Daily Saints in Malayalam April 2

⚜️⚜️⚜️⚜️ April 0️⃣2️⃣⚜️⚜️⚜️⚜️
മിനിംസ് സന്യാസ – സഭാ സ്ഥാപകന്‍ പൌളായിലെ വിശുദ്ധ ഫ്രാന്‍സിസ്‌
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നേപ്പിള്‍സിനും റെഗ്ഗിയോക്കുമിടക്കുള്ള കാലാബ്രിയായിലെ മെഡിറ്റേറേനിയന്‍ കടലിനു സമീപമുള്ള പൌളായെന്ന കൊച്ചു നഗരത്തിലാണ് ജെയിംസ്- മാര്‍ട്ടോട്ടില്ലെ ദമ്പതികള്‍ ജീവിച്ചിരിന്നത്. ദൈവത്തിനു വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിക്കുവാനായി തങ്ങള്‍ക്ക് ഒരു മകനെ തരണമെന്ന് ആ ദമ്പതികള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. നിരന്തരമായ അവരുടെ പ്രാര്‍ത്ഥന മൂലം 1416-ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായ പുത്രന് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം നല്‍കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും, ഏകാന്തതയിലും, പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി. അദ്ദേഹത്തിന് 13 വയസ്സായപ്പോള്‍ അവന്റെ പിതാവ്‌ അവനെ സെന്റ്‌ മാര്‍ക്കിലുള്ള ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍സിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. അവിടെ വെച്ചാണ് അവന്‍ വായിക്കുവാനും സന്യാസജീവിതത്തിന്റെ ബാലപാഠങ്ങളും സ്വായത്തമാക്കിയത്. അനാവശ്യ സംസാരവും, മാംസ ഭക്ഷണവും അദ്ദേഹം വര്‍ജ്ജിച്ചു.

ഏതാണ്ട് ഒരു വര്‍ഷത്തോളം അവിടെ കഴിഞ്ഞതിനു ശേഷം വിശുദ്ധന്‍, തന്റെ മാതാപിതാക്കള്‍ക്കൊപ്പം അസ്സീസ്സിയിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. തിരികെ പൗളായില്‍ എത്തിയ വിശുദ്ധന്‍ 1432-ല്‍ മാതാപിതാക്കളുടെ അനുവാദത്തോടെ കടല്‍തീരത്തോടു ചേര്‍ന്ന ജനവാസമില്ലാത്ത സ്ഥലത്ത് ഒരു പാറയുടെ മൂലയില്‍ ഒരു ഗുഹ സ്വയം നിര്‍മ്മിക്കുകയും അവിടെ ഏകാന്തവാസം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ വിശുദ്ധനു വെറും പതിനഞ്ചു വയസ്സ് മാത്രമായിരുന്നു പ്രായം. വെറും പാറയില്‍ ആയിരുന്നു വിശുദ്ധന്റെ ഉറക്കം, സസ്യങ്ങള്‍ മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. അദ്ദേഹത്തിനു ഏതാണ്ട് 20 വയസ്സോളമായപ്പോള്‍ രണ്ടുപേര്‍ കൂടി വിശുദ്ധന്റെ ഒപ്പം ചേര്‍ന്നു.

തുടര്‍ന്ന്‍ കുറെ ആള്‍ക്കാര്‍ കൂടി അവര്‍ക്കായി മൂന്ന് മുറികളും ഒരു ചെറിയ ദേവാലയവും പണിതു കൊടത്തു. അവിടെ അവര്‍ പ്രാര്‍ത്ഥനകളും, ദൈവ സ്തുതിഗീതങ്ങളുമായി കഴിഞ്ഞു. ഇടവകയില്‍ നിന്നും ഇടക്ക്‌ ഒരു പുരോഹിതന്‍ വന്നു അവര്‍ക്ക്‌ കുര്‍ബ്ബാന ചൊല്ലികൊടക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു അവരുടെ സന്യാസ സമൂഹത്തിന്റെ ആദ്യത്തെ അടിസ്ഥാനം. 1436 ആയപ്പോഴേക്കും അവരുടെ സംഖ്യ ഒരുപാടു വര്‍ദ്ധിച്ചു.

1454 ആയപ്പോഴേക്കും കോസെന്‍സായുടെ മെത്രാപ്പോലീത്തയുടെ അംഗീകാരത്തോടെ ഈ സന്യസ്ഥര്‍ക്കായി അതേ സ്ഥലത്ത് തന്നെ ഒരു വലിയ ദേവാലയവും ആശ്രമവും പണികഴിപ്പിച്ചു. ഇതിന്റെ നിര്‍മ്മിതിയില്‍ ജനങ്ങളുടെ സഹകരണം വളരെ വലുതായിരുന്നു. ഇതിന്റെ നിര്‍മ്മാണ വേളയില്‍ വിശുദ്ധ ഫ്രാന്‍സിസ് നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വിശുദ്ധന്‍ തന്റെ സന്യാസസമൂഹത്തില്‍ ഒരു ക്രമവും, അച്ചടക്കവും നിലവില്‍ വരുത്തി. വിശുദ്ധന്റെ അവസാനകാലത്തോളം അദ്ദേഹത്തിന്റെ കിടക്ക വെറും തറയോ, ഒരു പലകകഷണമോ ആയിരുന്നു. രാത്രിയില്‍ വെറും അപ്പവും ജലവുമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ചില പ്രത്യേക അവസരങ്ങളില്‍ രണ്ടു ദിവസത്തോളം അദ്ദേഹം യാതൊരു ഭക്ഷണവും കഴിക്കാതെ കഴിഞ്ഞിരുന്നു.

ഏതാണ്ട് 20 വയസ്സായപ്പോള്‍ തന്നെ തന്നെ തേടിവന്നിരുന്നവര്‍ക്കെല്ലാം വിശുദ്ധന്‍ ഒരു ഉപദേശകനും, ദൈവീക അരുളപ്പാടുമായിരുന്നു. തന്റെ എളിമയാല്‍ തന്നെ വിശുദ്ധന്‍ ദൈവീകത നിറഞ്ഞവനായിരുന്നു. മറ്റുള്ള എല്ലാ സന്യാസസഭകളുടേയും മുഖമുദ്രയായ സവിശേഷതകള്‍ വിശുദ്ധന്‍ തന്റെ സന്യാസ-സഭയില്‍ സ്വാംശീകരിച്ചു. എന്നാല്‍ ക്രിസ്തീയ നന്മകളില്‍ ഏറ്റവും സവിശേഷമായ ‘എളിമക്ക്’’ അദേഹം കൂടുതല്‍ പ്രാമുഖ്യം നല്‍കി. തങ്ങളെ സ്വയം വെളിപ്പെടുത്തുന്ന ഒരു നാമവും അദ്ദേഹം തന്റെ സന്യാസസമൂഹത്തിനു നല്‍കി.

അനുതാപവും, കാരുണ്യവും, എളിമയുമായിരുന്നു വിശുദ്ധന്റെ നിയമസംഹിതയുടെ അടിസ്ഥാനം. ശാശ്വതമായി നോമ്പു നോക്കുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് തന്റെ അനുയായികളെ ഉപദേശിച്ചു. പുരാണ നിയമങ്ങളില്‍ നോമ്പു കാലത്ത്‌ നിഷിദ്ധമായിരുന്നതെല്ലാം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രേരിപ്പിച്ചു. തന്റെ കാരുണ്യപൂര്‍വ്വമായ മനോഭാവം സന്യാസസമൂഹത്തിന്റെ മുഖമുദ്രയും, അടയാളവുമാക്കി. എളിമ അദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട പുണ്യമായിരിന്നു. എപ്പോഴും മറ്റുള്ള മനുഷ്യരില്‍ നിന്നുമകന്ന്‍ ഏകാന്തവാസം നയിക്കുവാനായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് ഇഷ്ടപ്പെട്ടിരുന്നത്.

ദൈവീകഭവനത്തിലെ ഏറ്റവും എളിയ സന്യസ്ഥര്‍ പാപ്പായുടെ അംഗീകാരത്തിനായി അപേക്ഷിച്ചു. 1471-ല്‍ കോസെന്‍സായിലെ മെത്രാപ്പോലീത്ത നമ്മുടെ വിശുദ്ധന്റെ സഭയേയും അതിന്റെ നിയമാവലിയേയും അംഗീകരിച്ചു. 1474 മെയ് 23ന് പാപ്പാ സിക്സ്റ്റസ് നാലാമന്‍ വിശുദ്ധന്റെ സഭയെ പാപ്പയുടെ ഔദ്യോഗിക രേഖയാല്‍ അംഗീകരിക്കുകയും വിശുദ്ധ ഫ്രാന്‍സിസിനെ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയി നിയമിക്കുകയും ചെയ്തു. 1476-ല്‍ വിശുദ്ധന്‍ പാറ്റെര്‍ണോയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. പിന്നീട് സ്പെസ്സായില്‍ ഒരാശ്രമവും കൂടി തുറക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 1479-ല്‍ വിശുദ്ധന്‍ സിസിലിയിലേക്ക് ക്ഷണിക്കപ്പെട്ടു, അവിടെ അദ്ദേഹം അനേകം ആശ്രമങ്ങള്‍ സ്ഥാപിച്ചു.

കലാബ്രിയായില്‍ തിരിച്ചെത്തിയ വിശുദ്ധന്‍ 1480-ല്‍ റോസ്സന്നോ രൂപതയില്‍ ഒരു ആശ്രമം കൂടി സ്ഥാപിച്ചു. രാജാവായ ഫെര്‍ഡിനാന്‍‌ഡിനേയും, അദ്ദേഹത്തിന്‍റെ രണ്ടു മക്കളേയും വിശുദ്ധന്‍ ഉപദേശിച്ചതും, തങ്ങളുടെ അനുവാദം കൂടാതെ അവിടെ ആശ്രമം പണിതതും അവര്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ അവര്‍ വിശുദ്ധനെതിരെ അടിച്ചമര്‍ത്തല്‍ തുടങ്ങി. എന്നാല്‍ രാജാവിന്റെ മൂന്നാമത്തെ മകനായിരുന്ന ഫ്രെഡറിക്ക് വിശുദ്ധന്റെ ഒരു സുഹൃത്തായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ തുര്‍ക്കികള്‍ കീഴടക്കുമെന്ന കാര്യം വിശുദ്ധന്‍ നിരവധി ആളുകളോട് പ്രവചിച്ചിരുന്നതുപോലെ തന്നെ 1453 മെയ് 29ന് തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. കൂടാതെ നേപ്പിള്‍സിലെ പ്രധാന നഗരമായ ഒട്രാന്റോയും തുര്‍ക്കികള്‍ കീഴടക്കുമെന്ന കാര്യവും വിശുദ്ധന്‍ പ്രവചിച്ചിരുന്നു.

വിശുദ്ധന്റെ അത്ഭുതകരമായ പ്രവചനങ്ങളെ ക്കുറിച്ച് നിരവധി പ്രമുഖരായ ആളുകള്‍ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശുദ്ധീകരണ നടപടികള്‍ക്കായി ഗ്രനോബിളിലെ മെത്രാനായ ലോറന്‍സ്, ലിയോ പത്താമന്‍ പാപ്പാക്കെഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു, “ഏറ്റവും പരിശുദ്ധനായ പിതാവേ, എനിക്കും ദൈവത്തിനും മാത്രമറിയാവുന്ന നിരവധി കാര്യങ്ങള്‍ അദ്ദേഹം എനിക്ക് വെളിപ്പെടുത്തി”. മാത്രമല്ല കോസെന്‍സായിലെ കാനന്‍ ആയിരുന്ന ചാള്‍സ് പിര്‍ഹോയും, വിശുദ്ധന്‍ പത്തു വര്‍ഷം മുന്‍പ് തന്റെ കടുത്ത പല്ലുവേദന മാറ്റിയ കാര്യം സാക്ഷ്യപ്പെടുത്തിയിരിന്നു.

വിശുദ്ധ ഫ്രാന്‍സിസ് തന്റെ ദേവാലയനിര്‍മ്മാണത്തില്‍ സഹായിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് തീര്‍ത്തും അപരിചിതനായിരുന്ന ഒരു ഒരു ദേവാലയ പുരോഹിതനും, മറ്റൊരാളും വിശുദ്ധനെ കാണുവാനായി എത്തി. ആചാരമനുസരിച്ച് വിശുദ്ധന്റെ കൈ ചുംബിക്കുവാന്‍ ശ്രമിച്ച അവരെ തടഞ്ഞു കൊണ്ട്, താനാണ് 30 വര്‍ഷത്തോളം ദൈവത്തിനു കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പുരോഹിതനായ അദ്ദേഹത്തിന്റെ കരം ചുംബിക്കേണ്ടതെന്നു വിശുദ്ധന്‍ തനിക്ക് അപരിചിതനായ ആ പുരോഹിതനോട് പറഞ്ഞുവെന്നും, അവര്‍ അതുകേട്ട് അത്ഭുതപ്പെട്ടുവെന്നും പറയപ്പെടുന്നു.

കൂടാതെ കത്തുന്ന തീക്കനല്‍ തന്റെ കയ്യില്‍ പിടിച്ചുകൊണ്ട് യാതൊരു പരിക്കും കൂടാതെ നില്‍ക്കുന്ന വിശുദ്ധനെ കണ്ടു അത്ഭുതപ്പെട്ട ആ പുരോഹിതനോട് വിശുദ്ധന്‍ പറഞ്ഞു, “പൂര്‍ണ്ണമായ ഹൃദയത്തോട്കൂടി ദൈവത്തെ സേവിക്കുന്നവനെ എല്ലാ ജീവികളും അനുസരിക്കേണ്ടതുണ്ട്”. ഈ വാക്യം ലിയോ പത്താമന്‍ പാപ്പാ വിശുദ്ധന്റെ വിശുദ്ധീകരണത്തിനുള്ള തന്റെ ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ സഹോദരിയുടെ മരിച്ചുപോയ യുവാവായ മകന്റെ ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ ഉടനെ അവന്റെ മൃതദേഹം തന്റെ മുറിയില്‍ കൊണ്ടുവരുവാന്‍ വിശുദ്ധന്‍ അവശ്യപ്പെടുകയും അവനെ പരിപൂര്‍ണ്ണ ആരോഗ്യത്തോട് കൂടി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു എന്നൊരു ഐതിഹ്യവും വിശുദ്ധനെ കുറിച്ച് നിലവിലുണ്ട്. ആ യുവാവായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ സഭാംഗമായി മാറിയ നിക്കോളാസ് അലെസ്സോ.

വിശുദ്ധന്‍ ഫ്രാന്‍സില്‍ എത്തിയപ്പോള്‍ അവിടെ പ്ലേഗ് രോഗം മൂലം കഷ്ടപ്പെട്ട നിരവധി പേരെ അദ്ദേഹം സുഖപ്പെടുത്തി. ഫ്രാന്‍സിലും വിശുദ്ധന്‍ നിരവധി ആശ്രമങ്ങള്‍ പണിതു. 1508 ഏപ്രില്‍ 2നു വിശുദ്ധനു 91 വയസ്സ് പ്രായമുള്ളപ്പോളാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. 1510-ല്‍ ലിയോ പത്താമന്‍ പാപ്പ, ഫ്രാന്‍സീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1562 വരെ വിശുദ്ധന്റെ മൃതദേഹം പ്ലെസ്സിസ്-ലെസ്-ടൂര്‍സിലെ ദേവാലയത്തില്‍ അഴുകാതെ ഇരുന്നിരുന്നു. പിന്നീട് ഹുഗോനോട്സ് ദേവാലയം നശിപ്പിക്കുകയും വിശുദ്ധന്റെ മൃതദേഹം അഗ്നിക്കിരയാക്കുകയും ചെയ്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഗ്രീക്കു പുരോഹിതനായ അബൂന്തിയൂസ്

2. ലിസിയായിലെ ആംഫിയാന്നൂസ്

3. സെസരെയായിലെ അപ്പിയന്‍

4. കില്‍ബ്രോണിലെ ബ്രോനാക്ക്

5. ഫ്രാന്‍സിലെ അഗ്നോഫ്ലേഡാ

6. ഫ്രഞ്ചു പുരോഹിതനായ ലൊനോക്കിലൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ഗത്സമൻതോട്ടം മുതൽ കാൽവരി വരെ ക്ഷീണമൊന്നും വകവയ്ക്കാതെ തീക്ഷ്ണമായി ഞങ്ങളെ സ്നേഹിച്ച ഞങ്ങളുടെ പൊന്നു തമ്പുരാനേ, അങ്ങേയറ്റം സഹിക്കുന്ന, അങ്ങേയറ്റം ക്ഷമിക്കുന്ന അങ്ങ് പോലും എനിക്ക് ദാഹിക്കുന്നു എന്ന് അവസാന നിമിഷങ്ങളിൽ ഉറക്കെ വിളിച്ചു പറഞ്ഞെങ്കിൽ ആ വേദനയും, തളർച്ചയും ക്ഷീണവുമെല്ലാം എത്രത്തോളം ആയിരുന്നെന്ന് ഞങ്ങളറിയുന്നു… പെസഹായുടെ അവസ്സാനത്തെ ഭക്ഷണത്തിനു ശേഷം അങ്ങേക്ക് ജലപാനം കിട്ടിയില്ലല്ലോ… കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുമ്പോൾ പോലും ഇടയ്ക്കു തൊണ്ട വരളുമ്പോൾ നിർത്തി വെള്ളം കുടിക്കുന്ന ക്രിസ്ത്യാനിയായിപ്പോയി ഞങ്ങൾ… അങ്ങ് ഞങ്ങളോട് പൊറുക്കേണമേ… എന്റെ സ്നേഹ ഈശോയെ, അങ്ങയെക്കുറിച്ചു ഓരോ ദിവസ്സവും കൂടുതൽ ചിന്തിക്കുമ്പോൾ അങ്ങേക്ക് ഞങ്ങളോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം വീണ്ടും വീണ്ടും മനസ്സിലാകുകയാണ്… വിശപ്പും ദാഹവുമൊന്നുമില്ലാത്ത ദൈവത്തെക്കാൾ എനിക്കിഷ്ട്ടം ഞങ്ങൾക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന സത്യദൈവത്തെയാണ്… ജീവിതത്തിൽ കണ്ടുമുട്ടുന്ന പല മുഖങ്ങളിലും അവരുടെ ദുഖങ്ങളും വേദനകളും കണ്ടു മനസ്സലിഞ്ഞു, ക്രൂശിതനായ കർത്താവിന്റെ മുൻപിൽ കരം നീട്ടി നിന്നപ്പോൾ പലപ്പോഴും ഉള്ളിൽ കേട്ടിട്ടുണ്ട് “എനിക്ക് ദാഹിക്കുന്നു” എന്ന മൊഴികൾ… ഞങ്ങളെ പ്രതിയാണ് അങ്ങേക്ക് ദാഹിച്ചതു എന്ന് ഓർക്കുന്നു ഈശോയെ… ഞങ്ങൾ അവിടുത്തോടൊപ്പമായിരിക്കുന്നതിനും അവിടുത്തെ സ്നേഹിക്കുന്നതിനും വേണ്ടിയുള്ളതാണല്ലോ അങ്ങയുടെ ദാഹം… തെറ്റുചെയ്തു കടന്നു പോകുന്ന, സ്നേഹമില്ലാതെ ഒരുമിച്ചു ജീവിക്കുന്ന, പരസ്പരം വെറുത്തു ജീവിക്കുന്ന ജീവിതങ്ങൾ കാണുമ്പോൾ അവരൊക്കെ എന്നോട് “എനിക്ക് ദാഹിക്കുന്നു” എന്ന് പറയുന്നതുപോലെ തോന്നുന്നു ഈശോയെ… ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് ഒപ്പം ആയിരിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ… എന്റെ കൂടെ ജീവിക്കുന്നവരുടെ സ്നേഹമില്ലായ്മയും എന്നെ പലപ്പോഴും വിഷമിപ്പിക്കാറുണ്ട്… പക്ഷെ, എനിക്കിഷ്ട്ടം അവരോടൊപ്പം നിന്ന് അവർക്കു ദാഹിക്കുന്നതുവരെ കാത്തുനിന്നു അവരെ സ്നേഹിക്കുവാനാണ്… കർത്താവേ, എനിക്ക് ദാഹിക്കുന്ന ആത്മാക്കളെ തരിക… ബാക്കിയെല്ലാം അങ്ങ് എടുത്തു കൊള്ളുക… ജീവിതകാലം മുഴുവനും അങ്ങേക്കുവേണ്ടി ദാഹിക്കുന്ന മക്കളായി ഞങ്ങളെ മാറ്റേണമേ… ഈ പീഡാനുഭവത്തിന്റെ നാളുകളിൽ ആത്മാക്കൾക്ക് വേണ്ടി ദാഹിക്കുന്ന മനുഷ്യരാകുവാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ… ആമേൻ

Advertisements

തന്റെ യജമാനന്റെ വീട്ടിലെ തടവറയില്‍ തന്നോടൊത്തു കഴിയുന്ന ആ ഉദ്യോഗസ്‌ഥന്‍മാരോട്‌ അവന്‍ ചോദിച്ചു:നിങ്ങളുടെ മുഖത്ത്‌ എന്താണ്‌ ഇന്നൊരു വിഷാദം?
ഉല്‍പത്തി 40:07

നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ്‌ അവിടുത്തെ കാരുണ്യവും.
പ്രഭാഷകന്‍ 2 : 18

തന്നെ കാത്തിരിക്കുന്നവര്‍ക്കുവേണ്ടി അധ്വാനിക്കുന്ന അവിടുത്തെ അല്ലാതെ ആരും മറ്റൊരു ദൈവത്തെപ്പറ്റി കേള്‍ക്കുകയോ മറ്റൊരു ദൈവത്തെ കാണുകയോ ചെയ്‌തിട്ടില്ല.
ഏശയ്യാ 64 : 4

അങ്ങയുടെ പാതയില്‍ അങ്ങയെ സ്‌മരിച്ചുകൊണ്ട്‌ സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അങ്ങ്‌ സ്വീകരിക്കുന്നു. അങ്ങ്‌ കോപിച്ചു; കാരണം, ഞങ്ങള്‍ പാപംചെയ്‌തു. വളരെക്കാലം ഞങ്ങള്‍ തിന്‍മയില്‍ വ്യാപരിച്ചു.
ഏശയ്യാ 64 : 5

ഞങ്ങള്‍ക്കു രക്‌ഷ കിട്ടുമോ? ഞങ്ങള്‍ അശുദ്‌ധനെപ്പോലെയും ഞങ്ങളുടെ സത്‌പ്രവൃത്തികള്‍ മലിന വസ്‌ത്രംപോലെയും ആണ്‌. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചുകളയുന്നു.
ഏശയ്യാ 64 : 6

അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുകയും, അങ്ങയെ മുറുകെപ്പിടിക്കാന്‍ ഉത്‌സാഹിക്കുകയും ചെയ്യുന്നവന്‍ ആരുമില്ല. അങ്ങ്‌ ഞങ്ങളില്‍നിന്നു മുഖംമറച്ചിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങളുടെ പിടിയിലേക്ക്‌ അങ്ങ്‌ ഞങ്ങളെ വിട്ടുകളഞ്ഞിരിക്കുന്നു.
ഏശയ്യാ 64 : 7

എന്നാലും, കര്‍ത്താവേ, അങ്ങ്‌ ഞങ്ങളുടെ പിതാവാണ്‌; ഞങ്ങള്‍ കളിമണ്ണും അങ്ങ്‌ കുശവനുമാണ്‌.
ഏശയ്യാ 64 : 8

ഞങ്ങള്‍ അങ്ങയുടെ കരവേലയാണ്‌. കര്‍ത്താവേ, അങ്ങ്‌ അത്യധികം കോപിക്കരുതേ! ഞങ്ങളുടെ തിന്‍മകള്‍ എന്നേക്കും ഓര്‍മിക്കരുതേ! ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു സ്‌മരിക്കണമേ!
ഏശയ്യാ 64 : 9

Advertisements

Leave a comment