Nombukalam Sunday Holy Qurbana Text / Holy Mass Text SyroMalabar Rite, Nombukalam

വി. കുർബാന | സീറോ മലബാർ ക്രമം | നോമ്പുകാലം ഞായർ

(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)

നോമ്പുകാലം ഞായറാഴ്ച്ച കുർബാനക്രമം

കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പനപോൽ
തിരുനാമത്തിൽ ചേർന്നിടാം
ഒരുമയോടീബലിയർപ്പിക്കാം.

സമൂഹം: അനുരഞ്ജിതരായി തീർന്നിടാം
നവമൊരു പീഡമൊരുക്കീടാം
ഗുരുവിൻ സ്നേഹമോടീയാഗം
തിരുമുൻപാകെയണച്ചീടാം

കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽ
സർവ്വേശനു സ്തുതിഗീതം  (3)

സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തി
പ്രത്യാശയുമെന്നേക്കും (3)

അല്ലെങ്കിൽ

കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)

സമൂഹം: ആമ്മേൻ.

കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
പരിശുദ്ധൻ നീ പരിശുദ്ധൻ.

സമൂഹം: സ്വർഗ്ഗസ്ഥിതനാം താതാ നിൻ
സ്തുതിതൻ നിസ്തുല മഹിമാവാൽ
ഭൂസ്വർഗ്ഗങ്ങൾ നിറഞ്ഞു സാദാ
പാവനമായി വിളങ്ങുന്നു.

മാനവ വാനവ വൃന്ദങ്ങൾ
ഉദ്ഘോഷിക്കൂ സാമോദം
പരിശുദ്ധൻ നീ എന്നെന്നും
പരിശുദ്ധൻ നീ പരിശുദ്ധൻ.

സ്വർഗ്ഗസ്ഥിതനാം താതാ നിൻ
നാമം പൂജിതമാകണമേ
നിൻ രാജ്യം വന്നീടണമേ
നിൻ ഹിതമിവിടെ ഭവിക്കണമേ.

സ്വർഗ്ഗത്തെന്നതു പോലുലകിൽ
നിൻ ചിത്തം നിറവേറണമേ
ആവശ്യകമാം ആഹാരം
ഞങ്ങൾക്കിന്നരുളീടണമേ.

ഞങ്ങൾ കടങ്ങൾ പൊറുത്തതുപോൽ
ഞങ്ങൾക്കുള്ള കടം സകലം
പാപത്തിൻ കടബാധ്യതയും
അങ്ങ് കനിഞ്ഞു പൊറുക്കേണമേ.

ഞങ്ങൾ പരീക്ഷയിൽ ഒരുനാളും
ഉൾപ്പെടുവാനിടയാകരുതേ
ദുഷ്ടാരൂപിയിൽ നിന്നെന്നും
ഞങ്ങളെ രക്ഷിച്ചരുളണമേ.

എന്തെന്നാലെന്നാളേക്കും
രാജ്യം ശക്തി മഹത്വങ്ങൾ
താവകമല്ലോ കർത്താവേ
ആമ്മേനാമ്മേനെന്നേക്കും.

അല്ലെങ്കിൽ

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ തിരുക്കുമാരന്റെ രക്ഷാകര രഹസ്യങ്ങളിൽ ഞങ്ങളെ പങ്കുകാരാക്കിയതിന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. പാപംമൂലം അങ്ങിൽനിന്ന് അകന്നുപോയ ഞങ്ങൾ അനുതപിക്കുന്ന ഹൃദയത്തോടെ തിരുസന്നിധിയിലണയുന്നു. എളിമയോടും ഹൃദയ വിശുദ്ധിയോടും കൂടെ പാപപ്പരിഹാരത്തിന്റെയും കൃതജ്ഞതയുടെയും ഈ ബലിയർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

സങ്കീർത്തനം

കാർമ്മി: കരുണാമയനാം തിരു നാഥൻ
കൃപതന്നക്ഷയ നിക്ഷേപം
ദയതൻ വിളനിലമവനല്ലോ
ക്ഷമ തൻ വാരിധിയെന്നാളും.

സമൂഹം: നരരക്ഷകനാം മിശിഹായേ
തുണ നീ ഞങ്ങൾക്കേകണമേ.
പാവനമാം നിൻ നാമത്താൽ
പാപവിമോചനമേകണമേ.

വീഴുന്നവരെ കനിവോടെ
നാഥൻ താങ്ങിനിറുത്തുന്നു.
നിപതിച്ചവരാമഖിലരെയും
സദയം താങ്ങിയുയർത്തുന്നു.

ഉള്ളുതുറന്നു വിളിക്കുമ്പോൾ
നാഥനടുത്തുണ്ടതു കേൾക്കാൻ.
അഗതികളെയവനലിവോടെ
നിത്യം കാത്തരുളീടുന്നു.

പൊട്ടി നുറുങ്ങിയ മനസ്സുകളിൽ
ദൈവം സൗഖ്യം പകരുന്നു.
ആകുലമാകെയകറ്റിയവൻ
ശാന്തി ജനത്തിനു നൽകുന്നു.

താതനുമതുപോലാത്മജനും
റൂഹായ്ക്കും സ്തുതി എന്നേക്കും.
ആദിമുതൽക്കെന്നതുപോലെ
ആമ്മേനാമ്മേനനവരതം.

അല്ലെങ്കിൽ

കാർമ്മി: കർത്താവ് ദയാലുവും കരുണാമയനുമാകുന്നു;
ക്ഷമാശീലനും കൃപാനിധിയുമാകുന്നു.

സമൂഹം: (കാനോന) ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഞങ്ങളെ സഹായിക്കണമേ;
അങ്ങയുടെ തിരുനാമത്തെ പ്രതി
ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.

കാർമ്മി: വീഴുന്നവരെ അവിടുന്ന് താങ്ങുന്നു.
വീണവരെ എഴുന്നേല്പിക്കുന്നു.

സമൂഹം:  ആത്മാർത്ഥമായി തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്
കർത്താവ് സമീപസ്ഥനാകുന്നു.

കാർമ്മി:  കർത്താവ് നീതിമാന്മാരെ സ്നേഹിക്കുന്നു;
അഗതികളെ പരിപാലിക്കുന്നു.

സമൂഹം:  ഹൃദയം തകർന്നവരെ അവിടുന്ന് സുഖപ്പെടുത്തും;
അവരുടെ വ്യഥകൾ ഇല്ലാതാക്കും.

കാർമ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

സമൂഹം: ആദിമുതൽ എന്നേക്കും, ആമ്മേൻ.

കാർമ്മി:  (കാനോന) ഞങ്ങളുടെ രക്ഷകനായ ദൈവമേ,
ഞങ്ങളെ സഹായിക്കണമേ;
അങ്ങയുടെ തിരുനാമത്തെ പ്രതി
ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻറെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ. സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടി ചൂടി നിൽക്കുന്ന സഭയിൽ നിരന്തരം അങ്ങയെ സ്തുതിക്കാനും മഹത്വപ്പെടുത്താനും ഞങ്ങൾ യോഗ്യരാകട്ടെ. എന്തുകൊണ്ടെന്നാൽ, അങ്ങ് എല്ലാറ്റിൻറെയും സൃഷ്ടാവാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

ഗായകർ | സമൂഹം: സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

വചനവേദിയിലുള്ളവർ: കർത്താവേ, അങ്ങേക്കു നന്ദി പറയുന്നത് ഉത്തമമാകുന്നു;

അത്യുന്നത അങ്ങയുടെ നാമം പ്രകീർത്തിക്കുന്നതും.

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ഗായകർ | സമൂഹം: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി;

ആദിമുതൽ എന്നേക്കും, ആമ്മേൻ.

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: എന്റെ കർത്താവേ നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിർപ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. ഞങ്ങൾ എപ്പോഴും നിനക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ

ശുശ്രൂഷി: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

ഗായകർ | സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

വചനവേദിയിലുള്ളവർ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

ഗായകർ | സമൂഹം: ആദിമുതൽ എന്നേക്കും, ആമ്മേൻ.

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ.

ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി: വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

പഴയനിയമ വായനകൾ

>>> ഇന്നത്തെ വായനകൾ അറിയാൻ >>>

ഒന്നാം വായന

ശുശ്രൂഷി: സഹോദരരേ നിങ്ങൾ ഇരുന്ന് ശ്രദ്ധയോടെ കേൾക്കുവിൻ.
… പുസ്തകത്തിൽ നിന്നുള്ള വായന

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.

അല്ലെങ്കിൽ

കാർമ്മി: തൻറെ പ്രബോധനത്താൽ നമ്മെ ജ്ഞാനികളാക്കുന്ന സകലത്തിന്റെയും നാഥനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുത്തെ കൃപ നിന്നിലും + നിന്നെ കേൾക്കുന്നവരിലും നിരന്തരം വർഷിക്കപ്പെടട്ടെ.

വായന കഴിയുമ്പോൾ

സമൂഹം: ദൈവമായ കർത്താവിനു സ്തുതി.

രണ്ടാം വായന

ശുശ്രൂഷി: സഹോദരരേ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ.
… പുസ്തകത്തിൽ നിന്നുള്ള വായന
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: ദൈവം + അനുഗ്രഹിക്കട്ടെ.

അല്ലെങ്കിൽ

കാർമ്മി: തൻറെ പ്രബോധനത്താൽ നമ്മെ ജ്ഞാനികളാക്കുന്ന സകലത്തിന്റെയും നാഥനായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. അവിടുത്തെ കൃപ നിന്നിലും + നിന്നെ കേൾക്കുന്നവരിലും നിരന്തരം വർഷിക്കപ്പെടട്ടെ.

വായന കഴിയുമ്പോൾ

സമൂഹം: ദൈവമായ കർത്താവിനു സ്തുതി.

ശുശ്രൂഷി: പ്രകീർത്തനം / ശൂറായ ആലപിക്കാനായി നിങ്ങൾ എഴുന്നേൽക്കുവിൻ.

കാർമ്മി: അംബരമനവരതം
ദൈവമഹത്വത്തെ
വാഴ്ത്തിപ്പാടുന്നു.
ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ജനത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.

ശുശ്രൂഷി: തൻ കരവിരുതല്ലോ
വാനവിതാനങ്ങൾ
ഉദ്ഘോഷിക്കുന്നു.

സമൂഹം: ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ജനത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.

കാർമ്മി: നിത്യ പിതാവിനും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ

സമൂഹം: ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ജനത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.

ശുശ്രൂഷി: ആദിയിലെപ്പോലെ
ഇപ്പോഴുമെപ്പോഴും
എന്നേക്കും ആമ്മേൻ.

സമൂഹം: ദിവ്യാത്മാവിൻ ഗീതികളാൽ
ഹല്ലേലൂയ്യ ഗീതികളാൽ
ധന്യൻ തോമാശ്ലീഹാതൻ
(കർത്താവിൻ തിരു ജനത്തിൻ)
നിർമ്മലമാകുമനുസ്മരണം
കൊണ്ടാടാം ഇന്നീ വേദികയിൽ.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.
നമുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാർമ്മി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ

ലേഖനം
ശുശ്രൂഷി: സഹോദരരേ…… ശ്ലീഹാ എഴുതിയ ലേഖനം

(കാർമ്മികന് നേരെ തിരിഞ്ഞു യാചിക്കുന്നു )
ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: മിശിഹാ + അനുഗ്രഹിക്കട്ടെ.

>>> ഇന്നത്തെ വായനകൾ അറിയാൻ >>>

(ജനങ്ങൾക്ക് നേരെ തിരിഞ്ഞു വായിക്കുന്നു)
(വായനക്ക് ശേഷം )
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

ശുശ്രൂഷി: ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ.

ഹല്ലേലൂയ്യാ ഗീതം

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

കർത്താവേ, ഞാനെന്നുടെ കൈകൾ
നിന്നുടെ കൃപയാൽ നിർമ്മലമാക്കി.

താവക സ്തുതികൾ ഉയർത്തി നിതാന്തം
നിൻ ബലിപീഠം ചുറ്റിവണങ്ങി.

നിന്നുടെയാലയ ശുശ്രൂഷകളും
സിംഹാസനവും സ്നേഹിപ്പൂ ഞാൻ

താതനുമതുപോൽ സുതനും പാവന
റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ.

ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

 

അല്ലെങ്കിൽ

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു

രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതി ഉയരട്ടെ

ആദി മുതൽക്കെ ഇന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷ വായന

ശുശ്രൂഷി: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം
കാർമ്മികൻ: സമാധാനം + നിങ്ങളോടുകൂടെ.
സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.
കാർമ്മികൻ: വിശുദ്ധ മത്തായി / മർക്കോസ് / ലൂക്കാ / യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

>>> ഇന്നത്തെ വായനകൾ അറിയാൻ >>>

(വായനക്ക് ശേഷം )
സമൂഹം: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

കാറോസൂസ

ശുശ്രൂഷി: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ നിന്ന്  ‘കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ’ എന്ന്  യാചിക്കാം.

സമൂഹം: കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: പരിശുദ്ധാത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെടുകയും നാല്പതു രാവും നാല്പതു പകലും തപസ്സനുഷ്ടിക്കുകയും ചെയ്ത കർത്താവേ, തപസിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയാൽ ഞങ്ങളെ നിറയ്ക്കണമെന്ന് ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായേ, ഞങ്ങളുടെയും മറ്റുള്ളവരുടേയും പാപങ്ങൾക്ക് പരിഹാരമനുഷ്ഠിക്കാൻ ഞങ്ങളെ ശക്തരാക്കണമെന്ന് ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: സ്നേഹത്തിൻറെ ബലിവസ്തുവായ മിശിഹായേ, ഞങ്ങളുടെ ശരീരത്തെയും അതിൻറെ ദുർവാസനകളെയും നിന്നോടുകൂടെ ക്രൂശിക്കുന്നതിനു ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: സാത്താനെ പരാജയപ്പെടുത്തി ഞങ്ങൾക്ക് മാതൃകയും മനോധൈര്യവും നൽകിയ മിശിഹായേ, പ്രലോഭനങ്ങളെ അതിജീവിക്കാൻ ഞങ്ങളെ ശക്തമാക്കണമെന്ന് ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാർ ……… (പേര്) പാപ്പായെയും, ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ …….. (പേര്) മെത്രാപ്പോലീത്തായെയും, ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാർ …….. (പേര്) മെത്രാപ്പോലീത്തയെയും, ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ മാർ …….. (പേര്) മെത്രാനെയും, മറ്റെല്ലാ മെത്രാന്മാരെയും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കണമെന്ന് ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: കർത്താവായ മിശിഹായെ, നിൻറെ കൃപയാൽ ഞങ്ങളെ എല്ലാവരെയും രക്ഷിക്കുകയും നിൻറെ ശാന്തിയും സമാധാനവും ഞങ്ങളിൽ വർധിപ്പിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂഷി: സമാധാനത്തെയും അനുഗ്രഹത്തിന്റെയും മാലാഖയെ അയക്കണമെന്ന് വിനയപൂർവ്വം ഞങ്ങൾ യാചിക്കുന്നു.

സമൂഹം: കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.

ശുശ്രൂഷി: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം .

സമൂഹം: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.

(കാർമ്മികൻ കരങ്ങൾ വിരിച്ച് ചൊല്ലുന്നു)

കാർമ്മി: ഞങ്ങളുടെ കർത്താവായ മിശിഹായേ, ലോക പാപങ്ങളുടെ പരിഹാരമായ നിൻറെ സഹന ജീവിതത്തോട് യോജിച്ചുകൊണ്ട് ആത്മവിശുദ്ധീകരണത്തിനായി യത്നിക്കുന്ന നിൻറെ സഭയെ കാരുണ്യപൂർവ്വം കടാക്ഷിക്കണമേ. കുരിശുകൾ സന്തോഷത്തോടെ വഹിച്ചുകൊണ്ട് നിൻറെ ബലിജീവിതം തുടരാൻ ഞങ്ങളെ ശക്തരാക്കണമേ. യഥാർത്ഥമായ പ്രാർത്ഥനാ ചൈതന്യവും സഹോദര സ്നേഹവും ആത്മ പരിത്യാഗവും പുലർത്തി ഈ നോമ്പുകാലം ഫലദായകമാക്കാൻ ഞങ്ങളെ സഹായിക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ 

കൈവയ്പുപ്രാര്‍ഥന

ശുശ്രൂഷി: കർത്താവേ, ആശീർവദിക്കണമേ. സഹോദരരെ നിങ്ങൾ കൈവയ്‌പിനായി തലകുനിക്കുകയും ആശീർവാദം സ്വീകരിക്കുകയും ചെയ്യുവിൻ.

കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, അങ്ങയുടെ അഭിഷിക്തൻ കഠിനമായ പീഡകൾ അനുഭവിച്ചു വീണ്ടെടുത്ത അജഗണമായ പരിശുദ്ധ കത്തോലിക്കാസഭ അമ്മയുടേതാകുന്നു. ദൈവ സ്വഭാവത്തിൽ അങ്ങുമായി ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ യഥാർത്ഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്പുവഴി നൽകപ്പെടുന്നു. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിന് പരിശുദ്ധമായ സഭാ ശരീരത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യമാക്കി. കർത്താവേ, അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കുകയും അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കുകയും ചെയ്യണമേ. അങ്ങയുടെ കാരുണ്യവും അനുഗ്രഹവും ഞങ്ങളുടെയും അങ്ങു തിരഞ്ഞെടുത്ത ഈ ജനത്തിന്റെയുംമേൽ ഉണ്ടാകുമാറാകട്ടെ.

കാർമ്മി: കരുണാനിധിയായ ദൈവമേ, ഞങ്ങളെല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യതപ്പെടുത്തുന്ന നീതിയുടെ പ്രവൃർത്തികളാൽ ജീവിതകാലം മുഴുവൻ അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി:  മാമ്മോദീസ സ്വീകരിക്കുകയും ജീവന്റെ അടയാളത്താൽ മുദ്രിതരാകുകയും ചെയ്തവർ ഭക്തിയോടും ശ്രദ്ധയോടും കൂടെ വിശുദ്ധ രഹസ്യങ്ങളിൽ പങ്കുകൊള്ളട്ടെ.

ദിവ്യരഹസ്യഗീതം

ഗായകർ: വരുവിൻ നമുക്ക് കർത്താവിനെ സ്തുതിക്കാം.

സമൂഹം ഹൃദയ വിചാരങ്ങൾ
പാവനമാക്കീടാം,
നിർമ്മലരായീടാം.
അനുതാപത്തിൻ കണ്ണീരാൽ
പാപക്കറകൾ കഴുകീടാം.
പശ്ചാത്താപം തിങ്ങീടും
മനസ്സും ഹൃദയവുമാത്മാവും
വിനയമൊടേ ബലിയായർപ്പിക്കാം.

ഗായകർ: ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ.

സമൂഹം വിധിയുടെ ത്രോണോസിൽ
കർത്താവാം ദൈവം
ആഗതനാകുമ്പോൾ
കരുണയുമലിവും നേടീടാൻ
സത്കൃത്യങ്ങൾ ചെയ്തിടാം
സ്വീകൃതമതുപോൽ പാവനമാം
ബലിയായ് സാദരമർപ്പിക്കാം
കരുണയ്ക്കായ് നിതരാം യാചിക്കാം.

(അല്ലെങ്കിൽ പൊതുവായിട്ടുള്ളത്)

ഗായകർ: കർത്താവിൽ ഞാൻ ദൃഢമായി ശരണപ്പെട്ടു.

സമൂഹം: മിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

ഗായകർ: ദരിദ്രർ ഭക്ഷിച്ച് തൃപ്തരാകും.

സമൂഹംമിശിഹാ കർത്താവിൻ
തിരുമെയ് നീണവുമിതാ
പാവന ബലിപീടെ
സ്നേഹ ഭയങ്ങളൊടണയുക നാ-
മഖിലരുമൊന്നായ് സന്നിധിയിൽ
വാനവ നിരയുടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ നിത്യം പരിശുദ്ധൻ

(എല്ലാ ദിവസത്തേക്കുമുള്ളത്)

കാർമ്മി: താതനുമതുപോലാത്മജനും
ദിവ്യ റൂഹായ്ക്കും സ്തുതിയെന്നും
ദൈവാംബികയെയും
മാർ യൗസേപ്പിനെയും
സാദരമോർത്തീടാം
പാവനമീ ബലിയിൽ.

സമൂഹം: ആദിയിലേപ്പോൽ എന്നെന്നേക്കും
ആമ്മേനാമ്മേൻ.
സുതനുടെ പ്രേഷിതരേ,
ഏകജ സ്നേഹിതരേ,
ശാന്തിലഭിച്ചിടുവാൻ
നിങ്ങൾ പ്രാർത്ഥിപ്പിൻ.

കാർമ്മി: സർവ്വരുമൊന്നായി പാടീടട്ടെ
ആമ്മേനാമ്മേൻ.
മാർ തോമായെയും
നിണസാക്ഷികളെയും
സത്ക്കർമ്മികളെയും
ബലിയിതിലോർത്തീടാം.

സമൂഹം: നമ്മുടെകൂടെ ബാലവാനാം
കർത്താവെന്നെന്നേയ്ക്കും
രാജാവാം ദൈവം
നമ്മോടൊത്തെന്നും
യാക്കോബിൻ ദൈവം
നമ്മുടെ തുണയെന്നും.

കാർമ്മി: ചെറിയവരെല്ലാം വലിയവരോടൊപ്പം
കാത്തു വസിക്കുന്നു.
മൃതരെല്ലാരും നിൻ
മഹിതോത്ഥാനത്തിൽ
ശരണം തേടുന്നു
ഉത്ഥിതരായിടുവാൻ

സമൂഹം: തിരുസന്നിധിയിൽ ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും
പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാൽ
നിത്യം വാഴ്ത്തിടാം

(അല്ലെങ്കിൽ)

കാർമ്മി: പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നീതിമാനായ മാർ യൗസേപ്പിതാവിന്റെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ആദിമുതൽ എന്നേക്കും ആമ്മേൻ. ദൈവപുത്രന്റെ ശ്ലീഹന്മാരെ ഏകജാതന്റെ സ്നേഹിതരേ ലോകത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.

കാർമ്മി: ദൈവ ജനമെല്ലാം ആമ്മേൻ, ആമ്മേൻ എന്ന് ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ഓർമ്മയോടുകൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിങ്കൽ ഉണ്ടാകട്ടെ.

സമൂഹം: ബലവാനായ കർത്താവ് നമ്മോടു കൂടെ. നമ്മുടെ രാജാവ് നമ്മോടു കൂടെ. നമ്മുടെ ദൈവം നമ്മോടു കൂടെ. യാക്കോബിന്റെ ദൈവം നമ്മുടെ സഹായിയും.

കാർമ്മി: ചെറിയവരും വലിയവരും നിന്റെ സ്തുത്യർഹമായ ഉത്ഥാനം വഴി നീ മഹത്വത്തോടെ ഉയിർപ്പിക്കും എന്ന പ്രതീക്ഷയിൽ മരിച്ചവരെല്ലാവരും നിദ്ര ചെയ്യുന്നു.

സമൂഹം: അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്ക് പ്രസാദിപ്പിക്കാം.

വിശ്വാസപ്രമാണം

കാർമ്മി: സർവ്വ ശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. (സമൂഹവും ചേർന്ന്) ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ ഏകപുത്രനും സകല സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽനിന്ന് ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏക കർത്താവുമായ ഈശോമിശിഹായിലും ഞങ്ങൾ വിശ്വസിക്കുന്നു. അവിടുന്ന് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോട് കൂടെ ഏകസത്തയുമാകുന്നു. അവിടുന്ന് വഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും അവിടുന്ന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി; പരിശുദ്ധാത്മാവിനാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിക്കുകയും സ്ലീവയിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു. അവിടുന്ന് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്ന് വീണ്ടും വരുവാനിരിക്കുന്നു. പിതാവിൽ നിന്നും പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു. ഏകവും പരിശുദ്ധവും ശ്ലൈഹികവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏക മാമ്മോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസ്സും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ആമ്മേൻ.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവം തന്റെ സ്തുതികൾ ആലപിക്കുവാൻ നിന്നെ + ശക്തനാക്കട്ടെ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ. പാത്രിയാർക്കീസുമാരും, മേജർ ആർച്ച് ബിഷപ്പുമാരും, മെത്രാപ്പോലീത്തമാരും, മെത്രാന്മാരും ആയ നമ്മുടെ പിതാക്കന്മാർ പുരോഹിതന്മാർ ശുശ്രൂഷികൾ എന്നിവരുടേയും ബ്രഹ്മചാരികളുടെയും കന്യകകളുടെയും നമ്മുടെ മാതാപിതാക്കന്മാർ പുത്രീപുത്രന്മാർ സഹോദരീസഹോദരന്മാർ എന്നിവരുടെയും ഓർമ്മ ആചരിച്ചു കൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. മിശിഹായുടെ സ്നേഹിതരും വിശ്വാസികളുമായ എല്ലാ ഭരണകർത്താക്കളെയും സത്യവിശ്വാസത്തോടെ മരിച്ചു ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ എല്ലാവരെയും അനുസ്മരിക്കുവിൻ. മിശിഹായുടെ കൃപയാൽ ഈ ബലി നമ്മുക്ക് സഹായത്തിനും രക്ഷക്കും സ്വർഗ്ഗരാജ്യത്തിൽ നിത്യജീവനും കാരണമാകട്ടെ.

കാർമ്മി: കർത്താവേ, ആശീർവദിക്കണമേ.

(ജനങ്ങളുടെ നേരെ തിരിഞ്ഞു കരങ്ങൾ നീട്ടി വിടർത്തിക്കൊണ്ട് )

എന്റെ സഹോദരരെ, ഈ കുർബാന എന്റെ കരങ്ങൾ വഴി പൂർത്തിയാക്കുവാൻ നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.

സമൂഹം: സകലത്തെയും നാഥനായ ദൈവം തന്റെ അഭീഷ്ടം നിറവേറ്റുവാൻ അങ്ങയെ ശക്തനാക്കട്ടെ. ഈ കുർബാന അവിടുന്ന് സ്വീകരിക്കട്ടെ. അങ്ങേക്കും ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അങ്ങു സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാകുകയും ചെയ്യട്ടെ. ആമ്മേൻ.

കാർമ്മി: കർത്താവായ ദൈവമേ അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരാകുവാൻ എളിയവരും പാപികളും ആയിരുന്നിട്ടും ഞങ്ങളെ അങ്ങ് കാരുണ്യാതിരേകത്താൽ യോഗ്യരാക്കി. അങ്ങു നൽകിയ ഈ ദാനം തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ പരികർമ്മം ചെയ്യുവാൻ ഞങ്ങളെ ശക്തരാക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.

(കാർമ്മികൻ ബലിപീഠം ചുംബിച്ചതിനു ശേഷം കൈകൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്തുവച്ചുകൊണ്ടു ചൊല്ലുന്നു.)

കാർമ്മി: ഞങ്ങൾ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
(തന്റെ മേൽ കുരിശടയാളം വരയ്ക്കുന്നു)
ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

ശുശ്രൂഷി: സഹോദരരേ മിശിഹായുടെ സ്നേഹത്തിൽ നിങ്ങൾ സമാധാനം നൽകുവിൻ.

(എല്ലാവരും സമാധാനം നൽകുന്നു)

ശുശ്രൂഷി: നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടെ കർത്താവിന് നന്ദി പറയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കപ്പെടുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തിജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി ഏകാഗ്രതയോടും ഭക്തിയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: മിശിഹാ കർത്താവിൻ കൃപയും
ദൈവ പിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.)
നമ്മോടൊത്തുണ്ടാകട്ടെ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഉയരങ്ങളിലേക്കുയരട്ടെ (കൈകൾ ഉയർത്തുന്നു )
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ

സമൂഹം: പൂർവ്വ പിതാവാം അബ്രാഹം
ഇസഹാക്ക്, യാക്കോബ് എന്നിവർ തൻ
ദൈവമേ, നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ

കാർമ്മി: അഖിലചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ.

സമൂഹം: ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം.

(അല്ലെങ്കിൽ)

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ. (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.) ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്ക് ഉയരട്ടെ. (കൈകൾ ഉയർത്തുന്നു )

സമൂഹം: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, ആരാധ്യനായ രാജാവേ, അങ്ങയുടെ സന്നിധിയിലേക്ക്.

കാർമ്മി: സകലത്തിന്റെയും നാഥനായ ദൈവത്തിന് കുർബാന അർപ്പിക്കപ്പെടുന്നു.

സമൂഹം: അത് ന്യായവും യുക്തവും ആകുന്നു.

ശുശ്രൂഷി: സമാധാനം നമ്മോടുകൂടെ.

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, അങ്ങയുടെ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യമായ നാമം എല്ലാ അധരങ്ങളിൽ നിന്ന് സ്തുതിയും എല്ലാ നാവുകളിൽ നിന്ന് കൃതജ്ഞതയും എല്ലാ സൃഷ്ടികളിൽനിന്നു പുകഴ്ചയും അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അങ്ങ് ലോകത്തെയും അതിലുള്ള സകലത്തെയും കനിവോടെ സൃഷിടിക്കുകയും മനുഷ്യവംശത്തോടു അളവറ്റ കൃപ കാണിക്കുകയും ചെയ്തു. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും മഹോന്നതനായ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. അന്ഗ്നിമയന്മാരും അരൂപികളുമായ സ്വർഗീയ സൈന്യങ്ങൾ അങ്ങയുടെ നാമം പ്രകീർത്തിക്കുന്നു. പരിശുദ്ധരും അരൂപികളുമായ ക്രോവേന്മാരോടും സ്രാപ്പേൻമാരോടും ചേർന്ന് നാഥനായ അങ്ങേയ്ക്ക് അവർ ആരാധന സമർപ്പിക്കുന്നു.

(ബലിപീഠം ചുംബിക്കുന്നു. അനന്തരം കൈകൾ ഉയർത്തി… )

കാർമ്മി: ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുതിഗീതങ്ങൾ പാടുന്നു.

സമൂഹം:  ദൈവം നിത്യ മഹത്വത്തിൻ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.

മണ്ണും വിണ്ണും നിറയുന്നു
മന്നവനുടെ മഹിമകളാൽ
ഉന്നത വീഥിയിലോശാന
ദാവീദിൻ സുതനോശാന

കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നത വീഥിയിലോശാന.

(അല്ലെങ്കിൽ)

കാർമ്മി: ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നുചേർന്ന് ഉഘോഷിക്കുകയും ചെയ്യുന്നു.

സമൂഹം:  ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ ഓശാന. ദാവീദിൻറെ പുത്രന് ഓശാന. കർത്താവിന്റെ നാമത്തിൽ വന്നവനും വരാനിരിക്കുന്നവനുമായവൻ അനുഗൃഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന.

കാർമ്മി: കർത്താവായ ദൈവമേ ഈ സ്വർഗീയഗണങ്ങളോടുകൂടെ അങ്ങേയ്ക്ക് ഞങ്ങൾ കൃതജ്ഞത സമർപ്പിക്കുന്നു. അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളോടു കല്പിച്ചതുപോലെ എളിയവരും ബലഹീനരും ആകുലരുമായ ഈ ദാസർ അവിടുത്തെ നാമത്തിൽ ഒരുമിച്ചുകൂടി ഞങ്ങളുടെ രക്ഷയുടെ സ്മാരകമായ ഈ രഹസ്യം തിരുസന്നിധിയിൽ അർപ്പിക്കുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ പ്രിയ പുത്രൻ ഞങ്ങളെ പഠിപ്പിച്ചതുപോലെ അവിടുത്തെ പീഡാനുഭവത്തിന്റെ സ്മരണ ഞങ്ങൾ ആചരിക്കുന്നു. താൻ ഏൽപ്പിച്ചു കൊടുക്കപ്പെട്ട രാത്രിയിൽ ഈശോ നിർമ്മലമായ തൃക്കരങ്ങളിൽ അപ്പമെടുത്ത്  (പീലാസ എടുക്കുന്നു) സ്വർഗത്തിലേക്ക് ആരാധ്യനായ പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി. (കണ്ണുകൾ ഉയർത്തുന്നു.) വാഴ്ത്തി + വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു.
ഇതു പാപമോചനത്തിനായി നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. നിങ്ങല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: അപ്രകാരം തന്നെ കാസയുമെടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്ത് വാഴ്ത്തി + അവർക്ക് നൽകിക്കൊണ്ട് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്ന, പുതിയ ഉടമ്പടിയുടെ, എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ.

സമൂഹം: ആമ്മേൻ.

കാർമ്മി: ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

(എല്ലാവരും കുനിഞ്ഞ് ആചാരം ചെയ്യുന്നു.)

കാർമ്മി: കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു പോയ ഞങ്ങളെ സമുദ്ധരിക്കുകയും മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു പാപികളായ ഞങ്ങളെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു. ഞങ്ങളുടെ  ബുദ്ധിക്ക് പ്രകാശം നൽകി. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു.

കാർമ്മി: നീ ഞങ്ങൾക്കു നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി ഞങ്ങൾ നിനക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളുടെമേൽ റൂശ്മ ചെയ്യുന്നു) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

ശുശ്രൂഷി: ഹൃദയംകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

(കാർമ്മികൻ കരങ്ങൾ വിരിച്ചു ചൊല്ലുന്നു)

കാർമ്മി: കർത്താവേ, ശക്തനായ ദൈവമേ, സാർവത്രിക സഭയുടെ പിതാവും തലവനുമായ മാർ …….  (പേര് ) പാപ്പയ്ക്കും ഞങ്ങളുടെ സഭയുടെ പിതാവും തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ …….  (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ അതിരൂപതാ അധ്യക്ഷനായ മാർ ……. (പേര് ) മെത്രാപ്പോലീത്തായ്ക്കും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാർ ……. (പേര്) മെത്രാനും പുരോഹിതന്മാർ, മ്ശംശാനാമാർ – സമർപ്പിതർ അല്മായ പ്രേക്ഷിതർ – ഭരണകർത്താക്കൾ, മേലധികാരികൾ എന്നിവർക്കും, വിശുദ്ധ കത്തോലിക്കാസഭ മുഴുവനും വേണ്ടി, ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: എല്ലാ പ്രവാചകന്മാരുടെയും, ശ്ലീഹന്മാരുടെയും, രക്തസാക്ഷികളുടെയും, വന്ദകരുടെയും ബഹുമാനത്തിനും അങ്ങയുടെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച നീതിമാന്മാരും വിശുദ്ധമായ എല്ലാ പിതാക്കന്മാർക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: ക്ലേശിതരും ദുഃഖിതരും ദരിദ്രരും പീഡിതരും രോഗികളും ആകുലരുമായ എല്ലാവർക്കും, ഞങ്ങളുടെ ഇടയിൽ നിന്ന് അങ്ങയുടെ നാമത്തിൽ വേർപിരിഞ്ഞുപോയ എല്ലാ മരിച്ചവർക്കും, അങ്ങയുടെ കാരുണ്യത്തെ പ്രത്യാശ പൂർവ്വം കാത്തിരിക്കുന്ന ഈ ജനത്തിനും, അയോഗ്യനായ എനിക്കും വേണ്ടി ഈ കുർബാന സ്വീകരിക്കണമേ.

സമൂഹം: കർത്താവേ, ഈ കുർബാന സ്വീകരിക്കണമേ.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങു ഞങ്ങളെ പഠിപ്പിച്ചതുപോലെ നിർമ്മലവും വിശുദ്ധവുമായ ഈ ബലിപീഠത്തിൽ അങ്ങയുടെ അഭിഷിക്തന്റെ ശരീരരക്തങ്ങൾ ഞങ്ങൾ അർപ്പിക്കുന്നു. ജീവിതകാലം മുഴുവൻ അങ്ങയുടെ ശാന്തിയും സമാധാനവും ഞങ്ങൾക്ക് നൽകണമേ. അങ്ങ് മാത്രമാണ് യഥാർത്ഥ പിതാവായ ദൈവം എന്നും അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ഭൂവാസികൾ എല്ലാവരും അറിയട്ടെ. ഞങ്ങളുടെ കർത്താവും ദൈവവുമായ മിശിഹാ വന്നു ജീവദായകമായ സുവിശേഷം വഴി വിശുദ്ധ മാമോദീസയുടെ സജീവവും ജീവദായകമായ അടയാളത്താൽ മുദ്രിതരും + (ബലിപീഠത്തിന്മേല്‍ കുരിശടയാളം വരയ്ക്കുന്നു) പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കും വേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചുവെന്നും എല്ലാ മനുഷ്യരും അറിയട്ടെ. കർത്താവേ ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉദ്ധാനത്തിന്റെയും മഹനീയവും ഭയഭക്തി ജനകവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യത്തെ സന്തോഷത്തോടെ ഞങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.

ശുശ്രൂഷി: നിങ്ങൾ നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ.

കാർമ്മി: കർത്താവേ, നിന്റെ പരിശുദ്ധാത്മാവ് എഴുന്നുള്ളി വരട്ടെ.
നിന്റെ ദാസരുടെ ഈ കുർബാനയിൽ അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ. ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ.

(തുടരുന്നു)

കർത്താവായ ദൈവമേ, ഞങ്ങൾക്ക് വേണ്ടിയുള്ള അങ്ങയുടെ മഹനീയവും വിസ്മയാവഹവുമായ ഈ രക്ഷാ പദ്ധതിയെക്കുറിച്ച് അങ്ങയെ ഞങ്ങൾ നിരന്തരം പ്രകീർത്തിക്കുന്നു. അങ്ങയുടെ അഭിഷിക്തന്റെ അമൂല്യ രക്തത്താൽ രക്ഷിക്കപ്പെട്ട സഭയിൽ സന്തോഷത്തോടും പ്രത്യാശയോടും കൂടെ ഞങ്ങൾ അങ്ങേയ്ക്കു കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.

(ബലിപീഠം ചുംബിക്കുന്നു)

കാർമ്മി: സജീവവും പരിശുദ്ധവും ജീവദായകമായ അമ്മയുടെ നാമത്തിന് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു. ഇപ്പോഴും + (ദിവ്യരഹസ്യങ്ങളിന്മേൽ റൂശ്മ ചെയ്യുന്നു.) എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: അതിപൂജിതമാം നിൻ തിരുനാമത്തിനിതാ
സ്തുതിയും ബഹുമതിയും, സ്തോത്രം കീർത്തനവും
നാഥാ ഞങ്ങളണക്കുന്നു + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.)

ഇപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: പൂജ്യമായിടും നിൻറെ നാമത്തി-
നാദരാൽ ഞങ്ങളർപ്പിക്കും
സ്തോത്രവും സ്തുതി കീർത്തനങ്ങളും + (ദിവ്യരഹസ്യങ്ങളിന്മേൽ
റൂശ്മ ചെയ്യുന്നു.)

ഇന്നുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

കാർമ്മി: ദൈവമേ അങ്ങയുടെ കൃപക്കൊത്തവിധം എന്നോട് ദയതോന്നണമേ.

സമൂഹം: അങ്ങയുടെ കാരുണ്യാതിരേകത്തിന് അനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ.

(അല്ലെങ്കിൽ)

കാർമ്മി: സ്വർഗ്ഗത്തിൽ വസിക്കുന്നവനേ അങ്ങയുടെ പക്കലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു.

സമൂഹം: ദാസന്മാരുടെ കണ്ണുകൾ നാഥന്റെ പക്കലേക്കും ദാസിയുടെ കണ്ണുകൾ നാഥയുടെ പക്കലേക്കുമെന്നപോലെ.

കാർമ്മികൻ കൈകള്‍ ഉയര്‍ത്തി ചൊല്ലുന്നു.

കാർമ്മി: കർത്താവേ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കർത്താവായ ദൈവമേ ഞങ്ങൾ അയോഗ്യരാകുന്നു. ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

(ബലിപീഠം ചുംബിച്ചു തിരുവോസ്തി കരങ്ങളിൽ എടുത്തുയർത്തി ചൊല്ലുന്നു)

കാർമ്മി: ഞങ്ങളുടെ കർത്താവീശോമിശിഹായേ, നിന്റെ തിരുനാമത്തിന് സ്തുതിയും നാഥനായ നിനക്ക് ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ. സജീവവും ജീവദായകമായ ഈ അപ്പം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവനും ജീവൻ നൽകുന്നതുമാകുന്നു. ഇത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും.

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു.

സമൂഹം: രക്ഷകനീശോ തൻ
ശിഷ്യരെ അറിയിച്ച
ദിവ്യ രഹസ്യമിതാ
സ്വർഗ്ഗത്തിൽ നിന്നാഗതമാം
ജീവൻ നൽകിടുമപ്പം ഞാൻ
സ്നേഹമോടെന്നെ കൈക്കൊൾവോൻ
എന്നിൽ നിത്യം ജീവിക്കും
നേടുമവൻ സ്വർഗ്ഗം നിശ്ചയമായ്.

ഗായകർ: നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ.

ക്രോവേ, സ്രാപ്പേമാർ
ഉന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ
ആദരവോടെ നിൽക്കുന്നു ;
ഭയഭക്തിയൊടെ നോക്കുന്നു;
പാപകടങ്ങൾ പോക്കിടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചീടുന്നു.

ഗായകർ: നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ.

സമൂഹം: തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ ഞങ്ങൾ പാടട്ടെ.

(അല്ലെങ്കിൽ)

ഗായകർ: ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു.

സമൂഹം: ഉന്നതങ്ങളിൽ നിന്ന് ഇറങ്ങിയ അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം സമീപിച്ച് എന്നെ സ്വീകരിക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ അറിയിച്ചു.

അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേമാരും സ്രാപ്പേമാരും മുഖ്യദൂതരും ബലിപീഠത്തിനുമുൻപിൽ ഭയഭക്തികളോടെ നിന്ന് മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ സൂക്ഷിച്ചു വീക്ഷിക്കുന്നു.

നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്കു വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.

കാർമ്മി: നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന് സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേൻ

ശുശ്രൂഷി: നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവർക്കും ഭക്തിയാദരങ്ങളോടെ സമീപിക്കാം.
അനുതാപത്തിൽ നിന്ന് ഉളവാകുന്ന ശരണത്തോടെ അപരാധങ്ങളിൽ നിന്ന് പിന്തിരിഞ്ഞും,
പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചും, സഹോദരരുടെ തെറ്റുകൾ ക്ഷമിച്ചുംകൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും, പാപമോചനവും യാചിക്കുകയും ചെയ്യാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ഭിന്നത കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷിയെ ശുദ്ധീകരിക്കാം.

സമൂഹം: കർത്താവേ അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: ശത്രുതയിലും വിദ്വേഷത്തിലുംനിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെടുകയും ചെയ്യാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: യോജിപ്പോടും ഐക്യത്തോടും കൂടെ ദിവ്യരഹസ്യങ്ങളിൽ പങ്കു കൊള്ളാം.

സമൂഹം: കർത്താവേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.

ശുശ്രൂഷി: കർത്താവേ, ഇവ ഞങ്ങളുടെ ശരീരങ്ങളുടെ ഉയർപ്പിനും ആത്മാക്കളുടെ രക്ഷയ്ക്കും കാരണമാകട്ടെ.

സമൂഹം: നിത്യജീവനും കാരണമാകട്ടെ. എന്നേക്കും, ആമ്മേൻ.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

കാര്‍മികന്‍ കുനിഞ്ഞുനിന്ന് താഴ്ന്ന സ്വരത്തില്‍ ചൊല്ലുന്നു.

കാർമ്മി: കർത്താവായ ദൈവമേ, അങ്ങയുടെ ദാസരുടെ പാപങ്ങളും അപരാധങ്ങളും കാരുണ്യപൂർവ്വം ക്ഷമിക്കണമേ. മഹോന്നത ദൈവവമായ അങ്ങയെ സ്വർഗ്ഗരാജ്യത്തിൽ സകലവിശുദ്ധ രോടുമൊന്നിച്ച് സ്തുതിക്കുവാൻ ഞങ്ങളുടെ അധരങ്ങളെ പവിത്രീകരിക്കുകയും ചെയ്യണമേ.

കാര്‍മികന്‍ നിവര്‍ന്നുനിന്ന് കൈകള്‍ ഉയര്‍ത്തി ഉയര്‍ന്ന സ്വരത്തില്‍ ചൊല്ലുന്നു.

കാർമ്മി: കർത്താവായ ദൈവമേ, കാരുണ്യപൂർവ്വം അങ്ങ് ഞങ്ങൾക്കു നൽകിയ മനോവിശ്വാസത്തോടെ അങ്ങയുടെ സന്നിധിയിൽ എപ്പോഴും നിർമ്മല ഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരുമായി വ്യാപിക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളെല്ലാവരും ഒന്നുചേർന്ന് അങ്ങയെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കുന്നു.

കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോട്  ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാരൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ

കാർമ്മി: കർത്താവേ ശക്തനായ സർവ്വേശ്വരാ, നല്ലവനായ ദൈവമേ, കൃപാപൂർണ്ണനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ കാരുണ്യം ഞങ്ങൾ കേണപേക്ഷിക്കുന്നു. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്‍ഠാരൂപിയിൽ നിന്നും അവന്റെ സൈന്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലും ഭൂമിയിലും രാജ്യവും ശക്തിയും പ്രാബല്യവും അധികാരവും അങ്ങയുടേതാകുന്നു. ഇപ്പോഴും എപ്പോഴും + എന്നേക്കും.

സമൂഹം: ആമ്മേൻ

ജനങ്ങള്‍ക്കു നേരേ തിരിഞ്ഞ്

കാർമ്മി: സമാധാനം + നിങ്ങളോടുകൂടെ.

സമൂഹം: അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ.

കാർമ്മി: വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു.

സമൂഹം: ഏക പിതാവ് പരിശുദ്ധനാകുന്നു. ഏകപുത്രൻ പരിശുദ്ധനാകുന്നു. ഏക റൂഹ പരിശുദ്ധനാകുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി. ആമ്മേൻ.

ശുശ്രൂഷി: ജീവിക്കുന്ന ദൈവത്തെ നിങ്ങൾ പ്രകീർത്തിക്കുവിൻ.

സമൂഹം: ഇതാ, ജീവൻറെ ഔഷധം നൽകപ്പെടുന്നു. നമുക്ക് ഈ ദാനം സ്വീകരിക്കുകയും ജീവൻ പ്രാപിക്കുകയും ചെയ്യാം.

( അല്ലെങ്കിൽ)

സമൂഹം: സഭയിൽ അവിടുത്തേക്ക് സ്തുതി ഉണ്ടായിരിക്കട്ടെ. എല്ലാ നിമിഷവും എല്ലാ സമയവും അവിടുത്തെ കൃപയും കാരുണ്യവും നമ്മുടെമേൽ ഉണ്ടായിരിക്കട്ടെ.

കാര്‍മികന്‍ ജനങ്ങള്‍ക്കുനേരേ തിരിഞ്ഞ്
ആശീര്‍വദിച്ചുകൊണ്ടു ചൊല്ലുന്നു.

കാർമ്മി: നമ്മെ ജീവിക്കുന്ന കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരിലും + സമ്പൂർണ്ണമാകട്ടെ.

സമൂഹം:  എപ്പോഴും എന്നേക്കും. ആമ്മേൻ.

ശുശ്രൂഷി: ഉപവസിക്കുന്ന സഹോദരരേ, വരുവിൻ. തന്നെ ഭക്ഷിക്കുന്നവരെ വിശുദ്ധീകരിക്കുന്ന പരിശുദ്ധനെ സ്വീകരിക്കുവിൻ. മിശിഹായുടെ ശരീരവും രക്തവും നൽകപ്പെടുന്നു. വിശപ്പും ദാഹവും സഹിക്കുന്നവരേ, ജീവിക്കുന്ന രഹസ്യത്തെ അനുഭവിച്ചറിയുവിൻ.

(അല്ലെങ്കിൽ)

ശുശ്രൂഷി: സഹോദരരേ സ്വർഗ്ഗരാജ്യത്തിൽ ഉള്ള വിശ്വാസത്തോടെ ദൈവപുത്രന്റെ ശരീരം സ്വീകരിക്കാനും, അവിടുത്തെ രക്തം പാനം ചെയ്യാനും, തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.

കാര്‍മികന്‍ വിശുദ്ധ കുര്‍ബാന നല്കുമ്പോള്‍ ചൊല്ലുന്നു.

കാർമ്മി: മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ.

എല്ലാവരും വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിയുമ്പോള്‍

കാർമ്മി: മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യാശയായ മിശിഹായെ, ഞങ്ങൾ ഭക്ഷിച്ച തിരുശരീരവും പാനം ചെയ്ത തിരുരക്തവും ഞങ്ങൾക്ക് ശിക്ഷാവിധിക്ക് കാരണമാകാതെ, കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും നിന്റെ സന്നിധിയിൽ സന്തുഷ്ടിക്കും നിദാനമാകട്ടെ. സകലത്തിന്റെയും നാഥാ, എന്നേക്കും. ആമ്മേൻ.

സമൂഹം: ഞങ്ങളുടെ കർത്താവായ ഈശോയെ, പീഡാസഹനം വഴി മരണത്തെ കീഴടക്കിയ ആരാധ്യനായ രാജാവേ, സ്വർഗരാജ്യത്തിൽ ഞങ്ങൾക്ക് നവജീവൻ വാഗ്ദാനംചെയ്ത ദൈവപുത്രാ, എല്ലാ ഉപദ്രവങ്ങളും ഞങ്ങളിൽനിന്ന് അകറ്റേണമേ. ഞങ്ങളുടെ ദേശത്ത് സമാധാനവും കൃപയും വർദ്ധിപ്പിക്കണമേ. നീ മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന ദിവസം നിന്റെ സന്നിധിയിൽ ഞങ്ങൾ ജീവൻ കണ്ടെത്തട്ടെ. നിൻറെ അഭീഷ്ടം അനുസരിച്ച് ഞങ്ങൾ നിന്നെ എതിരേൽക്കുകയും ചെയ്യട്ടെ. ഞങ്ങളുടെ വശത്തിനു നൽകിയ കൃപയെക്കുറിച്ചു ഓശാന പാടിയ ഞങ്ങൾ നിൻറെ നാമത്തെ സ്തുതിക്കട്ടെ. എന്തുകൊണ്ടെന്നാൽ നീ ഞങ്ങളോട് കാണിച്ച കാരുണ്യം വലുതാകുന്നു. മർത്യരായ ഞങ്ങളിൽ നിൻറെ സ്നേഹം ഉദയം ചെയ്തു. നീ ഞങ്ങളുടെ പാപങ്ങൾ കനിവോടെ ഉന്മൂലനം ചെയ്തു. നിന്റെ ദാനത്തെക്കുറിച്ച് നിനക്ക് സ്തുതി. കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ, ഉന്നതങ്ങളിൽ നിന്നുള്ള ഈ ദാനം വാഴ്ത്തപ്പെട്ടതാകട്ടേ. ദൈവമായ നിനക്ക് കൃതജ്ഞതയും ആരാധനയും സമർപ്പിക്കാൻ നിന്റെ കരുണയാൽ ഞങ്ങളെല്ലാവരും യോഗ്യരാകട്ടെ. നാഥനായ നിന്നെ എല്ലാ സമയവും ഞങ്ങൾ പ്രകീർത്തിക്കുകയും ചെയ്യട്ടെ. ആമ്മേൻ.

ശുശ്രൂഷി: പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്കെല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം.

സമൂഹം: അവർണ്ണനീയമായ ഈ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.

ശുശ്രൂഷി: നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ.

കൃതജ്ഞതാ പ്രാര്‍ഥനകള്‍

കാർമ്മി: കർത്താവായ ദൈവമേ, തിരുവചനത്താൽ വിശുദ്ധീകരിക്കപ്പെട്ട് ദിവ്യരഹസ്യങ്ങളാൽ നവജീവൻ പ്രാപിക്കാൻ പാപികളും ബലഹീനരുമായ ഞങ്ങളെ വിളിച്ചതിന് അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ കൽപ്പനകൾ വിശ്വസ്തതാ പൂർവ്വം പാലിച്ച് രക്ഷയുടെ അനുഭവം പങ്കുവയ്ക്കാനും നിരന്തരം അങ്ങേയ്ക്ക് സ്തുതികൾ അർപ്പിക്കാനും ഞങ്ങളെ യോഗ്യരാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂഹം: ആമ്മേൻ. കർത്താവേ, ആശീർവദിക്കണമേ.

കാർമ്മി: പാപികളെ വിളിക്കുന്നവനും അനുതാപികൾക്ക് വാതിൽ തുറന്നു കൊടുക്കുന്നവനുമായ മിശിഹായേ, നിൻറെ ശരീരരക്തങ്ങൾ സ്വീകരിക്കാൻ അനന്തമായ കൃപയാൽ നീ ഞങ്ങളെ അർഹരാക്കി. നിൻറെ രാജ്യത്തിൻറെ മഹത്വത്തിൽ പ്രവേശിച്ച് നീതിമാന്മാരോടുകൂടെ സ്വർഗീയ ഓർശ്ലേമിൽ നിന്നെ സ്തുതിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂഹം: ആമ്മേൻ.

സമാപനാശീര്‍വാദം (ഹൂത്താമ്മ)

(തൂയൈ … / കര്‍ത്താവാം മിശിഹാവഴിയായ് …)

കാർമ്മിപാപികളെയനുതാപത്തിൻ
പാതയിലേക്കു വിളിക്കാനായ്
പാരിൽ വന്നവനീശോയെ
വാഴ്ത്തിപ്പാടി നമിച്ചീടാം.

സത്യവെളിച്ചം മിശിഹാ തൻ
തിരു വചനത്തിൽ പാതകളിൽ
തീക്ഷ്ണതയോടെ ചരിച്ചീടാൻ
ദീപ്തി നിതാന്തം ചൊരിയട്ടെ.

പാവന രക്തശരീരങ്ങൾ
കൈക്കൊണ്ടവരാം അഖിലർക്കും
നിത്യവിരുന്നിൽ ചേർന്നീടാൻ
നാഥൻ യോഗ്യതയേകട്ടെ.

ജീവനെഴും തിരുസ്ലീവായാൽ
നിങ്ങൾ മുദ്രിതരാകട്ടെ;
സംരക്ഷിതരായ് തീരട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ.

(അല്ലെങ്കിൽ)

കാർമ്മി: പാപികളെ പശ്ചാത്താപത്തിലേക്കു വിളിക്കാൻ വന്ന നമ്മുടെ കർത്താവീശോമിശിഹായെ നാം സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്തു. വചനത്തിന്റെ പാതയിൽ ചരിക്കാൻ നമുക്ക് ആവശ്യമായ പ്രകാശം അവിടുന്ന് നൽകട്ടെ. തിരുശരീര രക്തങ്ങൾ സ്വീകരിച്ചു വിശുദ്ധീകൃതരായ നമ്മെ ദൈവരാജ്യത്തിലെ നിത്യ വിരുന്നിൽ അവിടുന്ന് പങ്കുകാരാക്കട്ടെ.നമ്മുടെയും ലോകം മുഴുവന്റെയും തിരുസഭയുടെയും അവളുടെ സന്താനങ്ങളുടെയും മേൽ കർത്താവ് തൻറെ കൃപയും അനുഗ്രഹവും വർഷിക്കട്ടെ. കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരും എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

(ഞായറാഴച്ചകളിലും തിരുനാളുകളിലും)

കാർമ്മി: കർത്താവാം മിശിഹാവഴിയായ്
ദിവ്യാത്മാവിൻ ദാനങ്ങൾ
സ്നേഹപിതാവാം സകലേശൻ
വിരവൊടു നമ്മിൽ വർഷിച്ചു.

സ്വർലോകത്തിൻ മഹിമയ്ക്കായ്
ദൈവം നമ്മെ വിളിച്ചല്ലോ
അക്ഷയസൗഭാഗമാർന്നീടാൻ
ദൈവം നമ്മെ നയിച്ചല്ലോ.

എന്റെ ശരീരം ഭക്ഷിക്കും
എൻ രക്തം പാനം ചെയ്യും
മാനവനെന്നിൽ നിവസിക്കും
അവനിൽ ഞാനും നിശ്ചയമായ്‌.

വിധിയിൽ വീഴാതവനെ ഞാൻ
അന്തിമദിവസമുയർപ്പിക്കും
നിത്യയുസ്സവനേകും ഞാൻ
ഏവം നാഥനരുൾ ചെയ്തു.

അരുളിയപോലിന്നീ ബലിയിൽ
പങ്കാളികളാം അഖിലർക്കും
ദൈവം കനിവാർന്നരുളട്ടെ
ദിവ്യാനുഗ്രഹമെന്നെന്നും.

നമ്മുടെ ജീവിതപാതകളിൽ
ആവശ്യകമാം ദാനങ്ങൾ
നല്കിയനുഗ്രഹമരുളട്ടെ
ദൈവം കരുണയോടെന്നെന്നും.

ജീവൻ നൽകും ദൈവികമാം
ശുദ്ധിയെഴുന്ന രഹസ്യങ്ങൾ
കൈക്കൊണ്ടവരാം അഖിലരിലും
ദൈവം വരനിര ചൊരിയട്ടെ

കുരിശടയാളം വഴിയായ്‌ നാം
സംരക്ഷിതരായ് തീരട്ടേ
മുദ്രിതരായി ഭവിക്കട്ടെ +
ഇപ്പോഴുമെപ്പോഴുമെന്നേക്കും.

സമൂഹം: ആമ്മേൻ

(അല്ലെങ്കിൽ)

കാർമ്മി: പിതാവായ ദൈവം, നമ്മുടെ കർത്താവീശോമിശിഹാ വഴി എല്ലാ ആധ്യാത്മിക ദാനങ്ങളും നൽകി നമ്മെ അനുഗ്രഹിച്ചു. നമ്മുടെ കർത്താവ് തൻറെ രാജ്യത്തിലേക്ക് നമ്മെ ക്ഷണിക്കുകയും അക്ഷയവും അനശ്വരവുമായ സൗഭാഗ്യത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്തു. അവിടുന്ന് തന്റെ ജീവദായകമായ സുവിശേഷം വഴി ശിഷ്യഗണത്തോട് ഇപ്രകാരം അരുൾ ചെയ്തു: “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. അവനു ശിക്ഷാവിധി ഉണ്ടാകുകയില്ല. പ്രത്യുത, അവൻ മരണത്തിൽ നിന്ന് നിത്യായുസിലേക്കു പ്രവേശിക്കും.” ഈ കുർബാനയിൽ പങ്കുകൊണ്ട നമ്മുടെ സമൂഹത്തെ തൻറെ വാഗ്ദാനമനുസരിച്ച് മിശിഹാ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. സ്ത്യുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ രഹസ്യങ്ങളിൽ പങ്കുകൊണ്ട് സന്തുഷ്ടരായ നമ്മെ അവിടുന്ന് മഹത്വമണിയിക്കട്ടെ. കർത്താവിൻറെ കുരിശിൻറെ സജീവമായ അടയാളത്താൽ നിങ്ങളെല്ലാവരും മുദ്രിതരാകട്ടെ. രഹസ്യവും പരസ്യവുമായ എല്ലാ വിപത്തുകളിലും നിന്ന് സംരക്ഷിതരുമാകട്ടെ. ഇപ്പോഴും + എപ്പോഴും എന്നേക്കും.

സമൂഹം: ആമ്മേൻ.

വിടവാങ്ങൽ പ്രാർത്ഥന

കാർമ്മി: വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി! ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി! നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.

**************************************************************

Advertisements
Advertisements
Advertisements
Advertisements

Nombukalam Sunday Holy Qurbana Text for SyroMalabar Rite / Holy Mass Text SyroMalabar Rite, Nombukalam
വി. കുർബാന | സീറോ മലബാർ ക്രമം | നോമ്പുകാലം ഞായർ
(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്)
നോമ്പുകാലം ഞായറാഴ്ച്ച കുർബാനക്രമം

Advertisements
Advertisements

Leave a comment