ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 286
ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്
 
ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിലെ മിറ്റൻവാൾഡ് (Mittenwald) എന്ന സ്ഥലത്തുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ചെറിയ യൗസേപ്പ് കപ്പേളയിലെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം .1689 കേവലം കുരിശടി മാത്രമായിരുന്ന ഈ ചെറിയ കപ്പേള 2000-2002 വർഷങ്ങളിൽ നവീകരിക്കുകയും യൗസേപ്പിതാവിൻ്റെയും ഉണ്ണിശോയുടെയും ചിത്രം സ്ഥാപിക്കുകയും ചെയ്തു.
 
ഈ ചിത്രത്തിലെ യൗസേപ്പിതാവിൻ്റെ മുഖഛായ ഈശോയുടെതു പോലെയാണ്. ആശാരിപ്പണി എടുക്കുന്നതിനിടയിൽ യൗസേപ്പിതാവ് ഉണ്ണീശോയെ മടിയിലിരുത്തി അല്പം ലാളിക്കുന്നു. അധ്വാനത്തിൻ്റെ ക്ഷീണം യൗസേപ്പിതാവിൻ്റെ മുഖത്തുണ്ടെങ്കിലും ഈശോയെ പരിചരിക്കാൻ ആ നല്ല പിതാവ് സമയം കണ്ടെത്തുന്നു. ജോലിത്തിരക്കുകൾക്കിടയിൽ മക്കളോടുള്ള കടമ മറക്കുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ചിത്രം.
 
യൗസേപ്പിതാവിൻ്റെ അരയിൽ കെട്ടിയിരിക്കുന്ന ചരടിൽ ഉണ്ണീശോ പിടിച്ചിരിക്കുന്നു. അവർ തമ്മിലുള്ള ആന്തരിക ബന്ധത്തിൻ്റെ അടയാളമാണത്. യൗസേപ്പിതാവിൻ്റെ കൈവശം കാണുന്ന ലില്ലിപുഷ്പം ഈ ചിത്രത്തിൽ ഉണ്ണീശോയാണ് പിടിച്ചിരിക്കുന്നത്. തൻ്റെ വളർത്തു പിതാവിൻ്റെ പരിശുദ്ധിയും നിർമ്മലതയും ഉണ്ണീശോ ലോകത്തോടു പ്രഘോഷിക്കുകയാണിവിടെ.
 
നമ്മൾ കണ്ടു ശീലിച്ച ഈശോയുടെ പരസ്യ ജീവിതത്തിലെ മുഖത്തിനു ഈ ചിത്രത്തിലെ യൗസേപ്പിതാവിൻ്റെ മുഖഛായയാണ്. ദൈവഹിതം പരാതിയോ പരിഭവമോ ഇല്ലാതെ അനുസരിച്ച് അതു നിറവേറ്റി ജീവിച്ച യൗസേപ്പിതാവിനു ദൈവ പിതാവു നൽകിയ അംഗീകാരമായി യൗസേപ്പിതാവിൻ്റെ ഈ മുഖത്തെ നമുക്കു കാണാൻ കഴിയും.
 
യൗസേപ്പിതാവിൻ്റെ പക്കൽ അണയുന്നവർ അവസാനം ഈശോയുടെ പക്കൽ എത്തും എന്ന വലിയൊരു സന്ദേശവും ഈ ചിത്രം നൽകുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
St. Joseph
Advertisements

Leave a comment