St. Paul’s Letter to the Ephesians | വി. പൗലോസ് എഫേസോസുകാർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം

പൗലോസ് തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രേക്ഷിതയാത്രകളില്‍, മൂന്നുവര്‍ഷത്തോളം എഫേസോസ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്  (അപ്പ18, 19-21; 19, 1-10) എന്നാല്‍, എഫേസോസുകാര്‍ക്കുള്ള ലേഖനം രചിച്ചതു പൗലോസ് തന്നെയാണോ, അതോ അദ്ദേഹത്തിന്റെ ശിഷ്യരില്‍ ആരെങ്കിലുമാണോ എന്നത് ഇന്നും വിവാദവിഷയമാണ്. ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങളും ശൈലികളും പരിഗണിച്ചാല്‍, പൗലോസല്ല, അദ്ദേഹത്തിന്റെ ആശയങ്ങളും വാദമുഖങ്ങളും നന്നായറിയാമായിരുന്ന ഒരു ശിഷ്യനായിരിക്കണം ലേഖനകര്‍ത്താവ് എന്ന അഭിപ്രായം കൂടുതല്‍ സ്വീകാര്യമായിത്തോന്നും. ലേഖനകര്‍ത്താവ് ആരുതന്നെയായാലും പൗലോസിന്റെ ലേഖനംപോലെ തന്നെ കരുതി ഇതിനെ വ്യാഖ്യാനിക്കുന്നതാണ് ഉചിതം.എഫേസോസുകാരെ നേരില്‍ പരിചയപ്പെട്ടിരുന്ന പൗലോസ് അവരെ പ്രത്യേകമായി ഉദ്ദേശിച്ചാണ് ഈ ലേഖനം എഴുതിയതെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ ലേഖനത്തിലും കാണേണ്ടതായിരുന്നു. ഇക്കാരണത്താല്‍ എഫേസോസുകാരെമാത്രം ഉദ്ദേശിച്ചല്ല, ഏഷ്യയിലെ സഭകളിലെല്ലാം വായിക്കാന്‍വേണ്ടിരചിക്കപ്പെട്ടതായാണ് പണ്ഡിതന്മാരധികവും ഈ ലേഖനത്തെ പരിഗണിക്കുന്നത്. ലേഖനകര്‍ത്താവു തടവിലായിരിക്കുമ്പോഴാണ് എഴുതുന്നതെന്നു ലേഖനത്തില്‍ത്തന്നെ ആവര്‍ത്തിച്ചു പറയുന്നുണ്ട്  (3, 1; 4, 1; 6,20). എ. ഡി. 58-നും 60-നും ഇടയ്ക്കു റോമായില്‍വച്ചായിരിക്കണം ഈ ലേഖനം എഴുതിയതെന്നു പൊതുവേ കരുതപ്പെടുന്നു. ലേഖനത്തിന്റെ ആദ്യഭാഗത്തെ (1, 3-3, 21) പ്രതിപാദ്യം, ക്രിസ്തുവിശ്വാസം സ്വീകരിക്കാന്‍ വിജാതീയര്‍ക്കുലഭിച്ചവിളിയുടെ രഹസ്യമാണ്. രക്ഷപ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന യഹൂദരെയും അതില്‍നിന്ന് അകന്നുജീവിച്ചിരുന്ന വിജാതീയരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാര്‍വത്രിക പരിത്രാണപദ്ധതിയെ ലേഖനകര്‍ത്താവു ശ്‌ളാഘിക്കുന്നു. യഹൂദരെയും വിജാതീയരെയും തമ്മില്‍ വേര്‍തിരിച്ചിരുന്ന ശത്രുതയുടെ മതില്‍ ക്രിസ്തു തന്റെ മരണം മൂലം തകര്‍ത്ത് ഇരുകൂട്ടരെയും ഒരു ജനമാക്കിതീര്‍ത്തു (2,11-22). വിജാതീയരെ പ്രത്യേകിച്ചും ക്രിസ്തുവിന്റെ സഭയിലേക്ക് വിളിക്കാനാണ് പൗലോസ് നിയോഗിക്കപ്പെട്ടിരുന്നത്  (3,1-19). 4,1-16ല്‍, സഭാംഗങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ദാനങ്ങളത്രയും ക്രിസ്തുവിന്റെ ശരിരത്തെ പണിതുയര്‍ത്താനാണു പ്രയോജനപ്പെടുത്തേണ്ടതെന്നു വ്യക്തമാക്കികൊണ്ട്, സഭയില്‍ എന്നും നിലനില്‌ക്കേണ്ട ഐക്യത്തെ ഊന്നിപ്പറയുന്നു. വിജാതിയരീതികളുപേക്ഷിച്ച്, ക്രിസ്തുവുമായി ഐക്യപ്പെട്ട്, എല്ലാ തുറകളിലും ഒരുപുതിയജീവിതം ആരംഭിക്കണമെന്നു ലേഖനകര്‍ത്താവു തുടര്‍ന്നു നിര്‍ദേ്‌ദേശിക്കുന്നു (4,17-6,9). ദൈവത്തിന്റെ ആയുധങ്ങള്‍ ധരിച്ച്, പിശാചിനും അന്ധകാര ശക്തികള്‍ക്കുമെതിരേയുദ്ധംചെയ്യാനുള്ള ഉദ്‌ബോധനമാണ് അവസാനഭാഗത്തുകാണുന്നത് (6,10-20).

Advertisements

അദ്ധ്യായം 1

അഭിവാദനങ്ങള്‍

1 ദൈവതിരുമനസ്‌സിനാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധര്‍ക്ക് എഴുതുന്നത്.2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!3 സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!4 തന്റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്തുവില്‍ തെരഞ്ഞെടുത്തു.5 യേശുക്രിസ്തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു.6 അവിടുന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്റെ കൃപയുടെ മഹ ത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്.7 അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു.8 ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു.9 ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു.10 ഇത് കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ.11 തന്റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്റെ പദ്ധ തിയനുസരിച്ച് അവനില്‍ നമ്മെ മുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു.12 ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്.13 രക്ഷയുടെ സദ് വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു.14 അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്.

ക്രിസ്തു മഹോന്നതന്‍

15 കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്ധരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തെയുംകുറിച്ചു കേട്ടനാള്‍ മുതല്‍ എന്റെ പ്രാര്‍ ഥനകളില്‍ നിങ്ങളെ അനുസ്മരിക്കുകയും16 നിങ്ങളെപ്രതി ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന് ഞാന്‍ വിരമിച്ചിട്ടില്ല.17 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വത്തിന്റെ പിതാവുമായവന്‍ ജ്ഞാനത്തിന്റെയും വെ ളിപാടിന്റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!18 ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്റെ സമൃദ്ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.19 അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ.20 ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്.21 അങ്ങനെ, ഈയുഗത്തിലും വരാനിരിക്കുന്നയുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി.22 അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു.23 സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്.

Advertisements

അദ്ധ്യായം 2

രക്ഷ  – ദൈവികദാനം

1 അപരാധങ്ങളും പാപങ്ങളുംമൂലം ഒരിക്കല്‍ നിങ്ങള്‍ മൃതരായിരുന്നു.2 അന്ന്, ഈ ലോകത്തിന്റെ ഗതി പിന്തുടര്‍ന്നും, അനുസരണക്കേടിന്റെ മക്കളില്‍ പ്രവര്‍ത്തിക്കുന്ന അരൂപിയായ അന്തരീക്ഷശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങള്‍ നടന്നിരുന്നത്.3 അനുസരണക്കേടിന്റെ ഈ മക്കളോടൊപ്പം ഒരു കാലത്ത് നമ്മളും ശരീരത്തിന്റെയും മനസ്‌സിന്റെയും അഭിലാഷങ്ങള്‍ സാധിച്ചുകൊണ്ട് ജഡമോഹങ്ങളില്‍ ജീവിച്ചു; നമ്മളും മറ്റുള്ളവരെപ്പോലെ സ്വഭാവേന ക്രോധത്തിന്റെ മക്കളായിരുന്നു.4 എന്നാല്‍, നമ്മള്‍ പാപംവഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍,5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു; കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു.6 യേശുക്രിസ്തുവിനോടുകൂടെ അവിടുന്നു നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു.7 അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോടു കാണിച്ച കാരുണ്യത്താല്‍, വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്.8 വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.9 അതു പ്രവൃത്തികളുടെ ഫലമല്ല. തന്‍മൂലം, ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല.10 നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.

എല്ലാവരും ക്രിസ്തുവില്‍ ഒന്ന്

11 നിങ്ങള്‍ ശരീരംകൊണ്ട് വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈകൊണ്ടു പരിച്‌ഛേദനം ചെയ്യപ്പെട്ടവര്‍, നിങ്ങളെ അപരിച്‌ഛേദിതര്‍ എന്നു വിളിച്ചിരുന്നത് ഓര്‍ക്കുക.12 അന്ന് നിങ്ങള്‍ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തി ന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക.13 എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേശുക്രിസ്തുവില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു.14 കാരണം, അവന്‍ നമ്മുടെ സമാധാന മാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു.15 കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി.16 ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്തത്.17 വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന്‍ സമാധാനം പ്രസംഗിച്ചു.18 അതിനാല്‍, അവനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.19 ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.20 അപ്പസ്‌തോലന്‍മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.21 ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.22 പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.

Advertisements

അദ്ധ്യായം 3

വിജാതീയരുടെ അപ്പസ്‌തോലന്‍

1 ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കുവേണ്ടി യേശുക്രിസ്തുവിനെപ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന2 പൗലോസായ ഞാന്‍, നിങ്ങള്‍ക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.3 ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്.4 അതു വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം.5 ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്‌തോലന്‍മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ട തുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല.6 ഈവെളിപാടനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.7 ദൈവത്തിന്റെ കൃപാവരത്താല്‍ ഞാന്‍ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്രേ എനിക്ക് ഈ കൃപാവരം നല്‍കപ്പെട്ടത്.8 വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചുപ്രസംഗിക്കാനും9 സകലത്തിന്റെയും സ്ര ഷ്ടാവായ ദൈവത്തില്‍യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്ത മാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധ രില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു.10 സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖ ജ്ഞാനം വ്യക്ത മാക്കി കൊടുക്കാന്‍വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്.11 ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെനിത്യമായ ഉദ്‌ദേശ്യത്തിനനുസൃതമാണ്.12 അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.13 അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന പീഡകളെപ്രതി നിങ്ങള്‍ ഹൃദയവ്യഥയനുഭവിക്കരുത് എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പീഡകളത്രേനിങ്ങളുടെ മഹത്വം.

ക്രിസ്തുവിന്റെ സ്‌നേഹം

14 ഇക്കാരണത്താല്‍, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ15 പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു.16 അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്തിപ്പെടുത്തണമെന്നും,17 വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.18 എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ.19 അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.20 നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന21 അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍.

Advertisements

അദ്ധ്യായം 4

ഐക്യത്തിന് ആഹ്വാനം

1 കര്‍ത്താവിനുവേണ്ടി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍.2 പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍.3 സമാധാനത്തിന്റെ ബന്ധത്തില്‍ ആത്മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.4 ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്മാവുമാണുള്ളത്.5 ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു.6 സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍ മാത്രം.

കൃപാവരങ്ങളുടെ വൈവിധ്യം

7 നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.8 അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി.9 അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ?10 ഇറങ്ങിയവന്‍ തന്നെയാണ്, എല്ലാ വസ്തുക്കളെയും പൂരിതമാക്കാന്‍വേണ്ടി എല്ലാ സ്വര്‍ഗങ്ങള്‍ക്കുമുപരി ആരോഹണംചെയ്തവനും.11 അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി.12 ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്.13 വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.14 നാം ഇനിമേല്‍ തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍മനുഷ്യര്‍ കൗശല പൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെ റിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്.15 പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്‌സായ ക്രിസ്തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു.16 അവന്‍ വഴി ശരീരംമുഴുവന്‍, ഓരോ സന്ധിബന്ധവും അതതിന്റെ ജോലി നിര്‍വഹിക്കത്തക്കവിധം സമന്വയിക്കപ്പെട്ട്, വള രുകയും സ്‌നേഹത്തില്‍ രൂപപ്പെടുകയും ചെയ്യുന്നു.

ക്രിസ്തുവില്‍ നവജീവിതം

17 കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്.18 ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു.19 അവര്‍ മനസ്‌സു മരവിച്ച് ഭോഗാസക്തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്ധികളിലും ആവേശത്തോടെ മുഴുകി.20 പക്‌ഷേ, ഇതല്ല നിങ്ങള്‍ ക്രിസ്തുവില്‍നിന്നു പഠിച്ചത്.21 നിങ്ങള്‍ യേശുവിനെക്കുറിച്ചുകേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടല്ലോ.22 നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.23 നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.24 യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.

വര്‍ജിക്കേണ്ട തിന്‍മകള്‍

25 അതിനാല്‍, വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്.26 കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.27 സാത്താന് നിങ്ങള്‍ അവസരം കൊടുക്കരുത്.28 മോഷ്ടാവ് ഇനിമേല്‍ മോഷ്ടിക്കരുത്. അവന്‍ ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ എന്തെങ്കിലും സമ്പാദിക്കുന്നതിനുവേണ്ടി സ്വന്തം കൈകള്‍ കൊണ്ട് മാന്യമായ ജോലി ചെയ്യട്ടെ.29 നിങ്ങളുടെ അധരങ്ങളില്‍നിന്ന് തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍.30 രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്.31 സക ല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്ഷിക്കുവിന്‍.32 ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍.

Advertisements

അദ്ധ്യായം 5

ദൈവത്തെ അനുകരിക്കുക

1 വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.2 ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.3 നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയുംയാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.4 മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്‌തോത്രമാണ് ഉചിതം.5 വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.6 ആരും അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു.7 അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്.8 ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു.9 പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്‍മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്.10 കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍.11 അന്ധകാരത്തിന്റെ നിഷ്ഫലമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്, പകരം അവയെ കുറ്റപ്പെടുത്തുവിന്‍.12 അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്ജാവഹമത്രേ. പ്രകാശിതമായവയെല്ലാം പ്രശോഭിക്കും.13 ഇങ്ങനെ പ്രശോഭിക്കുന്നതെല്ലാം പ്രകാശമാണ്.14 അതുകൊണ്ടാണ് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നത്: ഉറങ്ങുന്ന വനേ, ഉണരുക, മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കുക, ക്രിസ്തു നിന്റെ മേല്‍ പ്രകാശിക്കും.15 അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിന്‍.16 ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.17 ഭോഷന്‍മാരാകാതെ കര്‍ത്താവിന്റെ അ ഭീഷ്ടമെന്തെന്നു മനസ്‌സിലാക്കുവിന്‍.18 നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്‍മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍.19 സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍.20 എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.21 ക്രിസ്തുവിനോടുള്ള ബഹുമാനത്തെപ്രതി നിങ്ങള്‍ പരസ്പരം വിധേയരായിരിക്കുവിന്‍.

ഭാര്യാഭര്‍ത്താക്കന്‍മാര്‍

22 ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് എന്നപോലെ ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍.23 എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്‌സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും.24 സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കണം.25 ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കണം.26 അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താല്‍ വെണ്‍മയുള്ളതാക്കി.27 ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കുതന്നെപ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്.28 അതുപോലെ തന്നെ, ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്‌നേഹിക്കണം. ഭാര്യയെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെയാണു സ്‌നേഹിക്കുന്നത്.29 ആരും ഒരിക്ക ലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്തു സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.30 എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്.31 ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.32 ഇത് ഒരു വലിയരഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇതു പറയുന്നത്.33 ചുരുക്കത്തില്‍, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്‌നേഹിക്കണം. ഭാര്യയാകട്ടെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.

Advertisements

അദ്ധ്യായം 6

മക്കളും മാതാപിതാക്കന്‍മാരും

1 കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. അതുന്യായയുക്തമാണ്.2 നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.3 വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ.4 പിതാക്കന്‍മാരേ, നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍.

ഭൃത്യന്‍മാരുംയജമാനന്‍മാരും

5 ദാസന്മാരേ, നിങ്ങളുടെ ലൗകികയജമാനന്‍മാരെ ക്രിസ്തുവിനെയെന്നപോലെ ഭയത്തോടും ബഹുമാനത്തോടും ആത്മാര്‍ ഥതയോടുംകൂടെ അനുസരിക്കണം.6 മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ അവരുടെ കണ്‍മുമ്പില്‍മാത്രം ഇങ്ങനെ പ്രവര്‍ത്തിക്കാതെ, പൂര്‍ണഹൃദയത്തോടെ ദൈവഹിതം അനുവര്‍ത്തിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദാസന്‍മാരായിരിക്കുവിന്‍.7 മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്‍മനസ്‌സോടെ ശുശ്രൂഷ ചെയ്യണം.8 ഓരോരുത്തര്‍ക്കും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക് തക്ക പ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിന്‍.9 യജമാനന്‍മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്‍മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയുംയജമാനന്‍ സ്വര്‍ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍.

ആത്മീയസമരം

10 അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.11 സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.12 എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.13 അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.14 അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍.15 സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.16 സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.17 രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍.

നിരന്തരം പ്രാര്‍ഥിക്കുവിന്‍

18 നിങ്ങള്‍ അപേക്ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.19 ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂര്‍വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.20 സുവിശേഷ രഹസ്യത്തിന്റെ ബന്ധനസ്ഥനായ സ്ഥാനപതിയാണല്ലോ ഞാന്‍. എന്റെ കടമയ്‌ക്കൊത്തവിധം ധീരതയോടെ പ്രസംഗിക്കാന്‍വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.

ഉപസംഹാരം, ആശംസ

21 ഞാന്‍ എങ്ങനെയിരിക്കുന്നെന്നും എന്തു ചെയ്യുന്നെന്നും അറിയാന്‍ നിങ്ങള്‍ക്ക് ആഗ്ര ഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്റെ വിശ്വസ്തശുശ്രൂഷ കനുമായ തിക്കിക്കോസ് നിങ്ങളോട് എല്ലാം പറയുന്നതാണ്.22 ഇതിനുവേണ്ടിത്തന്നെയാണ് അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കുന്നത്-ഞങ്ങളുടെ വിശേഷങ്ങള്‍ നിങ്ങളെ അറിയിക്കുന്നതിനും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി.23 സഹോദരര്‍ക്ക് പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും വിശ്വാസപൂര്‍വകമായ സ്‌നേഹവും സമാധാനവും.24 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും കൃപയും നിത്യജീവനുമുണ്ടാകട്ടെ.

Advertisements
Advertisements
Advertisements
St. Paul
Advertisements

Leave a comment