പുലർവെട്ടം 428

{പുലർവെട്ടം 428}

ശകലം നാടകഭ്രമം ഉണ്ടായിരുന്ന ഒരു കാലത്ത് പങ്കുചേർന്ന തട്ടിക്കൂട്ട് നാടകത്തിന്റെ ഏറ്റവും ചാരുതയുള്ള മാത്ര അതായിരുന്നു. എന്നേയ്ക്കുമായി വീടു വിട്ടിറങ്ങുന്ന ഒരു പേരക്കുട്ടിയെ തിരിച്ചു വിളിച്ച് അവനെയൊരു കമ്പിളി ഷോൾ പുതപ്പിച്ച് പുറത്തെ ഇരുട്ടിലേക്കും തണുപ്പിലേക്കും വിട്ടുകളയുന്ന ഒരു മുത്തച്ഛൻ മിഴികളിൽ ഈർപ്പം പടർത്തി. ഇറങ്ങിപ്പോകുന്ന ഉണ്ണികൾ അക്കാലത്ത് കവിതയിലും അരങ്ങിലുമൊക്കെ ഒരു സാധാരണ ശീലമായിരുന്നു!

ജോണി ഈപ്പൻ സാറിന്റെയും കുട്ടികളുടെയും പുതിയ ചില നീക്കങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് ഈ പഴയ ദൃശ്യമാണ്. നല്ല മഞ്ഞുള്ള ഈ മകരരാവുകളിൽ വഴിയോരത്തും കടയിറമ്പുകളിലും കിടന്നുറങ്ങുന്നവരെ പുതപ്പിച്ച് കിടത്തുകയാണ് നാഷണൽ സർവീസ് സ്കീമിലെ കുട്ടികൾ. സമാനമായ ചിലത് ഭൂമിയുടെ പലയിടങ്ങളിലായി പല ഭാഷ്യങ്ങളിൽ നടക്കുന്നുണ്ട്. Love is a warm blanket എന്ന ടാഗ് ലൈനുമായി പുതപ്പുകൾ ശേഖരിക്കുന്ന ഒരു കാമ്പയിൻ ശീതകാലത്തിന് ഒരുക്കമായി ന്യൂയോർക്കിൽ ഉണ്ടെന്ന് വായിച്ചറിഞ്ഞ് ഉപയോഗിച്ച പുതപ്പുകൾ ഭവനരഹിതർക്കുവേണ്ടി നൽകാൻ ഉതകുന്ന കളക്ഷൻ പോയിന്റുകൾ നേരത്തെ ചാർട്ട് ചെയ്യപ്പെടുന്നു. നമ്മൾ നേരത്തെ പറഞ്ഞ മാഷ്ക്കും കൂട്ടർക്കും ഈ നിശാസഞ്ചാരങ്ങൾ വലിയ വിമലീകരണമായി മാറുന്നുവെന്ന് അവർ അടക്കം പറയുന്നു.

വീടുള്ളവർക്കും അതിന്റെ അഭയമില്ലാത്തവർക്കും ഇപ്പോൾ നന്നായി തണുക്കുന്നുണ്ട്. കാൽച്ചുവട്ടിൽ ഉരുമ്മുന്ന പൂച്ചയോളം പോലും സ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ട് അവരൊക്കെ എവിടെയോ നിന്ന് തണുത്തുറഞ്ഞ് പോവുകയാണ്.

നമുക്ക് സുപരിചിതമായ പാലിയേറ്റീവ് എന്ന പദത്തിൽ പോലും ‘പുതപ്പിക്കുക’ എന്ന ധ്വനി അടക്കം ചെയ്തിട്ടുണ്ട്. എല്ലാവരും സൗഖ്യത്തിലാവുക എന്നൊക്കെ പറയുന്നത് ഒരു മിത്താണ്. ശമനം അസാധ്യമായ മനുഷ്യരുമുണ്ട് ഈ ഭൂമിയിൽ. പാലിയേറ്റീവ് കെയർ ദീനാനുകമ്പയിൽ മാത്രം ചുരുങ്ങേണ്ട പദമല്ല. അത് സമസ്ത മേഖലകളിലും സംഭവിക്കേണ്ട ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്. ക്വാളിറ്റി ഓഫ് ലൈഫ് എന്നൊരു വിചാരത്തിലാണ് പാലിയേറ്റീവ് എന്ന പദം ഭ്രമണം ചെയ്യേണ്ടത്. ഹോസ്പിറ്റലുകൾ മാത്രമല്ല ഹോസ്പിസുകളും നമ്മുടെ കാലം അർഹിക്കുന്നുണ്ട്.

ഇടറിയ ദീർഘസഞ്ചാരത്തിനുശേഷം മടങ്ങിയെത്തിയ മകനെ കണ്ട മാത്രയിൽ ‘പുതുവസ്ത്രങ്ങൾ അവനെ ധരിപ്പിക്കുക’ എന്നാണ് അപ്പൻ ആവശ്യപ്പെടുന്നത്. സമാന്തരങ്ങളില്ലാത്ത നിത്യനൂതനമെന്ന് കരുതേണ്ട ആ കഥയിൽ അങ്ങനെയൊരു വിശദാംശം തുന്നിച്ചേർക്കുമ്പോൾ എന്തായിരിക്കും യേശുവിന്റെ ഉള്ളിൽ മിന്നി നിന്നത്?

– ബോബി ജോസ് കട്ടികാട്

Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

4 thoughts on “പുലർവെട്ടം 428

Leave a reply to Nelson Cancel reply