അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ

June 29 നു സഭ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ ആഘോഷിക്കുന്നു . ആദിമസഭയുടെ വളർച്ചയിൽ പ്രധാനപങ്കു വഹിച്ച ഈ മഹാന്മാരായ അപ്പസ്തോലന്മാർ മരിച്ചത് AD 64 നും AD 68 num ഇടയിൽ ഒരേ ദിവസം ആണെന്ന് വിശ്വസിക്കപ്പെടുന്നു ഒരേ വർഷം അല്ലെങ്കിലും.

വിശുദ്ധ പത്രോസ്

സുവിശേഷത്തിൽ നമ്മെ ഏറ്റവും നന്നായി സ്പർശിക്കുന്ന വ്യക്തികളിലൊരാൾ. ഒരു ഘട്ടത്തിൽ ഈശോയെ തള്ളിപ്പറയുന്ന, ഉപേക്ഷിക്കുന്ന വിധത്തിൽ വീണുപോയെങ്കിലും പരിശുദ്ധാത്മസഹായത്താൽ ശക്തിപ്പെട്ട് , അന്നും ഇന്നും ഒരുപാട് പേർക്ക് വിശ്വാസത്തിന്റെ നേർസാക്ഷ്യമാകുന്ന അപ്പസ്തോലൻ.

പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ഇടയിൽ പത്രോസിനു പ്രമുഖസ്ഥാനം ഉണ്ടായിരുന്നെന്ന് നാലു സുവിശേഷകന്മാരും സമ്മതിക്കുന്നു. ഗലീലിയിലെ മുക്കുവനും അന്ത്രയോസിന്റെ സഹോദരനുമായ പത്രോസ്, ശിമയോൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. യേശു ആദ്യം വിളിച്ച ശിഷ്യന്മാരിൽ ഒരാളായ പത്രോസ് സുവിശേഷത്തിലെ പല ശ്രദ്ധേയമായ സംഭവങ്ങൾക്കും സാക്ഷി ആയിരുന്നു. പുതിയ നിയമത്തിൽ 182 പ്രാവശ്യത്തിൽ കുറയാതെ ഈ പ്രമുഖശിഷ്യന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ട്. ജായ്‌റോസിന്റെ മകളെ ഉയിർപ്പിക്കുമ്പോഴും മലയിലെ രൂപാന്തരീകരണ സമയത്തും ഗദ്സെമനിയിലെ തീവ്രവേദനയുടെ സമയത്തുമെല്ലാം ഈശോ കൂടെ കൂട്ടിയ ഏറ്റവും പ്രിയപ്പെട്ട മൂന്നു ശിഷ്യന്മാരിലൊരുവൻ.

ഈശോയിൽ നിന്ന് ദൃഷ്ടി മാറ്റുമ്പോൾ കടലിൽ മുങ്ങിപ്പോകുന്ന പത്രോസ് , പരിശുദ്ധാത്മനിറവിൽ യേശു ആരാണെന്നു ഏറ്റുപറഞ്ഞു അഭിനന്ദനം ലഭിച്ചതിനു പിന്നാലെ സാത്താനെ എന്ന വിളി കേൾക്കേണ്ടി വന്ന പത്രോസ്, സന്തതസഹചാരിയായി നടന്നിട്ടും സാഹചര്യങ്ങളുടെ സമ്മർദ്ധം കാരണം ഈശോയെ തള്ളിപ്പറഞ്ഞവൻ ..ഇങ്ങനെ, ബലഹീനനായ ഒരു മനുഷ്യന്റെ ചെയ്തികൾ ആദ്യകാലങ്ങളിൽ പത്രോസിൽ ഉണ്ടായിരുന്നെന്ന് കാണുന്നത് നമുക്കു തരുന്നത് നിരാശയല്ല പ്രത്യാശ തന്നെയാണ് . മനസ്സ് വെച്ചാൽ നമുക്കും വിശ്വാസവീരന്മാരും വിശുദ്ധരും എല്ലാം ആയിത്തീരാൻ പറ്റുമെന്ന ഉറപ്പാണ് ലഭിക്കുന്നത്.

ഒരു പരിചാരികയുടെ മുന്നിൽ പോലും ഈശോയെ ഏറ്റുപറയാൻ ബുദ്ധിമുട്ടിയ പത്രോസ് ഈശോയെ പ്രഘോഷിച്ച കുറ്റത്തിന് കാരാഗൃഹത്തിൽ കിടക്കുമ്പോൾ അടുത്ത ദിവസം തനിക്ക് വിചാരണക്ക് ശേഷം എന്തും സംഭവിക്കാമെന്നിരിക്കെ ഒരു ആകുലതയും ഇല്ലാതെ ശാന്തമായി ഉറങ്ങുന്നു. മുക്കുവനായിരുന്ന ആൾ ,ദൈവജ്ഞാനം വെളിവാക്കുന്ന ഒറ്റപ്രസംഗം വഴി ആയിരക്കണക്കിന് പേരെ മനസാന്തരപ്പെടുത്തുന്നവനാകുന്നു, അത്ഭുതപ്രവർത്തകനാവുന്നു , ആദ്യത്തെ പോപ്പെന്ന പേരിൽ പിന്നീടങ്ങോട്ട് അറിയപ്പെടുന്നു .

പത്രോസ് ശ്ലീഹായുടെ പേരിലുള്ള ലേഖനങ്ങൾ വായിക്കുമ്പോൾ വിദ്യാഭ്യാസമില്ലാത്ത ഒരു മുക്കുവൻ ആണെഴുതിയതെന്നു ആർക്കു തോന്നും ?നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരായിരുന്നാൽ ഒരിക്കലും വീണുപോവുകയില്ലെന്നു പറഞ്ഞ ആദ്യത്തെ പാപ്പ. തടവിലാക്കപ്പെട്ടപ്പോഴും പത്രോസിനു തളരാതെ തൻറെ ദൗത്യത്തിൽ തുടരാൻ ശക്തി നൽകിയത് പ്രാർത്ഥന ആണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

നീറോ ചക്രവർത്തിയുടെ കാലത്താണ് റോമിൽ വെച്ചു AD 64 ൽ രക്തസാക്ഷിത്വം വരിക്കുന്നത് . തലകീഴായുള്ള കുരിശുമരണം തിരഞ്ഞെടുത്ത് ധീരമായ മാതൃക നൽകി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പത്രോസ് ശ്ലീഹായുടെ ശവകുടീരം ഉൾകൊള്ളുന്നു.

വിശുദ്ധ പൗലോസ്

പീഢകനിൽ നിന്നു അപ്പസ്തോലനിലേക്ക് . സാവൂൾ പൗലോസ് ആയി മാറിയ അദ്ഭുതകരമായ രൂപാന്തരീകരണസംഭവം

രക്ഷാകര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് .

യേശുവിന്റെ പേര് ഭൂമിയിൽ നിന്ന് മായ്ചുകളയാൻ ഹൃദയത്തിൽ അലയടിക്കുന്ന തീയെന്ന ഇന്ധനത്തെ ഊതിയൂതി കത്തിച്ചുകൊണ്ട് ആ യുവാവ് കുതിരപ്പുറത്തു പാഞ്ഞു വന്നു കൊണ്ടിരുന്നു . റോമൻ പൗരത്വവും ഫരിസേയ പദവിയും ഗമാലിയേല്ന്റെ കീഴിലുള്ള വിദ്യാഭ്യാസവും എല്ലാം ആ യുവാവിന്റെ അഭിമാനകാരണമായിരുന്നു .പക്ഷെ അടിതെറ്റി വീണു അന്ധനായ പൗലോസ് കണ്ണുതുറന്നത് നിത്യമായ പ്രകാശത്തിലേക്കായിരുന്നു. ജീവിതം മാറ്റിമറിച്ച വീഴ്ച. എനിക്ക് ജീവിതം ക്രിസ്തുവാണ് എന്ന് പറയാവുന്നിടത്തോളം ആ യുവാവിന്റെ ജീവിതവീക്ഷണം കീഴ്മേൽ മറിഞ്ഞു.

വലുതെന്നു കരുതിയിരുന്നതെല്ലാം ഉച്ഛിഷ്ടം പോലെ ഉപേക്ഷിച്ചു വിലയുള്ള മുത്തിനായി അദ്ധ്വാനിച്ചു. ക്രിസ്തുവിന്റേതായിരിക്കുക എന്നതായി പൗലോസിന്റെ അഭിമാനവും സന്തോഷവും . മറ്റുള്ളവരോട് ക്രിസ്തുവിനെപ്പറ്റി പറയുക എന്നതും . അതിൽ കുറഞ്ഞതൊന്നിനും അവനെ അടക്കിനിർത്താൻ പറ്റിയില്ല. പൗലോസിന്റെ ബഹുമുഖ വ്യക്തിത്വവും ജ്ഞാനവും യേശുവിനോടുള്ള വിശ്വസ്തതയും എല്ലാം ലേഖനങ്ങളിൽ പ്രതിഫലിക്കുന്നു.

പൗലോസിന്റെ മാറ്റം എല്ലാ തലമുറകളിലും പ്രതിധ്വനിക്കുന്നു , ഈശോയുമായി നേർക്കുനേർ വന്നാൽ ഈശോയുടെ സ്നേഹം നമ്മെ കീഴ്പെടുത്തും, ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ കാണാൻ സാധിക്കും. ഓരോ പ്രദേശത്തുമുള്ള സഭകളെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് വ്യതിചലിക്കാതെ കൊണ്ടുനടക്കാൻ പൗലോസ് അക്ഷീണം പരിശ്രമിച്ചു . തടവറകൾക്കോ ചാട്ടവാറടിക്കോ കപ്പൽച്ചേതത്തിനോ വിശപ്പിനോ ഒന്നും ആ തീക്ഷണതയെ കുറക്കാനായില്ല. നമ്മൾ പരിശുദ്ധാത്മാവിന്റെ ആലയമാണെന്നും ക്രിസ്തുവിന്റെ ശരീരമാണ് സഭയെന്നും ക്രിസ്തുസാദൃശ്യത്തിലേക്ക് വളരേണ്ടവർ ആണെന്നും ലേഖനത്തിലൂടെ ഉല്ബോധിപ്പിച്ചു.

AD 67 ൽ റോമിൽ നീറോ ചക്രവർത്തി ഭരണത്തിലിരിക്കുമ്പോൾ തന്നെയാണ് വിശുദ്ധ പൗലോസ് കഴുത്തു ഛേദിക്കപ്പെട്ടു രക്തസാക്ഷിയായത്. സുഹൃത്തുക്കൾ മൃതദേഹം സംസ്കരിച്ചതിനു ശേഷം കല്ലറയിൽ ഇങ്ങനെ എഴുതിവെച്ചു . പൗലോസ് , അപ്പസ്തോലൻ , രക്തസാക്ഷി.

രണ്ടുപേരും ക്രിസ്തുവിനെ അറിഞ്ഞതിനു ശേഷം അവനായി ജീവിച്ചു, അവനു വേണ്ടി അദ്ധ്വാനിച്ചു, അവനുവേണ്ടി മരിച്ചു. പാപികളായ നമ്മൾക്കും ഇവരെ കാണുമ്പോൾ പ്രത്യാശയുണ്ട് . പശ്ചാത്തപിച്ചാൽ രക്ഷയുണ്ട് . ഒരുകാലത്തു തള്ളിപ്പറഞ്ഞവനും സഭയെ പീഡിപ്പിച്ചവനും ഇത്ര ഉന്നതമായ സ്ഥാനങ്ങളിൽ എത്തിയെങ്കിൽ നമുക്കെന്താണ് ഒഴിവ് പറയാനുള്ളത് ? ഈശോ പത്രോസിനെ തിരിഞ്ഞു നോക്കിയ പോലെ ഇന്നും നമ്മെ നോക്കുന്നു . പൗലോസിനോട് പറഞ്ഞ പോലെ നമ്മളോടും പറയുന്നു, ‘നീ പീഡിപ്പിക്കുന്ന ഈശോ ആകുന്നു ഞാൻ ‘.

395 ൽ തൻറെ പ്രഭാഷണത്തിൽ വി. അഗസ്റ്റിൻ വിശുദ്ധ പത്രോസിനെയും വിശുദ്ധ പൗലോസിനെയും പറ്റി പറഞ്ഞു,”രണ്ടു അപ്പസ്തോലന്മാരുടെയും തിരുന്നാളുകൾ ഒരേ ദിവസമാണ് കാരണം അവർ ഒന്നായിരുന്നു, അവർ സഹിച്ചത് ഒരേ ദിവസമായിരുന്നില്ലെങ്കിലും അവർ ഒന്നെന്ന പോലെ ആയിരുന്നു. ആദ്യം പോയത് പത്രോസ് ആയിരുന്നു, പൗലോസ് അനുഗമിച്ചു.അതുകൊണ്ട് അപ്പസ്തോലന്മാരുടെ രക്തത്താൽ പരിശുദ്ധമായ ഈ ദിനം നമ്മൾ ആഘോഷിക്കുന്നു. അവർ വിശ്വസിച്ചതിനെയും, അവരുടെ ജീവിതത്തെയും അവരുടെ അധ്വാനത്തെയും അവരുടെ കഷ്ടപ്പാടിനെയും അവർ പ്രഘോഷിച്ച സുവിശേഷത്തെയും അവരുടെ വിശ്വാസപ്രഖ്യാപനത്തെയും എല്ലാം നമുക്കും പുൽകാം”.

എല്ലാവർക്കും അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുന്നാൾ ആശംസകൾ .

Source: Catholic Voice

Advertisements
Peter & Paul
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s