ജോസഫ് നന്ദിയുടെ ഓർമ്മ പുസ്തകം

ജോസഫ് ചിന്തകൾ 23

ജോസഫ് നന്ദിയുടെ ഓർമ്മ പുസ്തകം

 
1965 ൽ പുറത്തിറങ്ങിയ തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ വർഗീസ് മാളിയേക്കൽ രചിച്ച് ജോബ് മാഷ് സംഗീതം നൽകി എസ് ജാനകിയുടെ ആലപിച്ച പ്രസിദ്ധമായ ഗാനമാണ് ഞാനുറങ്ങാൻ പോകും മുൻപായ് എന്ന ഗാനം. അതിലെ ആദ്യ നാലു വരികൾ ഇപ്രകാരമാണ്:
 
ഞാനുറങ്ങാൻ പോകും മുൻപായ്
നിനക്കേകുന്നിതാ നന്ദി നന്നായ്,
ഇന്നു നീ കാരുണ്യപൂർവം തന്ന
നന്മകൾക്കൊക്കെയ്ക്കുമായി.
 
2020 അവസാന നാളിൽ യൗസേപ്പിതാവു നമ്മോടു പറയുക നന്ദിയുള്ളവരാവുക, നന്ദി പറഞ്ഞു പുതുവർഷത്തിലേക്കു പ്രവേശിക്കുക എന്നാണ്. നന്ദി പറയാൻ ഒരു പക്ഷേ പലർക്കും ബുദ്ധിമുട്ടുള്ള ഒരു വർഷമാണ് 2020. ദുരിതങ്ങളും നഷ്ടങ്ങളും ലോകം മുഴുവൻ ഒരുമിച്ച് അനുഭവിച്ച വർഷം. മരണത്തിൻ്റെ താഴ് വരകളിലൂടെ നടന്നെങ്കിലും നന്ദി പറയുന്നതിൽ നിന്നും ജോസഫ് ഒരിക്കലും പിന്മാറിയില്ല.
 
നന്ദി നിറഞ്ഞ ഹൃദയത്തോടെ 2020നെ നോക്കിക്കാണാൻ ജോസഫ് ഇന്നു പഠിപ്പിക്കുന്നു. മരണത്തിൻ്റെ നിഴൽ വീണ താഴ് വരയിലൂടെയാണ് 2020 വിടവാങ്ങുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ നമ്മൾ സുരക്ഷിതരായിരിക്കുന്നെങ്കിൽ പലരോടും നാം നന്ദി പറയേണ്ടതുണ്ട് അവരെയെല്ലാം നന്ദിയോടെ ഓർക്കേണ്ട ദിനമാണ് ഡിസംബർ 31.
 
കൃതജ്ഞതയാണ് നമ്മുടെ ഹൃദയത്തെ വിശാലവും സന്തോഷവും ഉള്ളതാക്കുന്നത്. ഓർമ്മയുള്ള മനസ്സിലാണ് നന്ദി ഉറവ യെടുക്കുക. ജോസഫ് ഇന്നേ ദിനം ബോധത്തോടെയും ശരിയായും എല്ലാം കാര്യങ്ങളും ഓർമ്മിച്ചെടുക്കാൻ നമ്മെ പഠിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ദൈവവും മനുഷ്യരും പ്രകൃതിയും നമുക്കു വേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമ്മയിൽ നന്ദി അർപ്പണം ആരംഭിക്കുന്നു. അത് എന്നും തുടരേണ്ട ഒരു ക്രിസ്തീയ ചൈതന്യമാണ്.
 
നന്ദി നിറഞ്ഞ ഹൃദയമാണ് ജീവിതത്തെ സുന്ദരമാക്കുന്നത് . അതു കൂടുതൽ സുന്ദരമാകുന്നത് എൻ്റെ ദൈവത്തിനു മുമ്പിൽ എൻ്റെ മാതാപിതാക്കൾക്കു മുമ്പിൽ എൻ്റെ ഗുരു ജനങ്ങൾക്കു മുമ്പിൽ, ഞാൻ കടപ്പെട്ടവർക്കു മുമ്പിൽ നന്ദിയോടെ ജീവിക്കുമ്പോഴാണ്. ആയതിനാൽ സങ്കീർത്തകനെപ്പോലെ നമുക്കും പറയാം : ദൈവമേ ഞാന് മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.(സങ്കീര്ത്തനങ്ങള് 30 : 12).
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment