വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 22
1 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവന്‍ എനിക്കു കാണിച്ചു തന്നു.2 നഗരവീഥിയുടെ മധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്റെ വൃക്ഷം നില്‍ക്കുന്നു. അതു മാസംതോറും ഫലംത രുന്നു. ആ വൃക്ഷത്തിന്റെ ഇലകള്‍ ജന തകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്.3 ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും.4 അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവര്‍ അവിടുത്തെ മുഖം ദക്തശിക്കും. അവിടുത്തെനാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും.5 ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.
ക്രിസ്തുവിന്റെ പ്രത്യാഗമനം
6 അവന്‍ എന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്റെ ദൂതനെ അയച്ചിരിക്കുന്നു.7 ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.8 യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയുംചെയ്തു. ഇവ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു.9 അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്‍മാരായ പ്രവാചകന്‍മാരുടെയും ഈ ഗ്രന്ഥത്തിലെ വച നങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്. ദൈവത്തെ ആരാധിക്കുക.10 വീണ്ടും അവന്‍ എന്നോടു പറഞ്ഞു: ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ നീ മുദ്രിതമായി സൂക്ഷിക്കേണ്ടാ. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.11 അനീതി ചെയ്തിരുന്നവന്‍ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറപുരണ്ടവന്‍ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാന്‍ ഇനിയും നീതി പ്രവര്‍ത്തിക്കട്ടെ. വിശുദ്ധന്‍ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.12 ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.13 ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് – ഒന്നാമനും ഒടുവിലത്തവനും – ആദിയും അന്തവും.14 ജീവന്റെ വൃക്ഷത്തിന്‍മേല്‍ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.15 നായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.16 യേശുവായ ഞാന്‍ സഭകളെക്കുറിച്ച് നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തുന്നതിനുവേണ്ടി എന്റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്; പ്രഭാപൂര്‍ണ നായ പ്രഭാതനക്ഷത്രം.17 ആത്മാവും മണ വാട്ടിയും പറയുന്നു: വരുക. കേള്‍ക്കുന്നവന്‍ പറയട്ടെ: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ.
ഉപസംഹാരം
18 ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന മ ഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്ക്കും.19 ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍, ഈ പുസ്തകത്തില്‍ വിവ രിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും.20 ഇതു സാക്ഷ്യപ്പെടുത്തുന്നവന്‍ പറയുന്നു: അതേ, ഞാന്‍ വേഗം വരുന്നു, ആമേന്‍; കര്‍ത്താവായ യേശുവേ, വരണമേ!21 കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
