പുലർവെട്ടം 421

{പുലർവെട്ടം 421}

 
സ്നേഹത്തിന്റെ ഒരു ചെക്ക് ലിസ്റ്റ് തയാറാക്കുമ്പോൾ അതിൽ ആദ്യം അടയാളപ്പെടുത്തുവാൻ പോൾ കരുതി വയ്ക്കുന്നത് സ്നേഹം ദീർഘക്ഷമയുള്ളതാണ് എന്ന വിശേഷണമാണ്. ഭൂമിയുടെ അതിരുകളിലേക്ക് സ്നേഹത്തിന്റെ പാണൻമാരായി പോകാനുള്ള ഒരു ചെറുഗണത്തെ ഹാൻഡ്പിക് ചെയ്യുമ്പോൾ അവർ തൊഴിലുകൊണ്ട് മുക്കുവരായിരിക്കണമെന്ന് യേശു ശഠിച്ചതിന്റെ പൊരുളെന്തായിരിക്കും? പന്ത്രണ്ടു പേരിൽ രണ്ടുപേർ മാത്രമാണ് അതിനോട് സിങ്ക് ചെയ്യാത്തവർ; ചുങ്കക്കാരനായ മത്തായിയും ഭേദപ്പെട്ട എന്തോ ജീവിതപരിസരമുണ്ടെന്ന് കരുതാവുന്ന പിന്നീട് ഒറ്റുകാരനായി മാറിയ ജൂഡസും.
 
മുക്കുവരിൽ അവൻ കണ്ട മേന്മയെന്തായിരിക്കും? അവരുടെ ദീർഘക്ഷമ എന്ന സ്വാഭാവികആനുകൂല്യം ആവണം അതിലൊന്ന്. മണിക്കൂറുകളോളം ഒരു ശില്പം പോലെ ചൂണ്ടക്കമ്പുമായി അവരിങ്ങനെ ഇമവെട്ടാതെ തീരത്ത് ഇരിക്കുന്നത് കാണുക. ഒരു കുട്ടിച്ചൂണ്ടയിൽ ടങ്കീസ് കെട്ടിത്തരുമ്പോൾ അയലത്തെ ചേട്ടൻ പറഞ്ഞതിങ്ങനെയാണ്:
 
നിനക്ക് പറ്റിയ പണിയല്ല, നല്ല ക്ഷമയുള്ളവർക്ക് വേണ്ടിയാണ്. എളുപ്പമല്ല ദീർഘക്ഷമയിലേക്കുള്ള വഴി. അവർക്കു മാത്രമേ ആനന്ദിനെപ്പോലെ പുഴ തെളിയുവോളം തീരത്ത് കാത്തിരിക്കാനാവൂ. അല്ലാത്തവർ കലങ്ങിയ പുഴയെയോർത്ത് വ്യാകുലപ്പെട്ടും പരാതി പറഞ്ഞും ശിഷ്ടകാലം കഠിനമാക്കും. നോക്കൂ, ഹെസ്സെയുടെ സിദ്ധാർത്ഥ പറയുന്നത്: “I can think. I can wait. I can fast.”
 
ഇരുപത്താറ് വയസ്സുള്ള എലീ വീസൽ, ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ ഫ്രോൻസ്വ മുറിയാക്കിനെ അഭിമുഖം ചെയ്യാൻ എത്തുമ്പോൾ അത്ര അറിയപ്പെടാത്ത ഒരു പത്രത്തിന്റെ സാധാരണ ലേഖകൻ മാത്രമായിരുന്നു. ഒരു ഭീകര കത്തോലിക്കാവിശ്വാസി എന്ന നിലയിൽ ചെറുപ്പക്കാരനോട് എന്തെങ്കിലും ഒരു ചോദ്യം അയാൾ ചോദിക്കുന്നതിനു മുമ്പ് തന്നെ മുറിയാക് തന്റെ പ്രിയപ്പെട്ട വിഷയം പറഞ്ഞുതുടങ്ങി, യേശുക്രിസ്തുവാണ്.
 
സംഭാഷണം നീണ്ടുപോവുന്നതനുസരിച്ച് ചെറുപ്പക്കാരന്റെ ആന്തരികമുറിവുകളിൽനിന്ന് ചോര പൊടിഞ്ഞുതുടങ്ങി. നോട്ടുപുസ്തകം അടച്ചുവെച്ച് രോഷത്തോടെ അയാൾ പറഞ്ഞു: “സർ, നിങ്ങൾ യേശുവിനെക്കുറിച്ച് പറയുന്നു; അവന്റെ പീഡാനുഭവവും മരണവുമൊക്കെ. മറ്റെന്താണ് നിങ്ങളുടെ മതത്തിന് പറയാനുള്ളത്? ഒന്നറിഞ്ഞാൽക്കൊള്ളാം. വളരെ മുൻപൊന്നുമല്ല, പത്തുവർഷം മുമ്പ് എനിക്കറിയാവുന്ന യഹൂദക്കുഞ്ഞുങ്ങൾ അവരോരുത്തരും ആയിരം തവണ അല്ല, ആറ് മില്യൺ ഇരട്ടി വേദന നിങ്ങളീ പറയുന്ന കുരിശിലെ യേശുവിനേക്കാൾ അനുഭവിച്ചിട്ടുണ്ട്. ഒരാളും അതിനെക്കുറിച്ച് പറയുന്നില്ല. നിങ്ങൾക്കിത് പിടുത്തം കിട്ടുന്നുണ്ടോ?”
 
എഴുത്തുകാരൻ അമ്പരന്നിരിപ്പാണ്. ചെറുപ്പക്കാരൻ പുറത്തേക്ക് നടന്ന് എലിവേറ്റർ ബട്ടൺ പ്രസ്സ് ചെയ്യാനായുമ്പോൾ അയാൾ പുറകെ ഓടിയെത്തി ‘തിരിച്ചു വരൂ’ എന്നഭ്യർത്ഥിച്ചു. അവർ വീണ്ടും മുഖാമുഖം ഇരുന്നു. മുറിയാക് വെറുതേ കരഞ്ഞു തുടങ്ങി. എലീ വീസൽ അയാളോട് ക്ഷമാപണം നടത്താൻ ശ്രമിക്കുന്നുണ്ട്. കുറച്ചു നേരമായപ്പോൾ എഴുത്തുകാരൻ ചെറുപ്പക്കാരനോട് സംസാരിക്കാനാവശ്യപ്പെട്ടു. ദീർഘമായ സംഭാഷണത്തിനൊടുവിൽ ‘നിനക്കിതെല്ലാം എഴുതിക്കൂടേ’ എന്നായി അയാൾ. ഒന്നുമെഴുതുകയോ പറയുകയോ ചെയ്യില്ലെന്ന് എനിക്ക് ഒരു വ്രതമുണ്ടെന്ന് പറഞ്ഞപ്പോൾ അത് ലംഘിക്കാൻ നേരമായെന്ന് കൂട്ടിച്ചേർത്തു.
 
ആ സന്ധ്യയിൽ രണ്ടുപേർ മാറുകയാണ്. എലീ വീസൽ അതെല്ലാം കുറിച്ചിട്ടു. പുലിറ്റ്സർ അവാർഡ് കിട്ടിയ Nights എന്ന കൃതി ജൂതർ കരിഞ്ഞുപോയ തീപ്പൊയ്കയെക്കുറിച്ചാണ്.1970-ൽ മുറിയാക് കടന്നു പോകുവോളം അവർക്കിടയിൽ അഗാധമായ അടുപ്പം ഉണ്ടായിരുന്നു. Nights-ന്റെ ആദ്യ കൈയെഴുത്തുപ്രതി വായിച്ചതും അയാളായിരുന്നു. തന്റെ കരിയറിന് കടപ്പെട്ടിരിക്കുന്നത് ഫ്രോൻസ്വ മുറിയാക്കിനോടാണെന്ന് എലീ വീസൽ ഏറ്റുപറയുന്നു.
 
ഈ കഥ ഉദ്ധരിച്ചിട്ട് ഗ്രന്ഥകർത്താവ് ചോദിക്കുന്ന ചോദ്യമുണ്ട്. അയാൾ അടച്ചിട്ടിറങ്ങിപ്പോയ വാതിൽ തള്ളിത്തുറന്ന് അയാളുടെ പിന്നാലെ പോകുവാൻ മുറിയാക് തയാറായിരുന്നില്ലെങ്കിൽപ്പോലും ഒരാൾക്കും അയാളെ കുറ്റപ്പെടുത്താനാവില്ല. അപ്രതീക്ഷിതമായി അപമാനിതനായ മുതിർന്ന ഒരു മനുഷ്യനെന്ന നിലയിൽ അയാൾക്കതിന് അവകാശമുണ്ടുതാനും. എന്നാൽ പ്രശ്നമുണ്ട്. ഒരിടത്തും ഒരുകാലത്തും പരാമർശിക്കപ്പെടുവാൻ സാധ്യതയില്ലാത്ത ഒരു സാധാരണ കഥയായി അത് തീർന്നേനേ.
 
വെറുതെയല്ല, ധ്യാനത്തിന്റെ പൂവാണ് സ്നേഹമെന്ന് ആചാര്യന്മാർ പറഞ്ഞുകൊണ്ടിരിക്കുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

2 thoughts on “പുലർവെട്ടം 421

Leave a comment