🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 26/11/2020

Thursday of week 34 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും
ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ
മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

വെളി 18:1-2,21-23,19:1-3,9
മഹാബാബിലോണ്‍ വീണു.

ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ നിന്നു വേറൊരു ദൂതന്‍ ഇറങ്ങിവരുന്നതു കണ്ടു. അവനു വലിയ അധികാരം ഉണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു. അവന്‍ ശക്തമായ സ്വരത്തില്‍ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോണ്‍ വീണു! അവള്‍ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകല പക്ഷികളുടെയും താവളവുമായി. അനന്തരം, ശക്തനായ ഒരു ദൂതന്‍ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്തു കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോണ്‍ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവള്‍ കാണപ്പെടുകയില്ല. വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളംവിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയില്ല. കരകൗശലവിദഗ്ധരാരും നിന്നില്‍ ഇനിമേല്‍ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നില്‍ നിന്ന് ഉയരുകയില്ല. ഒരു ദീപവും ഇനിയൊരിക്കലും നിന്നില്‍ പ്രകാശിക്കുകയില്ല. വധൂവരന്മാരുടെ സ്വരം ഇനിയൊരിക്കലും നിന്നില്‍ കേള്‍ക്കുകയുമില്ല. നിന്റെ വ്യാപാരികള്‍ ഭൂമിയിലെ ഉന്നതന്മാരായിരുന്നു. നിന്റെ ആഭിചാരംകൊണ്ട് സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്തു. പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയില്‍ വധിക്കപ്പെട്ട സകലരുടെയും രക്തം അവളില്‍ കാണപ്പെട്ടു.
ഇതിനുശേഷം സ്വര്‍ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റെതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റെതാണ്. അവിടുത്തെ വിധികള്‍ സത്യവും നീതിപൂര്‍ണവുമാണ്. വ്യഭിചാരംകൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടുന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടുത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു. രണ്ടാമതും അവര്‍ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ദൂതന്‍ എന്നോടു പറഞ്ഞു: എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 100:1-2,3,4,5

കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍.

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;
അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍.

കൃതജ്ഞതാഗീതത്തോടെ അവിടുത്തെ
കവാടങ്ങള്‍ കടക്കുവിന്‍;
സ്തുതികള്‍ ആലപിച്ചുകൊണ്ട്
അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍.
അവിടുത്തേക്കു നന്ദിപറയുവിന്‍;
അവിടുത്തെ നാമം വാഴ്ത്തുവിന്‍.

കുഞ്ഞാടിന്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 21:20-28
ജറുസലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: ജറുസലെമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍. അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ. കാരണം, എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ. ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേല്‍ വലിയ ക്രോധവും നിപതിക്കും. അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍ത്തിയാകുന്നതുവരെ അവര്‍ ജറുസലെമിനെ ചവിട്ടി മെതിക്കും. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയും കൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍ ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്
അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്‌നേഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്‌നേഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്‌പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Fediverse reactions
November 2020
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading