Gospel of St. John Chapter 11 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11

ലാസറിന്റെ മരണം.

1 ലാസര്‍ എന്നു പേരായ ഒരുവന്‍ രോഗബാധിതനായി. ഇവന്‍മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.2 ഈ മറിയമാണു സുഗന്ധതൈലംകൊണ്ടു കര്‍ത്താവിനെ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തത്. ഇവളുടെ സഹോദരന്‍ ലാസറാണു രോഗബാധിതനായത്.3 കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പ റയാന്‍ ആ സഹോദരിമാര്‍ അവന്റെ അടുക്കലേക്ക് ആളയച്ചു.4 അതു കേട്ടപ്പോള്‍ യേശു പറഞ്ഞു: ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.5 യേശു മര്‍ത്തായെയും അവ ളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.6 എങ്കിലും, അവന്‍ രോഗിയായി എന്നു കേട്ടിട്ടും യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു.7 അനന്തരം, അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: നമുക്ക് വീണ്ടുംയൂദയായിലേക്കു പോകാം.8 ശിഷ്യന്‍മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?9 യേശു പ്രതിവചിച്ചു: പകലിനു പന്ത്രണ്ടു മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു.10 രാത്രി നടക്കുന്നവന്‍ തട്ടിവീഴുന്നു. കാരണം, അവനു പ്രകാശമില്ല.11 അവന്‍ തുടര്‍ന്നു: നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു.12 ശിഷ്യന്‍മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും.13 യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു.14 അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി.15 നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.16 ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്‍മാരോടു പറഞ്ഞു: അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം.

യേശു പുനരുത്ഥാനവും ജീവനും.

17 ലാസര്‍ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന് യേശു അവിടെയെത്തിയപ്പോള്‍ അറിഞ്ഞു.18 ബഥാനിയാ ജറുസലെ മിന് അടുത്ത് ഏകദേശം പതിനഞ്ചു സ്താദിയോണ്‍ ദൂരത്തായിരുന്നു.19 അനേകംയഹൂദര്‍ മര്‍ത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാന്‍ വന്നിരുന്നു.20 യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു.21 മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍മരിക്കുകയില്ലായിരുന്നു.22 എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം.23 യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.24 മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം.25 യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.26 അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?27 അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.

യേശു കരയുന്നു.

28 ഇതു പറഞ്ഞിട്ട് അവള്‍ പോയി തന്റെ സഹോദരിയായ മറിയത്തെ വിളിച്ച്, ഇതാ, ഗുരു ഇവിടെയുണ്ട്; നിന്നെ വിളിക്കുന്നു എന്നു സ്വകാര്യമായിപ്പറഞ്ഞു.29 ഇതു കേട്ടയുടനെ അവള്‍ എഴുന്നേറ്റ് അവന്റെ അടുത്തേക്കു ചെന്നു.30 യേശു അപ്പോഴും ഗ്രാമത്തില്‍ പ്രവേശിച്ചിട്ടില്ലായിരുന്നു. മര്‍ത്താ കണ്ട സ്ഥലത്തുതന്നെ അവന്‍ നില്‍ക്കുകയായിരുന്നു.31 മറിയം തിടുക്കത്തില്‍ എഴുന്നേറ്റു പുറത്തേക്കു പോകുന്നതു കണ്ട്, വീട്ടില്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്ന യഹൂദര്‍ അവളെ അനുഗമിച്ചു. അവള്‍ ശവകുടീരത്തിങ്കല്‍ കരയാന്‍ പോവുകയാണെന്ന് അവര്‍ വിചാരിച്ചു.32 മറിയം യേശു നിന്നിരുന്നിടത്തു വന്ന്, അവനെക്കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍മരിക്കുമായിരുന്നില്ല.33 അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട് അസ്വസ്ഥനായി ചോദിച്ചു:34 അവനെ അടക്കിയിരിക്കുന്നത് എവിടെയാണ്? അവര്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, വന്നു കാണുക.35 യേശു കണ്ണീര്‍ പൊഴിച്ചു.36 അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നോക്കൂ, അവന്‍ എത്ര മാത്രം അവനെ സ്‌നേഹിച്ചിരുന്നു!37 എന്നാല്‍ അവരില്‍ ചിലര്‍ പറഞ്ഞു: അന്ധന്റെ കണ്ണു തുറന്ന ഈ മനുഷ്യന് ഇവനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ?

ലാസറിനെ ഉയിര്‍പ്പിക്കുന്നു.

38 യേശു വീണ്ടും നെടുവീര്‍പ്പിട്ടുകൊണ്ടു ശവകുടീരത്തിങ്കല്‍ വന്നു. അത് ഒരു ഗുഹയായിരുന്നു. അതിന്‍മേല്‍ ഒരു കല്ലും വച്ചിരുന്നു.39 യേശു പറഞ്ഞു: ആ കല്ലെടുത്തു മാറ്റുവിന്‍. മരിച്ചയാളുടെ സഹോദരിയായ മര്‍ത്താ പറഞ്ഞു: കര്‍ത്താവേ, ഇപ്പോള്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കും. ഇത് നാലാം ദിവസമാണ്.40 യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?41 അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു.42 അങ്ങ് എന്റെ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്.43 ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക.44 അപ്പോള്‍ മരിച്ചവന്‍ പുറത്തു വന്നു. അവന്റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും മുഖം തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടുമിരുന്നു. യേശു അവരോടു പറഞ്ഞു: അവന്റെ കെട്ടുകളഴിക്കുവിന്‍. അവന്‍ പോകട്ടെ.

യേശുവിനെ വധിക്കാന്‍ആലോചന.
(മത്തായി 26 : 1 – 26 : 5 ) (മര്‍ക്കോസ് 14 : 1 – 14 : 2 ) (ലൂക്കാ 22 : 1 – 22 : 2 )

45 മറിയത്തിന്റെ അടുക്കല്‍ വന്നിരുന്ന യഹൂദരില്‍ വളരെപ്പേര്‍ അവന്‍ പ്രവര്‍ത്തിച്ചതു കണ്ട് അവനില്‍ വിശ്വസിച്ചു.46 എന്നാല്‍, അവരില്‍ ചിലര്‍ ചെന്ന് യേശു പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ഫരിസേയരോടു പറഞ്ഞു.47 അപ്പോള്‍, പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്? ഈ മനുഷ്യന്‍ വളരെയധികം അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നല്ലോ.48 അവനെ നാം ഇങ്ങനെ വിട്ടാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും. അപ്പോള്‍ റോമാക്കാര്‍ വന്ന് നമ്മുടെ വിശുദ്ധസ്ഥലത്തെയും ജനത്തെയും നശിപ്പിക്കും.49 അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ.50 ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതുയുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.51 അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-52 ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും.53 അന്നുമുതല്‍ അവനെ വധിക്കാന്‍ അവര്‍ ആലോചിച്ചുകൊണ്ടിരുന്നു.54 അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍, ശിഷ്യരോടൊത്തു വസിച്ചു.55 യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. ഗ്രാമങ്ങളില്‍നിന്നു വളരെപ്പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിനായി പെസഹായ്ക്കുമുമ്പേ ജറുസലെമിലേക്കു പോയി.56 അവര്‍ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തില്‍വച്ചു പരസ്പരം ചോദിച്ചു: നിങ്ങള്‍ എന്തു വിചാരിക്കുന്നു? അവന്‍ തിരുനാളിനു വരികയില്ലെന്നോ?57 അവന്‍ എവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍, അവനെ ബന്ധിക്കേണ്ടതിന് തങ്ങളെ അറിയിക്കണമെന്നു പുരോഹിതപ്രമുഖന്‍മാരും ഫരിസേയരും കല്‍പന കൊടുത്തിരുന്നു.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment