അനുദിനവിശുദ്ധർ – ജനുവരി 12

♦️♦️♦️ January 12 ♦️♦️♦️
വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ പേര്. യൌവനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഓസ്‌വിയൂ രാജാവിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളുടെ ഭൂവുടമയായി അദ്ദേഹം ജോലി ചെയ്തിരിന്നു. അദ്ദേഹത്തിന്റെ 25 -മത്തെ വയസ്സില്‍ ഈ സേവനം അവസാനിപ്പിക്കുകയും ഭൂമിയും തോട്ടവും ഉപേക്ഷിച്ച് റോമിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയ ആചാര രീതികളുടെ ഉറവിടം അയര്‍ലണ്ട് ആയിരുന്നു. എന്നാല്‍ വിശുദ്ധന്‍ റോമില്‍ കണ്ട ക്രിസ്തീയ ആചാര രീതികള്‍ പാടെ വ്യത്യസ്തമായിരുന്നു. അവിടുത്തെ വിശ്വാസരീതികളില്‍ അദ്ദേഹം വളരെ ആകൃഷ്ടനായി.

വില്‍ഫ്രെഡ് എന്ന പേരായ സഹായിയേയും കൂട്ടി വിശുദ്ധന്‍ നോര്‍ത്തംബ്രിയായില്‍ തിരിച്ചെത്തി. താന്‍ റോമില്‍ കണ്ട ക്രിസ്തീയ വിശ്വാസ-ആചാര രീതികള്‍ വിശുദ്ധന്‍ അവിടെ പ്രചരിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം കൊണ്ട് 664-ല്‍ ഓസ്‌വിയൂ രാജാവ്, ഐറിഷ് വിശ്വാസരീതിക്ക് പകരമായി റോമന്‍ വിശ്വാസ രീതി തന്റെ രാജ്യത്ത് നിലവില്‍ വരുത്തിയതായി പ്രഖ്യാപിച്ചു. 666-ല്‍ ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള ലെരിന്‍സ് ദ്വീപിലെ ആശ്രമത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിശുദ്ധന്‍ ചേര്‍ന്നു. ഇവിടെ വെച്ചാണ് അദ്ദേഹം തന്റെ നാമം ബെനഡിക്ട് എന്നാക്കി മാറ്റിയത്. റോമിലെ ആചാരങ്ങളേ കുറിച്ച് കൂടുതല്‍ പഠിക്കുവാനായി 668-ല്‍ വിശുദ്ധന്‍ വീണ്ടും റോമിലേക്ക് പോയി.

673-ല്‍ നോര്‍ത്തംബ്രിയയില്‍ തിരിച്ചുവന്ന ബെനഡിക്ട് ബിസ്കപ്പ്, ഓസ്‌വിയൂ രാജാവിന്റെ പിന്‍ഗാമിയായിരിന്ന എഗ്ഫ്രിഡില്‍ നിന്നും അവിടെ ഒരാശ്രമം സ്ഥാപിക്കുവാനുള്ള അനുവാദവും സാമ്പത്തികസഹായവും നേടിയെടുത്തു. അങ്ങനെ 674-ല്‍ വേര്‍മൌത്തില്‍ സെന്റ്‌ പീറ്റര്‍ ആശ്രമം തുടങ്ങി. ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന റോമന്‍ ശൈലിയിലുള്ള വലിയ നിര്‍മ്മിതി ആയിരുന്നു ഈ ആശ്രമം. ആശ്രമത്തിന്‍റെ നിര്‍മ്മാണത്തിനായി ആശാരിമാരേയും, മറ്റ് പണിക്കാരേയും ഫ്രാന്‍സില്‍ നിന്നുമാണ് കൊണ്ട് വന്നത്.

വിശുദ്ധന്‍റെ പ്രത്യേക ഇടപെടല്‍ മൂലം ആശ്രമത്തില്‍ ഒരു ബെനഡിക്ടന്‍ നിയമസംഹിത നിലവില്‍ വന്നു. തന്റെ യാത്രയില്‍ അദ്ദേഹം ശേഖരിച്ച ഗ്രന്ഥങ്ങള്‍ ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കി, പക്ഷെ ഇതുകൊണ്ടൊന്നും അദേഹത്തിന് തൃപ്തിയായില്ല. 679-ല്‍ വിശുദ്ധ ബെനഡിക്ട് വീണ്ടും റോമിലേക്ക് പോയി. ഇത്തവണ തന്റെ ആശ്രമത്തിലേക്ക് തിരുശേഷിപ്പുകളും, കലാപരമായ വസ്തുക്കളും, ലിഖിതങ്ങളും കൊണ്ട് വരുന്നതിനായിരുന്നു ആ യാത്ര. കൂടാതെ ആശ്രമ വസ്ത്രങ്ങളും, പുതിയ ചിന്തകളും ആശ്രമത്തിലെത്തിക്കുക എന്ന ലക്ഷ്യവും യാത്രക്ക് പുറകിലുണ്ടായിരുന്നു. പരിശുദ്ധ പിതാവില്‍ നിന്നും വിശേഷാനുകൂല്യങ്ങളും സന്യസ്ഥരെ പഠിപ്പിക്കുന്നതിനായി റോമന്‍ ആരാധന ക്രമങ്ങളുടെ വിവിധ രേഖകളും നേടികൊണ്ടാണ് അദ്ദേഹം തിരിച്ചെത്തിയത്.

തന്‍റെ 52 മത്തെ വയസ്സില്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. പിറ്റേ വര്‍ഷം എഗ്ഫ്രിഡില്‍ നിന്നും കൈപ്പറ്റിയ സാമ്പത്തിക സഹായംകൊണ്ട് രണ്ടു ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയും അവ ജാരോയിലെ (നോര്‍ത്തംബ്രിയയില്‍ തന്നെയുള്ള) വിശുദ്ധ പൗലോസിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.

682-ല്‍ അദ്ദേഹം വീണ്ടും റോമിലേക്ക് പോയി. നാല് വര്‍ഷത്തോളം വിശുദ്ധന്‍ റോമില്‍ താമസിച്ചു. അദ്ദേഹത്തിന്റെ തിരിച്ചു വരവ്, അദ്ദേഹം നിര്‍മ്മിച്ച ഭവനങ്ങളെ വീണ്ടും അമൂല്യമായ ലിഖിതങ്ങളും, ഗ്രന്ഥങ്ങള്‍ കൊണ്ടും സമ്പുഷ്ടമാക്കി. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായി. 690 ജനുവരി 12ന് അദ്ദേഹം കര്‍ത്താവില്‍ നിത്യനിദ്ര പ്രാപിച്ചു.

ഇംഗ്ലണ്ടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കത്തോലിക്ക സഭ പ്രചരിപ്പിക്കുന്നതില്‍ വിശുദ്ധ ബെനഡിക്ട് വഹിച്ച പങ്ക് വളരെ വലുതാണ്. വിശുദ്ധന്‍ ആരംഭിച്ച ആശ്രമത്തിന്‍റെ ചുറ്റുപാടില്‍ വളര്‍ന്ന അന്തേവാസിയായിരുന്ന ബെഡെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതനായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഭയുടെ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കാന്‍ വിശുദ്ധന്‍റെ ഈ അനുയായിക്ക് സാധിച്ചുയെന്ന് നിസംശയം പറയാം. ബെഡെയുടെ പ്രധാന രചനകളില്‍ ഒന്നായ ‘വേര്‍മൌത്തിലേയും, ജാരോയിലേയും ആശ്രമവാസികളുടെ ജീവിതം’ എന്ന ഗ്രന്ഥം വളരെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ്. വിശുദ്ധ ബനഡിക്ടിനെ പറ്റി ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പുസ്തകം കൂടിയാണിത്.

“ആദരണീയനായ ഒരു ജീവിതത്തിനുടമ എന്നതിലുപരി, പേരിലും പ്രവര്‍ത്തിയിലും ഒരുപോലെ അനുഗ്രഹിക്കപ്പെട്ടവന്‍” എന്നായിരിന്നു വാഴ്ത്തപ്പെട്ട ഗ്രിഗറി പാപ്പ വിശുദ്ധ ബനഡിക്ടിനെ വര്‍ണിച്ചത്.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. ബ്രെട്ടണിലെ അല്ലാന്‍ (ഏലിയാന്‍)

2. 1962-ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്ത ആന്‍റണി മേരി പൂച്ചി

3. സേസരായിലെ അര്‍കേഡിയൂസ്

4. ആള്‍സിലെ സേസരിയാ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന..🌻


കഷ്ടതകളിലൂടെ കടന്നു പോകുന്നെങ്കിലും എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു.എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ അവിടുന്നു കരം നീട്ടും..അവിടുത്തെ വലത്തു കൈ എന്നെ രക്ഷിക്കും.. (സങ്കീർത്തനം :138/7)
പരമ പരിശുദ്ധനായ ദൈവമേ..
ദശതന്ത്രീ നാദത്തോടു കൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തിൽ അങ്ങയുടെ കരുണയെ വാഴ്ത്തുന്നത് എന്റെ ആത്മാവിന്റെ ഉചിതമായ സമർപ്പണമാണ്. പലപ്പോഴും വചനം കേൾക്കുകയും,വായിച്ചു ധ്യാനിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഇത് തീർച്ചയായും എനിക്കു വേണ്ടി തന്നെ എഴുതപ്പെട്ടതാണ് എന്നു തോന്നാറുണ്ട്. ദിവ്യബലിയർപ്പണത്തിൽ വലിയ ഹൃദയഭാരത്തോടെ വന്നു ചേരുമ്പോഴൊക്കെയും അൾത്താരയിൽ നിന്നും കേൾക്കുന്ന വചനപ്രഘോഷണം, ഇത് എന്റെ സങ്കടങ്ങൾ അറിഞ്ഞിട്ട് കർത്താവ് എന്നോട് സംസാരിക്കുന്നതാണോ എന്ന വലിയ അത്ഭുതത്തോടെ കേട്ടിരുന്നു പോയിട്ടുണ്ട്.ഈശോയേ.. ഓരോ സങ്കടങ്ങളും ജീവിതത്തിൽ ഉണ്ടാകുമ്പോൾ തീർച്ചയായും ഞാനിതിൽ വീണു പോകും എന്നു തോന്നിപ്പിക്കുന്നതു പോലെ തളർന്നിരുന്നിട്ടുണ്ട്. ആശയറ്റവരെ പോലെ അവിടുത്തെ മുൻപിൽ നിലവിളിച്ചിട്ടുണ്ട്. പക്ഷേ ശക്തമായ ഒരു കരത്തിന്റെ പിൻബലം നൽകി കൊണ്ട് ആ നിമിഷം എന്നെ കടന്നു പോയി എന്നറിയുമ്പോൾ അവിശ്വസനീയതയോടെ നിന്നിലുള്ള വിശ്വാസത്തിൽ നിന്നും ഇനിയുമൊരു മടങ്ങിപ്പോക്കില്ലാത്ത വിധം ചേർന്നിരുന്നിട്ടുമുണ്ട്. അങ്ങയുടെ ശാസനകളും ശിക്ഷണങ്ങളും പലപ്പോഴും എന്റെ മന്ദഭക്തിയുടെ നേരെയുള്ള അവിടുത്തെ പ്രഹരമായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണ് അവിടുത്തെ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനവും,അവിടുത്തേക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും ഞാൻ മനസ്സിലാക്കുന്നത്. അപ്പോഴും എന്റെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുകയായിരിക്കും.. പക്ഷേ അതൊരിക്കലും സങ്കടം കൊണ്ടാവില്ല ഇത്രയധികം നീയെന്നെ സ്നേഹിക്കുന്നുവോ ഈശോയേ എന്ന ചോദ്യം എന്നിൽ ഉണർത്തിയ ആനന്ദത്തിന്റെ മിഴിനീരായിരിക്കും അത്.
നല്ല ഈശോയേ.. ഞങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായിട്ടുള്ളത് എന്റെ ജീവിതത്തിൽ സംഭവിക്കുന്നു എന്നതു പോലെ പരിഭ്രമിക്കാതെ അവിടുത്തെ സ്നേഹത്തിൽ തന്നെ ഉറച്ചു നിൽക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ നാഥാ.. കഷ്ടതകളിലൂടെ കടന്നു പോകുമ്പോഴും എന്റെ ജീവനെ പരിപാലിക്കുന്ന ഒരു ദൈവം എന്റെ കൂടെ തന്നെയുണ്ട് എന്ന വിശ്വാസം മാത്രം മതി ഏത് അഴലിന്റെ മരുഭൂമിയനുഭവവും എനിക്ക് ആത്മവിശ്വാസത്തിന്റെ കുളിർ താഴ്‌വരയുടെ തണുപ്പായി തീരാൻ.. അപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എത്ര കഠിനമാണെങ്കിലും അവിടുത്തെ കൃപയാൽ അതൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ, ഞാൻ പരാജയപ്പെട്ടു പോയിടത്തൊക്കെ അവിടുത്തെ കരങ്ങളുടെ വിജയം ദർശിക്കാൻ എനിക്കും ഇടവരിക തന്നെ ചെയ്യും..
അലക്സാൻഡ്രിയായിലെ വിശുദ്ധ കാതറീൻ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s