ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’

ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’

ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്രപശ്ചാത്തലത്തില്‍ നിന്നു സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. 1973-ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ് ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേവര്‍ഷംതന്നെ ഇറങ്ങിയ, ഡേവിഡ് ഗ്രീന്‍ സംവിധാനം ചെയ്ത ഗോഡ്‌സ്‌പെല്‍ മത്തായിയുടെ സുവിശേഷത്തിലെ ഉപമകള്‍ ആധുനികരീതിയില്‍ തെരുവില്‍ അവതരിപ്പിക്കുന്ന തിയേറ്റര്‍ സംഘത്തിന്റെ കഥ പറയുന്നു. 1989-ല്‍ ഡെന്നിസ് ആര്‍കാന്ദ് സംവിധാനം ചെയ്ത ജീസസ് ഓഫ് മോണ്ട്‌റീല്‍ എന്ന ഫ്രഞ്ച് സിനിമ ഒരു പള്ളിമുറ്റത്ത് ക്രിസ്തുവിന്റെ പീഡാനുഭവം അവതരിപ്പിക്കാന്‍ വന്ന കലാകാരന്മാരുടെ കഥ പറയുന്നു. ക്രിസ്തുവിന്റെ കഥാപാത്രം ചെയ്യുന്ന നടന്‍ റിയല്‍ലൈഫില്‍ ക്രിസ്തു അനുഭവിച്ച അതേ പീഡകളിലൂടെ കടന്നുപോകുന്നു. മുന്നൂറു മില്യണ്‍ കാഴ്ചക്കാരുള്ള ഡല്ലാസ് ജെങ്കിന്‍സിന്റെ വെബ്‌സീരീസ് ദി ചോസെന്‍ റിയലിസ്റ്റിക്കായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ചരിത്ര പശ്ചാത്തലത്തില്‍ നിന്നു ക്രിസ്തുവിനെയും അവന്റെ പരിസരങ്ങളെയും മാറ്റിനിര്‍ത്തുന്നില്ല.

ഈ പറഞ്ഞ സിനിമകളില്‍ നിന്നു വ്യത്യാസപ്പെട്ട് 2020-ല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത വെബ്‌സീരീസാണ് മൈക്കള്‍ പെട്രോണി സംവിധാനം ചെയ്ത പത്ത് എപ്പിസോഡുകള്‍ ഉള്ള മിശിഹാ. അന്തര്‍ദേശീയതലത്തില്‍ ഒരു പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്ന ഒരു ചെറുപ്പക്കാരനും അവന്റെ അനുയായികള്‍ക്കും എതിരേ സിഐഎ ഏജന്റ് നടത്തുന്ന അന്വേഷണമാണ് ഇതിവൃത്തം. ഇന്ന് ക്രിസ്തു വന്നാല്‍ എങ്ങനെ ഇടപെടും എന്നു കൃത്യമായി കാഴ്ചയാക്കിയ സീരിയല്‍. ഈ പരീക്ഷണസിനിമാ ശ്രേണിയിലേക്ക് മലയാളസിനിമയുടെ ശക്തമായ കാല്‍വയ്പാണ് ഈ മാസം 24-ന് തിയേറ്ററില്‍ എത്തുന്ന, ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട്.

കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലേക്കു എങ്ങോ നിന്നെത്തുന്ന ചെറുപ്പക്കാരന്‍ ക്വട്ടേഷനും കൊലയും ഫുള്‍ടൈം ജോബാക്കിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ വാനിലേക്കും ജീവിതത്തിലേക്കും കയറുന്നതാണ് കഥ. നന്നായി അറിയാവുന്ന ഒരു കഥയുടെ പുനര്‍വായനയല്ല ഈ സിനിമ. ഓരോ സീനും പുതിയ കണ്ടെത്തലുകളുടെ ത്രില്ല് കാഴ്ചക്കാരില്‍ ഉണ്ടാക്കും. ലാസറിനെ കൊന്നുകുഴിച്ചുമൂടിയ ടീം പന്ത്രണ്ട് മൂന്നാംദിവസം ക്വട്ടേഷന്റെ കൂലി മേടിക്കാന്‍ പോകുന്ന വഴി കാണുന്ന കാഴ്ച, മരിച്ച ലാസര്‍ ഒരു ചായേംകുടിച്ചു തട്ടുകടയിലിരിക്കുന്നു! അതു കഴിഞ്ഞ് ലാസര്‍ വളരെ കൂളായി ഒരാളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു പോവുന്നു. ആ സമയം ഇടവേള എന്ന് സ്‌ക്രീനില്‍ വരുന്നുണ്ടെങ്കിലും കാഴ്ചക്കാര്‍ ത്രില്ലടിച്ച് ബ്രേക്ക് എടുക്കാതെ തീയേറ്ററില്‍ തന്നെ ഇരുന്നുപോകും.

സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയതും. ഡയലോഗുകള്‍ ചെറുതാണെങ്കിലും കാമ്പും കരുത്തുമുണ്ട്. ഇമ്മാനുവേല്‍ എന്ന കേന്ദ്രകഥാപാത്രത്തിനെ പീലി മുതലാളി ഭീഷണിപ്പെടുത്തുന്നു: എന്റെ പിള്ളേരെവിട്ടു പൊയ്‌ക്കോ. എന്റെ വേലിയാണവര്. ഇമ്മാനുവേല്‍ തിരിച്ചടിക്കുന്നു, പക്ഷെ എന്റെ അതിര്‍ത്തിയിലാ നീ വേലി കെട്ടിയിരിക്കുന്നെ. കടലും മുഴുനീള കഥാപാത്രമാവുന്ന ഈ സിനിമയില്‍ സൈലന്‍സും ഡയലോഗായി മാറുന്നുണ്ട്. രണ്ടര മണിക്കൂറില്‍ ഒരു ഇതിഹാസ കഥയെ അച്ചടക്കത്തോടെ പറഞ്ഞ ലിയോ തദേവൂസിന്റെ കൈയടക്കത്തിന് മുഴുവന്‍ മാര്‍ക്കും കൊടുക്കണം.

അല്‍ഫോന്‍സ് ജോസഫിന്റെ പാട്ടുകള്‍ ട്രെന്‍ഡിയാണ്. പാട്ടുകളൊന്നും സിനിമയില്‍ നിന്നു മാറിനില്‍ക്കുന്നില്ല. പശ്ചാത്തലസംഗീതം പോലെയാണ് പല പാട്ടുകളും പോകുന്നത്. ഒരു ഫൈറ്റ്‌സീനില്‍ പശ്ചാത്തലം മുഴുനീള പാട്ടാണ്. അല്‍ഫോന്‍സ് മാജിക് നന്നായി വര്‍ക്ക്ഔട്ട് ആയിട്ടുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ പ്രോപ്‌സിലൂടെ ചില കണക്ഷന്‍സ് കൊണ്ടുവന്നിട്ടുള്ളത് അദ്ഭുതപ്പെടുത്തുന്നതാണ്. ഗ്രാമത്തിലെ വീടുകളുടെ ചുവരുകള്‍ കടുംനിറമാണ്. അകത്ത് ഒരു സങ്കടമൂഡും. കാരണം സിനിമയിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ജോണ്‍ പറയുന്നുണ്ട്: ഈ വീടുകള്‍ക്കു പുറത്തേ നിറമുള്ളൂ, അകത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്, ഇവിടത്തെ ജനങ്ങളെപോലെ.

കുറഞ്ഞ സമയംകൊണ്ട് വലിയൊരു കഥ പറയുമ്പോള്‍ പശ്ചാത്തലവും സംസാരിക്കണമല്ലോ.

നന്മയുടെ മണമുള്ള പന്ത്രണ്ട്, മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റുവീശും. സ്‌കൈപാസ് എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മിച്ച ഈ ചിത്രത്തില്‍ ലാല്‍, സൂഫിഫെയിം ദേവ് മോഹന്‍, വിനായകന്‍, ഷൈന്‍ ടോംചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

കാപ്പിയച്ചൻ

Advertisements
പന്ത്രണ്ട്’
Advertisements

One thought on “ക്രിസ്തുവിന്റെ മണമുള്ള ‘പന്ത്രണ്ട്’

Leave a comment