Thursday of the 2nd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥

28 Apr 2022

Thursday of the 2nd week of Eastertide 
or Saint Peter Chanel, Priest, Martyr 
or Saint Louis Marie Grignion de Montfort, Priest 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 68:8-9,20

ദൈവമേ, അങ്ങ് അങ്ങേ ജനത്തിന്റെ മുമ്പില്‍ നീങ്ങിയപ്പോള്‍,
അവര്‍ക്കു വഴികാണിക്കുകയും
അവരോടൊത്തു വസിക്കുകയും ചെയ്തപ്പോള്‍
ഭൂമി കുലുങ്ങുകയും ആകാശം മഴ ചൊരിയുകയും ചെയ്തു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, ലോകരക്ഷയ്ക്കു വേണ്ടി
പെസഹാരഹസ്യം അങ്ങ് നിവര്‍ത്തിച്ചുവല്ലോ.
അങ്ങേ ജനത്തിന്റെ അപേക്ഷകളില്‍ സംപ്രീതനാകണമേ.
ഞങ്ങളുടെ പ്രധാനപുരോഹിതനായ ക്രിസ്തു
ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചുകൊണ്ട്,
ഞങ്ങളോടുള്ള അവിടത്തെ സാദൃശ്യംവഴി
ഞങ്ങളെ രമ്യതപ്പെടുത്തുകയും
അങ്ങയോടുള്ള സമാനതയാല്‍ ഞങ്ങളെ
പാപരഹിതരാക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 5:27-33
ഈ സംഭവങ്ങള്‍ക്കു ഞങ്ങളും പരിശുദ്ധാത്മാവും സാക്ഷികളാണ്.

പ്രധാന പുരോഹിതന്‍ അപ്പോസ്തലന്മാരോടു പറഞ്ഞു: ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു. പത്രോസും അപ്പോസ്തലന്മാരും പ്രതിവചിച്ചു: മനുഷ്യരെക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി. ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്.
ഇതുകേട്ടപ്പോള്‍ അവര്‍ ക്ഷുഭിതരാവുകയും അപ്പോസ്തലന്മാരെ വധിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 34:1,8,16-17,18-19

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ
അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

കര്‍ത്താവു നീതിമാന്മാരെ കടാക്ഷിക്കുന്നു;
അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
നീതിമാന്മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍
കര്‍ത്താവു കേള്‍ക്കുന്നു;
അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്;
മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
നീതിമാന്റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്,
അവയില്‍ നിന്നെല്ലാം കര്‍ത്താവു അവനെ മോചിപ്പിക്കുന്നു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

സകലത്തേയും സൃഷ്ടിച്ച കർത്താവ് ഉയിർത്തെഴുന്നേറ്റു. അവിടുന്ന് തൻ്റെ കൃപ എല്ലാവർക്കും പ്രദാനം ചെയ്തു.

അല്ലേലൂയ!

സുവിശേഷം

യോഹ 3:16-21
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെതന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 15:16,19

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്ന് തിരഞ്ഞെടുത്തു.
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി
ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്കു
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment