First Letter of St. Paul to Timothy | വി. പൗലോസ് തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനം | Malayalam Bible | POC Translation

1 Timothy 1 തിമോത്തേയോസ്

ആമുഖം

തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലോസ് തന്റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്ന തിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിര്‍ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പൗലോസ് അറിയിച്ച സുവിശേഷത്തില്‍ നിന്ന് വ്യത്യസ്തമായ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടികള്‍ സ്വീകരിക്കാന്‍ തിമേത്തേയോസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്റെ പ്രധാന ഉദ്ദേശം ( 1, 3-30, 4,1-5). കൂടാതെ സമൂഹപ്രാര്‍ത്ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രീകള്‍ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ (2, 1-15), മെത്രാന്മാരുടെയും ഡീക്കന്‍മാരുടെയും കടമകള്‍ (3, 1-13), വിധവകള്‍, അടിമകള്‍ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ( 5, 3-6, 20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തിമേത്തേയോസിനെഴുതിയരണ്ടാമത്തെ ലേഖനം പൗലോസ് റോമായിലെ കാരാഗൃഹത്തില്‍നിന്ന്, തന്റെ മരണത്തിന് തൊട്ടുമുമ്പായി എഴുതിയതാവണം ( 1, 8, 16; 2, 9). സുവിശേഷ പ്രഘോഷണമാണ് കാരാഗൃഹവാസത്തിന് കാരണമായതെന്നും തനിക്ക് എന്താണു സംഭവിക്കാനിരിക്കുന്നതെന്നും പൗലോസിന് ബോധ്യമുണ്ടായിരുന്നു ( 4, 3-8; 16 – 18). അപ്പസ്‌തോലന്‍ തന്റെ ജീവിതാനുഭവങ്ങള്‍ തന്നെ ഉദാഹരണമായി എടുത്തുകാണിച്ചുകൊണ്ട് ( 2, 1-13) വ്യാജപ്രബോധനങ്ങള്‍ക്കെതിരേ പോരാടാനും എതിര്‍പ്പുകളെ ഭയപ്പെടാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും തിമോത്തേയോസിനെ പ്രോത്സാഹിപ്പിക്കുണ്ട്, ഈ ലേഖനത്തില്‍ (3, 1-17). ക്രേത്തേയിലെ ക്രിസ്തീയ സമൂഹത്തിന്റെ നേതാവായാണ് പൗലോസ് തീത്തോസിനെ അദ്ദേഹത്തിന് എഴുതിയ ലേഖനത്തില്‍ ചിത്രീകരിക്കുന്നത്  (1, 5). സാഹചര്യങ്ങള്‍ക്ക് യോജിച്ചവരും സല്‍ഗുണ സമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്ന് അപ്പസ്‌തോലന്‍ പ്രത്യേകം നിഷ്‌കര്‍ശിക്കുന്നു (1, 6-9). വ്യാജപ്രബോധകര്‍ക്കെതിരേ കര്‍ശനമായ നിലപാടു സ്വീകരിക്കാനും ( 1, 10-16) ജീവിതത്തിന്റെ വിവിധ തുറകള്‍ക്കാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങള്‍ നല്കാനും തീത്തോസിനെ ഉപദേശിക്കുന്നുമുണ്ട്  (2,1-10). വിദ്വേഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയ ഒഴിവാക്കി, സ്‌നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികള്‍ ക്രിസ്തീയ കൂട്ടായ്മയില്‍ കഴിയേണ്ടെതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3, 1- 11) ഈ ലേഖനത്തില്‍ കാണാം.

Advertisements

അദ്ധ്യായം 1

അഭിവാദനം

1 നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്‍പനയാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസ്,2 വിശ്വാസത്തില്‍ എന്റെയഥാര്‍ത്ഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും കരുണയും സമാധാനവും!

വിശ്വാസം സംരക്ഷിക്കുക

3 ഞാന്‍ മക്കെദോനിയായിലേക്കു പോയപ്പോള്‍ നിന്നോടാവശ്യപ്പെട്ടതുപോലെ,4 നീ എഫേസോസില്‍ താമസിക്കുക. വ്യാജപ്രബോധനങ്ങള്‍ നല്‍കുകയോ ഐതിഹ്യങ്ങളിലും അവസാനമില്ലാത്ത വംശാവലികളിലും ശ്രദ്ധ ചെലുത്തുകയോ ചെയ്യാതിരിക്കാന്‍ ചിലരെ ശാസിക്കുന്നതിനുവേണ്ടിയാണ് അത് ഇക്കാര്യങ്ങള്‍, വിശ്വാസത്തില്‍ ദൈവത്തിന്റെ കാര്യവിചാരിപ്പ് നിര്‍വ്വഹിക്കുന്നതിനുപകരം, സംശയങ്ങള്‍ ജനിപ്പിക്കുന്നതിനെ ഉപകരിക്കുകയുള്ളു.5 അവരെ കുറ്റപ്പെടുത്തുന്നതിന്റെ ലക്ഷ്യം പരുശുദ്ധമായ ഹൃദയത്തിലും നല്ല മനഃസാക്ഷിയിലും നിഷ്‌കപടമായ വിശ്വാസത്തിലും നിന്ന് രുപംകൊള്ളുന്ന സ്‌നേഹമാണ്.6 ചിലയാളുകള്‍ ഇവയില്‍ നിന്ന് വ്യതിചലിച്ച് അര്‍ത്ഥശുന്യമായ ചര്‍ച്ചകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.7 നിയമപ്രബോധകരാകണമെന്നാണ് അവരുടെ മോഹം. എന്നാല്‍, അവര്‍ എന്താണ് പറയുന്നതെന്നോ ഏതു തത്വങ്ങളാണ് സ്ഥാപിക്കുന്നതെന്നോ അവര്‍ക്കുതന്നെ അറിവില്ല.8 ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം.9 നിയമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാര്‍ക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, ദൈവഭക്തിയില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവന്‍,10 അസന്മാര്‍ഗ്ഗികള്‍, സ്വവര്‍ഗ്ഗഭോഗികള്‍, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നവര്‍ക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്.11 വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ മഹിമയുടെ സുവിശേഷത്തിനനുസ്യതമായി എനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നതാണ് ഈ പ്രബോധനം.

ദൈവകൃപയ്ക്കു കൃതജ്ഞത

12 എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനു ഞാന്‍ നന്ദി പറയുന്നു. എന്തെന്നാല്‍, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവന്‍ എന്നെ വിശ്വസ്തനായി കണക്കാക്കി.13 മുമ്പ് ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്.14 കര്‍ത്താവിന്റെ കൃപ യേശുക്രിസ്തുവിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.15 യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍.16 എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു. അത് നിത്യജീവന്‍ ലഭിക്കാന്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമാകുന്നതിനുവേണ്ടിയാണ്.17 യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നും ബഹുമാനവും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍18 എന്റെ മകനായ തിമോത്തേയോസേ,19 നിന്നെക്കുറിച്ചു നേരത്തേ ഉണ്ടായിട്ടുള്ള പ്രവചനങ്ങള്‍ക്കനുസൃതം വിശ്വസത്തോടും നല്ല മനഃസാക്ഷിയോടും കൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാന്‍ ഭരമേലപിക്കുന്നു. ചിലയാളുകള്‍ മനഃസാക്ഷിയെ തിരസ്‌കരിച്ചുകൊണ്ടു വിശ്വസം തീര്‍ത്തും നശിപ്പിച്ചുകളയുന്നു.20 ഹ്യുമനേയോസും അലക്‌സാണ്ടറും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ ദൈവദൂഷണത്തില്‍ നിന്നു പിന്‍മാറേണ്ടതിന് ഞാന്‍ അവരെ സാത്താനു വിട്ടുകൊടുത്തിരിക്കുകയാണ്.

Advertisements

അദ്ധ്യായം 2

പ്രാര്‍ത്ഥനയെക്കുറിച്ച് നിര്‍ദ്ദേശം

1 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.2 എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്.3 ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ.4 എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.5 എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്തു.6 അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.7 അതിന്റെ പ്രഘോഷകനായും അപ്പസ്‌തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്.8 അതിനാല്‍, കോപമോ കലഹമോ കൂടാതെ പുരുഷന്മാര്‍ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.9 അതുപോലെതന്നെ, സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്.10 ദൈവഭയമുള്ള സ്ത്രീകള്‍ക്കു യോജിച്ചവിധം സത്പ്രവൃത്തികള്‍കൊണ്ട് അവര്‍ സമലംകൃതരായിരിക്കട്ടെ!11 സ്ത്രീ നിശബ്ദമായും വിധേയത്വത്തോടുകൂടെയും പഠിക്കട്ടെ.12 പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരം നടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല.13 അവള്‍ മൗനം പാലിക്കേണ്ടതാണ്. എന്തെന്നാല്‍, ആദ്യം സൃഷ്ടിക്കപ്പെട്ടത് ആദമാണ്;14 പിന്നിടു ഹവ്വയും ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു.15 എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും.

Advertisements

അദ്ധ്യായം 3

മെത്രാന്‍ സ്ഥാനത്തെപ്പറ്റി

1 മെത്രാന്‍സ്ഥാനം ആഗ്രഹിക്കുന്നവന്‍ ഉല്‍കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നതു സത്യമാണ്.2 മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം.3 അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം.4 അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം.5 സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും?6 അവന്‍ പുതുതായി വിശ്വസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും.7 കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം: അല്ലെങ്കില്‍, ദുഷ്‌കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം.

സഭയിലെ ഡീക്കന്മാര്‍

8 അതുപോലെതന്നെ, ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക് അധീനരോ ഹീനമായ ലാഭേച്ഛയുള്ളവരോ ആയിരിക്കരുത്.9 അവര്‍ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം.10 ആദ്യമേതന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം അവര്‍ സഭാശുശ്രൂഷ ചെയ്യട്ടെ.11 അപ്രകാരംതന്നെ അവരുടെ സ്ത്രീകള്‍ ഗൗരവബുദ്ധികളും പരദുഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാകാര്യങ്ങളിലും വിശ്വസ്തരുമായിരിക്കണം.12 ഡിക്കന്മാര്‍ ഏകപത്‌നീവ്രതം അനുഷ്ടിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം.13 എന്തെന്നാല്‍, സ്തുത്യര്‍ഹമായി ശുശ്രൂഷചെയ്യുന്നവര്‍ ബഹുമാന്യമായ സ്ഥാനം നേടുകയും യേശുക്രിസതുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ച്, ആത്മധൈര്യം സമ്പാദിക്കുകയും ചെയ്യും.

ആത്മീയജീവിത രഹസ്യം

14 നിന്റെ അടുത്തു വേഗം എത്തിച്ചേരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.15 ഇപ്പോള്‍ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്,16 നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു.

Advertisements

അദ്ധ്യായം 4

കപടോപദേഷ്ടാക്കള്‍

1 വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചു കൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു.2 മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം.3 അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്.4 എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല.5 കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു.

യാഥാര്‍ത്ഥ ശുശ്രുഷകന്‍

6 ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്‍ത്തിച്ചുപോന്ന നല്ല വിശ്വാസസംഹിതയാലും പരിപോഷിപ്പിക്കുന്ന ശുശ്രുഷകന്‍.7 ലൗകികവും അര്‍ത്ഥശൂന്യവുമായ കെട്ടുകഥകള്‍ നീ തീര്‍ത്തും അവഗണിക്കുക. ദൈവഭക്തിയില്‍ പരിശിലനം നേടുക.8 ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചു പ്രയോജനമുണ്ട്, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്. എന്തുകൊണ്ടെന്നാല്‍, അത് ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍കൊള്ളുന്നു.9 വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്.10 ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നാം അധ്വാനിക്കുന്നതും പോരാടുന്നതെന്നും. എല്ലാമനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും രക്ഷകനായ ജീവിക്കുന്ന ദൈവത്തിലാണു നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്11 ഇപ്പറഞ്ഞവയെല്ലാം നീ അധികാരപൂര്‍വ്വം പഠിപ്പിക്കുക.12 ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വസികള്‍ക്കു മാതൃകയായിരിക്കുക.13 ഞാന്‍ വരുന്നതുവരെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതിലും ഉപദേശങ്ങള്‍ നല്കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം.14 പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്.15 ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ടിക്കുക; അവക്കുവേണ്ടി ആത്മാപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതികാണാന്‍ ഇടയാകട്ടെ.16 നിന്നെ കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.

Advertisements

അദ്ധ്യായം 5

പെരുമാറ്റക്രമം

1 നിന്നെക്കാള്‍ പ്രായമുള്ളവനെ ശകാരിക്കരുത്. അവനെ പിതാവിനെപ്പോലെയും, യുവാക്കന്മാരെ സഹോദരന്മാരെപ്പോലെയും2 പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയുംയുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിച്ച് ഉപദേശിക്കുക.

വിധവകളെക്കുറിച്ച്

3 യഥാര്‍ത്ഥത്തില്‍ വിധവകളായിരിക്കുന്നവരെ4 മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ അവര്‍ ആദ്യമായി തങ്ങളുടെ കുടുബത്തോടുള്ള മതപരമായ കര്‍ത്തവ്യം എന്താണെന്ന് മനസ്സിലാക്കുകയും തങ്ങളുടെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റുകയും ചെയ്യട്ടെ. അത് ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യമാണ്.5 ഏകാകിനിയായ ഒരുയാഥാര്‍ത്ഥവിധവയാകട്ടെ, ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അപേക്ഷകളിലും പ്രാര്‍ത്ഥനകളിലും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. എന്നാല്‍,6 സുഖാനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുകഴിഞ്ഞിരിക്കുന്നു.7 അവര്‍കുറ്റമറ്റവരായിരിക്കാന്‍വേണ്ടി നീ ഇതെല്ലാം അവരെ ഉദ്‌ബോധിപ്പിക്കുക.8 ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ്.9 അറുപത്‌വയസ്സില്‍ കുറയാതെ പ്രായമുള്ളവളും ഒരുവന്റെമാത്രം ഭാര്യയായിരുന്നവളുമായ സ്ത്രീയെ മാത്രമേ വിധവകളുടെ ഗണത്തില്‍ ചേര്‍ക്കാവൂ.10 മാത്രമല്ല, അവള്‍ സത്പ്രവൃത്തികള്‍വഴി ജനസമ്മതി, നേടിയിട്ടുള്ളവളുമായിരിക്കണം. അതായത്, സ്വന്തസന്താനങ്ങളെ നന്നായി വളര്‍ത്തുകയും അധിഥിസത്കാരത്തില്‍ താത്പര്യം കാണിക്കുകയും വിശുദ്ധരുടെ പാദങ്ങള്‍ കഴുകുകയും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും എല്ലാവിധസത്പ്രവര്‍ത്തികള്‍ക്കുവേണ്ടി തന്നെത്തന്നെ അര്‍പ്പിക്കുകയും ചെയ്തിട്ടുള്ളവരായിക്കണം.11 എന്നാല്‍, പ്രായംകുറഞ്ഞവിധവകളെ മേല്പറഞ്ഞഗണത്തില്‍ ചേര്‍ത്തുകൂടാ. കാരണം, അവര്‍ ക്രിസ്തുവിനു വിരുദ്ധമായി സുഖഭോഗങ്ങളില്‍ മുഴുകി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെന്നുവരാം.12 അപ്പോള്‍ അവര്‍ തങ്ങളുടെ ആദ്യവിശ്വസ്തത ഉപേക്ഷിച്ചതുകൊണ്ടു കുറ്റക്കാരായി വിധിക്കപ്പെടും.13 കൂടാതെ അവര്‍ അലസകളായി വീടുകള്‍തോറും കയറിയിറങ്ങിനടക്കുന്നു. അലസകളാവുക മാത്രമല്ല, അപവാദങ്ങള്‍ പ്രചരിപ്പിച്ചും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപ്പെട്ട് അനുചിതമായ സംസാരത്തില്‍ മുഴുകിയും നടക്കുന്നു.14 അതിനാല്‍, ചെറുപ്പക്കാരികളായ വിധവകള്‍ വിവാഹംകഴിച്ച് അമ്മമാരായി വീടുഭരിക്കണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയായാല്‍ ശത്രുവിനു നമ്മെ കുറ്റപ്പെടുത്താന്‍ അവസരം ഇല്ലാതാകും.15 എന്തെന്നാല്‍, ചില ആളുകള്‍ ഇതിനകംതന്നെ പിശാചിന്റെ മാര്‍ഗ്ഗത്തിലേക്കു വഴുതിപ്പോയിരിക്കുന്നു.16 വിശ്വാസിനിയായ ഏതെങ്കിലും സ്ത്രീക്ക് വിധവകളായ ബന്ധുക്കളുണ്ടെങ്കില്‍ അവള്‍ അവര്‍ക്കുവേണ്ട സഹായം നല്കണം. അല്ലാതെ സഭയെ ഭാരപ്പെടുത്തരുത്. അപ്പോള്‍യാഥാര്‍തത്ഥവിധവകളെ സഹായിക്കുന്നതിനു സഭയ്ക്കു കൂടുതല്‍ സൗകര്യം ലഭിക്കും.

സഭനേതാക്കന്മാരെപ്പറ്റി

17 സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്ഠന്മാര്‍, പ്രത്യകിച്ച്, പ്രസംഗത്തിലും പ്രബോധനത്തിലും നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിനര്‍ഹരായി പരിഗണിക്കപ്പെടണം.18 ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ് നീ മൂടിക്കെട്ടരുത് എന്നും വേലചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണെന്നും വിശുദ്ധലിഖിതം പറയുന്നു.19 രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്.20 പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും.21 ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെയും മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു.22 ആര്‍ക്കെങ്കിലും കൈവയ്പു നല്കുന്നതില്‍ തിടുക്കംകൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്കുചേരുകയോ അരുത്.23 നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിര്‍ബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക.24 ചിലരുടെ പാപങ്ങള്‍ നേരെന്യായവിധിയിലേക്കു നയിക്കംവിധം പ്രകടമാണ്. മറ്റു ചിലരുടെ പാപങ്ങളാകട്ടെ, കുറെക്കഴിഞ്ഞവെളിപ്പെടുകയുള്ളു.25 അതുപോലെതന്നെ സത്പ്രവൃത്തികളും പ്രകടമാണ്; അഥവാ സ്പഷ്ടമല്ലെങ്കില്‍ത്തന്നെയും അവയെ മറച്ചുവയ്ക്കുക സാദ്ധ്യമല്ല.

അദ്ധ്യായം 6

ഭൃത്യന്മാരുടെ കടമകള്‍

1 അടിമത്തത്തിന്റെ നുകത്തിനുകീഴിലുള്ളവരെല്ലാം തങ്ങളുടെയജമാനന്മാര്‍ എല്ലാ ബഹുമാനങ്ങള്‍ക്കും അര്‍ഹരാണെന്ന് ധരിക്കണം. അങ്ങനെ, ദൈവത്തിന്റെ നാമവും നമ്മുടെ പ്രബോധനവും അപമാനത്തിനു പാത്രമാകാതിരിക്കട്ടെ.2 യജമാനന്മാര്‍ വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നു കരുതി അടിമകള്‍ അവരെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം; കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ സേവനം ചെയ്യുകയും വേണം. സേവനം ലഭിക്കുന്നവര്‍ വിശ്വാസികളും പ്രിയപ്പെട്ടവരും ആണല്ലോ. ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യേണ്ടത്.

വ്യാജപ്രബോധകര്‍

3 ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ,4 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു.5 ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന് കരുതുന്നവരുമായ മനുഷ്യന്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്രേ.6 ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്.7 കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.8 ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം.9 ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,10 ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.

വിശ്വാസിയുടെ പോരാട്ടം

11 എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക.12 വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.13 എല്ലാറ്റിനും ജീവന്‍ നല്കുന്ന ദൈവത്തിന്റെയും, പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു,14 കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം.15 വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും.16 അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.17 ഈ ലോകത്തിലെ ധനവാന്മാരോട്, ഔദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ അവയെല്ലാം നമുക്കനുഭിക്കുവാന്‍വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക.18 അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്‌കരും ഉദാരമതികളും ആയിരിക്കയും വേണം.19 അങ്ങനെയഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ.20 അല്ലയോ തിമോത്തേയോസേ, നിന്നെ ഭരമേല്‍പ്പിച്ചിട്ടുള്ളതു നീ കാത്തുസൂക്ഷിക്കുക. അധാര്‍മ്മികളായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക.21 ഇവയെ അംഗികരിക്കുകമൂലം ചിലര്‍ വിശ്വാസത്തില്‍നിന്നു തീര്‍ത്തും അകന്നു പോയിട്ടുണ്ട്. ദൈവത്തിന്റെ കൃപ നിന്നോടു കൂടെ ഉണ്ടായിരിക്കട്ടെ.

Advertisements
Advertisements
Advertisements
Advertisements
St. Paul
Advertisements

Leave a comment