നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക

ജോസഫ് ചിന്തകൾ 101

നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക…

 
ജോസഫ് വർഷത്തിലെ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനമാണിന്ന്. ദൈവപുത്രൻ്റെ മനഷ്യവതാര രഹസ്യത്തിൽ ഗോതമ്പുമണി പോലെ അഴിഞ്ഞില്ലാതായി തീർന്ന ഒരു പിതാവിൻ്റെ മരണതിരുനാൾ. നിശബ്ദമായി പിതാവിനടുത്ത ശുശ്രൂഷയിൽ ഈശോയെയും മറിയത്തെയും സംരക്ഷിച്ച നസറത്തിലെ ജോസഫ് തിരുകുടുംബത്തിലെ ഉത്തരവാദിത്വബോധമുള്ള നല്ല കുടുംബനാഥനായിരുന്നു. ദൈവ പിതാവിൻ്റെ ഹിതം ഭൂമിയിൽ യാഥാർത്ഥ്യമാക്കാൻ തെല്ലും വൈമനസ്യം കാണിക്കാത്ത നല്ലവനും വിശ്വസ്തനുമായ ശുശ്രൂഷകനായിരുന്നു നസറത്തിലെ ഈ മരപ്പണിക്കാരൻ.
 
യൗസേപ്പിലൂടെ ഈശോയെ മാന്യമായ രീതിയിൽ ലോകത്തിനു വെളിപ്പെടുത്തി കൊടുക്കാൻ ദൈവ പിതാവിനു സാധിച്ചു. അതുപോലെ തന്നെ മറിയത്തിൻ്റെ കന്യകാത്വത്തെ സംരക്ഷിക്കലും അവൻ്റെ ദൈവവിളിയുടെ ഭാഗമായിരുന്നു.
 
“എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.”(യോഹ 12 : 26 ) എന്ന ഈശോയുടെ വചനത്തിൻ്റെ ആദ്യ സാക്ഷാത്കാരം യൗസേപ്പിതാവായിരുന്നു. ഈ ഭൂമിയിൽ ദൈവപുത്രനെ ഒരു പിതാവിനടത്തുന്ന പരിചരണവും അധ്വാന ജിവിതത്തിൻ്റെ ബാലപാഠങ്ങളും യൗസേപ്പിതാവു പഠിപ്പിച്ചു. ഒരു യഥാർത്ഥ ദൈവ ശുശ്രൂഷകൻ്റെ ഏക ലക്ഷ്യം ദൈവമഹത്വമാണ്. സ്വന്തം പേരും പെരുമയും ഉയർത്തുക എന്നത് ദൈവവേലയുടെ ഭാഗമല്ല എന്നു യൗസേപ്പ് ഉറച്ചു വിശ്വസിച്ചിരുന്നു.
 
തൻ്റെ പ്രിയതമയായ മറിയത്തിനു വേണ്ടി സ്വന്തം സൽപ്പേര് നഷ്ടപ്പെടുത്താൻ പോലും തുനിഞ്ഞ നീതിമാനാണ് വിശുദ്ധ യൗസേപ്പിതാവ്. ദൈവ പിതാവിൻ്റെ വിശ്വസ്തനായ ശുശ്രൂഷനും ദൈവപുത്രൻ്റെ സ്നേഹനിധിയായ പിതാവുമായ യൗസേപ്പ് നമ്മുടെയും നല്ല പിതാവാണ്.
 
“തിരുമുറിവുകളുടെ മിസ്റ്റിക് ” (Mystic of the Holy Wounds) എന്നറിയപ്പെടുന്ന ദൈവദാസിയായ സി. മേരി മർത്താ ചാമ്പോണിനു നൽകിയ ഒരു ദർശനത്തിൽ യേശു തന്നെ സിസ്റ്ററിനോടു ” നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക, കാരണം ഞാൻ അവനു ഒരു പിതാവിൻ്റെ സ്ഥാനവും നന്മയും നൽകിയിരിക്കുന്നു.”
 
ഈ യാഥാർത്ഥ്യം മറക്കാതെ നമുക്കു സൂക്ഷിക്കാം. യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ പ്രാർത്ഥനകൾ
ആശംസകൾ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment