Letter of St. Paul’s to Philemon | വി. പൗലോസ് ഫിലെമോന് എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം

കൊളോസോസുകാരനായ ഹിലെമോന് പൗലോസ് എ.ഡി 61-നും 63-നും ഇടയ്ക്ക് റോമായിലെ കാരാഗൃഹത്തില്‍നിന്ന് സ്വന്തം കൈപ്പടയില്‍ത്തന്നെ എഴുതിയ, വളരെ ചെറിയൊരു ലേഖനമാണിത്. ഫിലെമോന്റെ അടിമയായിക്കേ, ഒളിച്ചോടിയ ഒനേസിമോസ് തന്റെ അടുത്തെത്തിയിട്ടുണ്ടെന്നും, താന്‍ അവനെ മാനസാന്തരപ്പെടുത്തിയെന്നും, അവന്‍ തനിക്ക് പ്രയോജനമുള്ളവനാണെങ്കിലും ഉടമസ്ഥന്റെ അടുത്തേക്കുതന്നെ പറഞ്ഞയയ്ക്കാനാണുദ്ദേശിക്കുന്നതെന്നും പൗലോസ് ഈ ലേഖനത്തിലൂടെ ഫിലെമോനെ അറിയിക്കുന്നു. ഒനേസിമോസ് അടിമയാണെങ്കിലും അവനെ സഹോദരനെപ്പോലെ സ്‌നേഹിക്കാന്‍ പൗലോസ് ഉപദേശിക്കുന്നു.

Advertisements

അഭിവാദനം

1 യേശുക്രിസ്തുവിനെപ്രതി തടവുകാരനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കൂടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫിലെമോനേ, നിനക്കും നിന്റെ ഭവനത്തിലെ സഭയ്ക്കും2 സഹോദരി ആഫിയായ്ക്കും ഞങ്ങളുടെ സഹയോദ്ധാവ് ആര്‍ക്കിപ്പൂസിനും എഴുതുന്നത്.3 നമ്മുടെ പിതാവായദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!

ഫിലെമോന്റെ മാതൃക

4 ഞാന്‍ എന്റെ പ്രാര്‍ഥനകളില്‍ നിന്നെ അനുസ്മരിക്കുമ്പോഴെല്ലാം ദൈവത്തിനു നന്ദി പറയുന്നു.5 എന്തെന്നാല്‍, കര്‍ത്താവായ യേശുക്രിസ്തുവിനോടും എല്ലാവിശുദ്ധരോടും നിനക്കുള്ള സ്‌നേഹത്തെയും വിശ്വാസത്തേയും കുറിച്ചു ഞാന്‍ കേള്‍ക്കുന്നുണ്ട്.6 ക്രിസ്തുവിലുള്ള ഐക്യംമൂലം സകല നന്‍മകളെയും കുറിച്ചു നമുക്കു ലഭിക്കുന്ന അറിവ് ആഴമേറിയതാക്കാന്‍ വിശ്വാസത്തിലുള്ള നിന്റെ ഭാഗഭാഗിത്വം സഹായകമാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.7 സഹോദരാ, നിന്റെ സ്‌നേഹത്തില്‍നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്കു ലഭിച്ചു. എന്തെന്നാല്‍, നീ വഴി വിശുദ്ധര്‍ ഉന്‍മേഷഭരിതരായി.

ഒനേസിമോസിനെക്കുറിച്ച്

8 ഉചിതമായതു ചെയ്യാന്‍ നിന്നോട് ആജ്ഞാപിക്കാനുള്ള തന്‍േറടം ക്രിസ്തുവില്‍ എനിക്കുണ്ടെങ്കിലും,9 സ്‌നേഹംമൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പൗലോസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെപ്രതി തടവുകാരനുമാണ്.10 എന്റെ പുത്രന്‍ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാന്‍ അപേക്ഷിക്കുന്നത്. എന്റെ കാരാഗൃഹവാസകാലത്തു ഞാന്‍ അവനു പിതാവായി.11 മുമ്പ് അവന്‍ നിനക്കു പ്രയോജനരഹിതനായിരുന്നു. ഇപ്പോഴാകട്ടെ അവന്‍ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്.12 അവനെ നിന്റെ അടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയം തന്നെയാണു ഞാന്‍ അയയ്ക്കുന്നത്.13 സുവിശേഷത്തെപ്രതിയുള്ള എന്റെ ബന്ധിതാവസ്ഥയില്‍ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാന്‍ ഞാന്‍ അവനെ സന്തോഷപൂര്‍വം എന്നോടൊപ്പം നിറുത്തുമായിരുന്നു.14 നിന്റെ ഔദാര്യം നിര്‍ബന്ധത്താലാകാതെ സ്വതന്ത്രമനസ്‌സാല്‍ ആകുന്നതിനാണ് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്.15 അല്‍പകാലത്തേക്ക് അവന്‍ നിന്നില്‍നിന്നു വേര്‍പിരിഞ്ഞത് ഒരുപക്‌ഷേ നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം.16 ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.17 അതുകൊണ്ട്, നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍, എന്നെപ്പോലെ അവനെയും സ്വീകരിക്കുക.18 അവന്‍ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും നിനക്കു തരാന്‍ ഉണ്ടായിരിക്കുകയോ ചെയ്താല്‍ അതെല്ലാം എന്റെ പേരില്‍ കണക്കാക്കിക്കൊള്ളുക.19 പൗലോസായ ഞാന്‍ എന്റെ സ്വന്തം കൈകൊണ്ടു തന്നെ എഴുതുന്നു, എല്ലാം ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, നീ തന്നെയും മുഴുവനായി എനിക്കു കടപ്പെട്ടിരിക്കുന്നു എന്ന കാര്യം ഞാന്‍ എടുത്തുപറയുന്നില്ല.20 അതേ, സഹോദരാ, നീ കര്‍ത്താവില്‍ എനിക്ക് ഈ സഹായംചെയ്യുക. ക്രിസ്തുവില്‍ എന്റെ ഹൃദയത്തെനീ ഉന്മേഷഭരിതമാക്കുക.21 നിന്റെ വിധേയത്വത്തില്‍ വിശ്വസിച്ചുകൊണ്ടും ഞാന്‍ ആവശ്യപ്പെടുന്നതിലധികം ചെയ്യുമെന്നറിഞ്ഞുകൊണ്ടുമാണ് ഞാന്‍ എഴുതുന്നത്.22 മറ്റൊരുകാര്യംകൂടി: എനിക്കു നീ താമസസൗകര്യം ഒരുക്കിത്തരണം. എന്തെന്നാല്‍, നിന്റെ പ്രാര്‍ഥനകള്‍ മൂലം ദൈവം എന്നെ നിന്റെ അടുക്കല്‍ എത്തിക്കുമെന്നാണ് എന്റെ പ്രത്യാശ.

ആശംസകള്‍

23 യേശുക്രിസ്തുവില്‍ എന്റെ കൂട്ടുതടവുകാരനായ എപ്പഫ്രാസ് നിനക്ക് അഭിവാദനങ്ങളര്‍പ്പിക്കുന്നു.24 അതുപോലെതന്നെ, എന്റെ സഹപ്രവര്‍ത്തകരായ മര്‍ക്കോസും അരിസ്താര്‍ക്കൂസും ദേമാസും ലൂക്കായും.25 കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപാവരം നിങ്ങളുടെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.

Advertisements
Advertisements
Advertisements
St. Paul
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s