ദിവ്യബലി വായനകൾ: All Saints – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 November 1

All Saints – Solemnity 

Liturgical Colour: White.

പ്രവേശകപ്രഭണിതം

സകലവിശുദ്ധരുടെയും വണക്കത്തിന്,
തിരുനാള്‍ ആഘോഷിച്ചുകൊണ്ട്,
നമുക്കെല്ലാവര്‍ക്കും കര്‍ത്താവില്‍ ആനന്ദിക്കാം.
അവരുടെ മഹോത്സവത്തില്‍ മാലാഖമാര്‍ ആഹ്ളാദിക്കുകയും
ദൈവപുത്രനെ പാടിസ്തുതിക്കുകയും ചെയ്യുന്നു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ സകലവിശുദ്ധരുടെയും പുണ്യയോഗ്യതകള്‍
ഒരു ആഘോഷത്തിലൂടെ ആദരിക്കാന്‍
അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നുവല്ലോ.
നിരവധി വിശുദ്ധരുടെ മാധ്യസ്ഥ്യംവഴി,
ഞങ്ങളാഗ്രഹിക്കുന്ന പാപമോചനം
സമൃദ്ധമായി ചൊരിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 7:2-4,9-14b
ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍.

ഞാന്‍ യോഹന്നാന്‍, വേറൊരു ദൂതന്‍ ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതു കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ച സ്വരത്തില്‍ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്. മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍ മക്കളുടെ എല്ലാ ഗോത്രങ്ങളിലും നിന്ന് ആകെ നൂറ്റിനാല്‍പത്തിനാലായിരം.
ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ. ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്മാര്‍ക്കും നാലുജീവികള്‍ക്കും ചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നു വീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു: ആമേന്‍, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍. ശ്രേഷ്ഠന്മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവര്‍ ആരാണ്? ഇവര്‍ എവിടെനിന്നു വരുന്നു? ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍ നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 24:1bc-2,3-4ab,5-6

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;
രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

രണ്ടാം വായന

1 യോഹ 3:1a-3
അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണും.

കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്.
ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്.
നാം എന്തായി തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല.
എങ്കിലും ഒരു കാര്യം നാമറിയുന്നു:
അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും.
അവിടുന്ന് ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും.
ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതു പോലെ
തന്നെത്തന്നെ വിശുദ്ധനാക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 5:1-12a
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മാകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സകലവിശുദ്ധരുടെയും ബഹുമാനാര്‍ഥം
ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ കാണിക്കകള്‍
അങ്ങേക്ക് പ്രീതികരമാകട്ടെ.
അവരുടെ അനശ്വരതയില്‍
അവര്‍ ഇതിനകം സുരക്ഷിതരാണെന്നു
വിശ്വസിക്കുന്ന ഞങ്ങള്‍,
ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടിയുള്ള
അവരുടെ മധ്യസ്ഥസഹായം അനുഭവിക്കാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 5:8-10

ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും;
സമാധാനസ്ഥാപകര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും;
നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ ഗണത്തില്‍
വിശുദ്ധിയില്‍ ഏകനും വിസ്മയനീയനുമായ
അങ്ങയെ ആരാധിച്ചുകൊണ്ട്
അങ്ങേ കൃപയ്ക്കായി ഞങ്ങള്‍ അപേക്ഷിക്കുന്നു.
അതുവഴി അങ്ങേ സ്‌നേഹത്തികവാല്‍
പുണ്യപൂര്‍ണത നേടിക്കൊണ്ട്,
തീര്‍ഥാടകരുടെ ഈ മേശയില്‍നിന്ന്
സ്വര്‍ഗീയ പിതൃരാജ്യത്തിന്റെ വിരുന്നിലേക്ക്
ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment