First Letter of St. Paul to the Thessalonians | വി. പൗലോസ് തെസ്സലോനിക്കക്കാർക്ക് എഴുതിയ ഒന്നാം ലേഖനം | Malayalam Bible | POC Translation

1 Thessalonians

ആമുഖം

പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയില്‍, എ. ഡി. 49-നോടടുത്ത്, തെസലോനിക്കസന്ദര്‍ശിക്കുകയും അവിടെ സഭ സ്ഥാപിക്കുകയും ചെയ്തു. സില്‍വാനോസും തിമോത്തേയോസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു ( 1 തെസ.1,1,5-8; 2, 1-4; 3, 1-16). വിശ്വാസം സ്വീകരിച്ച തെസലോനിക്കാക്കാരില്‍ ഭൂരിഭാഗവും യഹൂദരായിരുന്നില്ല. വിജാതീയരുടെയിടയില്‍ പൗലോസിനുണ്ടായ നേട്ടത്തില്‍ യഹൂദര്‍ അസൂയാലുക്കളായി. അവരുടെ എതിര്‍പ്പുമൂലം പൗലോസിനും കൂട്ടുകാര്‍ക്കും തെസലോനിക്കാ വിടേണ്ടിവന്നു. ആഥന്‍സിലെത്തിയതിനുശേഷം പൗലോസ് തെസലോനിക്കായിലെ സഭയെ സംബന്ധിച്ചവിവരങ്ങളറിയാന്‍, തിമോത്തിയോസിനെ അങ്ങോട്ടയച്ചു. പൗലോസ്‌ യാത്ര തുടര്‍ന്നു കോറിന്തോസിലെത്തിയപ്പോഴേക്കും തിമോത്തിയോസും അവിടെ എത്തിച്ചേര്‍ന്നു. തെസലോനിക്കായിലെ സഭയ്ക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചും യഹൂദരില്‍ നിന്ന് അവര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും അദ്ദേഹം പൗലോസിനെ ധരിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ (എ.ഡി. 51-ല്‍) കോറിന്തോസില്‍വച്ചായിരിക്കണം പൗലോസ് തെസലോനിക്കാര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയത്. തന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ഫലമായി തെസലോനിക്കാക്കാരില്‍ വളര്‍ന്നുവന്നവിശ്വാസവും സ്‌നേഹവും പൗലോസ് കൃതജ്ഞതാപൂര്‍വം അനുസ്മരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു (1, 2-3, 13). ക്രിസ്തുവിന്റെ പ്രത്യാഗമനത്തിനു മുന്‍പ് മരിക്കുന്നവരുടെ സ്ഥിതി എന്തായിരിക്കുമെന്നതിനെ സംബന്ധിച്ച് അവരുന്നയിച്ചിരുന്ന സംശയത്തിനും പൗലോസ് ഉത്തരം നല്‍കുന്നുണ്ട്  ( 4,13; 5, 11). ഒന്നാം ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യങ്ങള്‍ ഏറെക്കുറെ നിലവിലിരിക്കെത്തന്നെ എഴുതിയതാവണം രണ്ടാംലേഖനവും ക്രിസ്തുവിന്റെ പ്രത്യാഗമനം ആസന്നഭാവിയിലായിരിക്കുമെന്നു വ്യാജപ്രബോധകര്‍ പ്രചരിപ്പിച്ച തെറ്റായ ധാരണ തിരുത്താനാണു പ്രധാനമായും പൗലോസ് ഈ ലേഖനമെഴുതിയത് (3, 6-12). എന്നാല്‍ ക്രിസ്തുവിന്റെ ആഗമനസമയമായിട്ടില്ല; അവസാനനാളുകളില്‍ തിന്‍മ ശക്തിപ്രാപിക്കും; ക്രിസ്തുവൈരി പ്രത്യക്ഷപ്പെടും; ക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ അവന്‍ നശിപ്പിക്കപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ (3, 13-18) പൗലോസ് അവരെ അനുസ്മരിപ്പിക്കുന്നു.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 പൗലോസും സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന്, പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെ ഴുതുന്നത്. നിങ്ങള്‍ക്കു കൃപയും സമാധാനവും!

കൃതജ്ഞത, അഭിനന്ദനം

2 ഞങ്ങളുടെ പ്രാര്‍ഥനകളില്‍ സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു ഞങ്ങള്‍ നന്ദി പറയുന്നു.3 നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവൃത്തിയും സ്‌നേഹത്തിന്റെ പ്രയത്‌നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങള്‍ അനുസ്മരിക്കുന്നു.4 ദൈവത്തിന്റെ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, നിങ്ങളെ അവിടുന്നു തെരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ അറിയുന്നു.5 എന്തെന്നാല്‍, ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചതു വചനത്തില്‍ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും ഉത്തമമായ ബോധ്യത്തോടെയുമത്രേ. നിങ്ങളുടെയിടയില്‍ നിങ്ങള്‍ക്കുവേണ്ടി എങ്ങനെയാണു ഞങ്ങള്‍ വര്‍ത്തിച്ചിരുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ.6 നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിക്കുന്നവരായി. കാരണം, വളരെ ക്ലേശങ്ങള്‍ക്കിടയിലും, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ ആനന്ദത്തോടെ നിങ്ങള്‍ വചനം സ്വീകരിച്ചു.7 അങ്ങനെ നിങ്ങള്‍ മക്കെദോനിയായിലും അക്കായിയായിലും ഉള്ള വിശ്വാസികള്‍ക്കെല്ലാം മാതൃകയായിരിക്കുന്നു.8 എന്തെന്നാല്‍, നിങ്ങളില്‍നിന്നു കര്‍ത്താവിന്റെ വചനം മക്കെദോനിയായിലും അക്കായിയായിലും പ്രതിധ്വനിക്കുക മാത്രമല്ല, ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം എല്ലായിടത്തും ചെന്നെത്തുകയും ചെയ്തിരിക്കുന്നു. തന്‍മൂലം, അതേക്കുറിച്ചു കൂടുതലായി ഒന്നുംതന്നെ ഞങ്ങള്‍ പറയേണ്ടതില്ല.9 ഞങ്ങള്‍ക്ക് ഏതുവിധത്തിലുള്ള സ്വാഗതമാണു നിങ്ങളില്‍നിന്നു ലഭിച്ചതെന്നും ജീവിക്കുന്ന സത്യദൈവത്തെ സേവിക്കുന്നതിനും,10 അവിടുന്നു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനും വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെമോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗത്തില്‍നിന്നു പ്രതീക്ഷിക്കുന്നതിനും വേണ്ടി വിഗ്രഹങ്ങളില്‍നിന്നു നിങ്ങള്‍ എപ്രകാരം പിന്തിരിഞ്ഞുവെന്നും അവര്‍ ഞങ്ങളോടു വിവരിച്ചു.

Advertisements

അദ്ധ്യായം 2

പൗലോസിന്റെ മാതൃക

1 സഹോദരരേ, നിങ്ങളുടെയടുത്തേക്കു ഞങ്ങള്‍ വന്നതു വ്യര്‍ഥമായില്ലെന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.2 നിങ്ങള്‍ക്കറിയാവുന്നതുപോലെ ഞങ്ങള്‍ വളരെ പീഡകള്‍ സഹിക്കുകയും ഫിലിപ്പിയില്‍വച്ച് അവമാനിക്കപ്പെടുകയും ചെയ്തു. എങ്കിലും, കഠോര മായ ക്ലേശങ്ങളുടെമധ്യേ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രഘോഷിക്കാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു പ്രദാനം ചെയ്തു.3 ഞങ്ങളുടെ ഉപദേശം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വഞ്ചനയില്‍നിന്നോ ഉദ്ഭവിച്ചതല്ല.4 സുവിശേഷം ഭരമേല്‍ക്കാന്‍ യോഗ്യരെന്നു ദൈവം അംഗീകരിച്ചതനുസരിച്ചാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഇതു മനുഷ്യരെ പ്രീതിപ്പെടുത്താനല്ല; ഞങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്നദൈവത്തെ പ്രീതിപ്പെടുത്താനാണ്.5 നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പ്രസം ഗങ്ങളില്‍ ഒരിക്കലും മുഖസ്തുതിയുടെ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല; അത്യാഗ്രഹത്തിന്റെ പുറംകുപ്പായം ധരിച്ചിട്ടുമില്ല. അതിനു ദൈവംതന്നെ സാക്ഷി.6 ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരെന്ന നിലയില്‍ മേന്‍മ ഭാവിക്കാമായിരുന്നിട്ടും ഞങ്ങള്‍ നിങ്ങളില്‍നിന്നോ മറ്റു മനുഷ്യരില്‍നിന്നോ മഹത്വം അന്വേഷിച്ചില്ല.7 ധാത്രി കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെ ഞങ്ങള്‍ നിങ്ങളുടെയിടയില്‍ സൗമ്യമായി പെരുമാറി.8 നിങ്ങളോടുള്ള അതീവതാത്പര്യം നിമിത്തം ദൈവത്തിന്റെ സുവിശേഷംമാത്രമല്ല, ഞങ്ങളുടെ ജീവനെത്തന്നെയും നിങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ സന്നദ്ധരായി. കാരണം, നിങ്ങള്‍ അത്രമാത്രം ഞങ്ങളുടെ വാത്‌സല്യഭാജനങ്ങളായിരുന്നു.9 സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപ കല്‍ അധ്വാനിച്ചു.10 വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം എത്ര പവിത്രവും നീതിപൂര്‍വകവും നിഷ്‌കളങ്കവുമായിരുന്നുവെന്നതിനു നിങ്ങളും ദൈവവും സാക്ഷികളാണ്.11 പിതാവു മക്കളെയെന്നപോലെ ഞങ്ങള്‍ നിങ്ങളെ ഉപദേശിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും അനുശാസിക്കുകയും ചെയ്തുവെന്ന കാര്യം നിങ്ങള്‍ക്ക റിയാമല്ലോ.12 അത് തന്റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായവിധം നിങ്ങള്‍ ജീവിക്കാന്‍വേണ്ടിയാണ്.

സഹനത്തില്‍ ഭാഗഭാഗിത്വം

13 ഞങ്ങളില്‍നിന്നു നിങ്ങള്‍ ശ്രവിച്ച ദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നയഥാര്‍ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്ദി പറയുന്നു.14 സഹോദരരേ, നിങ്ങള്‍യൂദയായില്‍ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ദൈവത്തിന്റെ സഭകളെ അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന് അവര്‍ സഹിച്ചവയെല്ലാംതന്നെ സ്വന്തംനാട്ടുകാരില്‍നിന്നു നിങ്ങളും സഹിച്ചു.15 യഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്‍മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പുറത്താക്കി.16 വിജാതീയരുടെ രക്ഷയെക്കരുതി അവരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ തടസ്‌സപ്പെടുത്തിക്കൊണ്ട് അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാ മനുഷ്യരെയും എതിര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അള വു പൂര്‍ത്തിയാക്കുന്നു. ഇതാ, അവസാനംദൈവത്തിന്റെ ക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു.17 സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടും കാണാന്‍ അതീവ താത്പര്യത്തോടും ആകാംക്ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.18 അതിനാല്‍, നിങ്ങളെ സ ന്ദര്‍ശിക്കാന്‍ ഞങ്ങള്‍വപൗലോസായ ഞാന്‍ പല പ്രാവശ്യം വ ആഗ്രഹിച്ചു. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്‌സപ്പെടുത്തി. കര്‍ത്താവായ യേശുവിന്റെ പ്രത്യാഗമനത്തില്‍19 അവിടുത്തെ സന്നിധിയില്‍ ഞങ്ങളുടെപ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും എന്താണ്? അതു നിങ്ങള്‍ തന്നെയല്ലേ?20 എന്തെന്നാല്‍, നിങ്ങളാണു ഞങ്ങളുടെ മഹത്വവും ആനന്ദവും.

Advertisements

അദ്ധ്യായം 3

തിമോത്തേയോസ്

1 ഈ വേര്‍പാട് ദുസ്‌സഹമായിത്തീര്‍ന്നപ്പോള്‍ ആഥന്‍സില്‍ തനിച്ചുകഴിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.2 നിങ്ങളെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ തരാനുമായി, ഞങ്ങളുടെ സഹോദര നും ക്രിസ്തുവിന്റെ സുവിശേഷത്തില്‍ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്ക് അയച്ചു.3 പീഡനങ്ങള്‍ നിമിത്തം ആര്‍ക്കും ഇളക്കം തട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇതിനാണു ഞങ്ങള്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കുതന്നെ അ റിയാമല്ലോ.4 എന്തെന്നാല്‍, ഞങ്ങള്‍ക്കു ക ഷ്ടതകള്‍ സഹിക്കേണ്ടിവരുമെന്നു നിങ്ങളോടുകൂടെയായിരുന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. അപ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. അതു നിങ്ങള്‍ക്കറിയുകയും ചെയ്യാം.5 ഇക്കാരണത്താലാണ്, ഇനിയും കാത്തിരിക്കുക അസാധ്യമെന്നു വന്നപ്പോള്‍, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആളയച്ചത്. പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്‌നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു.6 എന്നാല്‍, തിമോത്തേയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്‌നേഹത്തെയും സംബന്ധിക്കുന്ന സദ്‌വാര്‍ത്തയുമായി ഞങ്ങളുടെ അടുത്തു മടങ്ങിയെത്തി. നിങ്ങള്‍ ഞങ്ങളെ സ്‌നേഹപൂര്‍വം സദാ സ്മരിക്കുന്നെന്നും, ഞങ്ങള്‍ നിങ്ങളെക്കാണാന്‍ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങള്‍ക്കും ഞങ്ങളെക്കാണാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ അറിയിച്ചു.7 ഇക്കാരണത്താല്‍ സഹോദരരേ, എല്ലാ സങ്കടങ്ങളിലും കഷ്ടതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ആശ്വാസം തരുന്നു.8 ഇപ്പോള്‍ ഞങ്ങള്‍ ജീവിക്കുന്നെങ്കില്‍, അതു നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ്.9 ദൈവസന്നിധിയില്‍ നിങ്ങള്‍ മൂലം ഞങ്ങളനുഭവിക്കുന്ന ആനന്ദത്തിനു നിങ്ങളുടെ പേരില്‍ ദൈവത്തിന് എങ്ങനെ നന്ദി പ്രകാശിപ്പിക്കും!10 നിങ്ങളെ മുഖാഭിമുഖം കാണുന്നതിനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്തുന്നതിനുംവേണ്ടി ഞങ്ങള്‍ രാപകല്‍ തീക്ഷ്ണതയോടെ പ്രാര്‍ ഥിക്കുന്നുണ്ട്.11 നമ്മുടെ പിതാവായ ദൈവംതന്നെയും, നമ്മുടെ കര്‍ത്താവായ യേശുവും നിങ്ങളുടെ അടുത്തേക്കു ഞങ്ങളെ നയിക്കട്ടെ.12 ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും ഉള്ള സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ.13 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!

Advertisements

അദ്ധ്യായം 4

പ്രസാദകരമായ ജീവിതം

1 സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയുംയാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍.2 കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസ നങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം.3 നിങ്ങളുടെ വിശുദ്ധീകരണമാണ്;ദൈവം അഭിലഷിക്കുന്നത്-അസാന്‍മാര്‍ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം;4 നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം;5 ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്;6 ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെ തന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് കര്‍ത്താവ്.7 അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.8 അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്.9 സഹോദരസ്‌നേഹത്തെ സംബന്ധിച്ചു നിങ്ങള്‍ക്ക് എഴുതേണ്ടതില്ല. കാരണം, പരസ്പരം സ്‌നേഹിക്കണമെന്നു ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതാണ്.10 തീര്‍ച്ചയായും, മക്കെദോനിയമുഴുവനിലുമുള്ള സഹോദരരോടു നിങ്ങള്‍ സ്‌നേഹപൂര്‍വം വര്‍ത്തിക്കുന്നുണ്ട്. എങ്കിലും സഹോദരരേ, ഞങ്ങള്‍ ഉപദേശിക്കുന്നു, സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുവിന്‍.11 ശാന്തരായി ജീവിക്കാന്‍ ഉത്‌സാഹിക്കുവിന്‍. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകുവിന്‍. സ്വന്തംകൈകൊണ്ട് അധ്വാനിക്കുവിന്‍. ഇതൊക്കെ ഞങ്ങള്‍ നേരത്തെനിങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ.12 ഇപ്രകാരം ജീവിച്ചാല്‍ അന്യരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതരാകും. ഒന്നിനും നിങ്ങള്‍ക്കു പരാശ്രയം വേണ്ടിവരികയില്ല.

കര്‍ത്താവിന്റെ പ്രത്യാഗമനവുംമരിച്ചവരുടെ ഉയിര്‍പ്പും

13 സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.14 യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.15 കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.16 എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.17 അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.18 അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കുവിന്‍.

Advertisements

അദ്ധ്യായം 5

ഒരുങ്ങിയിരിക്കുവിന്‍

1 സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങള്‍ക്കു ഞാന്‍ എഴുതേണ്ടതില്ല.2 കാരണം, രാത്രിയില്‍ കള്ളന്‍ എന്നപോലെ കര്‍ത്താവിന്റെ ദിനം വരുമെന്നു നിങ്ങള്‍ക്കു നന്നായറിയാം.3 സമാധാനവും ഭദ്രതയും എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗര്‍ഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെമേല്‍ നിപതിക്കും; അതില്‍നിന്ന് അവര്‍ രക്ഷപെടുകയില്ല.4 എന്നാല്‍, സഹോദരരേ, ആദിവസം കള്ളന്‍ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാന്‍ ഇടയാകത്തക്കവിധം നിങ്ങള്‍ അന്ധ കാരത്തിലല്ല കഴിയുന്നത്.5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രന്‍മാരാണ്. നമ്മില്‍ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെ യോ മക്കളല്ല.6 അതിനാല്‍, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണര്‍ന്നു സുബോധമുള്ളവരായിരിക്കാം.7 ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്. മദ്യപിച്ച് ഉന്‍മത്തരാകുന്നവര്‍ രാത്രിയിലാണ് ഉന്‍മത്തരാകുന്നത്.8 പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.9 എന്തെന്നാല്‍, നാം ക്രോധത്തിനിരയാകണമെന്നല്ല നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണു ദൈവം നിശ്ചയിച്ചിട്ടുള്ളത്.10 ഉറക്കത്തിലും ഉണര്‍വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവന്‍ നമുക്കുവേണ്ടി മരിച്ചത്.11 അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെതമ്മില്‍ത്തമ്മില്‍ ആ ശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടിയത്‌നിക്കുകയും ചെയ്യുവിന്‍.

സമൂഹജീവിതം

12 സഹോദരരേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ13 അവരുടെ അധ്വാനം പരിഗണിച്ച് അത്യധികം സ്‌നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.14 നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.15 ആരും ആരോടും തിന്‍മയ്ക്കു പകരം തിന്‍മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്‍മ ചെയ്യാനും ശ്രദ്ധിക്കുവിന്‍.16 എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.17 ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍.18 എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.19 ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്.20 പ്രവചനങ്ങളെ നിന്ദിക്കരുത്.21 എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍.22 എല്ലാത്തരം തിന്‍മയിലുംനിന്ന് അകന്നുനില്‍ക്കുകയും ചെയ്യുവിന്‍.

സമാപനാശംസ

23 സമാധാനത്തിന്റെ ദൈവം നിങ്ങളെ പൂര്‍ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണവുമായിരിക്കാന്‍ ഇടയാകട്ടെ!24 നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും.25 സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.26 വിശുദ്ധ ചുംബനംകൊണ്ട് എല്ലാ സഹോദരരെയും അഭിവാദനം ചെയ്യുവിന്‍.27 ഈ കത്ത് എല്ലാ സഹോദരരെയും വായിച്ചുകേള്‍പ്പിക്കാന്‍ കര്‍ത്താവിന്റെ നാമത്തില്‍ നിങ്ങളെ ഞാന്‍ ചുമതലപ്പെടുത്തുന്നു.28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ.

Advertisements
Advertisements
Advertisements
Advertisements
St. Paul
Advertisements

Leave a comment