1 Corinthians Chapter 3 | 1 കോറിന്തോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 3

പക്വത പ്രാപിക്കാത്തവര്‍

1 സഹോദരരേ, എനിക്കു നിങ്ങളോട്, ആത്മീയമനുഷ്യരോട് എന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡികമനുഷ്യരോട് എന്നതുപോലെയും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോട് എന്നതുപോലെയുമാണ് നിങ്ങളോടു ഞാന്‍ സംസാരിച്ചത്.2 ഗുരുവായ ഭക്ഷണം കഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍ തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്.3 എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?4 ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്റെ ആളാണ് എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്?

ശുശ്രൂഷകരുടെ സ്ഥാനം

5 അപ്പോളോസ് ആരാണ്? പൗലോസ് ആരാണ്? കര്‍ത്താവു നിശ്ചയിച്ചുതന്നതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ശുശ്രൂഷകര്‍ മാത്രം.6 ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്.7 അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം.8 നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും.9 ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.10 എനിക്കു നല്‍കപ്പെട്ട ദൈവകൃപയനുസരിച്ച്, ഒരു വിദഗ്ധശില്‍പിയെപ്പോലെ, ഞാന്‍ അടിസ്ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ് താന്‍ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ.11 യേശുക്രിസ്തുവെന്ന അടിസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.12 ഈ അടിസ്ഥാനത്തിന്‍മേല്‍ ആരെങ്കിലും സ്വര്‍ണമോ വെള്ളിയോ രത്‌നങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും13 ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്റെ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്‌നി തെളിയിക്കുകയും ചെയ്യും.14 ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും.15 ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്ഷപ്രാപിക്കും.16 നിങ്ങള്‍ ദൈവത്തിന്റെ ആ ലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ.

യഥാര്‍ഥ ജ്ഞാനം

18 ആരും ആത്മവഞ്ചന ചെയ്യാതിരിക്ക ട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്ഞാനിയെന്നു വിചാരിക്കുന്നപക്ഷംയഥാര്‍ഥ ജ്ഞാനിയാകേണ്ടതിന് തന്നെത്തന്നെ ഭോഷനാക്കട്ടെ. 19 എന്തെന്നാല്‍, ഈ ലോകത്തിന്റെ വിജ്ഞാനം ദൈവത്തിനു ഭോഷത്തമാണ്. 20 അവന്‍ ബുദ്ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നു കര്‍ത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. 21 അതിനാല്‍, മനുഷ്യരുടെ പേരില്‍ നിങ്ങള്‍ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്. 22 പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. 23 നിങ്ങളാകട്ടെ ക്രിസ്തുവിന്‍േറതും, ക്രിസ്തു ദൈവത്തിന്‍േറതും.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment