Fr Varghese Edathil 1938 – 1996

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr Varghese Edathil 1938 – 1996Fr Varghese Edathil 1938 - 1996

സൗമ്യനും സഹൃദയനുമായ വർഗ്ഗീസ് ഇടത്തിൽ അച്ചൻ…

പ്രക്കാനം ഇടത്തിൽ കുടുംബത്തിൽ യോഹന്നാൻ കോശിയുടെയും മറിയാമ്മയുടെയും ആറു മക്കളിൽ മൂന്നാമനായി 1938ൽ വർഗ്ഗീസ് ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് പൂർത്തിയാക്കി വൈദികനാകണമെന്നുള്ള ആഗ്രഹത്താൽ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. കത്തോലിക്കാ പുരോഹിതനാകണം എന്ന തീവ്രമായ ആഗ്രഹത്താൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ അംഗമായ മകന്റെ ആഗ്രഹത്തിന് എതിരുനിൽക്കാതെ, മാതാപിതാക്കളും സഹോദരങ്ങളും യാക്കോബായ സഭയിൽ നിന്ന് പിന്നീട് മലങ്കര കത്തോലിക്ക സഭയിലേക്ക്‌ പുനരൈക്യപ്പെട്ടു. അന്നത്തെ മൈനർ സെമിനാരി റെക്ടർ ഫാ.ലോറൻസ് തോട്ടം (ലോറൻസ് മാർ അപ്രേം പിതാവ്) ആയിരുന്നു. പുനരൈക്യപ്രസ്ഥാനത്തിൻ്റെ ആദ്യ നാളുകളിലെ ബുദ്ധിമുട്ടുകളും പരാധീനതകളും അറിഞ്ഞാണ് സെമിനാരി കാലം കടന്നുപോയത്. തിരുവനന്തപുരം മൈനർ സെമിനാരിയിലും മംഗലാപുരം സെന്റ് ജോസഫ്സ് മേജർ സെമിനാരിയിലും പഠനം പൂർത്തിയാക്കി, ബോംബെ ദിവ്യകാരുണ്യ കോൺഫറൻസിൽ വെച്ച് വൈദിക പട്ടം സ്വീകരിച്ചു. അന്ന് ഭാരത മണ്ണിലേക്ക് കടന്നുവന്ന പത്രോസിന്റെ പിൻഗാമിയായ പോൾ ആറാമൻ മാർപാപ്പയെ നേരിട്ട് കാണുവാനും ഭാഗ്യമുണ്ടായി.
പിന്നീട് നാട്ടിൽ വന്ന് മാതൃദേവാലയമായ ഇലന്തൂർ സെന്റ് പാട്രിക് കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.

പെരുന്നാട്, ചിറ്റാർ, വയ്യാറ്റുപുഴ, പുത്തൻകാവ്, കല്ലുവാതുക്കൽ, പാണ്ടനാട്, ഓമല്ലൂർ തുടങ്ങി വിവിധ ദേവാലയങ്ങളിൽ അച്ചൻ വികാരിയായി ശുശ്രൂഷ ചെയ്തു.
പുത്തൻകാവ് സ്കൂളിലും ചാത്തന്നൂർ സ്കൂളിലും ഓമല്ലൂർ ആര്യഭാരതി സ്കൂളിലും മാനേജരായി സേവനമനുഷ്ഠിച്ച അച്ചൻ അധ്യാപകരുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.

പ്രായത്തിന്റെ ഏറ്റക്കുറച്ചിലുകളില്ലാതെ എല്ലാ വൈദികരോടും ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന അച്ചൻ ഔചിത്യപൂർണ്ണമായ സരസഭാഷണത്താൽ വൈദിക കൂട്ടായ്മകളിൽ ഏവർക്കും പ്രിയങ്കരനായിരുന്നു. ഓകെ അച്ചൻ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്.

നാട്ടിലെ സേവനങ്ങളെ തുടർന്ന് 1982ൽ അമേരിക്കയിലെ ശുശ്രൂഷകൾക്കായി അച്ചൻ നിയോഗിതനായി. ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ അനുഗ്രഹാശീർവാദങ്ങളോടെ ജോൺ കല്ലൂർ അച്ചൻ (യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവ്) അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ആരംഭിച്ച മലങ്കര കത്തോലിക്ക കൂട്ടായ്മയെ ഏറെ ബലപ്പെടുത്തുവാൻ ഇടത്തിൽ അച്ചന് സാധിച്ചു. പൗരോഹിത്യ സ്വീകരണത്തിൻ്റെ ഇരുപത്തിയഞ്ചാം വർഷം ഇലന്തൂരിലും ഫിലാഡെൽഫിയയിലുമായി ആഘോഷിച്ചു.
തന്റെ കുടുംബാംഗങ്ങളുമായി വളരെ അടുത്ത ബന്ധം എപ്പോഴും കാത്ത് പാലിച്ചിരുന്ന അച്ചൻ പാവങ്ങളെ കരുതുന്നതിലും ശ്രദ്ധിച്ചിരുന്നു.
1996 മെയ്‌ 3ന് അമേരിക്കയിലെ ലൂസിയാനയിൽ വച്ച് മരണമടഞ്ഞ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നാട്ടിൽ കൊണ്ടുവരികയും ഇലന്തൂർ സെന്റ് പാട്രിക് ദേവാലയത്തിൽ കബറടക്കുകയും ചെയ്തു.

കടപ്പാട് : വർഗ്ഗീസ് സാമുവേൽ (സഹോദരപുത്രൻ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Leave a comment