വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 9
അഞ്ചാമത്തെ കാഹളം
1 അഞ്ചാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാന്‍ കണ്ടു. പാതാളഗര്‍ത്തത്തിന്റെ താക്കോല്‍ അതിനു നല്‍പ്പെട്ടു.2 അതു പാതാളഗര്‍ത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയില്‍നിന്ന് എന്നപോലെ പുകപൊങ്ങി.3 ആ പുകകൊണ്ട് സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയില്‍നിന്നു വെട്ടുകിളികള്‍ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടു.4 നെററിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കല്‍പിച്ചു.5 മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അ നുവാദം നല്‍കപ്പെട്ടത്.6 അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതു പോലെതന്നെ. ആ നാളുകളില്‍ മനുഷ്യര്‍ മരണത്തെതേടും; പക്‌ഷേ, കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും; എന്നാല്‍, മരണം അവരില്‍നിന്ന് ഓടിയകലും.7 വെട്ടുകിളികള്‍ പടക്കോപ്പണിഞ്ഞകു തിരകള്‍ക്കു സദൃശമായിരുന്നു. അവയുടെ തലയില്‍ സ്വര്‍ണകിരീടം പോലെ എന്തോ ഒന്ന്. മുഖം മനുഷ്യമുഖംപോലെയും.8 അവയ്ക്കു സ്ത്രീകളുടേതുപോലുള്ള തലമുടി. സിംഹങ്ങളുടേതുപോലുള്ള പല്ലുകള്‍.9 ഇരു മ്പുകവചങ്ങള്‍ പോലുള്ള ശല്ക്കങ്ങള്‍, അവയുടെ ചിറകുകളുടെ ശബ്ദം പോര്‍ക്കളത്തിലേക്കു പായുന്ന അനേകം അശ്വരഥങ്ങളുടെ ശബ്ദം പോലെ.10 അവയ്ക്കു തേളു കളുടേതുപോലെ വാലും വിഷമുള്ളും ഉണ്ടായിരുന്നു. ഈ വാലുകളില്‍ അഞ്ചുമാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാന്‍ പോന്ന ശക്തിയുണ്ടായിരുന്നു.11 പാതാളത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് ഹെബ്രായ ഭാഷയില്‍ അബദോന്‍, ഗ്രീക്കുഭാഷയില്‍ അപ്പോളിയോന്‍.12 ഒന്നാമത്തെ ദുരിതം കടന്നുപോയി രണ്ടു ദുരിതങ്ങള്‍കൂടി ഇനിയും വരാനിരിക്കുന്നു.
ആറാമത്തെ കാഹളം
13 ആറാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ ദൈവസന്നിധിയിലുള്ള സുവര്‍ണ ബലിപീഠത്തിന്റെ നാലു വളര്‍കോണുകളില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു.14 അതു കാഹളം പിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു:യൂഫ്രട്ടീസ് വന്‍നദിയുടെ കരയില്‍ ബന്ധിതരായിക്കഴിയുന്ന നാലുദൂതന്‍മാരെ അഴിച്ചുവിടുക.15 ആ നാലു ദൂതന്‍മാരും വിമോചിതരായി. അവര്‍, മനുഷ്യരില്‍ മൂന്നിലൊരു ഭാഗത്തെ കൊന്നൊടുക്കാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വര്‍ഷത്തിനുംവേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്.16 ഞാന്‍ കുതിരപ്പടയുടെ എണ്ണം കേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്.17 ഞാന്‍ ദര്‍ശനത്തില്‍ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവര്‍ക്കു തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകള്‍ സിംഹങ്ങളുടെ തലപോലെ; അവയുടെ വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടിരുന്നു.18 അവയുടെ വായില്‍നിന്നു പുറപ്പെട്ടിരുന്നതീ, പുക, ഗന്ധകം എന്നീ മൂന്നു മഹാമാരികള്‍മൂലം മനുഷ്യരില്‍ മൂന്നിലൊരു ഭാഗം മൃതരായി.19 ആ കുതിരകളുടെ ശക്തി വായിലും വാലിലും ആണ്. അവയുടെ വാലുകള്‍ സര്‍പ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകള്‍ കൊണ്ട് അവ മുറിവേല്‍പിക്കുന്നു.20 ഈ മഹാമാരികള്‍ നിമിത്തം മൃതരാകാതെ അവശേഷിച്ചവര്‍, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേള്‍ക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വര്‍ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാല്‍ നിര്‍മിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതില്‍ നിന്നു പിന്തിരിയുകയോ ചെയ്തില്ല.21 തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവര്‍ അനുതപിച്ചില്ല.
