1 Corinthians Chapter 13 | 1 കോറിന്തോസ്, അദ്ധ്യായം 13 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 13

സ്‌നേഹം സര്‍വോത്കൃഷ്ടം

1 ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.2 എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്കവിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.3 ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല.4 സ്‌നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.5 സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.6 അത് അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.7 സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.8 സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങള്‍ കടന്നുപോകും; ഭാഷകള്‍ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.9 നമ്മുടെ അറിവും പ്രവചനവും അപൂര്‍ണമാണ്.10 പൂര്‍ണമായവ ഉദിക്കുമ്പോള്‍ അപൂര്‍ണമായവ അസ്തമിക്കുന്നു.11 ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെയുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.12 ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും. വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു.13 എന്നാല്‍, സ്‌നേഹമാണ് സര്‍വോത്കൃഷ്ടം.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment