ദിവ്യബലി വായനകൾ Monday of week 34 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ / November 23

Saint Clement I, Pope, Martyr 
or Monday of week 34 in Ordinary Time 
or Saint Columbanus, Abbot and Missionary 

Liturgical Colour: Red.

പ്രവേശകപ്രഭണിതം

ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.

Or:
cf. ജ്ഞാനം 10:12

ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ സകല വിശുദ്ധരുടെയും ശക്തിയില്‍
അങ്ങ് വിസ്മയനീയനാണല്ലോ.
അങ്ങേ പുത്രന്റെ പുരോഹിതനും
രക്തസാക്ഷിയുമായ വിശുദ്ധ ക്ലെമെന്റ്
ദിവ്യരഹസ്യത്തില്‍ അനുഷ്ഠിച്ചത്,
സാക്ഷ്യത്തിലൂടെ സ്ഥിരീകരിക്കുകയും
അധരംകൊണ്ടു പ്രസംഗിച്ചത്,
മാതൃകയാല്‍ ദൃഢീകരിക്കുകയും ചെയ്തു.
ഈ വിശുദ്ധന്റെ ആണ്ടുതോറുമുള്ള സ്മരണാഘോഷത്തില്‍
സന്തോഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 14:1-5
അവരുടെ നെറ്റിയില്‍ ക്രിസ്തുവിന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്.

ഞാന്‍, യോഹന്നാന്‍, ഒരു കുഞ്ഞാടു സീയോന്‍ മലമേല്‍ നില്‍ക്കുന്നതു കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ പോലെയും വലിയ ഇടിനാദം പോലെയും സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു – വീണക്കാര്‍ വീണമീട്ടുന്നതു പോലൊരു സ്വരം. അവര്‍ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍ നിന്നു വിലയ്ക്കു വാങ്ങപ്പെട്ട നൂറ്റിനാല്‍പത്തിനാലായിരം പേരൊഴികെ ആര്‍ക്കും ആ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍ നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. അവരുടെ അധരങ്ങളില്‍ വ്യാജം കാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 24:1bc-2,3-4ab,5-6

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;
രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 21:1-4
ദരിദ്രയായ വിധവ ഭണ്ഡാരത്തില്‍ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നത് യേശു കണ്ടു.

അക്കാലത്ത്, യേശു കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു. അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,
അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

Or:
മത്താ 10:39

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ
വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s