മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…
പ്രസന്നവദനനായ ഏബ്രഹാം ചേന്തിയത്ത് അച്ചൻ …
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ഇടവകാംഗമായ ചേന്തിയത്ത് ഫിലിപ്പിന്റെയും മറിയാമ്മയുടെയും ആറു മക്കളിൽ അഞ്ചാമനായി 1954 ഒക്ടോബർ 19ന് ഏബ്രഹാം അച്ചൻ ജനിച്ചു. സി.പി.വർഗീസ്, സി.പി.ഫിലിപ്പോസ്, സി.പി.ജോസ് എന്നീ മൂന്ന് സഹോദരന്മാരും അന്നമ്മ, മറിയാമ്മ എന്നീ രണ്ട് സഹോദരിമാരുമാണ് അച്ചനുള്ളത്.
നന്നുവക്കാട് എം. എസ്. സി. എൽ. പി സ്കൂൾ, പത്തനംതിട്ട മാർത്തോമ്മ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി 1970 ജൂണിൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ, ഇടവകാംഗമായ തോമസ് കുളങ്ങര അച്ചനോടൊപ്പം ചേർന്നു. ജോസഫ് ഞായല്ലൂർ റമ്പാച്ചൻ സെമിനാരി റെക്ടറും ഗീവർഗീസ് ചേടിയത്ത് മല്പാനച്ചൻ സെമിനാരി വൈസ് റെക്ടറുമായിരുന്നു. തുടർന്ന് മേജർ സെമിനാരി പഠനം സെന്റ് ജോസഫ് മംഗലാപുരത്ത് പൂർത്തിയാക്കി 1980 മാർച്ച് 27ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് പള്ളിയിൽ വച്ച് ജോസഫ് കുരുമ്പിലേത്ത് അച്ചനൊപ്പം ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച് പിറ്റേ ദിവസം മാർച്ച് 28ന് അതേ പള്ളിയിൽതന്നെ പ്രഥമ ദിവ്യബലിയർപ്പണം നടത്തി. ഫാ.തോമസ് കുളങ്ങര, ഫാ. അഗസ്റ്റിൻ മംഗലത്ത്, ഫാ.തോമസ് കാക്കനാട്, ഫാ.അലക്സ് കളപ്പില, ഫാ.ജോൺ അരീക്കൽ, ഫാ.ജോൺ പടിപ്പുരയ്ക്കൽ, ഫാ.ചെറിയാൻ മായിക്കൽ, ഫാ.എസ്.വർഗ്ഗീസ് എന്നിവരെല്ലാം അച്ചന്റെ സഹപാഠികളായിരുന്നു.
പഴകുളത്ത് താമസിച്ചു കൊണ്ട് പെരിങ്ങനാട്, പാറക്കൂട്ടം, പഴകുളം എന്നീ ഇടവകകളുടെ വികാരിയായിരുന്നു. തുടർന്ന് ഇപ്പോൾ മാർത്താണ്‌ഡം രൂപതയുടെ ഭാഗമായിരിക്കുന്ന പിൻകുളം പളളിയിലായിരുന്നു ശുശ്രൂഷ. തീക്ഷ്ണമതിയായ ഒരു മിഷണറിയായ അച്ചൻ ഇടവകയിലെ എല്ലാ ഭവനങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
അനുഗ്രഹീതമായ ശബ്ദമാധുര്യത്തിനുടമയായിരുന്ന അച്ചൻ ഇമ്പകരമായി സുറിയാനി, മലയാളം, കന്നഡ, തെലുങ്ക്, കൊങ്കിണി, തമിഴ് ഭാഷയിലെ
ഗാനങ്ങൾ ആലപിച്ചിരുന്നു. സെമിനാരി പരിശീലന കാലയളവിൽ കർണാടക സംഗീതം അഭ്യസിച്ചിരുന്നു, സെമിനാരി ഗായക സംഘത്തിലെ അംഗവുമായിരുന്നു.
തിരുവനന്തപുരം അതിരൂപതയുടെ കൺസ്ട്രക്ഷൻ ചുമതലയുണ്ടായിരുന്ന അച്ചൻ ഇക്കാലയളവിൽ അരമനയുടെ ഫിനാൻസ് മിനിസ്റ്ററായും ചുരുങ്ങിയ കാലം വൈദിക വിദ്യാർത്ഥികളുടെ പരിശീലന ചുമതലയും നിർവ്വഹിച്ചിരുന്നു.
1987ൽ കാർമ്മല പള്ളിയിൽ വികാരിയായി ചുമതലയേറ്റു. ശാന്തനും സൗമ്യനുമായിരുന്ന അച്ചൻ വിശ്വാസ സമൂഹവുമായി വലിയ ഹൃദയ ബന്ധം പുലർത്തിയിരുന്നു. ആരാധനാ കാര്യങ്ങളിൽ ഏറെ നിഷ്ഠ പുലർത്തിയിരുന്ന അച്ചൻ ഇടവകയിലെ എല്ലാ ഭക്തസംഘടനകളും നിഷ്ഠയോടെ നടത്താൻ ഉത്സാഹിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ തൻ്റെ കഴിവുപോലെ സഹായിച്ചിരുന്ന അച്ചൻ മറ്റാരും അറിയരുത് എന്ന നിഷ്കർഷ പുലർത്തിയിരുന്നു. അച്ചനെകുറിച്ചുള്ള ദീപ്തമായ സ്മരണകൾ അന്നത്തെ തലമുറ ഇപ്പോഴും അനുസ്മരിക്കുന്നു. കാർമ്മലയിൽ ശുശ്രൂഷ ചെയ്തിരുന്ന സമയത്ത് അച്ചന് ഹൃദയസ്തംഭനം ഉണ്ടാവുകയും തുടർന്ന് 1992 ജനുവരി 2ന് ഏബ്രഹാം അച്ചൻ മരണമടയുകയും പത്തനംതിട്ട സെൻ്റ് പീറ്റേഴ്സ് കത്തീഡ്രലിൽ സംസ്കരിക്കുകയും ചെയ്തു.
സദാ പ്രസന്നവദനനായിരുന്ന അച്ചൻ പുഞ്ചിരിക്കുന്ന മുഖവുമായി വൈദിക കൂട്ടായ്മയിൽ ഏവരോടും ഇടപെട്ടിരുന്നു. സ്വഭാവത്തിന്റെ സവിശേഷതയാൽ തന്നെ പ്രായഭേദമന്യേ ഏവർക്കും സ്വീകാര്യനായിരുന്നു, അതിനാൽ തന്നെ മുപ്പത്തിയെട്ടാം വയസ്സിൽ പൗരോഹിത്യ ശുശ്രൂഷയുടെ പന്ത്രണ്ടാം വർഷത്തിലുണ്ടായ ആ വേർപാട് വൈദിക സമൂഹത്തിന് വലിയ ആഘാതമായിരുന്നു, കണ്ണീരോടെയാണ് വൈദിക കൂട്ടായ്മ അച്ചനെ യാത്രയാക്കിയതും.
കടപ്പാട്: ഡെന്നി സി ജോർജ്, ചേന്തിയത്ത് അച്ചന്റെ പിതൃസഹോദര പൗത്രൻ
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil