പുലർവെട്ടം 506

{പുലർവെട്ടം 506}

 
“മരയ്ക്കാരേ, നിങ്ങൾക്ക് ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാനുണ്ട്. അല്ല, പതിനഞ്ചു റുപ്പികയും നാലണയും.”
“വെള്ളായി ഈ യാത്രയിൽ അതിനെക്കുറിച്ച് ഓർക്കരുത്.”
“മരയ്ക്കാരേ, ഇനിയൊരിക്കലും എനിക്കത് വീട്ടാൻ കഴിഞ്ഞെന്ന് വരില്ല.”
“വീടാത്ത കടങ്ങൾ പടച്ചവൻ്റെ സൂക്ഷിപ്പുകളാണ്. അത് അങ്ങനെതന്നെയിരിക്കട്ടെ.”
(കടൽത്തീരത്ത്, ഒ. വി. വിജയൻ)
 
പൂരിപ്പിക്കുക,
ഞങ്ങളോട്……… ചെയ്യുന്നവരോട് ഞങ്ങള് ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ ………. ഞങ്ങളോടും ക്ഷമിക്കണമെ
(എ) തെറ്റുകൾ (ബി) പാപങ്ങൾ (സി) കടങ്ങൾ
 
ഏത് പദമാണ് ഉപയോഗിക്കേണ്ടതെന്നതിന് സത്യത്തിൽ ഒരു തർക്കത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പദാനുപദം അച്ചട്ടായി, ഉരുവിടേണ്ട ഇതിനെ യേശു ഗണിച്ചിട്ടുപോലുമുണ്ടാവില്ല. പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ഇത് പ്രാർത്ഥിക്കൂ എന്നല്ല ഇപ്രകാരം പ്രാർത്ഥിക്കുക എന്നുതന്നെയായിരുന്നു ആമുഖവരി. ഒരു മനോഭാവം എന്ന നിലയിൽ രൂപപ്പെടേണ്ട ചില കാര്യങ്ങളെയാണ് ആത്യന്തികമായി അയാൾ ശ്രദ്ധിച്ചതെന്നു സാരം.
 
വിവിധ പാരമ്പര്യങ്ങളിൽ upbring ചെയ്യപ്പെട്ടർ ചില പ്രത്യേക പദങ്ങളോട് കൂടുതൽ മമത പുലർത്തുന്നതായി നിരീക്ഷിക്കപ്പെടുന്നു. Presbyterian പാരമ്പര്യത്തിൽ കൂടുതലും ‘കടങ്ങളാണ്’ ഉപയോഗിക്കപ്പെടുന്നത്. ആംഗ്ലിക്കൻ Methodist Catholic പാരമ്പര്യങ്ങളിൽ തെറ്റുകൾ / അപരാധങ്ങൾ എന്നും എക്യുമിനിക്കൽ ആരാധനക്രമത്താൽ സ്വാധീനിക്കപ്പെട്ട താരതമ്യേന ആധുനികമായ സഭാസമൂഹങ്ങൾ പാപങ്ങൾ എന്ന പദവുമാണ് ഉപയോഗിക്കാൻ താത്പര്യപ്പെടുന്നത്.
 
പിന്നീട് വിവർത്തനങ്ങൾക്ക് ആധാരമായ ആ പുരാതന ഗ്രീക്ക് കയ്യെഴുത്തുപ്രതിയിൽ ഉപയോഗിക്കുന്ന opheilema എന്ന പദത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത് കടങ്ങൾ എന്ന വിവർത്തനമാണ്. അതാവട്ടെ പാശ്ചാത്യർ മനസ്സിലാക്കിയതുപോലെ സാമ്പത്തികമായ ചില ബാധ്യതകളുടെ പരിഹാരമോ ധാർമ്മികമായ ഉത്തരവാദിത്വമോ മാത്രമായിരുന്നില്ല. അത് അതിനേക്കാൾ സമഗ്രവും അഗാധവുമായ ഒരു പദമാണ്. ഒരു ഭാരതീയബോധത്തിന് അതെളുപ്പം പിടുത്തം കിട്ടും. ഋണങ്ങൾ എന്ന സംജ്ഞയാണത്.
 
മറ്റൊരാളുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി ഒരാൾ അർപ്പിക്കേണ്ട നേരവും അധ്വാനവും ക്ലേശവുമൊക്കെ ആ പദത്തിൽ സംഗ്രഹിക്കപ്പെടുന്നുണ്ട്. അത് മറന്നുപോവുകയോ അവഗണിക്കുകയോ ചെയ്താൽ എല്ലാവരും കടക്കാർ തന്നെ. Owe no man anything എന്ന് പൗലോസ് എഴുതുമ്പോൾ കേവലം പണം മടക്കിക്കൊടുക്കലിൻ്റെ കഥയായി മാത്രം ആരും ഗണിക്കുന്നില്ല.
 
ഞങ്ങൾക്ക് അർഹതപ്പെട്ട കടങ്ങളും ഞങ്ങൾ വീട്ടേണ്ട കടങ്ങളുമുണ്ട്. അപരർ ഞങ്ങളോട് കാട്ടിയ പാളിച്ചകൾ കുലീനമായി വിട്ടുകളയാൻ കഴിഞ്ഞു എന്നത് തന്നെയാണ് നിന്റെ മാപ്പിനുവേണ്ടി സന്നിധിയിൽ വരുവാൻ ഞങ്ങൾക്കുള്ള ഏകധൈര്യം.
 
ഞങ്ങൾ പൊറുത്തതുപോലെ ഞങ്ങളോടും പൊറുക്കേണമേ. അപകടം പിടിച്ച കളിയാണിത്. ഉപാധികളില്ലാത്ത ഒരു പുസ്തകമായിട്ടാണ് പൊതുവേ പുതിയ നിയമം കരുതപ്പെടുന്നത്. എന്നാൽ ഇവിടെ കഥയങ്ങനെയല്ല. കയ്പ്പില്ലാതെ, വെറുപ്പില്ലാതെ നിൽക്കുന്നൊരാൾക്ക് മാത്രമേ ഈ പ്രാർത്ഥന ചങ്കുറപ്പോടെ ചൊല്ലാൻ അവകാശമുള്ളൂ.
 
ഒരു കിറുക്കൻ യാത്ര പതുക്കെ കിനാവു കാണാവുന്നതാണ്. പലകാലങ്ങളായി നമ്മളോട് unfair ആയി വർത്തിച്ചുവെന്ന് ഉള്ളിൽ പതിഞ്ഞ മനുഷ്യരുടെ ഒരു പട്ടികയെടുക്കുക. അവരെയോരോരുത്തരെയായി പോയി കാണുക. എന്നിട്ട് ഖുർആനിലെ അള്ളാ ഓരോ സന്ധ്യയ്ക്കും ഭൂമിയിലേക്ക് ഉറ്റുനോക്കി ചോദിക്കുന്നത് പോലെ കണ്ണുനിറഞ്ഞ് കരംകോർത്ത് ചെവിയിൽ മന്ത്രിക്കുക : കൂട്ടുകാരാ / കൂട്ടുകാരീ നിനക്ക് എൻ്റെ മാപ്പ് വേണ്ടേ?
 
പോയതിനേക്കാൾ കനമില്ലാത്തൊരു മനുഷ്യനായി നിങ്ങൾ തിരികെയെത്തും. അതിനുശേഷമാണ് ഭൂമിയുടെ പ്രാർത്ഥനകളൊക്കെ വിശുദ്ധ ധൂപം പോലെ ആകാശങ്ങളിലേക്ക് ഉയരാൻ പോകുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Leave a comment