പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 236

ജോസഫ് : സ്വർഗ്ഗീയ പിതാവിൻ്റെ സന്നിധിയിലെ ശക്തനായ മദ്ധ്യസ്ഥൻ

 
ദിവ്യരക്ഷകാ സന്യാസസഭയുടെ സ്ഥാപകനും വേദപാരംഗതനുമായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ഓർമ്മദിനമാണ് ആഗസ്റ്റ് ഒന്നാം തീയതി.
 
ദൈവം ബൈലോക്കേഷൻ (ഒരേ സമയം രണ്ടു സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള സിദ്ധി) എന്ന വലിയ കൃപ നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു നിരീക്ഷണമായിരിക്കട്ടെ ഇന്നത്തെ നമ്മുടെ ജോസഫ് ചിന്ത.
 
“ദൈവം, അവൻ നമ്മോടു കാണിക്കുന്ന വലിയ സ്നേഹത്താൽ നമ്മൾ രക്ഷപ്പെട്ടു എന്നു കാണാൻ അവനു വലിയ ആഗ്രഹമുണ്ട്. രക്ഷാ മാർഗ്ഗങ്ങൾക്കിടയിൽ വിശുദ്ധരോടുള്ള ഭക്തിയുടെ പരിശീലനം അവൻ നമുക്കു നൽകി. അവൻ്റെ സുഹൃത്തുക്കളായ വിശുദ്ധർ നമുക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കണമെന്നുള്ളതു അവൻ്റെ ഹിതമാണ്. അവരുടെ യോഗ്യതകളാലും പ്രാർത്ഥനകളാലും നമുക്കു അർഹിക്കാത്ത കൃപകൾ ലഭിക്കുമെന്നതാണ് അവൻ്റെ ആഗ്രഹം. ദൈവമാതാവായ മറിയത്തിനു ശേഷം വിശുദ്ധ യൗസേപ്പിതാവിനെയാണ് എല്ലാ വിശുദ്ധന്മാരുടെ ഇടയിൽ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ. അതിനാൽ വിശുദ്ധ യൗസേപ്പിതാവിനു സ്വർഗ്ഗീയ പിതാവിൻ്റെ മുമ്പിൽ വലിയ സ്ഥാനമുണ്ട് തൻ്റെ ഭക്തർക്ക് വലിയ കൃപ നേടികൊടുക്കുവാൻ അവനു കഴിയും.”
 
ഈ സത്യം മനസ്സിലാക്കിയ ലിഗോരി പുണ്യവാൻ ഒരു യൗസേപ്പിതാവിനോടുള്ള ഒരു സമർപ്പണ പ്രാർത്ഥന രചിക്കുകയുണ്ടായി അതു താഴെ ചേർക്കുന്നു.
 
ഏറ്റവും പരിശുദ്ധ യൗസേപ്പിതാവേ, പിതാവേ, സ്വർഗ്ഗവും ഭൂമിയും അനുസരിക്കാൻ അധികാരമുള്ള, ദൈവപുത്രൻ്റെ വളർത്തു പിതാവായി നിന്നെ ഉയർത്തിയ വലിയ മഹത്വത്തിൽ ഞാൻ സന്തോഷിക്കുന്നു.
 
എൻ്റെ വിശുദ്ധനായ മദ്ധ്യസ്ഥനേ, ഈശോ തന്നെ നിന്നെ പിതാവായി ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനാൽ ഞാനും എന്നെത്തന്നെ നിൻ്റെ ശുശ്രൂഷക്കായി സ്വയം നൽകാൻ ആഗ്രഹിക്കുന്നു.
 
പരിശുദ്ധ മറിയം കഴിഞ്ഞാൽ നിന്നെ എൻ്റെ പ്രധാന മധ്യസ്ഥനും സംരക്ഷകനുമായി ഞാൻ തിരഞ്ഞെടുക്കുന്നു. എല്ലാ ദിവസവും സവിശേഷമായ ഭക്തിയോടെ നിന്നെ ആദരിക്കുമെന്നും നിൻ്റെ സംരക്ഷണത്തിനു എന്നെത്തന്നെ ഭരമേല്പിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.
 
ഈ ഭൂമിയിലെ നിൻ്റെ ജീവിതത്തിൽ ഈശോയുടെയും മറിയത്തിൻ്റെയും മാധുര്യമുള്ള സഹവാസം നീ ആസ്വദിച്ചതുപോലെ അവരോടൊപ്പം എപ്പോഴും അടുത്തു ജീവിക്കാനും കൃപ നഷ്ടപ്പെടുത്തി ദൈവത്തിൽ നിന്ന്‌ ഒരിക്കലും വേർപെടാതിരിക്കുവാനും എന്നെ അനുവദിച്ചാലും.
 
നിൻ്റെ മരണസമയത്തു ഈശോയുടെയും മറിയത്തിൻ്റെയും സഹായം സ്വീകരിച്ചു നീ ഭാഗ്യ മരണം പ്രാപിച്ചതുപോലെ എൻ്റെ മരണസമയത്തും ഈശോയുടെയും മറിയത്തിൻ്റെയും സാന്നിധ്യവും സംരക്ഷണവും നൽകണമേ, അതുവഴി പറുദീസയിൽ ഒരു ദിവസം നിനക്കു നന്ദി പറയാനും നിന്നോടൊരുമിച്ചു ദൈവത്തെ നിത്യതയിൽ സ്നേഹിക്കുവാനും സ്തുതിക്കുവാനും ഇടവരുത്തണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements

Leave a comment