Thursday of the 3rd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥

05 May 2022

Thursday of the 3rd week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പുറ 15:1-2

കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.
എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.
കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.
അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഈ ദിനങ്ങളില്‍ അങ്ങേ കാരുണ്യം
കൂടുതല്‍ തീവ്രമായി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുമാറാകട്ടെ.
അതുവഴി അങ്ങേ മഹാമനസ്‌കതയാല്‍
അത് കൂടുതല്‍ നിറവോടെ ഞങ്ങള്‍ അറിഞ്ഞുവല്ലോ.
അങ്ങനെ, പാപാന്ധകാരത്തില്‍ നിന്നു വിമുക്തരായി,
അങ്ങേ സത്യത്തിന്റെ പ്രബോധനത്തില്‍
കൂടുതല്‍ ദൃഢമായി ഉറച്ചുനില്ക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 8:26-40
ഇതാ വെള്ളം; എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

കര്‍ത്താവിന്റെ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമില്‍ നിന്നു ഗാസായിലേക്കുള്ള പാതയില്‍ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു. അവന്‍ എഴുന്നേറ്റു യാത്ര തിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്ഡന്‍, എത്യോപ്യാ രാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്ഡാരവിചാരിപ്പുകാരന്‍, ജറുസലെമില്‍ ആരാധിക്കാന്‍ പോയിട്ടു തിരിച്ചുവരുകയായിരുന്നു. രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെ പ്രവചനം വായിച്ചുകൊണ്ടിരുന്നു. ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേര്‍ന്നു നടക്കുക. പീലിപ്പോസ് അവന്റെയടുക്കല്‍ ഓടിയെത്തി; അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്സിലാകുന്നുണ്ടോ? അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചു തരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക? രഥത്തില്‍ക്കയറി തന്നോടു കൂടെയിരിക്കാന്‍ പീലിപ്പോസിനോട് അവന്‍ അപേക്ഷിച്ചു. അവന്‍ വായിച്ചു കൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കു കൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെ പോലെയും അവന്‍ തന്റെ വായ് തുറന്നില്ല. അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിന്‍തലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ഭൂമിയില്‍ നിന്ന് അവന്റെ ജീവന്‍ അപഹരിക്കപ്പെട്ടു. ഷണ്ഡന്‍ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകന്‍ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ? അപ്പോള്‍ പീലിപ്പോസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്ഡന്‍ വായിച്ച വിശുദ്ധഗ്രന്ഥഭാഗത്തു നിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷം പ്രസംഗിച്ചു. അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്ഡന്‍ പറഞ്ഞു: ഇതാ വെള്ളം; എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ? രഥം നിര്‍ത്താന്‍ അവന്‍ ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷണ്ഡന് സ്‌നാനം നല്‍കി. അവര്‍ വെള്ളത്തില്‍ നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചു കൊണ്ടുപോയി. ഷണ്ഡന്‍ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവന്‍ യാത്ര തുടര്‍ന്നു. താന്‍ അസോത്തൂസില്‍ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവന്‍ കേസറിയായില്‍ എത്തി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 66:8-9,16-17,20

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ജനതകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍!
അവിടുത്തെ സ്തുതിക്കുന്ന സ്വരം ഉയരട്ടെ!
അവിടുന്നു നമ്മുടെ ജീവന്‍ കാത്തുപാലിക്കുന്നു;
നമ്മുടെ കാലിടറാന്‍ അവിടുന്നു സമ്മതിക്കുകയില്ല.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ദൈവഭക്തരേ, വന്നു കേള്‍ക്കുവിന്‍,
അവിടുന്ന് എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ വിവരിക്കാം.
ഞാന്‍ അവിടുത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു;
എന്റെ നാവു കൊണ്ടു ഞാന്‍ അവിടുത്തെ പുകഴ്ത്തി.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

ദൈവം വാഴ്ത്തപ്പെടട്ടെ!
അവിടുന്ന് എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല;
അവിടുത്തെ കാരുണ്യം എന്നില്‍ നിന്ന് എടുത്തുകളഞ്ഞില്ല.

ഭൂവാസികളേ, ആഹ്‌ളാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

നമുക്കു വേണ്ടി മരത്തിൽ തൂക്കപ്പെട്ട കർത്താവ് കല്ലറയിൽ നിന്നും ഉയിർത്തിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 6:44-51
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.

യേശു ജനക്കൂട്ടത്തോടു പറഞ്ഞു: എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും. അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍ നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു. ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനര്‍ഥം. ദൈവത്തില്‍ നിന്നുള്ളവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. ഞാന്‍ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനു വേണ്ടി സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനു വേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങള്‍ അറിയുന്നപോലെ തന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

2 കോറി 5:15

ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കു വേണ്ടി ജീവിക്കാതെ,
തങ്ങളെ പ്രതി മരിക്കുകയും ഉയിര്‍ക്കുകയും
ചെയ്തവനു വേണ്ടി ജീവിക്കേണ്ടതിനാണ്
ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരിച്ചത്, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ,
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്ക് കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ..

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment