Rev. Fr Easo Pathorse Keeppallil (1880-1944)

Advertisements

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

കുടശ്ശനാട് പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്ക സഭക്ക് തുടക്കം കുറിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട കീപ്പളളിൽ ഈശോ പത്രോസ് അച്ചൻ…

Advertisements

യാക്കോബായ സുറിയാനി സഭാംഗങ്ങളായിരുന്ന രാമനാട്ട് കീപ്പള്ളിൽ ഈശോയുടേയും ഏലിയാമ്മയുടേയും ഏഴു മക്കളിൽ നാലാമനായി 1880ൽ ഈശോ പത്രോസ് ജനിച്ചു. കൂടെപ്പിറപ്പുകളായി അഞ്ചു സഹോദരൻമാരും ഒരു സഹോദരിയും ഉണ്ടായിരുന്നു.

ദൈവവിശ്വാസത്തിലും മാതൃഭക്തിയിലും വളർന്നുവന്ന ഈശോ പത്രോസിന് വൈദിക ജീവിതത്തോടായിരുന്നു ബാല്യം മുതലെ താല്പര്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിനേഴാം വയസ്സിൽ കോട്ടയം പഴയ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. പരിശുദ്ധ പരുമല തിരുമേനി (മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത) യിൽ നിന്നും പൗരോഹിത്യം സ്വീകരിക്കാനുള്ള അസുലഭ ഭാഗ്യവും ദൈവകൃപയാൽ ലഭിച്ചു. തുടർന്ന് നാല്പത്തിയഞ്ചുവർഷത്തോളം തന്റെ മാതൃ ഇടവകയായ കുടശ്ശനാട് പള്ളിയിൽ (St.Stephen’s Orthodox Cathedral) വികാരിയായി സേവനം അനുഷ്ഠിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടി അദ്ദേഹം ദൈവസന്നിധിയിൽ കണ്ണീരോടെ എന്നും പ്രാർത്ഥിച്ചിരുന്നു. രോഗത്താലും ക്ഷാമത്താലും പകർച്ചവ്യാധികളാലും ജനങ്ങൾ വലഞ്ഞ സന്ദർഭങ്ങളിൽ പ്രാർത്ഥനയുടെ മനുഷ്യനായിരുന്ന അച്ചനിലൂടെ ദൈവത്തിന്റെ ഇടപെടലുകളായി അതിൽ നിന്ന് വിടുതൽ ലഭിച്ചത് പഴയ തലമുറ അനുസ്മരിക്കുന്നു.

കീപ്പള്ളിലച്ചൻ നല്ലൊരു വാഗ്മിയും എഴുത്തുകാരനുമായിരുന്നു. ‘കാതോലിക്ക് സഭാദീപം’ പോലുള്ള അന്നത്തെ സഭാ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണ ആശയങ്ങൾ പുത്തൻകൂർ സഭാ സമൂഹത്തിൽ ഇത്തിൾകണ്ണി പോലെ പടർന്നു കയറിയ അന്നത്തെ സാഹചര്യത്തിൽ ‘മാമോദീസ കുഞ്ഞുങ്ങൾക്കാവശ്യമില്ല, പ്രായപൂർത്തിയായ ശേഷമാണ് മാമോദീസ സ്വീകരിക്കേണ്ടത്’ എന്നിങ്ങനെയുള്ള വാദങ്ങൾക്ക് മറുപടിയായി വിശുദ്ധ ബൈബിളിന്റെയും സഭാ പാരമ്പര്യത്തിന്റെയും സഭാ പിതാക്കൻമാരുടെ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ‘ശിശു സ്നാനം’ എന്ന പുസ്തകം 1932ൽ പിതാക്കൻമാരുടെ അനുഗ്രഹാശിസ്സുകളോടെ പ്രസിദ്ധീകരിച്ചു. Kottayam, Orthodox Theological Seminary Library യിൽ അതിന്റെ കോപ്പികൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

ഈശോ പത്രോസ് അച്ചന്റെ ശുശ്രൂഷകൾക്കെല്ലാം ജീവിത സഖിയായ അന്നമ്മ പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ടായിരുന്നു. കുഞ്ഞാമ്മ തോമസ്, പി.വർഗ്ഗീസ് കീപ്പള്ളിൽ, കുട്ടിയമ്മ, പി. ജോൺ കീപ്പള്ളിൽ, തങ്കമ്മ തോമസ്, കുഞ്ഞുറാഹേലമ്മ, ചിന്നമ്മ, പി. ജേക്കബ് കീപ്പള്ളിൽ എന്നീ എട്ട് മക്കളെ നൽകി സർവ്വശക്തനായ ദൈവം ആ കുടുംബജീവിതത്തെ അനുഗ്രഹിച്ചു.

1930ൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിലാരംഭിച്ച ‘പുനരൈക്യ’ മെന്ന ചെറുതീപ്പൊരി സമാധാനകാംക്ഷികളും സത്യാന്വേഷികളുമായ ഒരു വിഭാഗം ആളുകളിൽ കത്തിപ്പടരുന്ന ഒരു കാലമായിരുന്നു അത്. പുനരൈക്യ പ്രസ്ഥാനം പ്രതിസന്‌ധിയിലൂടെ കടന്നു പോയ ആദ്യ നാളുകളിൽ പോലും വളരെ അനുഭാവപൂർവ്വമായ സമീപനമാണ് കീപ്പള്ളിലച്ചൻ സ്വീകരിച്ചിരുന്നത്. അച്ചൻ രോഗബാധിതനായി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ നെയ്യൂർ ആശുപത്രിയിൽ വച്ച് ഡോ. സൊമെർവെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. ആ സമയത്ത് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി രണ്ടു പ്രാവശ്യം പട്ടത്ത് അരമനയിൽ നിന്നും നെയ്യൂർ ആശുപത്രിയിൽ പോയി തന്റെ സതീർത്‌ഥ്യനായ കീപ്പള്ളിലച്ചനെ കാണുകയും രോഗവിവരങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തോടൊപ്പം ചെലവിടുകയും ചെയ്തു. ഏറെ നാളത്തെ പ്രാർത്ഥനയുടെയും പരിചിന്തനത്തിന്റെയും ഫലമായി പുനരൈക്യപ്പെടണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് 1944 ആഗസ്റ്റ് 31 വ്യാഴാഴ്ച (1120 ചിങ്ങം 16) ആശുപത്രിയിൽവച്ച് മാർ ഈവാനിയോസ് തിരുമേനി അച്ചനെ കത്തോലിക്കാ തിരുസഭയിലേക്ക് സ്വീകരിച്ചു. അന്നുതന്നെ കുമ്പസാരിച്ച് വിശുദ്ധ കുർബാനയും കൈക്കൊണ്ടു. ഈ സമയങ്ങളിലെല്ലാം അച്ചന്റെ ജേഷ്ഠപുത്രനായ ഫാ. യൗനാൻ OIC തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു. യൗനാൻ അച്ചൻ ആശുപത്രിയിൽ പോയി കീപ്പള്ളിലച്ചനെ കാണുകയും അവിടെ താമസിച്ച് ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. രോഗം ഭാഗികമായി ശമിച്ചതിനെ തുടർന്ന് കീപ്പള്ളിലച്ചൻ പട്ടത്ത് അരമനയിൽ വന്നു മാർ ഈവാനിയോസ് പിതാവിനൊപ്പം താമസിച്ചു. രോഗവും ക്ഷീണവും വർദ്ധിച്ചതിനെ തുടർന്ന് സ്വന്തം വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചേപ്പാട്ട് പീലിപ്പോസ് റമ്പാച്ചൻ അദ്ദേഹത്തിന് കന്തീലാ ശുശ്രൂഷ നൽകി. 1944 ഒക്ടോബർ 9 (1120 കന്നി 23 തിങ്കൾ) വൈകുന്നേരം സ്വന്തം വീടായ കീപ്പള്ളിൽ എത്തി, ഏകദേശം ഏഴു മണിയോടെ കർത്താവിൽ നിദ്ര പ്രാപിച്ചു. പിറ്റേദിവസം രാവിലെ തന്നെ മാർ ഈവാനിയോസ് തിരുമേനി കീപ്പള്ളിൽ ഭവനത്തിൽ എത്തി. ചേപ്പാട് പീലിപ്പോസ് റമ്പാച്ചൻ, കൊട്ടാരക്കര വലിയവീട്ടിൽ അച്ചൻ, പട്ടം ഇടവക വികാരി ഫാ. ജോഷ്വ കുന്നത്തേത്ത്, ഫാ. ജേക്കബ് മുളപ്പംപള്ളിൽ തുടങ്ങിയ വൈദികരും ഓർത്തഡോക്സ്, യാക്കോബായ, മർത്തോമാ സഭയിലെ വൈദികരും തിരുമേനിയോടൊപ്പം ശുശ്രൂഷയിൽ പങ്കെടുത്തു. അന്ന് കുടശ്ശനാട് മലങ്കര കത്തോലിക്കാ പള്ളി ആരംഭിച്ചിട്ടില്ലാത്തതിനാൽ കീപ്പള്ളിലച്ചന്റെ ഭൗതിക ശരീരം സംസ്കരിക്കാൻ തിരുവനന്തപുരം അതിരൂപതക്ക് സ്ഥലമില്ലാതിരുന്നതിനെ തുടർന്ന് രാമനാട്ട് കുടുംബവക സ്ഥലത്ത് അച്ചന്റെ ഭൗതീകശരീരം സംസ്കരിച്ചു. അങ്ങനെ കുടശ്ശനാട്ട് മലങ്കര കത്തോലിക്കാ ഇടവകക്ക് തുടക്കം കുറിച്ചു

മൃതദേഹം സംസ്കരിച്ച സ്ഥലത്ത് താൽക്കാലികമായി ഒരു കെട്ടിടം നിർമ്മിക്കുകയും അവിടെ വിശുദ്ധ കുർബാനയും മറ്റ് പ്രാർത്ഥനകളും നടത്തുകയും ചെയ്തു. ഫാ.യൗനാൻ OIC ഇടവകയുടെ ആദ്യ വികാരിയായി. 1951ൽ മാർ ഈവാനിയോസ് തിരുമേനിയാണ് ഇപ്പോൾ കാണുന്ന പളളിക്ക് തറക്കല്ലിട്ടത്. പിതാവ് അവസാനമായി ശിലാസ്ഥാപനം നടത്തിയ ദേവാലയമാണ് കുടശ്ശനാട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി. പുതിയ ദേവാലയത്തിന്റെ പണി പൂർത്തികരിച്ചതിനു ശേഷം ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രാർത്ഥനയോടെ ധാരാളം വൈദികരുടേയും സന്യസ്തരുടേയും ഇടവകജനങ്ങളുടേയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കീപ്പള്ളിലച്ചന്റെ പൂജ്യാവശിഷ്ടങ്ങൾ ഇപ്പോഴത്തെ പള്ളിയുടെ ഉള്ളിലായി സംസ്കരിച്ചു.

കീപ്പള്ളിലച്ചന്റെ പിൻഗാമികളായി കുടുംബത്തിൽ നിന്ന് ഇടതടവില്ലാതെ വൈദികരും സന്യസ്തരും കടന്നുവരുന്നത് ദൈവസന്നിധിയിലുള്ള അച്ചന്റെ പ്രാർഥനയുടെ ഫലമാണെന്ന് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു.
കൊച്ചുമകൻ : വന്ദ്യ സെബാസ്റ്റ്യൻ കീപ്പള്ളിൽ കോറെപ്പിസ്കോപ്പ (ബത്തേരി രൂപത), ജേഷ്ഠപുത്രൻ : ഫാ. യൗനാൻ O.I.C,
പിതൃസഹോദര പൗത്രൻമാർ : ഫാ. പീറ്റർ കടമാൻകോട് O.I.C, ഫാ. സിൽവസ്റ്റർ കാഞ്ഞിരമുകളിൽ O.I.C, ഫാ. തോമസ് കാഞ്ഞിരമുകളിൽ, ഫാ. ജോർജ് അഭയാനന്ദ് കാഞ്ഞിരമുകളിൽ O.I.C, സഹോദര പൗത്രി സി. ആഗ്നസ് S.I.C എന്നിവരെല്ലാം അച്ചന്റെ പിൻമുറക്കാരാണ്.

കീപ്പള്ളിലച്ചനിലൂടെ സമാരംഭിച്ച കുടശ്ശനാട് പള്ളി മാവേലിക്കര ഭദ്രാസനത്തിലെ അനുഗ്രഹിക്കപ്പെട്ട ഇടവക കൂട്ടായ്മയായി വളർന്ന് കൊണ്ടിരിക്കുന്നു. അച്ചനിലൂടെ സ്വീകരിച്ച കത്തോലിക്കാ വിശ്വാസത്തെ മുറുകെ പിടിച്ച് അനന്തര തലമുറകൾ അവരവരായിരിക്കുന്ന ഇടങ്ങളിലെല്ലാം ക്രിസ്തുവിന്റെ സാക്ഷികളായി ഉത്തമ കുടുംബ ജീവിതം നയിക്കുന്നു.

കടപ്പാട് : സിബി തോമസ് കീപ്പള്ളിൽ, നിർമ്മലാ ജേക്കബ്, ഷെറിൻ തോമസ് കീപ്പള്ളിൽ, ആഗ്നസ് നിമ്മി ജോൺസൺ (കീപ്പള്ളിൽ ഈശോ പത്രോസ് അച്ചന്റെ കുടുംബാംഗങ്ങൾ)

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Advertisements
Advertisements

Leave a comment