ഉടമ്പടിയാണ്. സമരിയായിലെ കിണറ്റുവക്കിലിരുന്ന് അഞ്ചു പുരുഷന്മാർ തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞ് അനുതപിക്കുന്ന സ്ത്രീയെ ആ അസാധാരണ വഴിയാത്രക്കാരൻ കുറ്റപ്പെടുത്താത്തത് എന്തുകൊണ്ടാവണം? ശരാശരി മനുഷ്യരെയല്ല അവളുടെ ഹൃദയം തിരയുന്നത് എന്നയാൾക്ക് അറിയാം. ബംഗാളിയിലും നമ്മുടെ ഭാഷയിലും സർവസാധാരണമായ ‘ദാസ്’ എന്ന നാമത്തിന്റെ സൂചനയും മറ്റെന്താണ്! അഗസ്റ്റിൻ ജോസഫ് എന്ന ഒരുകാലത്തെ നാടകനടൻ മകന് യേശുദാസ് എന്നു പേരിടുമ്പോഴും അതു ശ്രദ്ധിച്ചിട്ടുണ്ടാവണം. ‘ഞാൻ ക്രിസ്തുവിന്റെ അടിമ’യെന്ന സെയ്ന്റ് പോൾ ആവർത്തിച്ചുപറയുന്ന വാക്കുകൾ നിശ്ചയമായും പണ്ഡിതനായ ആ മനുഷ്യൻ കേട്ടിട്ടുണ്ടാവും. പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന പദമായിട്ട് എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നത് ഇതാണ്- Lord; പ്രഭോ!

കാലം തെറ്റി വിരിഞ്ഞൊരു നീലത്താമരയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന് അസാധാരണ മൂല്യമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് ദരിദ്രനായ തോട്ടക്കാരൻ അതാർക്കു കൈമാറണമെന്ന് ഓർത്തുനിൽക്കുമ്പോൾ അയാളെ തേടി പലരുമെത്തി. ആദ്യത്തെയാൾ ഒരു കച്ചവടക്കാരനാണ്. അയാളതിനു മോഹവില പറഞ്ഞു; ദൂരെയൊരു പ്രഭുവിന് സമ്മാനിക്കാനാണത്. രണ്ടാമത്തെയാൾ മന്ത്രിയുടെ ദൂതനായിരുന്നു. രാജാവിനെ പ്രസാദിപ്പിക്കുവാൻ ആ പൂവു മതിയാകും എന്നു വിചാരിച്ച് അയാൾ വില ഉയർത്താൻ തയാറായിരുന്നു. ഒടുവിൽ രാജാവിന്റെ തന്നെ ദൂതനെത്തി. “ആർക്കു സമ്മാനിക്കാനാണത്?” അയാൾ ആരാഞ്ഞു. “ബുദ്ധഭഗവാനാണ്.”

‘ഞാനത് എന്റെ കരം കൊണ്ടുതന്നെ ആ പാദങ്ങളിൽ അർപ്പിക്കുവാൻ പോവുകയാണ്’ എന്നു പറഞ്ഞ് നീലത്താമര നെഞ്ചോടു ചേർത്തുപിടിച്ച് ഒരു നാണയം പോലും സമ്മാനിക്കാൻ കെല്പില്ലാത്ത, ഭിക്ഷാപാത്രം കൊണ്ട് ഉപജീവനം നടത്തുന്ന ആചാര്യനെ തേടി അയാൾ പോയി.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment