Daniel Vadakkekkara, Cor-Episcopa (1930-2016)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Daniel Vadakkekkara Cor-Episcopa (1930-2016)

Daniel Vadakkekkara, Cor-Episcopa (1930-2016)

സ്നേഹനിധിയായ വടക്കേക്കര കോർ-എപ്പിസ്കോപ്പ

“പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്”‌
(റോമാ 13 : 8. ) പൗലോസ് ശ്ളീഹായുടെ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ പാലിച്ച ഒരാളാണ് വടക്കേക്കര അച്ചൻ. മാനുഷികമായ രീതിയിൽ ചിന്തിക്കുമ്പോൾ വലിയ ഒരു പണ്ഡിതനോ പ്രഗത്ഭനായ ഒരു പ്രസംഗകനോ ഇമ്പകരമായി പാട്ടുകൾ ആലപിക്കാൻ കഴിവുള്ള ഒരാളോ അസാധാരണമായ നേതൃപാടവം ഉള്ള വ്യക്തിത്വത്തിനുടമയോ ഒന്നുമല്ലാത്ത സാധാരണക്കാരനായ ഒരു വൈദീകൻ, പക്ഷെ ഇടവക വികാരിയായിരുന്ന ഓരോ പള്ളികളിലും പരിചയമുള്ള ഓരോരുത്തരിലും വലിയ ഒരു ചൈതന്യമായി പ്രകാശമായി ദാനിയേലച്ചൻ ഇന്നും പ്രശോഭിക്കുന്നുവെങ്കിൽ അതിന് കാരണം നിഷ്കളങ്കമായ സ്നേഹത്താൽ അവരെ നേടിയെടുത്തു എന്നതാണ്.

പുനരൈക്യ പ്രസ്ഥാനത്തിന് ഏറെ വളക്കൂറുള്ള ചന്ദനപ്പള്ളിയുടെ മണ്ണിൽ വടക്കേക്കര വീട്ടിൽ ഗീവർഗീസ്‌ ഫിലിപ്പോസിന്റെയും ശോശാമ്മ ഫിലിപ്പോസിന്റെയും ആറ് മക്കളിൽ ഒരുവനായി 1930 ജൂലൈ 12ന് ദാനിയേൽ ജനിച്ചു.

ചന്ദനപ്പള്ളി എൽ. പി. സ്കൂൾ, കൈപ്പട്ടൂർ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി വൈദീകനാകണമെന്നുള്ള ആഗ്രഹത്താൽ 1951 ജൂൺ 21ന് പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ പരിശീലനം പൂർത്തിയാക്കി 1961 മാർച്ച്‌ 14ന് വൈദീക ജീവിതത്തിലേക്ക് പ്രവേശിച്ചു, സക്കറിയാസ് മാർ അത്തനാസിയോസ് പിതാവാണ് വൈദീക പട്ടം നൽകിയത്.

1961-1964 കാലഘട്ടത്തിൽ വയലത്തല, കീക്കൊഴൂർ, തോട്ടമൺ, ഉതിമൂട് പള്ളികളിലും 1964-1969ൽ കടമ്മനിട്ട, വല്ല്യന്തി, തോന്ന്യാമല ഇടവകകളിലും 1969-1972ൽ പുത്തൻപീടിക, ചീക്കനാൽ, വാഴമുട്ടം പള്ളികളിലും 1972-1980ൽ ചേപ്പാട്, രാമപുരം, കാർത്തികപ്പള്ളി, മുട്ടം, ചെറുതന, കരുവാറ്റ ഇടവകകളിലും 1980-1987ൽ ചെങ്ങന്നൂർ, കുറിച്ചിമുട്ടം, കൊല്ലകടവ്, കോടുകുളഞ്ഞി എന്നിവിടങ്ങളിലും 1987 മുതൽ 1989 വരെ ആയൂർ, ഇളമാട്‌, മലപ്പേരൂർ, ചെറുവക്കൽ, ചെറുവല്ലൂർ, വേങ്ങൂർ, കമ്പൻകോട് ഇടവകകളിലും 1989-2000ൽ വകയാർ, കല്ലേലി, കല്ലേലിതോട്ടം പള്ളികളിലും 2000-2003 കാലത്ത് കോന്നി, ളാക്കൂർ ഇടവകകളിലും 2005-2009ൽ ഊട്ടുപാറ ഇടവകയിലും 2009 മുതൽ 2011 വരെ ആനന്ദപ്പള്ളി ഇടവകയിലും അച്ചൻ സേവനമനുഷ്ഠിച്ചു.
മാവേലിക്കര, കോന്നി, ചെങ്ങന്നൂർ, ആയൂർ വൈദീക ജില്ലകളിൽ ജില്ലാ വികാരിയായി സ്തുത്യർഹമായ നേതൃത്വം നൽകി. വകയാർ പള്ളിയോട് ചേർന്ന് വളരെ വിശാലമായ മേരിമാതാ ഓഡിറ്റോറിയം പണിയുന്നതിനായി അച്ചനെടുത്തത് ധീരമായതും ഒപ്പം ക്ളേശകരവുമായ ഒരു ചുവടുവെയ്പ്പായിരുന്നു. ചെങ്ങന്നൂർ പള്ളിയുടെ മുമ്പിലായി കടമുറികളും പാരിഷ് ഹാളും പണിയുന്നതും അച്ചന്റെ കാലത്താണ്. 20 വർഷക്കാലം ശുശ്രൂഷകൾ ഇല്ലാതെ അടച്ചു പൂട്ടികിടന്നിരുന്ന മുട്ടം പള്ളിയിൽ വിശ്വാസസമൂഹത്തെ കൂട്ടിവരുത്തി എല്ലാം ക്രമപ്പെടുത്തി പുനരാരംഭിച്ചത് അച്ചന്റെ കാലത്താണ്.

ഇടവകയിലെ ഓരോരുത്തരെയും വ്യക്തിപരമായി അറിയാവുന്ന അച്ചൻ പേരെടുത്ത് വിളിച്ച് സംസാരിച്ച് സുഖവിവരങ്ങൾ തിരക്കിയിരുന്ന ഉത്തമ ഇടയനായിരുന്നു. സാമ്പത്തികമായി അനേകരെ കരുതിയിരുന്നു. തുറവിയോടെ എല്ലാറ്റിനെയും സ്വീകരിച്ചിരുന്ന അച്ചൻ കരിസ്മാറ്റിക് നവീകരണം മലങ്കര സഭയിൽ കടന്നു വന്ന ആദ്യ നാളുകളിൽ തന്നെ വികാരിയായിരുന്ന പള്ളികളിൽ വിവിധ ധ്യാന ടീമുകളുടെ കൺവെൻഷനുകളും ആരാധനയും ധ്യാനവുമെല്ലാം ക്രമീകരിച്ച് വിശ്വാസസമൂഹത്തെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

അച്ചന്റെ പൗരോഹിത്യശുശ്രൂഷക്ക് അർഹമായ അംഗീകാരമെന്നോണം 2009 ജൂൺ 27ന് കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി സഭ ആദരിച്ചു. വൈദീക ജീവിതത്തിന്റെ ഔന്നത്യം കാത്ത് പാലിക്കുന്നതിൽ ശ്രദ്ധയുണ്ടായിരുന്ന അച്ചൻ എല്ലായ്പ്പോഴും അധികാരികളോട് വിധേയത്വവും താഴ്മയുമുള്ള വ്യക്തിത്വത്തിനുടമായിരുന്നു. പൗരോഹിത്യ ജീവിതത്തിൽ സന്തുഷ്ടനായിരുന്ന അച്ചൻ വികാരിയായിരുന്ന ഇടവകകളിൽനിന്നെല്ലാം യുവതീയുവാക്കളെ വൈദീകസന്യസ്ത ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിന് ശ്രദ്ധിച്ചിരുന്നു.

ജീവിതാന്ത്യത്തിൽ പത്തനംതിട്ടയിലെ സ്നേഹഭവനിൽ കൂടുതൽ പ്രാർത്ഥനയിലും സമർപ്പണത്തിലും മുഴുകിയ അച്ചൻ
2016 ഏപ്രിൽ 1ന് തന്റെ എൺപത്തിയാറാം വയസ്സിൽ നിര്യാതനായി. മാതൃദേവാലയമായ ചന്ദനപ്പളളിയിൽ സ്നേഹത്താൽ സകലരെയും കീഴ്പ്പെടുത്തിയ ദാനിയേലച്ചനെ സംസ്കരിച്ചു. അനേകരിൽ ദീപ്തമായ ഓർമ്മയായി സ്നേഹനിധിയായ അച്ചനിന്നും ജീവിക്കുന്നു.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Fr Sebastian John Kizhakkethil

Leave a comment