മൺമറഞ്ഞ മഹാരഥൻമാർ

Rev. Fr Daniel Ayyaneth (1924-2006)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Daniel Ayyaneth (1924-2006)

വിശുദ്ധ കുർബാനയിൽ നിന്നും ശക്തിയുൾക്കൊണ്ട അയ്യനേത്ത് ഡാനിയേൽ അച്ചൻ

ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് പുനരൈക്യപ്പെടുന്നതിന് ആറ് വർഷങ്ങൾക്ക് മുമ്പ് (1924) പത്തനംതിട്ടക്ക് അടുത്ത് പുത്തൻപീടികയിൽ വന്ദ്യനായ ഗീവർഗീസ് പീടികയിൽ അച്ചന്റെ നേതൃത്വത്തിൽ ധാരാളം ആളുകൾ കത്തോലിക്കാ സഭയിലേക്ക് കടന്നു വന്നിരുന്നു. അവരിൽ ഒരാളായിരുന്നു അയ്യനേത്ത് ഉമ്മൻ ഫീലിപ്പോസ് വാധ്യാർ. വിശ്വാസ സംബന്ധിയായ പുസ്തകങ്ങൾ വായിക്കുന്നതിൽ ശ്രദ്ധാലുവായിരുന്ന അദ്ദേഹം കർദ്ദിനാൾ ഗിബ്ബൺസ് രചിച്ച ‘പിതാക്കൻമാരുടെ വിശ്വാസം’ എന്ന ഗ്രന്ഥത്തിലൂടെ കത്തോലിക്കാ സഭയെക്കുറിച്ച് കൂടുതൽ പഠിച്ചു, പന്തളം മിഷന് നേതൃത്വം നൽകിയിരുന്ന ഗ്രിഗറി നരിക്കൽ അച്ചനുമായുള്ള സൗഹൃദവും ഇതിന് നിമിത്തമായി. പുത്തൻപീടിക ലത്തീൻ പള്ളിയിൽ അംഗമായിരുന്ന ഉമ്മൻ വാധ്യാർ പിന്നീട് മാർ ഈവാനിയോസ് തിരുമേനിയുടെ പുനരൈക്യപ്രസ്ഥാനവുമായി ബന്ധപ്പെടുകയും ചന്ദനപ്പളളിയിൽ തോമസ് പെരുമല അച്ചന്റെ നേതൃത്വത്തിൽ ഇടവക കൂട്ടായ്മ ആരംഭിക്കുന്നതിൽ സഹകാരിയായുകയും നരിയാപുരത്തിന് അടുത്ത് കുടമുക്കിൽ താമസമാക്കുകയും ചെയ്തു. പുനരൈക്യത്തിന്റെ ആദ്യനാളുകളിൽ കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നുമുള്ള എതിർപ്പുകളെ അതിജീവിച്ച് സത്യവിശ്വാസ പ്രഘോഷണത്തിനായി അദ്ധ്വാനിച്ച അദ്ദേഹത്തിന്റയും തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന ദാനിയേൽ മാർ പീലക്സിനോസ് പിതാവിന്റെ ഇളയമ്മയായ ഓമല്ലൂർ ആറ്റുപുറത്ത് ശോശാമ്മയുടെയും പുത്രനായി 1924 മാർച്ച്‌ 7ന് ഡാനിയേൽ അയ്യനേത്ത് അച്ചൻ ജനിച്ചു. തോമസ്, ചിന്നമ്മ, വർഗീസ്, പത്രോസ്, ജോസഫ് എന്നീ സഹോദരങ്ങളാണ് അച്ചനുള്ളത്.

കൈപ്പട്ടൂർ ഗവൺമെന്റ്‌ സ്കൂൾ, കറ്റാനം പോപ്പ് പയസ് Xl ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി മാതാപിതാക്കളിലൂടെ ലഭിച്ച വിശ്വാസത്തിന്റെയും സഭാസ്നേഹത്തിന്റെയും നന്മകൾ സ്വാംശീകരിച്ച് തന്റെ ജീവിതം അനേകർക്കായി സമർപ്പിക്കണം എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം പട്ടം മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. തുടർന്ന് കാൻഡി പേപ്പൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി അവിടെ വെച്ചു തന്നെ 1951 ഓഗസ്റ്റ് 24ന് വൈദിക പട്ടം സ്വീകരിച്ചു. മൈനർ സെമിനാരി കാലഘട്ടത്തിൽ മാർ ഈവാനിയോസ് പിതാവിനൊപ്പം താമസിക്കാനും (അന്ന് മൈനർ സെമിനാരിയും മെത്രാസന മന്ദിരവും ഒരുമിച്ചായിരുന്നു) സുറിയാനി ഭാഷയും ആരാധനക്രമവും അഭ്യസിക്കുവാനും പിതാവിന്റെ ശിക്ഷണത്തിൽ വളരുവാനും ഫിലിപ്പോസ് റമ്പാച്ചന്റെ പുനരൈക്യ തീക്ഷ്ണത അടുത്തറിയാനും സാധിച്ചു.

ആദ്യ നിയമനം തിരുവനന്തപുരം മൈനർ സെമിനാരി വൈസ് റെക്ടറായിട്ടായിരുന്നു. അവിടെ സുറിയാനി, ലത്തീൻ ഭാഷാ പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. പഠത്തിനായി അയച്ച ഗ്രിഗോറിയോസ് പിതാവ് തന്നെയാണ് മലയാള ഭാഷയോടുള്ള അച്ചന്റെ ആഭിമുഖ്യം തിരിച്ചറിഞ്ഞ് സാഹിത്യം പഠിക്കാൻ നിർദ്ദേശിച്ചതും. 1956-1964 കാലഘട്ടത്തിൽ മാർ ഈവാനിയോസ് കോളേജ് ലക്ചറർ, ഹോസ്റ്റൽ വാർഡൻ എന്നീ നിലകളിൽ അച്ചൻ സേവനം അനുഷ്ഠിച്ചു. 1964 മുതൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പ്രൊഫസർ, ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ്‌ (HOD) എന്നീ തസ്തികകളിൽ ജോലി ചെയ്ത അച്ചൻ കോളേജ് പ്രിൻസിപ്പലായിരിക്കെ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചു.

കിഴക്കേത്തെരുവ്, കുന്നപ്പുഴ, തിരുമല, കുണ്ടമൺകടവ്, കാഞ്ഞിരംപാറ, അഞ്ചാമട, കാവടിത്തല, മരിയാഗിരി, ആദിച്ചവിളാകം, അരുവാൻകോട്, അഞ്ചൽ, മീങ്കുളം, ഏരൂർ, ഏഴംകുളം, കുളത്തൂപ്പുഴ, പനയം, നിലമേൽ, കരവാളൂർ, തഴമേൽ, പുന്നമൂട്, കുടശ്ശനാട്, ഓടനാവട്ടം, കായംകുളം, പെരിങ്ങാല, പൂയപ്പള്ളി എന്നീ ഇടവകകളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, അഞ്ചൽ പരിസരങ്ങളിലായി ഇരുപതോളം മിഷനുകളിൽ വിവിധ ശുശ്രൂഷകൾ അച്ചൻ നിർവ്വഹിച്ചിട്ടുമുണ്ട്. തിങ്കൾകരിക്കം ഇടവകാംഗമായ റെഞ്ചി മണിപ്പറമ്പിൽ അച്ചൻ, ശാരീരിക അസ്വസ്ഥതകൾക്കും പ്രായത്തിന്റെ അവശതകൾക്കും നടുവിലും പതിവായി ക്രിസ്മസ്, ഹാശാ ശുശ്രൂഷകൾക്കായും ഞായറാഴ്ച്ച കുർബാനകൾക്കായും അനേക വർഷം വിവിധ വികാരി അച്ചൻമാരെ സഹായിക്കാനായി കടന്നു വരുന്ന പണ്ഡിതനായ ഡാനിയേൽ അച്ചനെ അനുസ്മരിക്കുന്നത് ഏറ്റവും സൗമ്യതയോടെ വിശ്വാസ സമൂഹത്തോട് സഹകരിച്ചിരുന്ന, ആരാധനാകാര്യങ്ങളിൽ നിഷ്ഠയുള്ള, വിശുദ്ധ കുർബാന ഏറ്റവും ഭക്തിയോടെ അർപ്പിക്കുന്ന പുരോഹിതൻ എന്നാണ്.

ശിഷ്യഗണങ്ങളുടെ മുമ്പിൽ വിനയാന്വിതനും സമചിത്തനുമായ ഒരു മാതൃകാദ്ധ്യാപകൻ ആയിരുന്നു ഡാനിയേൽ അച്ചൻ. വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും തികഞ്ഞ ആത്മാർത്ഥതയും സ്നേഹവും അച്ചന്റെ കൈമുതലായിരുന്നു. ജീവിതത്തിലുടനീളം ലളിത ജീവിതം നയിച്ചിരുന്ന അച്ചൻ കോളേജ് പ്രിൻസിപ്പളായിരുന്നപ്പോഴും അതിന് ഭേദം വരുത്തിയിരുന്നില്ല. സൗമ്യവും മനുഷ്യത്വം നിറഞ്ഞതുമായ സമീപനത്തിലൂടെ ആളുകളെ തന്നിലേക്ക് ആകർഷിച്ചിരുന്നു.

മലയാള ഭാഷയുടെ പുരോഗതിയിലും ഭാഷാഗവേഷണപ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്ന അച്ചൻ മലയാള ഭാഷയേയും സാഹിത്യത്തെയും ഏറെ സ്നേഹിക്കുകയും ചെയ്തിരുന്നു. അൻപത് സുവർണ്ണ സുഭാഷിതങ്ങൾ, സഹനത്തിന്റെ ഏഴ് വാളുകൾ എന്നീ പുസ്തകങ്ങൾ രചിക്കാൻ അച്ചന് സാധിച്ചു. ഹാശാ ആഴ്ചയിലെ പ്രുമിയോൻ – സെദറായിലെ നീണ്ട പ്രാർത്ഥനകൾ അർത്ഥവ്യത്യാസം വരുത്താതെ വിശ്വാസികൾക്ക് മനസ്സിലാകത്തക്ക വിധത്തിൽ ലഘുവായി പരിഷ്കരിച്ചത് ഡാനിയേൽ അച്ചനാണ്. ദൈവവചന വ്യാഖ്യാനത്തിൽ അസാമാന്യ സിദ്ധിയുണ്ടായിരുന്ന അച്ചൻ അറിയപ്പെടുന്ന ധ്യാനഗുരുവും വചന പ്രഘോഷകനുമായിരുന്നു.

ആർഭാടങ്ങളും അലമുറകളും ഇല്ലാത്ത ഒരു വലിയ വ്യക്തിത്വത്തിന്റെ ഉടമയായ അച്ചൻ ശാന്തമായും വളരെ നിഷ്കളങ്കമായും എല്ലാവരോടും ഇടപെട്ടിരുന്നു. അച്ചൻ ഗ്രീഗോറിയോസ് പിതാവിന്റെ ജൂനിയറും തിരുവല്ല പിതാവായിരുന്ന ഗീവർഗീസ് മാർ തിമോത്തിയോസ് തിരുമേനിയുടെ സഹപാഠിയുമായിരുന്നു. ചന്ദനപ്പള്ളിയിൽ നിന്നും ആദ്യമായി കത്തോലിക്ക വൈദികനാകുന്നത് ഡാനിയേൽ അച്ചനാണ്. അച്ചന്റെ പാത പിന്തുടർന്ന് നിരവധി വൈദികർ ചന്ദനപ്പള്ളിയിൽ നിന്നു പൗരോഹിത്യ സന്യസ്ത ജീവിതത്തിലേക്ക് കടന്നു വന്നു. ബഥനി ആശ്രമാംഗമായ ജോർജ് അയ്യനേത്ത് അച്ചൻ ഇളയ സഹോദരനായ ജോസഫിന്റെ മകനും ഇപ്പോൾ അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. നോബി അയ്യനേത്ത് മൂത്ത സഹോദരൻ തോമസിന്റെ കൊച്ചുമകനുമാണ്.

1990 മുതൽ അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ ചാപ്ലയിൻ എന്ന നിലയിൽ ആത്മീയ ശുശ്രൂഷയും രോഗീശുശ്രൂഷയും അച്ചൻ നിർവ്വഹിച്ചിരുന്നു. എന്നും
രാവിലെ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ നിന്നുള്ള ശക്തിയാണ് ജീവിതത്തെ വഴി നടത്തുന്നത് എന്ന് മലങ്കര ബാലൻ മാസികയുടെ (മലങ്കര ബാലൻ 1998 ഡിസംബർ) അഭിമുഖത്തിൽ പ്രസ്താവിക്കുന്ന അച്ചനെക്കുറിച്ച് ജീവിതത്തിന്റെ അന്ത്യനാളുകളിൽ ഒപ്പമുണ്ടായിരുന്ന ഫാ. ബോബി മലഞ്ചരുവിൽ അനുസ്മരിക്കുന്നത് തന്റെ രോഗാവസ്ഥയിലും ശാരീരിക അസ്വസ്ഥതകൾക്കിടയിലും എന്നും വിശുദ്ധ കുർബാന ഭക്തിയോടെ അർപ്പിക്കുന്നതിൽ നിഷ്ഠ പുലർത്തിയിരുന്ന പുരോഹിത ശ്രേഷ്ഠൻ എന്നതാണ്.

സെന്റ് ജോൺസ് മിഷൻഹോസ്പിറ്റൽ അഞ്ചലിൽ വിശ്രമ ജീവിതം നയിച്ച അദ്ദേഹം 2006ൽ തന്റെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഡാനിയേലിന്റെ ഓർമ്മത്തിരുനാൾ ദിവസം ഒക്ടോബർ 10ന് സ്വർഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു. മാതൃദേവാലയമായ ചന്ദനപ്പള്ളിയിൽ ഇടവകയുടെ ആദ്യ പുരോഹിതനെ കബറടക്കി.

കടപ്പാട് : അഡ്വ. തോമസ് ജോസ് അയ്യനേത്ത്‌ (അച്ചന്റെ സഹോദര പുത്രൻ )

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s