Rev. Fr George Mootheril (1928 – 1995)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr George Mootheril (1928 – 1995)

വിദ്യാഭ്യാസവിചക്ഷണനായ മൂത്തേരിൽ അച്ചൻ

പൗരോഹിത്യ പാരമ്പര്യമുള്ള ഇലന്തൂർ തെങ്ങുംതറ കുടുംബത്തിൽ വടക്കേക്കര മൂത്തേരിൽ സ്കറിയായുടെയും ഏലിയാമ്മയുടെയും മൂന്നാമത്തെ മകനായി 1928 മെയ്‌ 28ന് ജോർജ് ജനിച്ചു. മാതാപിതാക്കളും പൂർവ്വികരും അദ്ധ്വാനികളായ കൃഷിക്കാരായിരുന്നു. പുനരൈക്യപ്രസ്ഥാനത്തിന്റെ ആരംഭദിശയിൽ തന്നെ കുടുംബാംഗങ്ങൾ ഒന്നടങ്കം മലങ്കര കത്തോലിക്ക സഭയിലേക്ക് കടന്നുവന്നു.
ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹം ദൈവപരിപാലനയിൽ അടിയുറച്ച് വിശ്വസിച്ച് ഒരു വൈദീകനാകാൻ ആഗ്രഹിച്ചു. സ്വപിതാവിന്റെ ജേഷ്ഠനായ
വടക്കേക്കര മൂത്തേരിൽ ഇടിച്ചെറിയാ തോമസ് കത്തനാരുടെ ജീവിത മാതൃക പൗരോഹിത്യ വിളി തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണമായിരുന്നു. ഇലന്തൂർ കാരൂർ ഓർത്തഡോക്സ് പള്ളി വികാരിയായിരുന്ന അച്ചൻ 1931ൽ സത്യവിശ്വാസം തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുകയും ഇലന്തൂരിൽ കത്തോലിക്കാ കൂട്ടായ്മക്ക് തുടക്കം കുറിക്കുകയും ചെയ്തയാളാണ്.

കുഴിക്കാല സി.എം.എസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് ശ്രീലങ്കയിലെ കാന്റി സെമിനാരിയിലെയും വൈദീക പഠനത്തിനു ശേഷം 1955 മെയ്‌ 30നു വൈദീക പട്ടം സ്വീകരിച്ചു.

വൈദിക വിദ്യാർത്ഥി ആയിരിക്കുമ്പോൾ മാർ ഈവാനിയോസ് പിതാവുമായി അടുത്തിടപഴകാനും പ്രാർത്ഥനകളും ആരാധനാനുഷ്ഠാനങ്ങളും പഠിക്കുവാനും ശുശ്രൂഷകൾ ചെയ്യുവാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

പൗരോഹിത്യ സ്വീകരണത്തിന് ശേഷമുള്ള ആദ്യ നാളുകളിൽ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ സെക്രട്ടറിയായി ജോർജച്ചൻ ശുശ്രൂഷ ചെയ്തു.
മൈലപ്ര എസ്.എച്ച് സ്കൂളിലും തിരുവനന്തപുരം മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജിലും അദ്ധ്യാപകനായിരുന്നു. തുടർന്ന് മദ്രാസിൽ നിന്നും എം.എഡ് പാസ്സായതിനുശേഷം തിരുവനന്തപുരം മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജ് വൈസ്‌ പ്രിൻസിപ്പൽ ആയും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച് നൂറുകണക്കിന് അധ്യാപകരെ പരിശീലിപ്പിച്ചു. നാലാഞ്ചിറ കോളേജ് ഹോസ്റ്റൽ വാർഡൻ ആയും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തീക്ഷ്ണമതിയായ ഒരു മിഷണറിയായിരുന്ന അച്ചൻ തന്റെ അദ്ധ്യാപന ജീവിതത്തിലെ റിട്ടയർമെന്റിനു ശേഷം തിരുവനന്തപുരത്തിനു തെക്കുള്ള ഗ്രാമപ്രദേശങ്ങളിൽ മിഷൻ വേലയും പത്തനംതിട്ട, വാളകം തുടങ്ങി നിരവധി പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തു. അധ്യാപകവൃത്തിക്കിടയിൽ തിരുവനന്തപുരം അതിരൂപതയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും ഞായറാഴ്ച്ചകളിലെ ശുശ്രൂഷകളിലും തിരുകർമ്മങ്ങളിലും സഹായിക്കാനായി സന്തോഷത്തോടെ കടന്നു ചെന്നിരുന്നു. കേൾവി കുറവുണ്ടായിരുന്നെങ്കിലും അതൊന്നും ശുശ്രൂഷയെ ബാധിച്ചിരുന്നില്ല.

ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ അച്ചന്റെയും പ്രാർത്ഥനയുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് തിരുവനന്തപുരം സർവോദയാ സ്കൂൾ. അതിന്റെ സ്ഥാപക പ്രിൻസിപ്പൽ ആയിരുന്ന അച്ചൻ മലങ്കര കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ മണ്ഡലത്തിൽ ചെയ്ത സേവനം അനുപമമാണ്. മലങ്കര കാത്തലിക് കോളേജുകളുടെ മാനേജരായും എഡ്യുക്കേഷണൽ ബോർഡിൽ അംഗമായും സേവനം ചെയ്ത അച്ചൻ അതിരൂപതാ അഡ്മിനിസ്ട്രേഷൻ കൗൺസിലിലും പ്രെസ്ബിറ്ററൽ കൗൺസിലിലും അംഗമായിരുന്നു. മനുഷ്യസ്നേഹിയായിരുന്ന അച്ചൻ തന്റെ സേവനകാലത്ത് സഭാസ്ഥാപനങ്ങളിൽ ധാരാളം ആളുകൾക്ക് ജോലി നൽകിയും സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്.

മലങ്കര മേജർ സെമിനാരിയുടെ ആദ്യ റെക്ടറായിരുന്ന അച്ചൻ സുദീർഘമായ കാലം വൈസ് റെക്ടറായും സേവനം ചെയ്ത് അനേകം വൈദീകരുടെ ജീവിതത്തിൽ അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വൈദീക ജീവിതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന അച്ചൻ അനേകരെ പൗരോഹിത്യ സന്യസ്ത ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ട്. അച്ചന്റെ പാത പിന്തുടർന്ന് ഇളയ സഹോദരനായ ബേബിയും വൈദീക ജീവിതത്തിലേക്ക് കടന്നു വന്നു, അദ്ദേഹമാണ് ബഥനി ആശ്രമാംഗമായ ദിവംഗതനായ ഫാ.അംബ്രോസ് മൂത്തേരിൽ. ജോർജ് അച്ചന് ജോയി, ബേബി (ഫാ.അംബ്രോസ് മൂത്തേരിൽ ഒ.ഐ.സി) എന്നീ രണ്ട് സഹോദരന്മാരും തങ്കമ്മ, കുഞ്ഞമ്മ എന്നീ രണ്ട് സഹോദരിമാരുമുണ്ട്.

1995 ജൂലൈ 16ന് ജോർജ് മൂത്തേരിൽ അച്ചൻ നിര്യാതനായി. ‘ഇന്ന് കർമ്മല മാതാവിന്റെ തിരുന്നാളാണല്ലോ’ എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം വിടവാങ്ങിയത്. അച്ചനെ ഇലന്തൂർ സെന്റ് പാട്രിക് ദേവാലയത്തിൽ കബറടക്കിയിരിക്കുന്നു. ബഹു. അച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘ഫാ. ജോർജ് മൂത്തേരിൽ എഡ്യുക്കേഷണൽ ട്രസ്റ്റ് ‌’ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

കടപ്പാട് : രാജു സഖറിയ മൂത്തേരിൽ (സഹോദര പുത്രൻ)
ജോഷ്വാ മാത്യു (കുടുംബാംഗം)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements
Fr Sebastian John Kizhakkethil

Email: fr.sebastiankizhakkethil@gmail.com

Leave a comment