വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 3
സാര്‍ദീസിലെ സഭയ്ക്ക്
1 സാര്‍ദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സ പ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്‌ഷേ, നീ മൃതനാണ്.2 ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്റെ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല.3 അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്ന നുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല.4 എന്നാല്‍, വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവര്‍ അതിനുയോഗ്യരാണ്.5 വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്റെ നാമം ഞാന്‍ ഏറ്റുപറയും.6 ആത്മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍കേള്‍ക്കട്ടെ.
ഫിലദെല്‍ഫിയായിലെ സഭയ്ക്ക്
7 ഫിലദെല്‍ഫിയായിലെ സഭയുടെ ദൂതന് എഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍ പറയുന്നു:8 നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.9 ഇതാ, യഹൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്‍മാരായി നടക്കുകയും ചെയ്യുന്ന സാത്താന്റെ സിനഗോഗില്‍നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്‍ക്കല്‍ വരുത്തി കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും.10 സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തില്‍ ഉണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.11 ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.12 വിജയം വരിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെ മേല്‍ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയില്‍നിന്നു സ്വര്‍ഗം വിട്ട് ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാന്‍ എഴുതും.13 ആത്മാവ് സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ലവൊദീക്യായിലെ സഭയ്ക്ക്
14 ലവൊദീക്യായിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:15 നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.16 ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.17 എന്തെന്നാല്‍, ഞാന്‍ ധന വാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്‌നനും ആണെന്ന് നീ അറിയുന്നില്ല.18 ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്‌ന ത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.19 ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.20 ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.21 ഞാന്‍ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.22 ആത്മാവ് സഭകളോട് അരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
